Tuesday, June 06, 2006

തെരുവുനാടകം

തെരുവുനാടകം

--മധു കണ്ണഞ്ചിറ

ജനമദ്ധ്യത്തില്‍ നിന്നും ഉറക്കെ ചെണ്ട കൊട്ടുന്ന ഒരു മദ്ധ്യവയസ്കന്‍ :-
അയാളുടെ ചെണ്ടയുടെ താളം ദ്രുതഗതിയിലാകുമ്പോള്‍ അകലേനിന്നും ഒരു കൊയ്‌ത്തുപാട്ടിന്റെ ആദ്യവരി ആരോ ഉറക്കെ പാടുന്നത്‌ കേള്‍ക്കുന്നു. ആ പാട്ട്‌ കേട്ടയുടനെ നാല്‌ ഭാഗത്തുനിന്നും പാട്ട്‌ ഏറ്റുപാടികൊണ്ട്‌, ഒരു പ്രത്യേക രീതിയില്‍ ചുവട്‌ വെച്ച്‌ ചെണ്ട മേളക്കാരനു നേരെ വരുന്ന നാലഞ്ചാളുകള്‍
ചെണ്ട മേളം വേഗതയില്‍ ആകുന്നു.അതിനൊത്ത്‌ നൃത്തം വെക്കുന്ന "കോറസ്സ്‌"
നൃത്തത്തിനു ശേഷം ചെണ്ട കൊട്ടുന്നയാള്‍ ചോദിച്ചു :-
(അയാളെ ഒന്നാമന്‍ എന്നു വിളിക്കാം)
ഒന്നാമന്‍ : എന്തേ കൂട്ടരേ നമ്മളിങ്ങനെ നൃത്തം ചെയ്യാന്‍ ?
രണ്ടാമന്‍ : (എല്ലാവരേയും നോക്കിയിട്ട്‌) പാടത്ത്‌ വിത്ത്‌ വിതയ്‌ക്കാന്‍ സമയമായി. അതിന്റെ ഉത്സാഹതിമിര്‍പ്പല്ലേ ! (കാണികളോട്‌) ഇപ്രാവശ്യം നൂറുമേനി വിളയിക്കണ്ടേ നമുക്ക്‌..?
കോറസ്സ്‌ : വേണം... വേണം....
മൂന്നാമന്‍ : നൂറുമേനി വിളയിച്ച്‌ നമുക്ക്‌ നമ്മുടെ കഷ്‌ടപ്പാടുകള്‍ തീര്‍ക്കണ്ടേ ? കാര്‍ഷിക കേരളത്തിന്റെ പേര്‌ അന്യദേശങ്ങളിലേക്ക്‌ പടര്‍ത്തണ്ടേ..?
കോറസ്സ്‌ : വേണം... വേണം....
ഒന്നാമന്‍ : അന്യദേശങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളും , പഴവര്‍ഗ്ഗങ്ങളും, നെല്ലും നമുക്കിനി വേണ്ട . നമുക്ക്‌ നമ്മുടെ സ്വന്തമായ മണ്ണുണ്ട്‌. ആ മണ്ണില്‍ കൃഷിയിറക്കി വിളവെടുത്ത്‌ കാര്‍ഷിക കേരളത്തിന്റെ യശസ്സുയര്‍ത്താം.
കോറസ്സ്‌ : അപ്പോള്‍ നമുക്ക്‌ വിതക്കാം കൂട്ടരേ....
കൊയ്‌ത്തുപാട്ട്‌ ആരംഭം..
എല്ലാവരും വിത്ത്‌ വിതക്കുന്നു...
വിവിധ രീതിയിലുള്ള "കോറസ്സ്‌" വര്‍ക്ക്‌.
അതിനുശേഷം എല്ലാവരും കുനിഞ്ഞിരിക്കുന്നു.
രണ്ടാമന്‍ : (സന്തോഷത്തോടെ) വിളവെടുപ്പിനുശേഷം ന്റെ മോള്‍ടെ കെട്ട്‌ നടത്തണം.
മൂന്നാമന്‍ : (എല്ലാവരേയും നോക്കി) പത്താം ക്ലാസ്സ്‌ കഴിഞ്ഞു എന്റെ മോന്‍ ! അവനെ തുടര്‍ന്നു പഠിപ്പിക്കണം...
നാലാമന്‍ : വീട്‌ വെച്ച കടംണ്ട്‌. വിളവെടുപ്പ്‌ കഴിഞ്ഞാല്‍ അതങ്ങട്‌ വീട്ടാം..
അഞ്ചാമന്‍ : എനിക്കുണ്ട്‌ കുറേ കാര്യങ്ങള്‌. ഒക്കെ ഇത്‌ കഴിഞ്ഞിട്ട്‌ ചെയ്യണം..(എല്ലാവരേയും നോക്കിയിട്ട്‌, സംശയത്തോടെ) പക്ഷേ , ഇപ്രാവശ്യം നൂറുമേനി വിളവ്‌ കിട്ട്വോ..?
ഒന്നാമന്‍ : എന്താ സംശയം ? നമ്മള്‍ പാവം കര്‍ഷകരുടെ വിയര്‍പ്പ്‌ വീണ മണ്ണാ ഇത്‌. ഈ മണ്ണ്‍ നമ്മളെ ചതിക്കില്ല...
എല്ലാവരും ഉത്സാഹതിമിര്‍പ്പോടെ കുട്ടകളെടുത്ത്‌ വിളവെടുക്കാന്‍ പോകുന്നു......

കോറസ്സ്‌ വര്‍ക്ക്‌....
ഒന്നാമന്‍ : കൂട്ടരേ.. അപ്പോള്‍ നമുക്ക്‌ കൊയ്യാം
എല്ലാവരും കൊയ്യുന്നു, വിളവെടുക്കുന്നു...
കോറസ്സ്‌ വര്‍ക്കുകള്‍..
പിന്നീട്‌ എല്ലാവരും തളര്‍ന്നിരിക്കുന്നു...
രണ്ടാമന്‍ : (കരഞ്ഞ്‌, കൈകള്‍ രണ്ടും മുകളിലേക്ക്‌ നീട്ടിയിട്ട്‌, എന്റെ ദൈവമേ, ഞാന്‍ വിതച്ച വിത്തുകളൊന്നും ശരിക്ക്‌ കാച്ചില്ലല്ലോ.. ഞാനിനി എന്താ ചെയ്യാ..?
കൃഷി ചെയ്യാന്‍ വേണ്ടി എടുത്ത ലോണ്‍ ഞാനെങ്ങനെ തിരിച്ചടക്കും...
കോറസ്സ്‌ : (ഒന്നിച്ച്‌) ഈ മണ്ണ്‍ നമ്മളെ ചതിച്ചിരിക്കുന്നു .
വീണ്ടും കടക്കാരാക്കിയിരിക്കുന്നു !
ഒന്നാമന്‍ : കൂട്ടരേ, മണ്ണ്‍ നമ്മളെ ചതിച്ചില്ല. നമ്മള്‍ മണ്ണിനേയാ ചതിച്ചത്‌. പണ്ട്‌ , നമ്മുടെ പിതാമഹന്മാര്‍ നൂറുമേനി വിളവെടുത്ത മണ്ണാ ഇത്‌. അന്ന് മണ്ണ്‍ ശുദ്ധമായിരുന്നു. ഇന്ന്, പല കമ്പനികളും നമുക്ക്‌ തന്ന വീര്യമുള്ള വളങ്ങള്‍ വിതറി, നമ്മളീ മണ്ണ്‍ അശുദ്ധമാക്കിയിരിക്കുന്നു.അശുദ്ധമായ മണ്ണില്‍ വിത്തുകള്‍ എങ്ങിനെ കിളുര്‍ക്കാന്‍ ?
അഞ്ചാമന്‍ : (ചുറ്റും നിന്നവരോടായി) കൂട്ടരേ, ഞങ്ങളിനി എന്ത്‌ ചെയ്യണം ? കൃഷി നശിച്ച ഞങ്ങള്‍ക്ക്‌ വാഗ്ദാനങ്ങള്‍ മാത്രമേ എല്ലാവരും തന്നുള്ളൂ. പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട്‌ ഞങ്ങളുടെ മനസ്സ്‌ മരവിച്ചു. ബാങ്കില്‍ നിന്നും ലോണെടുത്ത്‌ കൃഷിയിറക്കിയവരാ ഞങ്ങള്‍. ലോണടച്ചില്ലെങ്കില്‍ ഞങ്ങടെ വീടും പുരയിടവും നഷ്ടപ്പെടും...
രണ്ടാമന്‍ : (എല്ലാവരോടുമായി) എല്ലാ വഴികളും അടഞ്ഞ നമുക്ക്‌ ഇനി ഒറ്റ വഴിയേ ഉള്ളൂ...
കോറസ്സ്‌ : എന്താണത്‌ .. ?
രണ്ടാമന്‍ : കൂട്ട ആത്മഹത്യ....!!
അവര്‍ മരിക്കാന്‍ ഒരുങ്ങുന്നു....

കോറസ്സ്‌ വര്‍ക്ക്‌....
അപ്പോള്‍...
അകലേനിന്നും ഒരു ഗംഭീര സ്വരം
" നിര്‍ത്തൂ...."
കാണികള്‍ക്കിടയിലൂടെ തടിച്ചു കൊഴുത്ത ഒരു വിദേശി കടന്നു വന്നു .
വിദേശി : അല്ലയോ സുഹൃത്തുക്കളേ.. നിങ്ങളെന്ത്‌ വിഡ്ഢിത്തമാണ്‌ കാണിക്കുന്നത്‌ ?
കോറസ്സ്‌ : ഹേ .. നിങ്ങളാരാണ്‌..?
വിദേശി : (ഉറക്കെ ചിരിച്ച്‌) ഞാന്‍ ഒരു വിദേശിയാണ്‌
നിങ്ങളുടെ കഷ്‌ടപ്പാടുകള്‍ കണ്ട്‌ , നിങ്ങളെ രക്ഷിക്കാന്‍ വന്ന രക്ഷകന്‍ !
കോറസ്സ്‌ : ( പരസ്പരം നോക്കിയിട്ട്‌) രക്ഷകന്‍ .. രക്ഷകന്‍...
വിദേശി : ഹേ കര്‍ഷകരേ, കാലം മാറിയിരിക്കുന്നു. കാലത്തിന്റെ മാറ്റത്തിനൊത്ത്‌ കൃഷി ചെയ്യുന്ന രീതിയിലും മാറ്റം വരുത്തണം . (ഉറക്കെ) ഞാന്‍ നിങ്ങള്‍ക്ക്‌ വിത്തുകള്‍ തരാം . ഞാന്‍ നിങ്ങള്‍ക്ക്‌ വളങ്ങള്‍ തരാം . നിങ്ങളുടെ മണ്ണില്‍ എന്റെ വിത്തുകള്‍ വിതയ്‌ക്കൂ... നൂറുമേനി നിങ്ങള്‍ക്ക്‌ കൊയ്‌തെടുക്കാം..
വരൂ.. ഇതാ വിത്തുകള്‍...
ഒന്നാമനൊഴിച്ച്‌ എല്ലാവരും വിത്തുകള്‍ വാങ്ങാനായി ചെല്ലുന്നു ..
ഒന്നാമന്‍ : (തടഞ്ഞ്‌) നില്‍കൂ... ഇവന്‍ വിദേശിയാണ്‌. കടല്‍ കടന്നു വന്നവനാണ്‌ . ഇവനെ എങ്ങനെ വിശ്വസിക്കും. ഇവനില്‍ നിന്നും വിത്തുകള്‍ വാങ്ങരുത്‌. ഇവന്റെ വിത്തുകള്‍ നമ്മുടെ മണ്ണില്‍ നാശത്തിന്റെ വിളവെടുപ്പു നടത്തും..
കോറസ്സ്‌ : ഇവന്‍ രക്ഷകനാണ്‌ മരിക്കാന്‍ തയ്യാറായ ഞങ്ങള്‍ക്ക്‌ ജീവിതം തന്നവനാണ്‌ . ഇവന്റെ വിത്തുകള്‍ തന്നെ ഞങ്ങളീ മണ്ണില്‍ വിളയിക്കും. ഞങ്ങള്‍ക്കിനി പട്ടിണി കിടക്കാന്‍ വയ്യ !
(ഉറക്കെ) ഞങ്ങള്‍ വിതയ്ക്കും , കൊയ്യും...!!
ഒന്നാമനൊഴിച്ച്‌ വിദേശിക്കു മുന്നില്‍ എല്ലാവരും വന്ന് കൈനീട്ടി. വിദേശി വിത്തുകള്‍ എറിഞ്ഞു കൊടുക്കുന്നു..

കോറസ്സ്‌ വര്‍ക്ക്‌...
ഒന്നാമന്‍ മൂകനായി നിന്ന് എല്ലാതും കാണുന്നു..
വിദേശി : പോയി വിത്ത്‌ വിതച്ചോളിന്‍...
എല്ലാവരും സന്തോഷത്തോടെ കൊയ്‌ത്തു പാട്ടാരംഭിക്കുന്നു. എന്നിട്ട്‌ വിത്തുകള്‍ പാകുന്നു..
വിദേശി : (ഉറക്കെ) നിര്‍ത്തൂ നിങ്ങളുടെ പാട്ട്‌ ..
എല്ലാവരും ഞെട്ടി..
വിദേശി : എന്റെ വിത്തുകള്‍ വിതയ്‌ക്കുമ്പോള്‍ നിങ്ങള്‍ പാടാന്‍ പാടില്ല. ഇതെന്റെ ഉത്തരവാണ്‌.
ഒന്നാമന്‍ : കണ്ടോ കൂട്ടരേ.. പാടാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു..
കോറസ്സ്‌ : രക്ഷകനാണ്‌ . അനുസരിക്കണം നമുക്ക്‌ വിത്തുകള്‍ പാകാം..
അവര്‍ പണി വീണ്ടും തുടങ്ങുന്നു. വിദേശി അപ്രത്യക്ഷനായി.
എല്ലാവരും തളര്‍ന്നിരുന്നു..

രണ്ടാമന്‍ : ഇപ്രാവശ്യം നൂറു മേനി തന്നെ .. സംശയമില്ല..
മൂന്നാമന്‍ : അതെ .. നമ്മള്‍ മാറേണ്ടിയിരിക്കുന്നു. നമുക്ക്‌ രക്ഷകന്‍ പറഞ്ഞ വഴിയിലൂടെ നീങ്ങുന്നതാണ്‌ നല്ലത്‌.
നാലാമന്‍ : പഴയകാലത്തെ ആചാരങ്ങളൊക്കെ നമുക്ക്‌ ഉപേക്ഷിക്കണം..
അഞ്ചാമന്‍ : എങ്കിലേ നമുക്ക്‌ നല്ലൊരു ജീവിതമുണ്ടാകൂ....
ഒന്നാമന്‍ : (ഉറക്കെ) നിര്‍ത്തൂ....! നമ്മുടെ പൈതൃകത്തെ ഒരു വിദേശിക്ക്‌ പണയം വെച്ചിട്ടു വേണോ, നമുക്ക്‌ നല്ലൊരു ജീവിതം.. ?
രണ്ടാമന്‍ : ഇവന്‍ പിന്തിരിപ്പനാണ്‌..
മൂന്നാമന്‍ : ഇവനെ നമ്മുടെ കൂട്ടത്തില്‍ നിന്നും ഒഴിവാക്കണം..
കോറസ്സ്‌ : ഇവനെ നമുക്ക്‌ ഉന്മൂലനം ചെയ്യാം .. (എല്ലാവരും ഉറക്കെ അട്ടഹസിച്ച്‌ ഒന്നാമനു നേരേ അടുക്കുന്നു)
ഉടനെ കാണികള്‍ക്കിടയില്‍ വിദേശി പ്രത്യക്ഷനായി..
ഉറക്കെ .. " നിര്‍ത്തൂ.."
എല്ലാവരും ഞെട്ടിതിരിഞ്ഞു നോക്കി..
വിദേശി : വിളവെടുക്കാന്‍ സമയമായി. എല്ലാവരും വയലിലേക്ക്‌ പോകൂ...

കോറസ്സ്‌ വര്‍ക്ക്‌..
കോറസ്സ്‌ : (ഉറക്കെ) നമുക്ക്‌ വിളവെടുക്കാം...
വിളവെടുപ്പിന്റെ ഉത്സാഹം.. എല്ലാവരും പാട്ട്‌ പാടി നൃത്തം ചെയ്യുന്നു...
കോറസ്സ്‌ വര്‍ക്ക്‌..
വിദേശി :(ഉറക്കെ) ആരും നൃത്തം ചെയ്യരുത്‌. എന്റെ വിത്തുകള്‍ കൊയ്‌തെടുക്കുമ്പോള്‍ ആരും നൃത്തം ചവിട്ടാന്‍ പാടില്ല..
ഒന്നാമന്‍ : കണ്ടോ കൂട്ടരേ, നൃത്തം ചെയ്യാനുള്ള അവകാശം കൂടി നിഷേധിച്ചിരിക്കുന്നു.
കോറസ്സ്‌ : രക്ഷകനാണ്‌.അനുസരിക്കണം നമുക്ക്‌ കൊയ്യാം..

കോറസ്സ്‌ വര്‍ക്ക്‌..
വിദേശി :(ഉറക്കെ ചിരിച്ച്‌) കണ്ടില്ലേ കര്‍ഷകരേ, നിങ്ങള്‍ നൂറുമേനി കൊയ്‌തിരിക്കുന്നു..!
രണ്ടാമന്‍ : (ഉറക്കെ കരഞ്ഞ്‌ ) ചതിച്ചല്ലോ ദൈവമേ.., കൊയ്‌തെടുത്തതെല്ലാം പതിരാണല്ലോ..?
മൂന്നാമന്‍ : എല്ലാം... എല്ലാം... ഗുണമില്ലാത്തവയാ..
നാലാമന്‍ : അയ്യോ.. വിദേശി നമ്മളെ ചതിച്ചു.കായ്‌കനികളെല്ലാം മേന്മയില്ലാത്തവയാണ്‌.
അഞ്ചാമന്‍ : (ഉറക്കെ) രക്ഷകനാണെന്നു കരുതി അഭിമാനം പോലും അടിയറവെച്ചു
വിദേശി : (ഉറക്കെ ഭീകരമായി പൊട്ടിച്ചിരിക്കുന്നു) വിഡ്ഢികളായ കര്‍ഷകരേ, നിങ്ങള്‍ വിളവെടുപ്പുനടത്തിയ ആ മണ്ണിപ്പോള്‍ എന്റേതാകുന്നു.. എന്റെ വിത്തുകളല്ലാതെ ഇനി നിങ്ങളുടെ വിത്തുകള്‍ ആ മണ്ണില്‍ വിളയില്ല. ഇനി ആ മണ്ണില്‍ കൃഷിയിറക്കാന്‍ നിങ്ങള്‍ എന്നെ ആശ്രയിക്കണം.അതായത്‌ നിങ്ങളിപ്പോള്‍ എന്റെ അടിമകളാണ്‌..(ഉറക്കെ പൊട്ടിച്ചിരിക്കുന്നു)
ഒന്നാമന്‍ : (ഉറക്കെ) നിര്‍ത്തൂ..!! അടിമകളാകാന്‍ ഞങ്ങളെ കിട്ടില്ല . ഈ മണ്ണ്‍ ഞങ്ങളുടേതാണ്‌.ഈ മണ്ണില്‍, പൈതൃകമായി കിട്ടിയ അറിവുകൊണ്ട്‌ ഇനിയും ഞങ്ങള്‍ പൊന്നു വിളയിക്കും.വിദേശിയുടെ കറുത്ത കൈകളിലൂടെ ഈ മണ്ണില്‍ വിഷവിത്തുകള്‍ പാകാന്‍ ഞങ്ങളിനി അനുവദിക്കില്ല.
ഒന്നാമന്‍ : (എല്ലാവരോടുമായി) അടിച്ചമര്‍ത്തുവിന്‍ ഈ ദ്രോഹിയെ...
എല്ലാവരും വിദേശിയെ ആക്രമിക്കുന്നു..

കോറസ്സ്‌ വര്‍ക്ക്‌...
തളര്‍ന്നവശനായ വിദേശി കാണികള്‍ക്കിടയിലൂടെ ഓടിപ്പോകുന്നു..
ഒന്നാമന്‍ : കൂട്ടരേ.. പാരമ്പര്യമായി നമുക്ക്‌ കിട്ടിയ അറിവിലൂടെ പുതിയ വിത്തുകള്‍ നമുക്ക്‌ വിതയ്‌ക്കാം...
ഇത്‌ നമ്മുടെ മണ്ണാണ്‌...
കോറസ്സ്‌ : അതെ.. ഇതു നമ്മുടെ മണ്ണാണ്‌...
ഒന്നാമന്‍ ചെണ്ടയെടുത്ത്‌ കൊട്ടി, കോറസ്സ്‌ കൊയ്‌ത്തുപാട്ടു പാടി നൃത്തം ചെയ്യുന്നു..
പിന്നെ.. കാണികള്‍ക്കിടയിലൂടെ പാട്ടുകള്‍ പാടി അകലേക്ക്‌ അകലേക്ക്‌......

2 Comments:

At Sun Jun 11, 01:42:00 PM PDT, Anonymous Anonymous said...

Good very good!!!! Excellent

 
At Sun Jun 11, 01:42:00 PM PDT, Anonymous Anonymous said...

Good very good!!!! Excellent

 

Post a Comment

Links to this post:

Create a Link

<< Home