Tuesday, June 06, 2006

ആമുഖം

വീണ്ടുമൊരു അദ്ധ്യയനവര്‍ഷം

വീണ്ടുമൊരു അദ്ധ്യയനവര്‍ഷം. ഭാവികണക്കുകൂട്ടലുകളും സ്വപ്‌നങ്ങളുമായി രക്ഷിതാക്കളും, നിഷ്‌കളങ്കമായ മനസ്സും അപരിചിതത്വത്തിന്റെ ഹൃദയമിടിപ്പുമായി കുരുന്നുകളും. തദവസരത്തില്‍, വര്‍ഷങ്ങളായി നിഷ്‌ഫലമായ ചര്‍ച്ചകള്‍ക്ക്‌ വിധേയമായ ചില വിദ്യാഭ്യാസചിന്തകള്‍ വീണ്ടും കുറിക്കപ്പെടണമെന്ന് തോന്നുന്നു.

ഒരു തലമുറയുടെ രൂപഘടനയ്‌ക്ക്‌ അടിത്തറ ഉണ്ടാകുന്നത്‌ വിദ്യാലയങ്ങളിലാണ്‌. ഒരു സമൂഹത്തിന്റെ ചിന്തകളും ചിന്താരീതികളും വാര്‍ക്കപ്പെടുന്നത്‌ അവര്‍ കടന്നുവരുന്ന വിദ്യാഭ്യാസഘടനയ്‌ക്കനുസൃതമാണ്‌. പഠനമാധ്യമമേതെന്നതിനേക്കാളുപരി, ഏതു രീതിയിലുള്ള വിദ്യയാണ്‌ അഭ്യസിക്കപ്പെടുന്നത്‌ എന്നതാണ്‌ ചര്‍ച്ചാവിധേയമാകേണ്ടത്‌. ഒരു സമൂഹത്തിന്റെ പ്രതികരണശേഷിയുടേയും വിപ്ലവവീര്യത്തിന്റെയും, ദിശയും അളവും നിര്‍ണ്ണയിക്കുന്നത്‌ അവരിലെ ചിന്താരീതിയും, വീക്ഷണകോണുമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കിയതിനാല്‍ തന്നെയാണ്‌, ഇന്ത്യയിലെ സാമ്രാജ്യത്വ ബ്രിട്ടിഷ്‌ വിദ്യാഭ്യാസത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന തോമസ്‌ മെക്കോളെ, ബ്രിട്ടിഷ്‌ സാമ്രാജ്യത്വ ഭരണകൂടങ്ങളെ ഉപദേശിച്ചത്‌. 'നിറത്തിലും രക്തത്തിലും ഭാരതീയനും, അഭിരുചിയിലും അഭിപ്രായത്തിലും ബ്രിട്ടിഷുകാരനുമായ ഒരു ജനതയെ വാര്‍ത്തെടുക്കണം. ആ ജനതയെയാണ്‌ നാം ഭരിക്കേണ്ടത്‌'.

ആഫ്രിക്കന്‍ ജനതക്കെതിരെ ഹെഗല്‍ പ്രചരിപ്പിച്ചിരുന്ന റാസിസ്‌റ്റ്‌ മനോഗതി പോലെ തന്നെ, ഇന്ത്യന്‍ജനതയെക്കുറിച്ച്‌ 'ശാസ്‌ത്രസത്യങ്ങള്‍ക്കും, ലോകപുരോഗതിക്കുമെതിരു നില്‍ക്കുന്ന പിന്തിരിപ്പന്മാര്‍' എന്ന ചിന്ത ഇന്ത്യന്‍ജനതയ്‌ക്കിടയില്‍ തന്നെ പ്രചരിപ്പിക്കുന്നതില്‍ സാമ്രാജ്യത്വശക്‍തികള്‍ വിജയിച്ചു. അംഗീകരിക്കപ്പെടാത്ത വിധം ഇന്ത്യന്‍ തത്വശാസ്‌ത്രത്തെയും, വിജ്ഞാനശാഖകളെയും കുഴിച്ചു മൂടി, യൂറോപ്യന്‍ വിജ്ഞാനശേഖരമാണ്‌ ലോകവിജ്ഞാനത്തിന്റെ സ്രോതസ്‌ എന്ന ധാരണ പ്രചരിപ്പിക്കുന്നതിലൂടെ, ഇന്ത്യന്‍മനസ്സുകളെ വ്യഭിചരിക്കുന്നതില്‍ ഒരു പരിധി വരെ സാമ്രാജ്യത്വ ബ്രിട്ടിഷ്‌ നയതന്ത്രജ്ഞര്‍ വിജയം കണ്ടിട്ടുണ്ട്‌. എല്ലാം അടക്കിവാഴണമെന്ന സാമ്രാജ്യത്വ ധാര്‍ഷ്‌ട്യമായിരുന്നു എല്ലാത്തിന്റെയും അടിസ്‌ഥാനം.

ബ്രിട്ടിഷ്‌ വിദ്യാഭ്യാസരീതി മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, ഭാരതീയ വിജ്ഞാനശാഖ തീര്‍ത്തും മറഞ്ഞുപോയി എന്നതാണ്‌ പരമാര്‍ത്ഥം. പൈതഗോറസും, ആര്‍ക്കിമിഡിസും, ആര്യഭടയേക്കാളും, പനീനിയേക്കളും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പരിചിതമായത്‌ ഇതിന്റെ സ്വാഭാവികപരിണിതി മാത്രം. ഇംഗ്ലിഷ്‌ ഭാഷാ സംസാരത്തിനു തങ്ങള്‍ പ്രത്യേക പരിശീലനം നല്‍കുന്നു എന്ന് മലയാളം മീഡിയം സ്‌കൂള്‍ അധികൃതര്‍ 'പരസ്യം' നല്‍കേണ്ടി വന്നതിനുള്ള കാരണവും വേറെ അന്വേഷിക്കേണ്ടതില്ല.

സ്വതസിദ്ധമായ വിജ്ഞാനശാഖയെ വളര്‍ത്തുന്നതിലും, അതിന്റെ അടിസ്‌ഥാനത്തില്‍ നിന്നു കൊണ്ടുള്ള ഒരു വിദ്യാഭ്യാസരേഖ ലോകത്തിനു സമര്‍പ്പിക്കുന്നതിലും ഭാരതജനത പരാജയപ്പെട്ടു എന്ന വസ്‌തുത പോലും നാം വിസ്‌മരിച്ചു. അത്‌ കൊണ്ട്‌ തന്നെയാണ്‌, ചക്കിനു ചുറ്റും കറങ്ങുന്ന കാളകളെ പോലെ, പുസ്‌തകഭാരം കുറക്കുന്നതിലും പഠനമാധ്യമമാകേണ്ട ഭാഷയിലും നമ്മുടെ ചര്‍ച്ചകള്‍ പരിമിതമാകുന്നത്‌.

എല്ലാത്തിനുമുപരി, വിദ്യഭ്യാസമെന്നത്‌ ഒരു വ്യവസായവും, അതില്‍ നിന്നുമുത്‌ഭവികുന്ന വ്യത്യസ്‌ഥ രീതികളിലുള്ള ഉത്‌പന്നങ്ങളായി വിദ്യര്‍ത്ഥികളും മാറിയിരിക്കുന്നു എന്നത്‌ ആവര്‍ത്തനവിരസത ഉണ്ടാക്കുന്ന സത്യങ്ങളായിരിക്കാം. സ്വത്വത്തെ മനസ്സിലാക്കാതെ, സാമൂഹികധര്‍മ്മങ്ങളും മൂല്യങ്ങളും സംസ്‌കാരവും വിഷയമാകാതെ, കരിയറിസത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വിദ്യാഭ്യാസം. പ്രൊഫഷണല്‍ വിദ്യാഭ്യാസമെന്ന ഓമനപ്പേരില്‍ വിദ്യാഭ്യാസത്തെ വിഭജിക്കുകയും അവയ്‌ക്ക്‌ നിറക്കൂട്ട്‌ ചാര്‍ത്തുകയും ചെയ്യുന്ന കച്ചവടതന്ത്രങ്ങള്‍. ഹ്യൂമാനിറ്റീസ്‌-ചരിത്ര വിഷയങ്ങളിലുള്ള പഠനങ്ങള്‍ക്ക്‌ 'ഭാവി'യില്ല്ലെന്ന ഭയത്തിന്റെ രീതിശാസ്‌ത്രവും മറ്റൊന്നല്ല. സമൂഹത്തില്‍ രണ്ട്‌ വിഭാഗം വിദ്യാര്‍ത്ഥികള്‍ വാര്‍ത്തെടുക്കപ്പെട്ടു. പണത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ നിന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ഉത്‌പന്നങ്ങള്‍ സമൂഹത്തിന്‌ ഭാരമായി മാറുന്ന അവസ്‌ഥ. ധാരാളം സമ്പാദിക്കണമെന്ന ആത്യന്തികലക്ഷ്യവുമായി, മനസ്സ്‌ മരവിച്ച ഒരു കൂട്ടം 'വിദ്യാസമ്പന്നരെ' മാത്രം സംഭാവന ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌..!

എങ്കിലും, നിറഞ്ഞ സന്തോഷത്തോടു കൂടി വിദ്യാലയത്തിലേക്ക്‌ നടന്നടുക്കുന്ന കുരുന്നുകള്‍ക്ക്‌, നല്ലൊരു ഭാവിയ്‌ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

വല്ല്യാപ

വല്ല്യാപ

--എസ്‌.കെ.ചെറുവത്ത്‌

'ഒന്നും പ്രതീക്ഷിക്കാതെ ഞാന്‍ തുടങ്ങി. ഒരു പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ കാര്യം സ്വകാര്യതയാണ്‌. ഇതായിരുന്നു എന്റെ തുടക്കവും. അതിനുവേണ്ടി ഞാന്‍ അന്വേഷിച്ചലഞ്ഞതും നല്ലൊരു പങ്കാളിയെ ആയിരുന്നു. ഒടുവില്‍ ഞാന്‍ എത്തിപ്പെട്ടതോ ഒരു വല്ലാത്ത കുരുക്കിലും..'

ആ കുരുക്കാണ്‌ ഭാര്യയെന്ന് മനസ്സിലാക്കുവാന്‍ എനിയ്‌ക്ക്‌ ആറ്‌ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

ഊരാക്കുരുക്കുകള്‍ അഴിച്ചെടുത്ത്‌ വേരുകള്‍ തേടിപ്പിടിച്ച്‌ സംഭവിച്ച കാര്യങ്ങള്‍ തിരിച്ചറിയുവാന്‍ എനിയ്‌ക്ക്‌ മുപ്പത്തിരണ്ട്‌ വര്‍ഷങ്ങളുടെ നീണ്ട ഇടവേള വേണ്ടിവന്നു.

നാല്‌ വര്‍ഷം ഒരു കാത്തിരിപ്പേയല്ലായെന്നും ആ നാല്‌ വര്‍ഷങ്ങള്‍ക്കിടയില്‍ നാല്‌ ഭാര്യമാരെ പ്രാപിക്കാമായിരുന്നല്ലോയെന്നും തിരിച്ചറിഞ്ഞപ്പോഴാണ്‌ വല്ല്യാപയുടെ മഹത്ത്വം എനിയ്‌ക്ക്‌ ബോധ്യമാവുന്നത്‌!'

(വല്ല്യാപയുടെ തായ്‌വഴികള്‍ ജീവിതസഖികള്‍ നാലെണ്ണം വഴി ഭൂമിയില്‍ പടര്‍ന്ന്‌പന്തലിച്ചത്‌ ഒരു വാര്‍ത്തയാണല്ലോ).

ഇത്രയും ഡയറിതാളില്‍ എഴുതിയതിന്‌ ശേഷം ഗണിതം പഠിപ്പിയ്‌ക്കുന്ന കാദര്‍മാസ്‌റ്റര്‍ പേനയുടെ മുന കുത്തിയൊടിച്ചു; മേശപ്പുറത്തെ സിഗരറ്റൊന്നെടുത്ത്‌ കത്തിച്ച്‌ നിര്‍വൃതി കൊണ്ടു.

ജനാലയിലൂടെ നോക്കുമ്പോള്‍ അമ്പിളിമാമന്‍ കാര്‍മേഘത്തിലൊളിയ്‌ക്കുവാന്‍ ഒോടുന്നതാണ്‌ കാദര്‍മാസ്റ്റര്‍ കാണുന്നത്‌.

"നീ ഒോടിയൊളിച്ചാലെനിക്ക്‌ ഒരു ചുക്കൂംല്ല. താനിനീം വെളിച്ചത്ത്‌ വരുമല്ലോ, അപ്പോള്‍ കണ്ടോളാം". കാദര്‍മാസ്റ്റര്‍ മൂകമായ രാത്രിയില്‍ അട്ടഹസിച്ചു. അതേറ്റുപിടിച്ച്‌ പറമ്പില്‍ അലയുകയായിരുന്ന തെണ്ടിപ്പട്ടികള്‍ കൂട്ടത്തോടെ ഒച്ചവെയ്‌ക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

കാദര്‍മാസ്‌റ്ററുടെ ആറാം വിവാഹവാര്‍ഷികദിനമായിരുന്നു അയാള്‍ ഇവ്വിധം ആഘോഷിച്ചത്‌. നേരം വെളുക്കുമ്പോള്‍ മുപ്പത്തിയാറാമത്തെ പിറന്നാളുമാണയാള്‍ക്ക്‌! തന്റെ ഇത്രയും നാളത്തെ ജീവിതം അസാധാരണമായ കണക്കുകൂട്ടലുകളിലൂടെ എഴുതി തീര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ നഷ്‌ടമായ സമാധാനം കിട്ടിയപോലെ..

*****

മാറുന്ന കേരളം

മാറുന്ന കേരളം

ശിധി കണ്ടാണശ്‌ശേരി

ഉതിര്‍ന്നില്ല വാക്കുകളിതു വരേയ്‌ക്കും
തൂലിക തുമ്പും മൌനമാണോ?
കാണാത്ത ജീവിതക്കാഴ്‌ചകള്‍ കണ്ടെന്റെ
തൂലിക തുമ്പും തരിച്ചു പോയോ?
ഭാവനയമ്മതന്‍ മാറു ചുരത്താതെ
തൂലികതുമ്പും പിണക്കമാണോ?
പേടിച്ചിരിക്കേണ്ട പേടമാനല്ലാ നീ
അര്‍ക്കനെ വെല്ലുന്ന ഒരഗ്‌നിയാണിന്നു നീ
ഉള്ളിന്റെ ഉള്ളില്‍ നിന്നും നിര്‍ഗളിച്ചീടട്ടെ
കണ്‍കണ്ട സത്യങ്ങളൊക്കെയും
ഇന്നിന്റെ ജീവിതക്കാഴ്‌ചകളൊക്കെയും
സത്യമാം ജീവിതക്കാഴ്‌ചകളൊക്കെയും

നെഞ്ചില്‍ നെരിപ്പോടിനുള്ളം പുകയുമ്പോള്‍
മുന്നില്‍ കരഞ്ഞിട്ടു പിന്നില്‍ ചിരിക്കുന്നു
നിഷാദന്റെ വര്‍ഗ്ഗമീ മര്‍ത്ത്യജന്‍മം
നിത്യവും വര്‍ദ്ധന, വര്‍ണ്ണക്കൊടികളില്‍
വര്‍ദ്ധിച്ചിടും ശതം കബന്ധങ്ങളൊക്കെയും
അമ്മ, തൊട്ടിലിലാടും കുരുന്നു കരയുന്നു..
അമ്മതന്‍ മാറു ചുവന്നു തുടിയ്‌ക്കുന്നു
അമ്മതന്‍ സൌന്ദര്യബോധം വളരുന്നു..
കുരുന്നുതന്‍ രോദനമുച്ചത്തിലെത്തുന്നു..
ഉത്തരം കിട്ടാസമസ്യകള്‍ വര്‍ദ്ധിപ്പൂ
മാതൃത്വമേ നീയും ചോദ്യമായി മാറുന്നു

വാത്സല്യ രേഖതന്‍ വര്‍ണ്ണങ്ങള്‍ മായുന്നു
അമ്മിഞ്ഞപ്പാലിന്നു പാഴ്‌വസ്‌തുവാകുന്നു..
താരാട്ടുപാട്ടിന്നൊരോര്‍മ്മയായ്‌ മാറുന്നു..
വൃദ്ധസദനങ്ങള്‍ എങ്ങും നിറയുന്നു..
സ്‌നേഹത്തിന്‍ പച്ച പട്ടുവിരിച്ചൊരാ
ദൈവത്തില്‍ നീട്ടുന്നൂ രാക്ഷസക്കോട്ടയായ്‌..
ഞെട്ടറ്റുവീഴും മാങ്ക നീ പോലവേ..
അറ്റുവീഴുന്നിതോ സഹസ്രം ശിരസ്സുകള്‍
വായ്‌ക്കരി വയ്‌ക്കും കരങ്ങളേ കാണാഞ്ഞൂ..
പരിതപിച്ചിടുന്നു മാതാക്കളെല്ലാം..
അറ്റുപോയുള്ളോരാ ശിരസ്സുതലോടിട്ടു
കണ്ണീര്‍ പൊഴിയ്‌ക്കുന്നൊരമ്മയെ കാണുന്നു
നെഞ്ചു പിളര്‍ന്നു കൊണ്ടാ അമ്മ പറയുന്നു.
വാള്‍ത്തലപ്പേറും യുവത്വമേയോര്‍ക്കുക
ഇന്നത്തെ പച്ചയും മഞ്ഞയായ്‌ മാറിടും
പുലര്‍ക്കാല സൂര്യനോ, നാളെയുമെത്തിടും.

പരിചയം

കൃഷ്‌ണപ്രകാശ്


മരത്തടികളിലെ കൊത്തുപണികളോട്‌ കൃഷ്‌ണപ്രകാശിനുള്ള താല്‍പര്യം ചെറുപ്രായത്തില്‍ തുടങ്ങിയതാണ്‌. കാലത്തിനൊപ്പം, താന്‍ സ്‌നേഹിക്കുന്ന കലയും കൃഷ്‌ണപ്രകാശിനൊപ്പം വളര്‍ന്നു. സ്കൂള്‍ യുവജനോല്‍സവങ്ങളിലും കലോല്‍സവങ്ങളിലും തന്റെ കലയ്‌ക്ക്‌ കിട്ടിയ അംഗീകാരങ്ങള്‍ കൃഷ്‌ണപ്രകാശിനു ലഭിച്ച വലിയ പ്രോല്‍സാഹനങ്ങളായിരുന്നു. വീട്ടുകാരില്‍ നിന്നും, പ്രത്യേകിച്ച്‌ ചേട്ടനില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനങ്ങള്‍ തന്റെ കഴിവില്‍ തനതായ മികവ്‌ പുലര്‍ത്തുന്നതില്‍ വളരേയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രകാശ്‌ പറയുന്നു.


കൃഷ്‌ണപ്രകാശിന്റെ ഒരു കലാസൃഷ്‌ടി


ജന്മസിദ്ധമായ കലകളോട്‌ താല്‍പര്യം വര്‍ദ്ധിച്ചപ്പോള്‍, ആ കഴിവുകള്‍ തന്നെ പ്രൊഫഷന്‍ ആയി തെരഞ്ഞെടുക്കുകയായിരുന്നു, ഒറ്റപ്പാലത്തിനടുത്ത്‌ കൈയ്‌ലിയാട്‌ സ്വദേശിയായ കൃഷ്‌ണപ്രകാശ്‌. മരത്തടികളിലെ കലാസൃഷ്‌ടികള്‍ കൂടാതെ, ജലച്ഛായത്തിലും, എണ്ണച്ഛായത്തിലും കൃഷ്‌ണപ്രകാശ്‌ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. ഇനിയും വിവിധങ്ങളായ കൂടുതല്‍ കലാസൃഷ്‌ടികള്‍ ചെയ്യണമെന്നാണ്‌ കൃഷ്‌ണപ്രകാശിന്റെ ആഗ്രഹം. ഇരുപത്തെട്ടുകാരനായ കൃഷ്‌ണപ്രകാശ്‌, ഇന്ന് യു.എ.ഇ-യിലെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

അക്ഷരങ്ങള്‍ മയങ്ങുമ്പോള്‍

അക്ഷരങ്ങള്‍ മയങ്ങുമ്പോള്‍

--ജയേഷ്‌.സി.സി


മൊബൈല്‍ ഫോണിന്റെ ചിലമ്പല്‍ കേട്ടാണു അവന്‍ അന്നത്തെ ഉച്ചയൂണിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നതു. അങ്ങേത്തലക്കല്‍ അവനുമായി വളരെ നല്ല സുഹൃദ്ബന്ധം സൂക്ഷിക്കുന്ന അപൂര്‍വ്വം ചില സുഹൃത്തുക്കളില്‍ ഓരാളായിരുന്നു.

"നീ എഴുതുമോ?" എന്നായിരുന്നു സുഹൃത്തിന്റെ പൊടുന്നനെ ഉള്ള ചോദ്യം. അതിനിപ്പോള്‍ എന്താ എഴുതാമല്ലോ എന്ന മനോ വിചാരത്തില്‍ "ഉം" എന്നു മറുപടിയായി മൂളുകയും ചെയ്‌തു.

പിന്നെ അധികം ആലോചിക്കുന്നതിനു മുമ്പു തന്നെ സുഹൃത്ത്‌ തന്റെ ആവശ്യം വെളിപ്പെടുത്തി.

"എനിക്കു നാളേക്കു ഒരു ആര്‍ട്ടിക്കിള്‍ വേണം."

ഇതില്‍ അവന്‍ ശരിക്കും തരിച്ചു പോയി. അലസതയുടെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന അവനു എന്തെങ്കിലും കുറിച്ചു വെക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ലല്ലൊ. ഇതൊന്നും പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാമായിരുന്നിട്ടും വെറുതെ പറഞ്ഞു നോക്കി. അതിനു ആ പ്രിയ സുഹ്രുത്തിന്റെ പരിഭവത്തോടെയുള്ള മറുപടി "നിനക്കു പറ്റുമെങ്കില്‍ ചെയ്യൂ, ഞാന്‍ ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുന്നതല്ലെ?" എന്നായിരുന്നു.

സുഹ്രുദ്ബന്ധങ്ങള്‍ക്കു ഏറ്റവും വില കല്‍പിക്കുന്ന അവനു അവരിലുണ്ടാകുന്ന ചെറിയ പരിഭവം പോലും താങ്ങാവുന്നതിലപ്പുറമായിരുന്നു. അതിനാല്‍ മനസില്ലാമനസോടെ കടലാസും പേനയും എടുത്തു എഴുതാനിരുന്നു. എഴുതിയേ അടങ്ങു എന്ന വാശി ഉണ്ടായിരുന്നെങ്കിലും എന്തെഴുതും എന്ന ചിന്ത അവനെ ശരിക്കും വെട്ടിലാക്കി.

ഒരുപാടു കൂട്ടുകാരൊത്തു കിളിമാസും,ധുഷ്ടയും,അംബസ്‌താനിയും,കുട്ടിയും കോലും,നൂറാം കോലും ആയി കഴിച്ചു കൂട്ടിയ; ഇപ്പോളത്തെ തലമുറയ്‌ക്കു അന്യമായി കൊണ്ടിരിക്കുന്ന; സ്വന്തം ബാല്യകാല സ്‌മരണകള്‍ വേണമോ? വേണ്ട.. ചിലപ്പോള്‍ ഇതുമൂലം ഞാന്‍ കുട്ടിത്തം മാറാത്തവനായി ചിത്രീകരിക്കപ്പെട്ടാലൊ.

കൌമാരത്തിലെപ്പോഴൊ മനസ്സില്‍ മൊട്ടിട്ട ഏകദിശാ പ്രണയവും, പിന്നീടു വീട്ടുകാരെ ഒക്കെ വെറുപ്പിച്ചു സ്വന്തം കാമുകി മറ്റൊരുവന്റെ ഒപ്പം ഇറങ്ങി പോകുന്നതു നെടുവീര്‍പ്പോടെ നോക്കി നില്‍ക്കേണ്ടി വന്ന ഒരു കാമുകഹൃദയത്തിന്റെ വിങ്ങലുകള്‍ കുറിച്ചിട്ടാലൊ? വേണ്ട.. ഇക്കാലത്തു തീരെ മാര്‍ക്കറ്റ്‌ ഇല്ലാത്ത ഒരു പൈങ്കിളി കഥയായി അതു മാറും.

യുവത്വത്തിന്റെ പ്രസരിപ്പില്‍ യുവജന പ്രസ്‌ഥാനത്തിന്റെ നേതാക്കന്മാരുടെ പ്രസംഗങ്ങളെ കണ്ണുമടച്ചു വിശ്വസിച്ചു, വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ തള്ളിപറഞ്ഞ്‌, ഒരു രാജ്യം നന്നാക്കാന്‍ ഇറങ്ങി തിരിച്ച ഒരുവന്റെ മൂഡതയെ കോറിയിടണൊ? വേണ്ട.. ചോര തിളപ്പു മാറിയ ഒരു യുവാവിന്റെ ജല്‍പനങ്ങളായെ അതു കണക്കാക്കുകയുള്ളൂ.

സ്വന്തം നാട്ടില്‍ ഒരു മാന്യമായ ജോലി നേടാന്‍ കഴിയാതെ ഏറ്റവും സ്നേഹിച്ചിരുന്ന നാടും നാട്ടുകാരെയും സ്വന്തം കുടുംബവും ഉപേക്ഷിച്ച്‌ മാന്യമാണെങ്കിലും തുച്ചമായ വരുമാനത്തില്‍ ജോലി ചെയ്യേണ്ടി വന്ന ഒരു പ്രവാസിയുടെ ദു:ഖങ്ങള്‍ വരച്ചു കാട്ടണമോ? വേണ്ട ഇവനു മാത്രമെ പ്രവാസികളുടെ ഇടയില്‍ ദു:ഖമുള്ളൂ എന്ന മറുചോദ്യമായിരിക്കും ഫലം.

ചെറുപ്പം മുതല്‍ കൂറുപുലര്‍ത്തി വരുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം ഇപ്പോള്‍ ചെയ്‌തു കൂട്ടുന്ന കൊള്ളരുതായ്‌മകളെ കുറിച്ചായാലൊ? വേണ്ട.. ഒരു വിമതസ്വരം എന്ന ലേബലില്‍ അതു തരം താഴ്‌ത്തപെടും.

എങ്കില്‍ പിന്നെ കൊലയാളികളും, കൊള്ളക്കാരും വാഴുകയും അഴിമതിക്കാരും,സ്വജനപക്ഷപാതികളും വാഴ്‌ത്തപെടുകയും ചെയ്യപ്പെടുന്ന ഈ ലോകത്തിന്റെ യഥാര്‍ത മുഖം അനാവരണം ചെയ്‌താലോ? വേണ്ട.. നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പഴഞ്ചൊല്ലായിരിക്കും ഉപദേശ രൂപേണ മറുപടിയായി ലഭിക്കുക.

അങ്ങിനെ ഒരുപാടു എഴുതാനുണ്ടെങ്കിലും ഒന്നും എഴുതാന്‍ കഴിയാത്ത നിസ്സഹായ അവസ്‌തയില്‍ ആ ഉദ്യമം ഉപേക്ഷിച്ച്‌ ഒരു സുഹൃത്തിനെ നിരാശപ്പെടുത്തേണ്ടി വന്ന ദു:ഖഭാരത്തില്‍ അന്നും അവന്‍ സുഖമായി ഉറങ്ങി.

തെരുവുനാടകം

തെരുവുനാടകം

--മധു കണ്ണഞ്ചിറ

ജനമദ്ധ്യത്തില്‍ നിന്നും ഉറക്കെ ചെണ്ട കൊട്ടുന്ന ഒരു മദ്ധ്യവയസ്കന്‍ :-
അയാളുടെ ചെണ്ടയുടെ താളം ദ്രുതഗതിയിലാകുമ്പോള്‍ അകലേനിന്നും ഒരു കൊയ്‌ത്തുപാട്ടിന്റെ ആദ്യവരി ആരോ ഉറക്കെ പാടുന്നത്‌ കേള്‍ക്കുന്നു. ആ പാട്ട്‌ കേട്ടയുടനെ നാല്‌ ഭാഗത്തുനിന്നും പാട്ട്‌ ഏറ്റുപാടികൊണ്ട്‌, ഒരു പ്രത്യേക രീതിയില്‍ ചുവട്‌ വെച്ച്‌ ചെണ്ട മേളക്കാരനു നേരെ വരുന്ന നാലഞ്ചാളുകള്‍
ചെണ്ട മേളം വേഗതയില്‍ ആകുന്നു.അതിനൊത്ത്‌ നൃത്തം വെക്കുന്ന "കോറസ്സ്‌"
നൃത്തത്തിനു ശേഷം ചെണ്ട കൊട്ടുന്നയാള്‍ ചോദിച്ചു :-
(അയാളെ ഒന്നാമന്‍ എന്നു വിളിക്കാം)
ഒന്നാമന്‍ : എന്തേ കൂട്ടരേ നമ്മളിങ്ങനെ നൃത്തം ചെയ്യാന്‍ ?
രണ്ടാമന്‍ : (എല്ലാവരേയും നോക്കിയിട്ട്‌) പാടത്ത്‌ വിത്ത്‌ വിതയ്‌ക്കാന്‍ സമയമായി. അതിന്റെ ഉത്സാഹതിമിര്‍പ്പല്ലേ ! (കാണികളോട്‌) ഇപ്രാവശ്യം നൂറുമേനി വിളയിക്കണ്ടേ നമുക്ക്‌..?
കോറസ്സ്‌ : വേണം... വേണം....
മൂന്നാമന്‍ : നൂറുമേനി വിളയിച്ച്‌ നമുക്ക്‌ നമ്മുടെ കഷ്‌ടപ്പാടുകള്‍ തീര്‍ക്കണ്ടേ ? കാര്‍ഷിക കേരളത്തിന്റെ പേര്‌ അന്യദേശങ്ങളിലേക്ക്‌ പടര്‍ത്തണ്ടേ..?
കോറസ്സ്‌ : വേണം... വേണം....
ഒന്നാമന്‍ : അന്യദേശങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളും , പഴവര്‍ഗ്ഗങ്ങളും, നെല്ലും നമുക്കിനി വേണ്ട . നമുക്ക്‌ നമ്മുടെ സ്വന്തമായ മണ്ണുണ്ട്‌. ആ മണ്ണില്‍ കൃഷിയിറക്കി വിളവെടുത്ത്‌ കാര്‍ഷിക കേരളത്തിന്റെ യശസ്സുയര്‍ത്താം.
കോറസ്സ്‌ : അപ്പോള്‍ നമുക്ക്‌ വിതക്കാം കൂട്ടരേ....
കൊയ്‌ത്തുപാട്ട്‌ ആരംഭം..
എല്ലാവരും വിത്ത്‌ വിതക്കുന്നു...
വിവിധ രീതിയിലുള്ള "കോറസ്സ്‌" വര്‍ക്ക്‌.
അതിനുശേഷം എല്ലാവരും കുനിഞ്ഞിരിക്കുന്നു.
രണ്ടാമന്‍ : (സന്തോഷത്തോടെ) വിളവെടുപ്പിനുശേഷം ന്റെ മോള്‍ടെ കെട്ട്‌ നടത്തണം.
മൂന്നാമന്‍ : (എല്ലാവരേയും നോക്കി) പത്താം ക്ലാസ്സ്‌ കഴിഞ്ഞു എന്റെ മോന്‍ ! അവനെ തുടര്‍ന്നു പഠിപ്പിക്കണം...
നാലാമന്‍ : വീട്‌ വെച്ച കടംണ്ട്‌. വിളവെടുപ്പ്‌ കഴിഞ്ഞാല്‍ അതങ്ങട്‌ വീട്ടാം..
അഞ്ചാമന്‍ : എനിക്കുണ്ട്‌ കുറേ കാര്യങ്ങള്‌. ഒക്കെ ഇത്‌ കഴിഞ്ഞിട്ട്‌ ചെയ്യണം..(എല്ലാവരേയും നോക്കിയിട്ട്‌, സംശയത്തോടെ) പക്ഷേ , ഇപ്രാവശ്യം നൂറുമേനി വിളവ്‌ കിട്ട്വോ..?
ഒന്നാമന്‍ : എന്താ സംശയം ? നമ്മള്‍ പാവം കര്‍ഷകരുടെ വിയര്‍പ്പ്‌ വീണ മണ്ണാ ഇത്‌. ഈ മണ്ണ്‍ നമ്മളെ ചതിക്കില്ല...
എല്ലാവരും ഉത്സാഹതിമിര്‍പ്പോടെ കുട്ടകളെടുത്ത്‌ വിളവെടുക്കാന്‍ പോകുന്നു......

കോറസ്സ്‌ വര്‍ക്ക്‌....
ഒന്നാമന്‍ : കൂട്ടരേ.. അപ്പോള്‍ നമുക്ക്‌ കൊയ്യാം
എല്ലാവരും കൊയ്യുന്നു, വിളവെടുക്കുന്നു...
കോറസ്സ്‌ വര്‍ക്കുകള്‍..
പിന്നീട്‌ എല്ലാവരും തളര്‍ന്നിരിക്കുന്നു...
രണ്ടാമന്‍ : (കരഞ്ഞ്‌, കൈകള്‍ രണ്ടും മുകളിലേക്ക്‌ നീട്ടിയിട്ട്‌, എന്റെ ദൈവമേ, ഞാന്‍ വിതച്ച വിത്തുകളൊന്നും ശരിക്ക്‌ കാച്ചില്ലല്ലോ.. ഞാനിനി എന്താ ചെയ്യാ..?
കൃഷി ചെയ്യാന്‍ വേണ്ടി എടുത്ത ലോണ്‍ ഞാനെങ്ങനെ തിരിച്ചടക്കും...
കോറസ്സ്‌ : (ഒന്നിച്ച്‌) ഈ മണ്ണ്‍ നമ്മളെ ചതിച്ചിരിക്കുന്നു .
വീണ്ടും കടക്കാരാക്കിയിരിക്കുന്നു !
ഒന്നാമന്‍ : കൂട്ടരേ, മണ്ണ്‍ നമ്മളെ ചതിച്ചില്ല. നമ്മള്‍ മണ്ണിനേയാ ചതിച്ചത്‌. പണ്ട്‌ , നമ്മുടെ പിതാമഹന്മാര്‍ നൂറുമേനി വിളവെടുത്ത മണ്ണാ ഇത്‌. അന്ന് മണ്ണ്‍ ശുദ്ധമായിരുന്നു. ഇന്ന്, പല കമ്പനികളും നമുക്ക്‌ തന്ന വീര്യമുള്ള വളങ്ങള്‍ വിതറി, നമ്മളീ മണ്ണ്‍ അശുദ്ധമാക്കിയിരിക്കുന്നു.അശുദ്ധമായ മണ്ണില്‍ വിത്തുകള്‍ എങ്ങിനെ കിളുര്‍ക്കാന്‍ ?
അഞ്ചാമന്‍ : (ചുറ്റും നിന്നവരോടായി) കൂട്ടരേ, ഞങ്ങളിനി എന്ത്‌ ചെയ്യണം ? കൃഷി നശിച്ച ഞങ്ങള്‍ക്ക്‌ വാഗ്ദാനങ്ങള്‍ മാത്രമേ എല്ലാവരും തന്നുള്ളൂ. പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട്‌ ഞങ്ങളുടെ മനസ്സ്‌ മരവിച്ചു. ബാങ്കില്‍ നിന്നും ലോണെടുത്ത്‌ കൃഷിയിറക്കിയവരാ ഞങ്ങള്‍. ലോണടച്ചില്ലെങ്കില്‍ ഞങ്ങടെ വീടും പുരയിടവും നഷ്ടപ്പെടും...
രണ്ടാമന്‍ : (എല്ലാവരോടുമായി) എല്ലാ വഴികളും അടഞ്ഞ നമുക്ക്‌ ഇനി ഒറ്റ വഴിയേ ഉള്ളൂ...
കോറസ്സ്‌ : എന്താണത്‌ .. ?
രണ്ടാമന്‍ : കൂട്ട ആത്മഹത്യ....!!
അവര്‍ മരിക്കാന്‍ ഒരുങ്ങുന്നു....

കോറസ്സ്‌ വര്‍ക്ക്‌....
അപ്പോള്‍...
അകലേനിന്നും ഒരു ഗംഭീര സ്വരം
" നിര്‍ത്തൂ...."
കാണികള്‍ക്കിടയിലൂടെ തടിച്ചു കൊഴുത്ത ഒരു വിദേശി കടന്നു വന്നു .
വിദേശി : അല്ലയോ സുഹൃത്തുക്കളേ.. നിങ്ങളെന്ത്‌ വിഡ്ഢിത്തമാണ്‌ കാണിക്കുന്നത്‌ ?
കോറസ്സ്‌ : ഹേ .. നിങ്ങളാരാണ്‌..?
വിദേശി : (ഉറക്കെ ചിരിച്ച്‌) ഞാന്‍ ഒരു വിദേശിയാണ്‌
നിങ്ങളുടെ കഷ്‌ടപ്പാടുകള്‍ കണ്ട്‌ , നിങ്ങളെ രക്ഷിക്കാന്‍ വന്ന രക്ഷകന്‍ !
കോറസ്സ്‌ : ( പരസ്പരം നോക്കിയിട്ട്‌) രക്ഷകന്‍ .. രക്ഷകന്‍...
വിദേശി : ഹേ കര്‍ഷകരേ, കാലം മാറിയിരിക്കുന്നു. കാലത്തിന്റെ മാറ്റത്തിനൊത്ത്‌ കൃഷി ചെയ്യുന്ന രീതിയിലും മാറ്റം വരുത്തണം . (ഉറക്കെ) ഞാന്‍ നിങ്ങള്‍ക്ക്‌ വിത്തുകള്‍ തരാം . ഞാന്‍ നിങ്ങള്‍ക്ക്‌ വളങ്ങള്‍ തരാം . നിങ്ങളുടെ മണ്ണില്‍ എന്റെ വിത്തുകള്‍ വിതയ്‌ക്കൂ... നൂറുമേനി നിങ്ങള്‍ക്ക്‌ കൊയ്‌തെടുക്കാം..
വരൂ.. ഇതാ വിത്തുകള്‍...
ഒന്നാമനൊഴിച്ച്‌ എല്ലാവരും വിത്തുകള്‍ വാങ്ങാനായി ചെല്ലുന്നു ..
ഒന്നാമന്‍ : (തടഞ്ഞ്‌) നില്‍കൂ... ഇവന്‍ വിദേശിയാണ്‌. കടല്‍ കടന്നു വന്നവനാണ്‌ . ഇവനെ എങ്ങനെ വിശ്വസിക്കും. ഇവനില്‍ നിന്നും വിത്തുകള്‍ വാങ്ങരുത്‌. ഇവന്റെ വിത്തുകള്‍ നമ്മുടെ മണ്ണില്‍ നാശത്തിന്റെ വിളവെടുപ്പു നടത്തും..
കോറസ്സ്‌ : ഇവന്‍ രക്ഷകനാണ്‌ മരിക്കാന്‍ തയ്യാറായ ഞങ്ങള്‍ക്ക്‌ ജീവിതം തന്നവനാണ്‌ . ഇവന്റെ വിത്തുകള്‍ തന്നെ ഞങ്ങളീ മണ്ണില്‍ വിളയിക്കും. ഞങ്ങള്‍ക്കിനി പട്ടിണി കിടക്കാന്‍ വയ്യ !
(ഉറക്കെ) ഞങ്ങള്‍ വിതയ്ക്കും , കൊയ്യും...!!
ഒന്നാമനൊഴിച്ച്‌ വിദേശിക്കു മുന്നില്‍ എല്ലാവരും വന്ന് കൈനീട്ടി. വിദേശി വിത്തുകള്‍ എറിഞ്ഞു കൊടുക്കുന്നു..

കോറസ്സ്‌ വര്‍ക്ക്‌...
ഒന്നാമന്‍ മൂകനായി നിന്ന് എല്ലാതും കാണുന്നു..
വിദേശി : പോയി വിത്ത്‌ വിതച്ചോളിന്‍...
എല്ലാവരും സന്തോഷത്തോടെ കൊയ്‌ത്തു പാട്ടാരംഭിക്കുന്നു. എന്നിട്ട്‌ വിത്തുകള്‍ പാകുന്നു..
വിദേശി : (ഉറക്കെ) നിര്‍ത്തൂ നിങ്ങളുടെ പാട്ട്‌ ..
എല്ലാവരും ഞെട്ടി..
വിദേശി : എന്റെ വിത്തുകള്‍ വിതയ്‌ക്കുമ്പോള്‍ നിങ്ങള്‍ പാടാന്‍ പാടില്ല. ഇതെന്റെ ഉത്തരവാണ്‌.
ഒന്നാമന്‍ : കണ്ടോ കൂട്ടരേ.. പാടാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു..
കോറസ്സ്‌ : രക്ഷകനാണ്‌ . അനുസരിക്കണം നമുക്ക്‌ വിത്തുകള്‍ പാകാം..
അവര്‍ പണി വീണ്ടും തുടങ്ങുന്നു. വിദേശി അപ്രത്യക്ഷനായി.
എല്ലാവരും തളര്‍ന്നിരുന്നു..

രണ്ടാമന്‍ : ഇപ്രാവശ്യം നൂറു മേനി തന്നെ .. സംശയമില്ല..
മൂന്നാമന്‍ : അതെ .. നമ്മള്‍ മാറേണ്ടിയിരിക്കുന്നു. നമുക്ക്‌ രക്ഷകന്‍ പറഞ്ഞ വഴിയിലൂടെ നീങ്ങുന്നതാണ്‌ നല്ലത്‌.
നാലാമന്‍ : പഴയകാലത്തെ ആചാരങ്ങളൊക്കെ നമുക്ക്‌ ഉപേക്ഷിക്കണം..
അഞ്ചാമന്‍ : എങ്കിലേ നമുക്ക്‌ നല്ലൊരു ജീവിതമുണ്ടാകൂ....
ഒന്നാമന്‍ : (ഉറക്കെ) നിര്‍ത്തൂ....! നമ്മുടെ പൈതൃകത്തെ ഒരു വിദേശിക്ക്‌ പണയം വെച്ചിട്ടു വേണോ, നമുക്ക്‌ നല്ലൊരു ജീവിതം.. ?
രണ്ടാമന്‍ : ഇവന്‍ പിന്തിരിപ്പനാണ്‌..
മൂന്നാമന്‍ : ഇവനെ നമ്മുടെ കൂട്ടത്തില്‍ നിന്നും ഒഴിവാക്കണം..
കോറസ്സ്‌ : ഇവനെ നമുക്ക്‌ ഉന്മൂലനം ചെയ്യാം .. (എല്ലാവരും ഉറക്കെ അട്ടഹസിച്ച്‌ ഒന്നാമനു നേരേ അടുക്കുന്നു)
ഉടനെ കാണികള്‍ക്കിടയില്‍ വിദേശി പ്രത്യക്ഷനായി..
ഉറക്കെ .. " നിര്‍ത്തൂ.."
എല്ലാവരും ഞെട്ടിതിരിഞ്ഞു നോക്കി..
വിദേശി : വിളവെടുക്കാന്‍ സമയമായി. എല്ലാവരും വയലിലേക്ക്‌ പോകൂ...

കോറസ്സ്‌ വര്‍ക്ക്‌..
കോറസ്സ്‌ : (ഉറക്കെ) നമുക്ക്‌ വിളവെടുക്കാം...
വിളവെടുപ്പിന്റെ ഉത്സാഹം.. എല്ലാവരും പാട്ട്‌ പാടി നൃത്തം ചെയ്യുന്നു...
കോറസ്സ്‌ വര്‍ക്ക്‌..
വിദേശി :(ഉറക്കെ) ആരും നൃത്തം ചെയ്യരുത്‌. എന്റെ വിത്തുകള്‍ കൊയ്‌തെടുക്കുമ്പോള്‍ ആരും നൃത്തം ചവിട്ടാന്‍ പാടില്ല..
ഒന്നാമന്‍ : കണ്ടോ കൂട്ടരേ, നൃത്തം ചെയ്യാനുള്ള അവകാശം കൂടി നിഷേധിച്ചിരിക്കുന്നു.
കോറസ്സ്‌ : രക്ഷകനാണ്‌.അനുസരിക്കണം നമുക്ക്‌ കൊയ്യാം..

കോറസ്സ്‌ വര്‍ക്ക്‌..
വിദേശി :(ഉറക്കെ ചിരിച്ച്‌) കണ്ടില്ലേ കര്‍ഷകരേ, നിങ്ങള്‍ നൂറുമേനി കൊയ്‌തിരിക്കുന്നു..!
രണ്ടാമന്‍ : (ഉറക്കെ കരഞ്ഞ്‌ ) ചതിച്ചല്ലോ ദൈവമേ.., കൊയ്‌തെടുത്തതെല്ലാം പതിരാണല്ലോ..?
മൂന്നാമന്‍ : എല്ലാം... എല്ലാം... ഗുണമില്ലാത്തവയാ..
നാലാമന്‍ : അയ്യോ.. വിദേശി നമ്മളെ ചതിച്ചു.കായ്‌കനികളെല്ലാം മേന്മയില്ലാത്തവയാണ്‌.
അഞ്ചാമന്‍ : (ഉറക്കെ) രക്ഷകനാണെന്നു കരുതി അഭിമാനം പോലും അടിയറവെച്ചു
വിദേശി : (ഉറക്കെ ഭീകരമായി പൊട്ടിച്ചിരിക്കുന്നു) വിഡ്ഢികളായ കര്‍ഷകരേ, നിങ്ങള്‍ വിളവെടുപ്പുനടത്തിയ ആ മണ്ണിപ്പോള്‍ എന്റേതാകുന്നു.. എന്റെ വിത്തുകളല്ലാതെ ഇനി നിങ്ങളുടെ വിത്തുകള്‍ ആ മണ്ണില്‍ വിളയില്ല. ഇനി ആ മണ്ണില്‍ കൃഷിയിറക്കാന്‍ നിങ്ങള്‍ എന്നെ ആശ്രയിക്കണം.അതായത്‌ നിങ്ങളിപ്പോള്‍ എന്റെ അടിമകളാണ്‌..(ഉറക്കെ പൊട്ടിച്ചിരിക്കുന്നു)
ഒന്നാമന്‍ : (ഉറക്കെ) നിര്‍ത്തൂ..!! അടിമകളാകാന്‍ ഞങ്ങളെ കിട്ടില്ല . ഈ മണ്ണ്‍ ഞങ്ങളുടേതാണ്‌.ഈ മണ്ണില്‍, പൈതൃകമായി കിട്ടിയ അറിവുകൊണ്ട്‌ ഇനിയും ഞങ്ങള്‍ പൊന്നു വിളയിക്കും.വിദേശിയുടെ കറുത്ത കൈകളിലൂടെ ഈ മണ്ണില്‍ വിഷവിത്തുകള്‍ പാകാന്‍ ഞങ്ങളിനി അനുവദിക്കില്ല.
ഒന്നാമന്‍ : (എല്ലാവരോടുമായി) അടിച്ചമര്‍ത്തുവിന്‍ ഈ ദ്രോഹിയെ...
എല്ലാവരും വിദേശിയെ ആക്രമിക്കുന്നു..

കോറസ്സ്‌ വര്‍ക്ക്‌...
തളര്‍ന്നവശനായ വിദേശി കാണികള്‍ക്കിടയിലൂടെ ഓടിപ്പോകുന്നു..
ഒന്നാമന്‍ : കൂട്ടരേ.. പാരമ്പര്യമായി നമുക്ക്‌ കിട്ടിയ അറിവിലൂടെ പുതിയ വിത്തുകള്‍ നമുക്ക്‌ വിതയ്‌ക്കാം...
ഇത്‌ നമ്മുടെ മണ്ണാണ്‌...
കോറസ്സ്‌ : അതെ.. ഇതു നമ്മുടെ മണ്ണാണ്‌...
ഒന്നാമന്‍ ചെണ്ടയെടുത്ത്‌ കൊട്ടി, കോറസ്സ്‌ കൊയ്‌ത്തുപാട്ടു പാടി നൃത്തം ചെയ്യുന്നു..
പിന്നെ.. കാണികള്‍ക്കിടയിലൂടെ പാട്ടുകള്‍ പാടി അകലേക്ക്‌ അകലേക്ക്‌......

സാക്ഷ്യം

സാക്ഷ്യം

--മനോജ്‌ ആഭേരി

ത്രേതായുഗം കഴിഞ്ഞു
ശാപം ഗ്രസിച്ച്‌ ശിലയായ്‌ കിടന്ന
നിനക്കു മോക്സമേകിയത്‌
എന്റെ പാദസ്‌പര്‍ശമാണ്‌
നിന്‍ പുണ്യമാണ്‌ കാലപാശം
ഭേദിച്ചെനിക്ക്‌ പുനര്‍ജ്ജനിയായത്‌
എന്നിട്ടും... ഓര്‍മ്മയും മറവിയും
തമ്മിലെ നിഴല്‍ യുദ്ധത്തില്‍
നമുക്കൊരു മുദ്രമോതിരം വേണ്ടി വന്നു..

യാത്രാമൊഴി

യാത്രാമൊഴി

--പ്രദീപ് എം മേനോന്‍

ഇറ്റിറ്റു വീഴുന്ന ഈറന്‍ മഴയിലൂടിന്നലെ
ഇടത്തെ ഇടം ചേര്‍ന്നു നിന്നൊരെന്‍
പ്രണയിനി
ഇവിടം നാം പിരിയുന്ന വേളയില്‍
നിന്നോടു
ഇനിയെന്തു ചൊല്ലുവാന്‍ ഈയുള്ളവന്‍.
ഇതുവരെ ഒന്നായൊഴുകി നാം,
നമുക്കൊരെ-
ഇക്കിളി പുളകവും, ഒത്തിരി സ്വപ്‌നവും.
ഇടമെത്തി നമ്മള്‍ പിരികയായെങ്കിലും,
ഇതുവരെ എന്നോടു ചേര്‍ന്നതിനാകെയും
ഇത്രമേല്‍
എനിക്കൊത്തു വന്നതിനാകെയും
ഇത്തരുണത്തില്‍ ഞാന്‍ നന്ദി ചൊല്ലട്ടയോ?

ഇമകളില്‍ ഈറന്‍ തുളുമ്പലാല്‍
നിനക്കെന്റെ
ഇടനെഞ്ചു പിളരുന്ന യാത്രാമൊഴി
ഇനി തിരിച്ചേക്കുക, പിന്‍തിരിയേണ്ട നീ
ഇനിയെന്തു ഇണയടുപ്പം നമുക്കിടയില്‍.
ഇവനിവിടെ ദിശയറ്റു വീണൊടുങ്ങട്ടെ,
ഇന്ദ്രമോക്ഷം കാത്തു വാല്‍‌മീകമാകട്ടെ,
ഇനിയൊരിക്കല്‍ നീ ഈ വഴിയെത്തുകില്‍
ഇയ്യുള്ളവന്നു നീ മോക്ഷമേകീടുക