Tuesday, April 04, 2006

അടിയാത്തി

അടിയാത്തി
--ഷിധി കണ്ടാണശ്‌ശേരി


നെഞ്ചുപിളര്‍ന്നുകൊണ്ടുച്ചത്തില്‍ ഉച്ചത്തില്‍
അടിയാത്തിപ്പെണ്ണിന്റെ തേങ്ങലെത്തി-
പാവം,അടിയാത്തിപ്പെണ്ണിന്റെ തേങ്ങലെത്തി.
പതിയെപ്പറഞ്ഞും പതം പറഞ്ഞും
അലതല്ലിയൊഴുകുന്നാ കണ്ണുകളും
കാലന്റെ കയ്യൊന്നിടറിയ നേരത്തു
വെള്ളപുതപ്പിച്ചടിയാന്റെ ദേഹവും(2)
മരണവും ജന്മവും എന്തെന്നറിയാത്ത
പിഞ്ചുകുരുന്നുകളോടിയടുക്കുന്നു
ദേഹത്തിന്‍ ചുറ്റും വലംവെച്ചോടുന്നു
വെള്ള പുതപ്പു വലിച്ചു മാറ്റീടുന്നു
അച്‌ഛന്‍ ഒളിച്ചുകളിയ്ക്കയെന്നോതുന്നു
താതന്റെ നെഞ്ചോടൊട്ടിക്കിടക്കുന്നു
കണ്ണുകള്‍ മെല്ലെ പിച്ചിപ്പറിയ്ക്കുന്നു
കൂടേ കളിയ്ക്കാന്‍ വരികന്നോതുന്നു
ഈ കാഴ്ചകള്‍ കണ്ടു കരളു പിളര്‍ക്കുന്നു
എന്റെ,കരളു പിളര്‍ക്കുന്നു
അടിയാത്തിപ്പെണ്ണിന്റെ ബാല്യങ്ങളോര്‍ക്കുന്നു
ഞാന്‍,അടിയാത്തിപ്പെണ്ണിന്റെ ബാല്യങ്ങളോര്‍ക്കുന്നു.

താമിചെറുമനും കാളിചെറുമിയ്ക്കും
സീമന്തപുത്രിയാം കുഞ്ഞീയടിയാത്തി
ഞാറ്റു കണ്ടത്തിന്‍ ചാരത്തിലുണ്ടൊരു
സുന്ദരമാമൊരു കൊച്ചുകുടിലും
ആരും കൊതിച്ചുപോം സ്‌നേഹത്തിന്‍ കൊട്ടാരം
സുന്ദരമാമൊരു ശാന്തിതീരം
അതു, ചാമിചെറുമന്റെ ശാന്തിഗ്രാമം
ഞാനുമെന്‍ കൂട്ടരുമെന്നുമെത്തീടുന്നു
അടിയാത്തിപ്പെണ്ണിന്റെ വീട്ടുമുറ്റത്തും
കുറ്റിയും കോലും , കൊച്ചം കുത്തിയും
കണ്ണാരം പൊത്തിയും,കൊത്താംകല്ലാടിയും
നീക്കി ദിനങ്ങളും,സ്വര്‍ഗ്ഗത്തിലെന്നപോല്‍
ഇന്നത്തെ ബാല്യത്തിനന്യമായ്‌ തീര്‍ന്നൊരീ
ബാല്യസ്‌മരണകളോര്‍ത്തു പോകുന്നു ഞാന്‍

വസന്തവും ശിശിരവും വന്നുപോയി
കാലചക്രങ്ങള്‍ തിരിഞ്ഞുപോയി
വര്‍ഷങ്ങള്‍ എങ്ങോ മറഞ്ഞു പോയി
അടിയാത്തിപ്പെണ്ണു ഋതുമതിയായി
പെണ്‍മക്കളില്ലാത്ത എന്നമ്മയ്ക്കെന്നുമേ-
പൊന്നോമനയാണു കുഞ്ഞീയടിയാത്തി.
കൌമാരസ്‌നാനം കഴിഞ്ഞൊരു നേരത്തു
ബാല്യത്തില്‍ കണ്ടടിയാത്തിയല്ലല്ലോ?
കൊച്ചു കല്യാണത്തിനെന്നമ്മയേകിയ
പട്ടുപുടവയണിഞ്ഞവളെത്തി
പട്ടുപുടവയില്‍ വെട്ടിത്തിളങ്ങിയാ
കാഞ്ചന കാന്തിപോല്‍ കുഞ്ഞീയടിയാത്തി
കണങ്കാലുമുട്ടും മുടിയഴകുണ്ടല്ലോ
മാന്‍മിഴി വെല്ലും മിഴിയഴകുണ്ടല്ലോ
അഴകേറെയുള്ള നിതംബങ്ങളുണ്ടല്ലോ
എണ്ണക്കറുപ്പിന്റെ ഏഴഴകുണ്ടല്ലോ
എല്ലാം മറയ്ക്കും വിനയമുണ്ടല്ലോ
ആരും കൊതിച്ചുപോം സുന്ദരരൂപത്തെ
പരുന്തിനേ പേടിയ്ക്കും പിടക്കോഴിയെന്നപോല്‍
കാളിച്ചെറുമി ചിറകുവിരിച്ചു.
താമിചെറുമനും കാളിചെറുമിയു
മോഹങ്ങള്‍ ഓരോന്നു നെയ്‌തൊരുങ്ങി
ഒരായിരം മോഹങ്ങള്‍ നെയ്‌തൊരുങ്ങി
പറക്കമുറ്റാത്തൊരാ മോഹചിറകുകള്‍
വെട്ടിയരിഞ്ഞല്ലോ കാലന്റെ കൈകളും
ദീനം പെരുകി ഒരുനാളാഗ്രാമത്തില്‍
രാക്ഷസനൃത്തം ചവിട്ടി ദീനവും
അന്നേരമൊക്കെയും കാലനുമെത്തി
ഒറ്റയായ്‌ തീര്‍ന്നല്ലോ കുഞ്ഞീയടിയാത്തി
വിങ്ങി വിതുമ്പുന്നടിയാത്തി പെണ്ണിന്റെ
ചിത്രമിന്നോര്‍ക്കുന്നു ഇന്നലെയെന്നപോല്‍
ആരോരുമില്ലത്തടിയാത്തി പെണ്ണിനു
എന്നമ്മയെന്നും അഭയമേകി.

അശ്രു തുടയ്ക്കാന്‍ ഒരു ദിനമെത്തീ-
ദേവനെപോലെയടിയാ ചെറുക്കനും
വീട്ടിതടിയൊത്ത മേനിയുണ്ടേ
പ്രഭചൊരിയുന്നൊരാ വദനമുണ്ടേ
സ്‌നേഹം തുളുമ്പും മനമൊന്നുണ്ടേ
അടിയാത്തിപ്പെണ്ണിന്റെ മനം കുളിര്‍ത്തേ,
ആരോരുമില്ലാതെ ആര്‍ഭാടമില്ലാതെ
മംഗല്യമൊന്നു നടന്നു നീങ്ങി
എന്നമ്മ തന്നുടെ വദനത്തിലെങ്ങും
ശാന്തിതന്‍ മന്ത്രങ്ങള്‍ മുറ്റിനിന്നു
ഞാറ്റു കുടിലിലും രാഗമെത്തി-അതു
താളം പിടിച്ചു നൃത്തമാടി
ദിനങ്ങള്‍ പതുക്കെ മാഞ്ഞുപോയി
അടിയാത്തി പെണ്ണിനു നോവുമെത്തി
കടിഞ്ഞൂലു പെറ്റടിയാത്തിയന്നു
പിഞ്ചുകുരുന്നുകള്‍ രണ്ടുപേരെ
കോന്നനും ചേന്നനുമെന്നു പേരിട്ടവര്‍
സ്‌നേഹമാം പാലാഴിയൂട്ടി വളര്‍ത്തി
വേല കഴിഞ്ഞെത്തും താതന്റെ നെഞ്ചില്‍
കുരങ്ങു കളിയ്ക്കുന്നു ആന കളിയ്ക്കുന്നു
ആമോദമെങ്ങും തിരതല്ലിയല്ലോ
ഞാറ്റുകുടിലിലും ഉത്സവമായി.

വ്രതശുദ്ധിയോടെ വൃശ്ചികമെത്തി
വൃക്ഷ ശിഖരങ്ങള്‍ കാറ്റിലാടി
ഞാറ്റു കുടിലിലെ ഉത്സവം കണ്ടിട്ടു
ദേവകള്‍ക്കെല്ലാം അസൂയമൂത്തു
കാലന്നരികിലായ്‌ എത്തീയവരെല്ലാം
അടിയാത്തിപ്പെണ്ണിനു ദുര്‍വിധിയായ്‌
കാലമടുക്കാതെ നേരമടുക്കാതെ
കാലനന്നേരം കുഴങ്ങിയല്ലോ!
പോം വഴിയെത്തി വൃശ്ചികക്കാറ്റായ്‌
വൃശ്ചികകാറ്റും തകര്‍ത്തു വീശി
കറപുരളുന്ന തന്‍ കൈകളേ നോക്കീ
കാലന്റെ കണ്ണും നിറഞ്ഞുപോയോ
മുന്‍വിധിയൊന്നുമറിയാത്ത പാവം
അടിയാ ചെറുക്കനും വേലയ്ക്കിറങ്ങി
വേല ചെയ്‌തീടും അടിയാന്റെ മേനിയില്‍
വന്നു പതിച്ചല്ലോ വൃക്ഷശിഖരവും
അടിയേറ്റു വീണുപോയ്‌ അടിയാചെറുക്കനും
ഇരുട്ടു പരന്നല്ലോ ഞാറ്റുകുടിലിലും(2)

കരളു പിളര്‍ന്നിട്ടു വീണ്ടുമെത്തീടുന്നു
അടിയാത്തിപ്പെണ്ണിന്റെ തേങ്ങലുകള്‍
യാത്രയ്ക്കൊരുങ്ങും അടിയാന്റെ നെറ്റിയില്‍
ചുംബനം നല്‍കുന്നടിയാത്തിപ്പെണ്ണും
അന്ത്യചുംബനം നല്‍കുന്നടിയാത്തിപ്പെണ്ണും
ഇനിയെന്നു കാണുമെന്നോര്‍ത്തു വിതുമ്പി
അബലയാം പാവം അടിയാത്തി(2)
കാലനെപ്പോലും വിലയ്ക്കു വാങ്ങുന്നൊരീ
കാലത്തെയോര്‍ത്തു വിതുമ്പുന്നു ഞാനും(2)

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
--അഡ്വ. എ. ഹരിദാസന്‍
കുന്നമ്പുഴത്ത്‌ ഹൌസ്‌‌
ബ്രഹ്മകുളം,
ഗുരുവായൂര്‍

ഇവരും

ഇവരും

--പ്രദീപ്‌.എം.മേനോന്‍

നെയ്യുറുമ്പുകള്‍ വരിയിട്ട തെരുവിന്റെ ഓരത്തും
അപരന്റെ ഉച്ചിഷ്‌ടം അന്നമാക്കുന്നവര്‍.
നഗരസാഗരം ആര്‍ത്തിരമ്പുമ്പോഴും
നരകതുല്യമാം ജീവനം നയിപ്പവര്‍.
സമൃദ്ധികള്‍ ശീതളീകരിക്കുന്നിടങ്ങള്‍ക്കുമപ്പുറം,
ചവറുകള്‍ പോലെ എറിയപ്പെടുന്നവര്‍.
ചെയ്യാത്ത തെറ്റിന്റെ ശിക്‍ഷ പേറുന്നവര്‍
‍പെയ്യാമുകിലിന്റെ വൃഷ്ടി തേടുന്നവര്‍
‍നാളെയെന്നൊന്നിനെ പ്രതീക്‍ഷിച്ചിടാത്തവര്‍
‍വാള്‍മുനയിലെവിടെയൊ കബന്ധമായ്‌ മാറുവോര്‍.
ആര്‍ക്കുമേ വേണ്ടാത്ത ജീവച്‌ഛവങ്ങളിവര്‍-
ആതുരലോകത്തിന്‍ നേരിന്‍ പകര്‍ച്ചകള്‍.
പശിയിടങ്ങളില്‍ ചുവടറ്റു വീഴുവോര്‍
പാശത്തറകളില്‍ വിശപ്പിരക്കുന്നവര്‍
‍പിച്ചയെടുക്കുവാന്‍ പിറന്നൊരീജന്മങ്ങള്‍
പിച്ചിയെറിഞ്ഞൊരീ ജീവിത തുണ്ടുകള്‍.
പച്ചമാംസത്തിന്റെ വിലപോലുമില്ലാതെ-
കച്ചിതുരുമ്പിലും കൈവിട്ടുപോയവര്‍.
ബാല്യങ്ങള്‍ കൈവിട്ട തെരുവിന്റെ കുട്ടികള്‍
‍തെരുവിനും വേണ്ടാത്ത ശിഷ്‌ടജന്മങ്ങള്‍.
ശ്രേഷ്‌ടരാല്‍ പോലും അവജ്ഞ നേടുന്നവര്‍
വൃക്‍ഷത്തലപ്പുപോല്‍ ആടിയുലയുവോര്‍.
നാണം മറക്കുവാന്‍ തുണിപോലുമില്ലാതെ-
നാടിന്റെ സന്തതിയാകാം ഒരു പെങ്ങള്‍,
പുരുഷകാമത്തിനു കീഴ്‌പെട്ടിടുമ്പോഴും-
പരുഷദംഷ്‌ട്രങ്ങളാല്‍ പീഡിതയായവള്‍.
നീതിപീഠത്തിന്നു സാക്‍ഷ്യങ്ങള്‍ നല്‍കുവാന്‍
പിന്നെയും ഹീനതയേറ്റുവാങ്ങുന്നവര്‍.
മാടിനെപ്പോലെ മടച്ചുവീഴുമ്പോഴും-
മറ്റുള്ളവര്‍ക്കായ്‌ മൃതപ്രായമാകുവോര്‍.
മൃത്യുവും വേണ്ടാതെ ആട്ടിയകറ്റുവോര്‍
സൃഷ്‌ടികര്‍ത്താവിന്റെ അക്ഷരത്തെറ്റുകള്‍.
വത്‌സരം എത്ര കടന്നുപോകുമ്പോഴും
നിസ്സഹായര്‍,ഇവരെത്രയോ നിന്ദിതര്‍
‍പെറ്റിട്ട മണ്ണിനും പിടിവിട്ടുപോയവര്‍
പിച്ചവെക്കാനും ഇടമറ്റുപോയവര്‍.
കഷ്‌ടിച്ചരവയര്‍ അന്നത്തിനായിവര്‍
സ്രഷ്‌ടാവിനോടും കനിവിന്നിരക്കവേ-
തിരക്കിട്ടു പായുമീ കാലികലോകവും
പുച്‌ഛമുച്‌ഛ്വാസം ഇങ്ങിട്ടേച്ചുപോകയോ?
പാലായനത്തിന്റെ ദുരന്തങ്ങള്‍ പേറുവോര്‍
പകലറുതിപോല്‍ എരിഞ്ഞടങ്ങുന്നവര്‍.
ചായ്‌ക്കുവാനില്ലിടം ഇവിടിവര്‍ക്കെങ്കിലും
ചവിട്ടടിയിലൊടുങ്ങുമീ പതിതജന്മങ്ങളും.
ഇവരെക്കുറിച്ചിന്നു പാടുവാനില്ലൊരാള്‍
ഇവരെ പ്രതീക്‍ഷിച്ചിരിക്കാനുമില്ലൊരാള്‍.
ഇവരെന്റെ നാട്ടുകാര്‍, കൂടപ്പിറപ്പുകള്‍,
ഇനിയും ലഭിക്കാത്ത മോക്‍ഷഭിക്‍ഷുക്കള്‍.

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍


--വിന്റോ തോമസ്‌

കുളിര്‍കാറ്റടിക്കുന്നതുപോലെ..
മഴപെയ്യുന്നുണ്ടാകാം...
വെറുതെ ഏകാകിയായിരിക്കാന്‍ തോന്നി.
അല്ലെങ്കിലും അങ്ങനെതന്നെയാണു താനും.
ഒത്തിരി മോഹങ്ങള്‍..
എന്റെ അമ്മയെ കാണണം..
ആ മടിയില്‍ ഒത്തിരി നേരം കിടക്കണം.
അച്‌ഛനുമൊത്തിരിക്കണം.
സ്വന്തം നാടിനെയും ബന്ധുജനങ്ങളെയും കാണണം.
ചേച്ചിയും ഒത്ത്‌ കുശലം പറഞ്ഞിരിക്കണം,വഴക്കു കൂടണം..
ഓടിചാടി നടക്കണം. എന്നെ കാണാന്‍ ചേച്ചിക്കും ഒത്തിരി കൊതി കാണും.
എല്ലാം സഫലമാകും. എന്റെ മനസ്സു പറഞ്ഞു. പക്ഷേ ഇനിയും കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കണം.എന്നെ കാണാന്‍ എല്ലാവരും ആഹ്ലാദത്തോടെ കാത്തിരിക്കുകയാവും...ആണോ..? അറിയില്ല..!
ഇവിടെ എനിക്കിപ്പോള്‍ കൂട്ടിനാരുമില്ല. ഒറ്റയ്‌ക്കിരുന്ന് മുഷിഞ്ഞു.എങ്കിലും വിഷമമില്ല. എനിക്കാവശ്യമുള്ളതെല്ലാം സമയാസമയങ്ങളില്‍ ലഭിക്കുന്നു.
ഇനിയുള്ള കാലം അമ്മയോടൊത്തു കഴിയണം. അമ്മയെ പൊന്നുപോലെ നോക്കണം.. ഞാനോര്‍ത്തു.. എനിക്കമ്മയോട്‌ ഇത്രയധികം സ്‌നേഹം എങ്ങനെ വന്നു..! എനിക്കറിയാം എന്റെ അമ്മയെ എനിക്ക്‌ മറക്കാനാവില്ലല്ലോ..
ഓരോ ചിന്തയില്‍ മുഴുകിപ്പോയി. നേരം ഇരുട്ടിയതറിഞ്ഞേയില്ല. എപ്പോഴോ മയക്കത്തിലേക്ക്‌ വീണു.പെട്ടെന്നെന്തോ ശബ്‌ദം കേട്ടാണുണര്‍ന്നത്‌. എന്റെ ഹൃദയം പട പടാന്നിടിക്കുന്നു. കൈകാലുകള്‍ക്ക്‌ ബലം നഷ്‌ടപ്പെടുന്നത്‌ പോലെ. ഞാന്‍ ഇരുന്നിടത്തുനിന്നും ഇപ്പോള്‍ വേറെവിടെയോ ആണെന്നെനിക്ക്‌ മനസ്സിലായി. ചുറ്റും കാല്‍പെരുമാറ്റം. ശരീരമാസകലം എന്തോ കുത്തിക്കയറുന്നതുപോലെ തോന്നുന്നു. സ്വപ്നമാണോ..? ഒരു നിമിഷം ശങ്കിച്ചു. അല്ല.. ആരുടേയോ കൈ.. കയ്യില്‍ നീട്ടിപിടിച്ച ആയുധം. അതെനിക്കു നേരെയാണല്ലോ ദൈവമേ നീണ്ടുവരുന്നത്‌.. ഞാന്‍ കയ്യും കാലും ഇട്ടടിക്കാന്‍ ശ്രമിച്ചു.. കഴിയുന്നില്ല... എന്റെ വലം കയ്യില്‍ മുറിവേറ്റിരിക്കുന്നു.. അസഹ്യമായ വേദന.. ഞാനുറക്കെ നിലവിളിച്ചു.. അമ്മേ... രക്തം വാര്‍ന്നൊലിക്കുന്ന എന്നെ രക്ഷിക്കാന്‍ ആരുമില്ലേ...
ശബ്‌ദിക്കാന്‍ കഴിയുന്നില്ല, ഓടി രക്ഷപ്പെടാനാവുമോ.. ഇല്ല എനിക്കാവുന്നില്ല.. ഏതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നതു പോലെ.
എന്റെ സ്വപ്‌നങ്ങള്‍ എല്ലാം വെറുതെയാവുകയണോ.. അക്രമിയുടെ കരങ്ങള്‍ എന്റെ നേരെ വീണ്ടും അടുക്കുന്നു. എന്റെ ശരീരഭാഗങ്ങള്‍ ഓരോന്നായി മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണയാള്‍.
എനിക്കെന്റെ അമ്മയെ കാണണം....
പ്രിയപ്പെട്ട അച്‌ഛനും സ്‌നേഹമുള്ള ചേച്ചിയും ഒക്കെ വെറും സ്വപ്‌നം മാത്രമാവുകയാണോ..?നിശ്ശബ്‌ദമായ ഭാഷയില്‍ ഞാന്‍ തേങ്ങിക്കരഞ്ഞു.
മരണവേദനയോടെ സര്‍വ്വ ശക്തിയും എടുത്ത്‌ കുതറിമാറാന്‍ ശ്രമിച്ചു. ഇല്ല.. ഒട്ടും അലിവില്ലാതെ അയാള്‍ എന്റെ നേരെ ചീറിയടുക്കുകയാണ്‌. ആരും എന്നെ രക്ഷിക്കാനില്ലേ..
ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു.ആരേയും ഇതുവരെയും ഒരു തരത്തിലും ഉപദ്രവിക്കാത്ത എന്നെ... ഇയാള്‍ക്കെങ്ങനെ മനസ്സുവന്നു,വാടകകൊലയാളിയെപ്പോലെ വെട്ടിനുറുക്കാന്‍....

വിടരാത്ത പുഷ്‌പം പോലെ, വാടിക്കരിഞ്ഞില്ലാതാവാനാണോ എന്റെ വിധി.
ഒരു നിമിഷം ഞാന്‍ കണ്ണുകളടച്ചു.
ഒത്തിരി സ്‌നേഹമുള്ള അമ്മയേയും, പ്രിയപ്പെട്ട ചേച്ചിയേയും അച്‌ഛനേയും മനസ്സിലോര്‍ത്തു. ആരും എന്നെ മനസ്സിലാക്കിയില്ലല്ലോ..
എന്റെ ശരീരമാസകലം മുറിക്കപ്പെട്ടിരിക്കുന്നു.കഷണങ്ങളാക്കി നുറുക്കിയിരിക്കുന്നു. ഇല്ല ഇനി രക്ഷയില്ല.. എല്ലാ മോഹങ്ങളും ബാക്കിയാക്കി യാത്രയാവുകതന്നെ.

ഒരു നിമിഷം എല്ലാം നിശ്‌ചലം...
ആ ഗര്‍ഭസ്‌ഥശിശുവും ആശുപത്രിയുടെ കുപ്പതൊട്ടിയിലേക്ക്‌ എറിയപ്പെട്ടു.

വരകളിലൂടെ

വരകളിലൂടെ
--എം.കെ.വാസുദേവന്‍

സ്വപ്‌നം

സ്വപ്‌നം
--സുഹാസ്‌ കേച്ചേരി

നഗരത്തിലെ തിരക്കില്‍ നിന്നും മാറി ഇങ്ങു ദൂരെ ഈ കോര്‍ണിഷില്‍ വരുമ്പോള്‍, എന്നത്തെയും പോലെ ഇന്നും ഒന്നെ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍, പത്തൊമ്പതാം വയസ്സില്‍ , ജനിച്ച നാടും വീടും എല്ലാം ഉപേക്ഷിച്ച്‌ ഗള്‍ഫ്‌ എന്ന ഈ മാന്ത്രിക ലോകത്തേക്ക്‌, ചിത്രങ്ങളിലൂടെയും വര്‍ണ്ണനകളിലൂടെയും മാത്രം എനിക്ക്‌ പരിചിതമായ ഈ സ്വപ്‌നഭൂമിയിലേക്ക്‌ പറക്കുമ്പോള്‍ ഒത്തിരി മോഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരുന്നു മനസ്സില്‍. ഇവിടെ വന്ന ആദ്യനാളുകള്‍,എന്റെ സ്വപ്‌നങ്ങള്‍ ഒക്കെയും യാഥാര്‍ത്ഥ്യമാകുകയാണോ എന്നു തോന്നിയ നിമിഷങ്ങള്‍.പിന്നെ എപ്പോഴായിരുന്നു ഗള്‍ഫ്‌ ജീവിതത്തിന്റെ മടുപ്പും വിഹ്വലതകളും എന്റെ മനസ്സിലേക്കും ചേക്കേറിയത്‌. ഇവിടെ ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളും തകരുകയാണോ?.. അതിലേറെ ഞാന്‍ ഇട്ടെറിഞ്ഞു പോന്ന എന്റെ നാട്‌ , കൂട്ടുകാര്‍,എന്നെ സ്‌നേഹിക്കുന്ന ഒട്ടേറെപേര്‍,എന്റെ കൌമാരം.. അങ്ങനെ എല്ലാം ഞാന്‍ സ്വയം നഷ്‌ടപ്പെടുത്തുകയായിരുന്നോ എന്ന തോന്നല്‍, അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ചീറിപായുന്ന വാഹനങ്ങളുടേയും നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന യന്ത്ര സാമഗ്രികളുടേയും മനം മടുപ്പിക്കുന്ന മുരള്‍ച്ചകള്‍ക്കിടയില്‍നിന്നും മനസ്സിനെ സ്വതന്ത്രമാക്കാന്‍ , എന്റെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍, എനിക്ക്‌ നേരെ വരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍, എന്നെ സാന്ത്വനിപ്പിക്കാന്‍ ഒരു നല്ല കൂട്ടുകാരന്‍, അതായിരുന്നു എനിക്കീ കടല്‍....


കോര്‍ണിഷ്‌, അതായിരുന്നു എന്റെ കൂട്ടുകാരന്‌ അറബികള്‍ കൊടുത്ത പേര്‍. എന്നത്തേയും പോലെ ഇന്നും അവന്‍ തികച്ചും ശാന്തനായിരുന്നു. വിശേഷങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത ഒരു സാധാരണ പ്രവാസിയുടെ ജീവിതം പോലെ തിരകളില്ലാതെ തികച്ചും ശാന്തമായ അവന്റെ മുഖത്ത്‌ ഇന്നും ആ മന്ദഹാസം ഞാന്‍ കണ്ടു..ഈ മന്ദഹാസവും പരന്നുകിടക്കുന്ന കടലിന്റെ നീലിമയും അതായിരുന്നു എന്റെ മനസ്സിനെ എന്നും ഇങ്ങോട്ട്‌ നയിച്ചിരുന്നത്‌.. ഏതു പ്രശ്‌നങ്ങളെയും ചിരിച്ച മുഖത്തോടെ മാത്രം നേരിടുന്ന അവനോട്‌ എനിക്ക്‌ സത്യത്തില്‍ അസൂയ ആയിരുന്നു, എനിക്ക്‌ കഴിയുന്നില്ലല്ലോ അങ്ങനെ... ആ അസൂയയാണോ അതോ കുറച്ച്‌ സമയമെങ്കിലും അവന്റെ ആ ശാന്തതയെ കീറിമുറിച്ച്‌ ആ നീലപരപ്പില്‍ നീന്തിതുടിക്കണം എന്ന മോഹമാണോ എന്നെ അവനിലേക്ക്‌ എടുത്തു ചാടാന്‍ പ്രേരിപ്പിച്ചത്‌.. പക്ഷെ, അവിടെയും അവന്‍ എന്നെ തോല്‍പിച്ചു.. എന്റെ പതനം സൃഷ്‌ടിച്ച അലകള്‍ ഒഴിച്ചാല്‍ അവന്‍ തികച്ചും ശാന്തനായികൊണ്ട്‌ തന്നെയായിരുന്നു എന്നെ സ്വീകരിച്ചത്‌, അപ്പോഴും അവന്റെ മുഖത്ത്‌ ആ മന്ദഹാസം ഞാന്‍ കണ്ടു..


സത്യത്തില്‍ ഞാന്‍ നീന്തുകയായിരുന്നില്ലാ.. മുങ്ങിത്താഴുകയായിരുന്നു, അഗാധതയിലേക്ക്‌, അറ്റമില്ലാത്ത ജീവിത പ്രശ്‌നങ്ങളിലൂടെ എന്നപോലെ ഞാന്‍ ആഴ്‌ന്ന് ആഴ്‌ന്ന് പോകുകയായിരുന്നു അവന്റെ അടിത്തട്ടിലേക്ക്‌.... പക്ഷെ, ഒത്തിരി നേരത്തിനു ശേഷം ഞാന്‍ എത്തിപെട്ടത്‌ തികച്ചും വ്യത്യസ്തമായ ഒരു ലോകത്തായിരുന്നു.. അവിടെ പരന്നു കണ്ട സ്വര്‍ണ്ണ പ്രഭയുടെ ഉറവിടത്തിലേക്ക്‌ നീങ്ങുമ്പോള്‍, അതു സ്വന്തമാക്കണം എന്ന മോഹത്തേക്കാളേറെ, അതെന്താണെന്നറിയാനുള്ള ജിജ്ഞാസ മാത്രമായിരുന്നു മനസ്സു നിറയെ.. അതിനടുത്തെത്തുമ്പോഴെക്കും മനുഷ്യ സഹജമായ അത്യാര്‍ത്തി എന്ന വികാരം എന്റെ മനസ്സിനെ ജിജ്ഞാസയില്‍നിന്നും അതിനെ ഒന്നു തൊട്ടറിയണം എന്ന മോഹത്തിലെക്ക്‌ നയിച്ചിരുന്നു.. പക്ഷെ, ആ നിമിഷത്തിലാണു ഞാന്‍ ആ സത്യം മനസിലാക്കിയത്‌..എനിക്ക്‌, എന്റെ കൈകള്‍ നഷ്‌ടമായിരിക്കുന്നു.. എന്റെ കൈകളുടെ സ്ഥാനത്ത്‌ അറ്റുകിടക്കുന്ന ഞരമ്പുകളും കട്ടപിടിച്ച രക്തവും മാത്രം, കടലിന്റെ നീലിമയിലേക്ക്‌ എന്റെ രക്തത്തിന്റെ ചുവപ്പു രാശി പടരുന്നത്‌ ഞാന്‍ അറിഞ്ഞു.. അപ്പോഴും എന്റെ കണ്ണുനീരിന്റെ ഉപ്പു രസം വേര്‍ത്തിരിച്ചറിയാന്‍ എനിക്കായില്ലാ, അതോ, എന്റെ കണ്ണില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നില്ലേ..?? അല്‍പസമയത്തിനു ശേഷം കുറച്ച്‌ ദൂരെ കടല്‍ ചെടികള്‍ക്കിടയില്‍ എവിടെയോ ഞാന്‍ കണ്ടു, ആരെയോ പ്രതീക്ഷിച്ചെന്നപോലെ തുറന്നു പിടിച്ച രണ്ടു കരങ്ങള്‍, അതെന്റെ കൈകളാണെന്നു തിരിച്ചറിയാന്‍ എന്റെ കണ്ണുകള്‍ക്ക്‌ പെട്ടെന്നു കഴിഞ്ഞു, ആ കൈകള്‍ യഥാസ്ഥാനത്ത്‌ ചേര്‍ത്തു വെക്കുമ്പോള്‍ നഷ്‌ടപെട്ടെന്നു കരുതിയത്‌ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു മനസ്സു നിറയെ... ആ കൈകള്‍ മുന്‍പത്തെക്കാളും ശക്തവും ദൃഡവുമായി തോന്നിച്ചു. പക്ഷെ, ഇപ്പോഴും അവ തുറന്നു തന്നെ ഇരുന്നു... ആര്‍ക്കോ വേണ്ടി... എന്റെ നെഞ്ചില്‍ തലചായ്‌ക്കാന്‍, ഈ കൈകള്‍ക്കുള്ളില്‍ ഒതുങ്ങി എന്നോടു ചേര്‍ന്നു നില്‍ക്കാന്‍ അവള്‍ എന്നെങ്കിലും വരും എന്ന പ്രതീക്ഷയോടെ...


"ഹേയ്‌ സുധി, നിനക്കിപ്പോള്‍ നിന്റെ കൈകള്‍ തിരിച്ചു കിട്ടിയിരിക്കുന്നു.. ഇനി ഞാന്‍ നിനക്ക്‌ നിന്റെ ജീവനെ തരാം, അവളെയും കൊണ്ടു പറക്കാന്‍ ചിറകുകള്‍ തരാം.. നീ പറന്നു കൊള്ളുക അവളെയും കൊണ്ട്‌.., നിങ്ങളുടെ മാത്രം ലോകത്തേക്ക്‌, സ്‌നേഹത്തിന്റെ ലോകത്തേക്ക്‌.., പ്രശ്‌നങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക്‌.., നിങ്ങളുടെ കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും മാത്രമുള്ള ലോകത്തേക്ക്‌... അതാ അവിടെ ആ പാറക്കെട്ടുകള്‍ക്കു പുറകില്‍ നിനക്കവളെ കാണാം, നിന്റെ ജീവനെ.." - ഈ ശബ്ദം, എന്റെ സ്വപ്നങ്ങളില്‍ മാത്രം ഞാന്‍ കേട്ടിട്ടുള്ള ഈ ശബ്ദം, ദൈവീകമെന്നു ഞാന്‍ വിശ്വസിച്ചു പോന്ന ഈ ശബ്ദം... ഞാന്‍ ഓടുകയായിരുന്നു, ജലഭിത്തികളെ ഭേദിച്ചു കൊണ്ട്‌, ദൈവം പറഞ്ഞ ആ പാറക്കെട്ടുകളുടെ അടുത്തേക്ക്‌.. അവിടെ, ആ പാറക്കെട്ടുകള്‍ക്ക്‌ പുറകിലായി ഞാന്‍ കണ്ടു.. അവളെ, എന്റെ സ്വപ്‌ന സുന്ദരിയെ... ഗള്‍ഫ്‌ ജീവിതത്തിലേക്ക്‌ ഞാന്‍ ചെക്കേറുന്നതു വരെ എന്റെ നല്ല ഒരു കൂട്ടുകാരി മാത്രമായിരുന്നു അവള്‍, എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എന്നെ ഒത്തിരി സഹായിച്ചിരുന്ന നല്ല ഒരു കൂട്ടുകാരി, പിന്നെ എപ്പോഴോ ഞാന്‍ അറിഞ്ഞു... അവള്‍ എനിക്ക്‌ ഒരു കൂട്ടുകാരിയെക്കാളേറെ മറ്റെന്തെല്ലാമോ ആണെന്ന്.. ഇടക്കിടെ ഉള്ള കത്തുകളിലൂടെ, ടെലിഫോണ്‍ സംഭാഷണങ്ങളിലൂടെ, ഞങ്ങള്‍ അടുത്തു... ഒരുപാടൊരുപാട്‌... ഒത്തിരി ഇഷ്‌ടപ്പെടുന്നു ഞാനവളെ, അവളും... എന്നിട്ടും, ആ ഇഷ്‌ടം ആര്‍ക്കോ വേണ്ടി ഞങ്ങള്‍ കണ്ടില്ല എന്നു നടിക്കുകയായിരുന്നു.. ഞങ്ങളുടെ കുടുംബ പശ്ചാത്തലങ്ങള്‍, ജാതി, അതിലേറെ വീട്ടുകാരോടുള്ള കടപ്പാട്‌, അങ്ങനെ അങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ക്ക്‌ മുന്നില്‍ ഞങ്ങളുടെ സ്വപ്‌നങ്ങളും മോഹങ്ങളും "അടുത്തജന്മം" എന്ന ഒരു സ്വപ്‌ന ലോകത്തിലേക്ക്‌ വഴി മാറുകയായിരുന്നു.. ഞാന്‍ ഒരു പാടു വിശ്വസിച്ചിരുന്നു അങ്ങനെ ഒരു ലോകത്തിനെ പറ്റി.. ഒത്തിരി പ്രാര്‍ത്ഥിച്ചിരുന്നു അങ്ങനെ ഒരു ജീവിതത്തിനായി...


"സുധീ ഇതാ.. നിന്റെ പ്രാര്‍ത്ഥനക്കും കണ്ണുനീരിനും ഉള്ള ഉത്തരം... നിന്റെ ജീവന്‍.. നിനക്കായി മാത്രം ഈ ഭൂമിയില്‍ സൃഷ്‌ടിക്കപ്പെട്ടവള്‍.. നിന്റെ സ്വന്തം, നിന്റെ മാത്രം കുട്ടു... ഇത്‌, ഞാന്‍ നിനക്കു തരുന്ന അനുഗ്രഹമാണ്‌.. ഇതാ ഇപ്പോള്‍, നീ പറക്കുക, ഇവളേയും കൊണ്ട്‌.. നിന്റെ ജീവനെയും കൊണ്ട്‌.. നിങ്ങള്‍ക്ക്‌ മാത്രമായി ഞാന്‍ ഒരുക്കിയ നിങ്ങളുടെ ലോകത്തിലേക്ക്‌" -വീണ്ടും ദൈവത്തിന്റെ ആ ശബ്ദം, എന്നെ ഓര്‍മ്മകളുടെ ലോകത്തില്‍ നിന്നും തിരിച്ചു വിളിച്ചിരിക്കുന്നു.. ഇപ്പോള്‍ ആ പാറക്കെട്ടുകള്‍ക്കടുത്ത്‌ ഞാന്‍ നില്‍ക്കുമ്പോള്‍ ഇതൊരു സ്വപ്‌നമല്ല എന്നു ഞാന്‍ എന്റെ മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു.. എന്റെ കരങ്ങള്‍ ഇപ്പോള്‍ മൂടപ്പെട്ടിരിക്കുന്നു.. ആ വലയത്തിനുള്ളില്‍ എന്റെ ഹൃദയത്തോട്‌ ചേര്‍ന്ന് അവള്‍.. എന്റെ ജീവന്‍, എന്റെ സ്വന്തം കുട്ടു... അവിടെനിന്നും ഞാന്‍ പറക്കുക തന്നെ ആയിരുന്നു.. അവളെയും ഹൃദയത്തോട്‌ ചേര്‍ത്തു പിടിച്ച്‌.. മനസ്സില്‍ ഒരു പാടു സ്വപ്നങ്ങളും-ഇങ്ങനെ ഒരു ജീവിതം തന്ന ദൈവത്തോടുള്ള തീരാത്ത കടപ്പാടുമായി... ലോകത്തിന്റെ എതോ ഒരു കോണിലേക്ക്‌.. ഞങ്ങളുടെ സ്വപ്‌നങ്ങളുടെ സാക്ഷാല്‍കാരത്തിനായി... ആ യാത്രക്കിടയില്‍ ഒരിക്കല്‍ കൂടെ ഞാന്‍ നന്ദിയോടെ തിരിഞ്ഞു നോക്കി ദൈവം തന്ന ആ ചിറകുകളിലേക്ക്‌, അതിലേക്ക്‌ ശ്രദ്ധിക്കുംതോറും അതില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ വരുന്ന പോലെ, അതെന്റെ തോന്നലായിരുന്നോ?? അല്ല, സത്യത്തില്‍ എന്റെ കണ്മുന്നില്‍ ആ ചിറകിനു മാറ്റങ്ങള്‍ സംഭവിക്കുകയാണ്‌.. അതിന്റെ തൂവലുകള്‍ക്കു പകരം ലോഹപാളികള്‍, തൂവെള്ള നിറത്തിനു പകരം ഒരു തവിട്ടു രാശി അതില്‍ പടരുന്നോ-ചിറകുകള്‍ക്കടിയിലായി ഭീമാകാരമായ രണ്ടു ഫാനുകള്‍ പോലെ എന്തോ യന്ത്ര സാമഗ്രികള്‍-അപ്പോഴാണ്‌ ആ തവിട്ടു നിറത്തിനു മുകളില്‍ എഴുതിയ അക്ഷരങ്ങള്‍ എന്റെ കണ്ണില്‍ പെട്ടത്‌. QA125 ഖത്തര്‍ എയര്‍ വ്വയ്സ്‌.


നല്ല ഒരു സ്വപ്‌നം നഷ്ടപെടുത്തിയ കാബിന്‍ ക്രൂവിന്റെ ശബ്ദത്തെ ഉള്ളില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ കണ്ണുകള്‍ തിരുമ്മി നിവര്‍ന്നിരിക്കാന്‍ ശ്രമിക്കുമ്പോഴും, അവള്‍ എന്റെ ചുമലില്‍ തലയും ചായ്ച്‌ നല്ല ഉറക്കത്തിലായിരുന്നു.. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും-അവളുടെ മുഖം എനിക്ക്‌ ഒരു കൊച്ചുകുഞ്ഞിന്റേതു പോലെ തോന്നിച്ചു.. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ മുന്നില്‍ വന്ന് കൊഞ്ചിക്കൊണ്ട്‌ നാണത്തോടെ പേരു പറഞ്ഞു തന്ന ആ പാവാടക്കാരി പെണ്‍കുട്ടി... അന്നവള്‍ ഒടുവില്‍ പറഞ്ഞ ആ വാചകം ഞാന്‍ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു: "ഇവരെല്ലാരും എന്നെ മങ്ങിണീന്നാ വിളിക്ക്യാ, പച്ചെ ഇക്കു എന്നെ കുട്ടൂന്ന് വിളിച്ചാമതീട്ടോ,"... അന്ന് കണ്ട പാവാടക്കാരി കുട്ടിയല്ല ഇന്നവള്‍, എന്റെ ഭാര്യയാണ്‌, 3 കുട്ടികളുടെ അമ്മയാണ്‌... ഫ്ലൈറ്റിന്റെ സെന്റര്‍ സീറ്റില്‍ മക്കള്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു... വാച്ചില്‍ നോക്കിയപ്പോള്‍ സമയം 3.10, ഇനിയും 2 മണിക്കൂറുകള്‍ കൂടി വേണം ഫ്ലൈറ്റ്‌ കൊച്ചിയില്‍ എത്താന്‍...


കുട്ടുവിന്റെ മുഖത്തേക്ക്‌ പാറി കിടന്ന മുടിയിഴകളെ കൈകൊണ്ട്‌ മാടിയൊതുക്കി, അവളുടെ തോളിലൂടെ ഇട്ടിരുന്ന എന്റെ വലതു കൈകൊണ്ട്‌ അവളെ കൂടുതല്‍ എന്നിലേക്ക്‌ ചേര്‍ത്തു പിടിക്കുമ്പോള്‍, അടുത്ത ജന്മത്തിലേക്കായി ഞങ്ങള്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക്‌, ഈ ജന്മത്തിലേ സാക്ഷാത്ക്കാരം തന്ന ദൈവത്തോടുള്ള കടപ്പാടും, ഇനിയുള്ള ജന്മങ്ങളിലൊക്കെയും ഞങ്ങളെ ഇങ്ങനെ ഒന്നായി ജീവിക്കാന്‍ അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയും മാത്രമായിരുന്നു മനസ്സില്‍.. എന്റെ കുട്ടുവിന്റെ തലയില്‍ തലയും ചാരി വീണ്ടും ഞാന്‍ എന്റെ കണ്ണുകള്‍ പതുക്കെ അടച്ചു.. ഉറക്കത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്‌ എന്നപോലെ.. പുതിയ ഒരു സ്വപ്‌നത്തിന്റെ ലോകത്തിലേക്ക്‌ ഞാന്‍ വീണ്ടും ആഴ്‌ന്ന് ആഴ്‌ന്ന് പോകുകയാണ്‌... ഇപ്പോഴും ചേര്‍ത്തു പിടിച്ച കൈകള്‍ക്കുള്ളില്‍ അവളുണ്ട്‌, എന്റെ നെഞ്ചോടു ചേര്‍ന്ന്.. അവള്‍, എന്റെ ജീവന്‍, എന്റെ സ്വന്തം കുട്ടു...

ഭിക്ഷാംദേഹി

ഭിക്ഷാംദേഹി
--ഗിരിജാമേനോന്‍
‍തെരുവിന്റെ ഓരം ചേര്‍ന്ന് നടന്നു വരുന്ന
ഒരു ഭിക്ഷാംദേഹിയുടെ കയ്യില്‍
വക്കൊടിഞ്ഞ ഒരു പിത്തള പാത്രമുണ്ടായിരുന്നു..
അതില്‍ വീണുകിടന്ന ഒന്നു രണ്ടു-
നാണയത്തുട്ടുകളെ കാണിച്ച്‌-
അയാള്‍ ഭിക്ഷ തുടര്‍ന്നുകൊണ്ടേയിരുന്നു!
നേര്‍ത്തുവരുന്ന അയാളുടെ മുറവിളികളും,
മൌനങ്ങളും-
കാലത്തിന്റെ തിരക്കില്‍ പാറി നടന്നു!
നീണ്ട യാത്രക്കിടയില്‍,കാലത്തെപ്പറ്റിയുള്ള
കണക്കുകൂട്ടലുകള്‍ അയാള്‍ നിറുത്തിയിരിക്കുന്നു..
പക്ഷേ-
അയാള്‍ തിരിഞ്ഞു നടക്കുമ്പോള്‍
അയാള്‍ക്കൊരു സ്‌ത്രീയുടെ നിഴലായിരുന്നു!!

Do You Hear Me

Do You Hear Me
--Dileef Ali, Doha

My adorable love
Whither is gone thy angelic wings,
Thy shining eyes , bright as the Northstar

Over the green hills and across the blue seas
Awaiting thy presence , behold a broken heart !

All my dreams and memories,
Crowded with thy thoughts,
But my lonely hungry soul,
Crying for thy love

Caught in the dragon waves,
Can thee hear my broken wails?
Keep thine divine wings spread my way
Help my withered dreams bloom again

Here I sit, chanting thy name,
Be my star , and brighten my way

My adorable love
My angel above!