Sunday, August 06, 2006

ചെമ്പകപ്പൂക്കള്‍

ചെമ്പകപ്പൂക്കള്‍
സുധീര്‍ കളരിക്കല്‍

രശ്‌മി കരയുകയാണ്‌. സമാധാനിപ്പിക്കാന്‍ ചെന്നപ്പോള്‍ എന്നെ തട്ടിമാറ്റി, ഞാന്‍ പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നില്ല. കൊച്ചുകുട്ടിയെ പോലെയാണു വാശി.
ഒരു ചെറിയ കാറ്റു വീശിയപ്പോള്‍ ജാലകത്തിലൂടെ മഴയുടെ പ്രഹരം അവളുടെ മുഖത്തേറ്റു. ഒന്നു തല പിന്‍വലിച്ച്‌ എന്നെ ഒന്നു നോക്കി വീണ്ടും ജാലകത്തിലൂടെ പുറത്തേക്ക്‌. സമയം ഒന്‍പതു മണിയായി. ഇനി കരണ്ടു കട്ടും കഴിഞ്ഞ്‌ എപ്പോള്‍ ഭക്ഷണം കഴിക്കാന്‍.
ഉച്ചയ്‌ക്ക്‌ പത്തിരിപാലയില്‍ എത്തിയപ്പോല്‍ മുതല്‍ക്ക്‌ പറഞ്ഞ്‌ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. നാട്ടില്‍ തന്നെ വരാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍. ഒന്നും ഏറ്റില്ല. അവള്‍ക്ക്‌ നാട്‌ ഒരു ശാപഭൂമിയാണ്‌. എന്നാലും, ഭയങ്കര ഗൌരവക്കാരിയാണ്‌. രണ്ടു ദിവസമായി വഴക്കു തന്നെയായിരുന്നു.
ഓരോന്നാലോചിച്ചപ്പോള്‍ ദേഷ്യം ഇരച്ചു കയറി.
ഒന്നുറക്കെ വിളിച്ചു.
'രശ്‌മീ..' മിണ്ടാട്ടമില്ല. എഴുന്നേറ്റ്‌ ഡൈനിംഗ്‌ ടേബിളില്‍ വെച്ചിരുന്ന ഭക്ഷണമെടുത്ത്‌ കഴിക്കാനിരുന്നു. ഉച്ചക്ക്‌ ഇവിടെ കയറിയപ്പോള്‍ തുടങ്ങിയ മഴയാണ്‌. രാത്രിയിലും തുടരുന്നു. ഓടിട്ട വീടിന്റെ പഴുതുകളിലൂടെ ചിലപ്പോഴെല്ലാം മഴയും, പലപ്പോഴും മിന്നലിന്റെ ചീളുകളും ഉള്ളിലെത്താറുണ്ട്‌. ചെറിയ വീടാണ്‌. കയറിവരുമ്പോള്‍ ഒരുമ്മറവും, ഇടനാഴികക്കിരുവശവും രണ്ടു കിടപ്പുമുറികളും ഭക്ഷണമുറിയും അടുക്കളയും. ബാത്ത്‌ റൂം പുറത്താണ്‌. അതുകൊണ്ട്‌ ഇരുളായാലും മഴയായാലും പ്രാധമിക കാര്യങ്ങള്‍ക്ക്‌ പുറത്തു തന്നെ പോകണം.
എനിക്ക്‌ ഇതൊന്നും ബുദ്ധിമുട്ടായി തോന്നുന്നില്ല. ഇതാണ്‌ സ്വാതന്ത്ര്യം. ഫ്ലാറ്റുകളില്‍ നിന്ന് ഫ്ലാറ്റുകളിലേക്കുള്ള കുടിയേറ്റം. ജോലി കഴിഞ്ഞ്‌ അവശനായി വരുമ്പോള്‍ ഇല്ലാത്ത ഇത്തിരി ശുദ്ധവായു. പട്ടണത്തില്‍ എല്ലാവരുടേയും മുഖത്ത്‌ ഗൌരവമാണ്‌. ചാവി കൊടുത്തുവിട്ട മനുഷ്യബൊമ്മകളാണ്‌. എല്ലാവരും പണിയെടുക്കുന്നു. വരുന്നു, ഉറങ്ങുന്നു. അസ്‌ഥിത്വം മറന്ന് പണിയെടുത്ത്‌ എല്ലാവരും പണമുണ്ടാക്കുന്നു.ബോംബേയില്‍ ജോലി മതിയാക്കി എവിടെയെങ്കിലും വീടു വാങ്ങണം എന്ന് ചെറിയച്ചനെഴുതിയപ്പോള്‍ (ചെറിയച്ചനാണ്‌ നാട്ടില്‍ എന്നെ ബന്ധിപ്പിക്കുന്ന ഒറ്റചങ്ങലക്കണ്ണി. അച്ചനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. ഏക അനുജത്തി രമ്യ വിവാഹം കഴിഞ്ഞ്‌ ബാംഗ്ലൂരില്‍ സ്‌ഥിരതാമസമാണ്‌) ചെറിയച്ചന്‍ മറുപടി എഴുതി.
'രഘൂ, നീ എന്തായാലും പത്തിരിപ്പാലയില്‍ വരിക. നമ്മുടെ വടക്കേപുറത്തെ അറുപതു സെന്റും, ഒരു വീടും നിന്റെ ഭാഗത്തില്‍ പെട്ടതാണ്‌. അവിടെ വന്നു താമസിച്ചു കൂടെ? നിങ്ങള്‍ രണ്ടു പേരല്ലെ ഉള്ളൂ.. ആ വീടു മതിയാകും നിങ്ങള്‍ക്ക്‌. നിന്റെ അഭിപ്രായം എഴുതുക. നീ വരുമ്പോഴേക്കും ചെറിയ റിപ്പയര്‍ പണിയെല്ലാം ഞാന്‍ ചെയ്യിക്കാം.'
എനിക്ക്‌ നന്നായി തോന്നി.
അച്ചനും അമ്മയും കുട്ടിക്കാലവും ഓര്‍മ്മകളുടെ ഒരു പാട്‌ അപ്പൂപ്പന്‍ താടികള്‍ പാറിപറന്നു മനസ്സില്‍. കണ്ണുകള്‍ നിറഞ്ഞു പോയി. ഏന്തേ എനിക്കിതു മുന്നേ തോന്നിയില്ല എന്നു ചിന്തിച്ചു.
രശ്‌മി അനിയത്തി പറഞ്ഞ ബാംഗ്ലൂരിലെ ഫ്ലാറ്റില്‍ മുറുകെ പിടിച്ചിരിക്കയായിരുന്നു. ഈ വിവരം പറഞ്ഞപ്പോല്‍ ഒരു പൊട്ടിത്തെറി. പിന്നെ ഈ നിമിഷം വരെ അവളുടെ മുഖം തെളിഞ്ഞിട്ടില്ല. പണത്തിന്റേയും ആര്‍ഭാഡജീവിതത്തിനും ഇടയ്‌ക്ക്‌ പത്തിരിപ്പാലയിലെ അറുപതു സെന്റു സ്‌ഥലത്തിനും ഒരു കൊച്ചു വീടിനും എന്താ സ്‌ഥാനം അല്ലേ..? പിന്നെ അവള്‍ മകന്‍ വിഷ്‌ണുവിനെഴുതി. അച്ചന്‍ പത്തിരിപ്പാലയില്‍ വീടുവാങ്ങാന്‍ പോകുന്നെന്നും ബാംഗ്ലൂര്‍ക്ക്‌ വരുന്നില്ല എന്നുമൊക്കെ. ബാംഗ്ലൂരില്‍ ഹോസ്‌റ്റലില്‍ നിന്ന് എം.ബി.എ പഠിക്കുന്ന ഞങ്ങളുടെ ഏകമകന്‌ നാടേത്‌, വീടേത്‌..!!?
കരണ്ടു പോയി. ഭക്ഷണം പകുതിയേ ആയുള്ളൂ. പോകറ്റില്‍ നിന്ന് സിഗരറ്റ്‌ ലൈറ്റെടുത്ത്‌ മെഴുകുതിരി കത്തിച്ചു. ഒരു മെഴുകുതിരിയെടുത്ത്‌ മുറിയില്‍ പോയപ്പോള്‍ രശ്‌മി കിടക്കുകയാണ്‌. ഞാന്‍ പതിയെ വിളിച്ചു.
'രശ്‌മീ.. ഭക്ഷണം കഴിക്കേണ്ടെ..?' അവള്‍ തിരിഞ്ഞു കിടന്നു. അരണ്ട വെളിച്ചത്തില്‍, കരഞ്ഞു വീര്‍ത്ത അവളുടെ മുഖം ശ്രദ്ധിച്ചു. അല്‍പം സമാധാനപ്പെട്ടു എന്നു തോന്നി. അവള്‍ കൂടെ വന്ന് മെഴുകുതിരി വെട്ടത്തില്‍ ഭക്ഷണം കഴിക്കാനിരുന്നു. ചെറിയച്ചന്റെ വീട്ടില്‍ നിന്നു കൊണ്ടു വന്ന ഭക്ഷണത്തിന്‌ രുചിയേറെ എന്നു തോന്നി. പുറത്ത്‌ മഴ തിമിര്‍ക്കുകയാണ്‌. നരിച്ചീടുകളുടെ ശബ്‌ദം. രണ്ടു മൂന്നു മിന്നാമിനുങ്ങുകള്‍ പാറിനടക്കുന്നു മുറിയില്‍. വേറെയും അപശബ്‌ദങ്ങള്‍. ചുമരിനു മുകളില്‍ എന്തോ തിളങ്ങുന്നതു കണ്ടപ്പോള്‍ ടോര്‍ച്ചടിച്ചു നോക്കി. ഒരു വെളുമ്പന്‍ പൂച്ച.പണ്ട്‌ അമ്മൂമ്മയ്‌ക്ക്‌ പൂച്ച വളര്‍ത്തല്‍ ഒരു ഹോബിയായിരുന്നു. നൂറ്റൊന്ന് പൂച്ചയായാല്‍ കട്ടിളപ്പടി സ്വര്‍ണ്ണമാകും എന്നെല്ലാം പറയും. പൂച്ചകള്‍ നൂറ്റൊന്നാകുമ്പോഴേക്കും അമ്മൂമ്മ മരിച്ചു. കട്ടിളപ്പടി വീട്ടിയുടേത്‌ തന്നെ.
ഉറങ്ങാന്‍ കിടക്കവെ രശ്‌മി തിരിഞ്ഞു മറിഞ്ഞു കിടന്നു. ഞാന്‍ നല്ല ഉറക്കത്തിലായി. മഴയുടെ ഗന്ധം പ്രകൃതിയുടെ തണുത്ത സ്‌പര്‍ശം എല്ലാം എന്നെ ഉറക്കി. ആത്മാക്കളുടെ ലോകത്തുനിന്നും, സ്വന്തം ദേഹത്തേക്ക്‌ തിരിച്ചു വന്ന പൊലെ തോന്നി.
കാലത്ത്‌ എഴുന്നേറ്റപ്പോള്‍ രശ്‌മി നല്ല ഉറക്കത്തിലാണ്‌. മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പദപ്രശ്‌നം പോലെ അവള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കുറച്ചു നേരം ഉമ്മറത്തിരുന്നു. മുറ്റത്തേക്കു കണ്ണോടിക്കവേ, ചെമ്പകത്തിന്റെ ചുവട്ടില്‍ അടക്കാപക്ഷികള്‍ കലപില കൂട്ടുന്നു. ചെമ്പകം വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. നിറയെ വെളുത്ത പൂക്കള്‍. അനവധി വൃക്ഷങ്ങളാണ്‌ പറമ്പില്‍. എല്ലാം അച്ചനോ, മുത്തച്ചനോ നട്ടതായിരിക്കാം.കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയച്ചന്‍ വന്നു. വലിയ കാലന്‍ കുട ഇറയത്ത്‌ വെച്ച്‌ ഉമ്മറം കയറവെ ചോദിച്ചു.
'രഘൂ.. രശ്‌മി എഴുന്നേറ്റില്ലേ..?'
ചെറിയച്ചന്‍ അകത്തു പോയി. രശ്‌മി അപ്പോഴേക്കും എഴുന്നേറ്റിരുന്നു. ചായയെടുക്കാനുള്ള തെയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. ചെറിയച്ചന്‍ പറഞ്ഞു.
'രശ്‌മീ ഇത്‌ പട്ടണമല്ല. സ്വന്തം നാടാ. നമ്മുടെ മണ്ണ്‌. സ്‌ത്രീകള്‍ക്ക്‌ ഫ്ലാറ്റിലെ രാത്രികള്‍ക്ക്‌ നീളം കൂടുതലാ. ഇവിടെ അങ്ങന്യാണോ..?'
ചെറിയച്ചന്‍ അങ്ങനെയാണ്‌. കുറെ സംസാരിക്കും. പ്രിയമായതും അപ്രിയമായതും.
'രഘൂ.. നിങ്ങള്‍ കുളി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരൂ. പ്രാതല്‍ അവിടെ നിന്നാകാം. ആട്ടെ, വിഷ്‌ണു എന്നാണ്‌ വരുന്നത്‌? അവന്റെ പഠിപ്പ്‌ എങ്ങിനെ പോകുന്നു..?'
'ഉവ്വ്‌.. നന്നായി പോകുന്നു.' ഞാന്‍ എഴുന്നേട്ടു.
ചെറിയച്ചന്‍ പറമ്പിലൂടെ നടന്നു പോയി.രശ്‌മി ചായയുമായി വന്നപ്പോള്‍ ഞാന്‍ അരികെ ബലമായി പിടിച്ചിരുത്തി. എന്നിട്ട്‌ ചോദിച്ചു. 'നീ ഇന്നലെ ഉറങ്ങിയില്ലെ..?'
'ഇല്ല.. ഉറക്കം വന്നില്ല.' മുഖത്ത്‌ ഗൌരവം തന്നെ.
'നീ കണ്ടൊ രശ്‌മീ.. ഈ ചെമ്പകമരം. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഈ ചെമ്പകത്തിന്റെ പൂക്കളാ ഞാന്‍ നിനക്ക്‌ കൊണ്ടു തന്നിരുന്നത്‌. ചെമ്പകപ്പൂവില്‍ നിന്നല്ലേ നമ്മുടെ പ്രണയം തുടങ്ങിയത്‌?'
അവള്‍ അത്‌ഭുതത്തോടെ മുറ്റത്തേക്ക്‌ നോക്കി.
ഞാന്‍ പറഞ്ഞു. 'ഈ ചെമ്പകത്തിനറിയാം എനിക്ക്‌ നിന്നോടുള്ള പ്രണയത്തിന്റെ തീക്ഷ്‌ണത.'
രശ്‌മി ചിരിച്ചു. ഒരായിരം ചെമ്പകമൊട്ടുകള്‍ പൊലെ.
സ്‌കൂളില്‍ മൊട്ടിട്ട ചെമ്പകമാകുന്ന പ്രണയത്തിന്റെ വളര്‍ച്ച എത്രയെന്ന് അവള്‍ മുറ്റത്തിറങ്ങി നോക്കി.രശ്‌മിയുടെ ചെറുപ്പകാലം പട്ടിണിയുടേതായിരുന്നു. ദുരിതപൂര്‍ണ്ണമായിരുന്നു. 'രാഘ്വേട്ടന്‍ തരുന്ന ഈ ചെമ്പകപ്പൂക്കളുടെ ഗന്ധമൊഴിച്ചാല്‍ ബാക്കി എല്ലാം ദു:ഖമാണെന്ന്' അവള്‍ അന്ന് പറയുമായിരുന്നു.
ഒരു പാട്‌ സംഘട്ടനങ്ങള്‍.. പിന്നീട്‌ എല്ലാവരേയും വെല്ലുവിളിച്ച്‌ രശ്‌മിയേയും കൊണ്ട്‌ ബോംബെയിലേക്ക്‌ പോയി. പിന്നെ നാട്ടിലേക്കില്ല. ഒരു പാടു കാലം.
അവള്‍ ചെമ്പകത്തിന്റെ അരികെ ചെന്നു. ചുറ്റും നടന്നു നോക്കി. താഴ്‌ന്ന ഒരു ചില്ല എത്തിപ്പിടിച്ച്‌ ഒരു പൂവറുത്ത്‌ മണത്തു നോക്കി. ഉമ്മറം കയറവേ അവള്‍ പൊട്ടിക്കരഞ്ഞു.
'രശ്‌മീ.. എന്തു പട്ടി..? എന്തിനാ കരയ്‌ണ്‌?'
'അല്ല.. രാഘ്വേട്ടാ.. ഈ മണം.. എന്റെ ഓര്‍മ്മകള്‍.. എന്റെ ജീവിതം.. ' അവള്‍ തേങ്ങിക്കരഞ്ഞു.
ചേര്‍ത്തു നിര്‍ത്തവെ അവള്‍ പറഞ്ഞു.
'രാഘ്വേട്ട.. ചെമ്പകപ്പൂക്കള്‍ എന്നെ നോക്കി ചിരിച്ചു. പട്ടിണിയില്‍ നിന്നും ദുരിതത്തില്‍ നിന്നും കരകയറാന്‍ എന്റെ രാഘ്വേട്ടനെ നിക്കു തന്നത്‌ ഈ പൂക്കളാ..'
എന്റെ കണ്ണുകളും നിറഞ്ഞു പോയി. ഞാന്‍ പതിയെ ചോദിച്ചു.
'അപ്പോള്‍ ബാംഗ്ലൂരിലേ ഫ്ലാറ്റ്‌..?'
അവള്‍ തേങ്ങലോടെ പറഞ്ഞു
'നമ്മള്‍ക്കത്‌ മറക്കാം.. എവിടെയായാലും ഈ മണത്തിന്റെ ലഹരി.. അത്‌ മതി എനിക്ക്‌.'
കാറ്റു വീശി. മുറ്റത്ത്‌ ചെമ്പകത്തിന്റെ ഇലകളും ഇതളുകളും കൊഴിഞ്ഞു വീണു. ചാറ്റല്‍ മഴയുടെ ആരംഭം. വീണ്ടും ഒരുത്സവത്തിന്റെ തയ്യാറെടുപ്പോടെ പ്രകൃതി.

1 Comments:

At Mon Aug 07, 02:00:00 AM PDT, Blogger mydailypassiveincome said...

ചെമ്പകപ്പൂക്കള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. രശ്മിയുടെ ദുഖവും അവസാനത്തെ വേദനയോടെയുള്ള തീരുമാനവും കഥ ഒരു ഹ്രുദയസ്പര്‍ശിയാക്കിത്തീര്‍ക്കുന്നു.

 

Post a Comment

<< Home