Sunday, February 05, 2006

ആമുഖം

നന്ദിപൂര്‍വ്വം.......

പ്രശാന്തസുന്ദരമായ കടല്‍തീരം..

ഒഴുകിവരുന്ന തിരമാലകളില്‍ കൌതുകത്തോടെ കണ്ണും നട്ടിരിക്കയാണ്‌ ആ കുഞ്ഞ്‌. അവന്‍ മെല്ലെ എഴുന്നേറ്റു. മനസ്സില്‍ ചേക്കേറിയ കൌതുകവും ആഹ്ലാദവും പേറി അവന്‍ തീരത്തുനിന്നും ചിപ്പികള്‍ ഒന്നൊന്നായി പെറുക്കിയെടുത്തു. ആരൊക്കെയൊ അവനെ കടന്നു പോയി അവന്‍ ഒന്നും അറിയുന്നില്ല. തീരത്തെ മണലില്‍ അവന്റെ കുഞ്ഞുകൈകള്‍ ഒരു മണ്‍കുടില്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണ്‌. ചിപ്പികള്‍ ഒന്നൊന്നായി അവന്‍ ആ മണ്‍കുടിലില്‍ അടുക്കി വെച്ചു. ഒരു നിമിഷം അവന്‍ കണ്ടു, അവനുചുറ്റും സ്‌നേഹഹൃദയങ്ങളുടെ ഒരു വലയം. മന്ദഹാസം വിരിയുന്ന മുഖങ്ങള്‍. അവന്റെ ഹൃദയം കൂടുതല്‍ ഉന്മേഷഭരിതമായി. അവന്‍ വീണ്ടും എഴുന്നേറ്റു, ചിപ്പികള്‍ പെറുക്കാനായി... കൂടെ സ്‌നേഹാശീര്‍വാദങ്ങളോടെ ഒരു പാട്‌ കൈകളും.... അവര്‍ ഒന്നിച്ചു പ്രയാണം തുടങ്ങി... ഒരു സ്വപ്നസൌധത്തിലേക്ക്‌.....

മണ്‍കൂരയില്‍ നിന്നും ഒരു സ്വപ്നസൌധത്തിലേക്കുള്ള ഈ പ്രയാണത്തില്‍ കടന്നു വന്ന ക്രിയാത്‌മക വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും കൂടുതല്‍ ആത്‌മവിശ്വാസം പകരുന്നവയായിരുന്നു.

ഈ യാത്രയിലുടനീളം ഒരോ കാല്‍ വെപ്പും ദൃഡമായി തന്നെ വെക്കാന്‍ ശക്തി പകരുന്ന സ്‌നേഹക്കൂട്ടായ്മ...

ഇങ്ങിനെ...

ഒരുപാട്‌ സൌഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്‌ ഞങ്ങള്‍ ...

അനുഗ്രഹങ്ങളുടെയും , വിമര്‍ശനങ്ങളുടെയും പുഴ ഇനിയും ഞങ്ങള്‍ക്കായ്‌ ഒഴുക്കുക...

ആ ഒഴുക്ക്‌ ഞങ്ങളെ ലക്ഷ്യം കാണിക്കട്ടെ....

സ്‌നേഹാദരങ്ങളോടെ...

പ്രണയനിലാവ്‌

പ്രണയനിലാവ്‌

ഗിരിജാ മേനോന്‍.


ഡിസമ്പറിലെ ഒരു തണുത്ത രാത്രി. ജാലകത്തിനപ്പുറത്തു നിന്നും ഒഴുകിയെത്തുന്ന നിലാവില്‍, അവന്റെ ഇരുണ്ട മിഴികള്‍ നോക്കിയിരിക്കേ അവളെഴുതി--

"നിനക്കറിയോ, ഇതു നിലാവുള്ള രാത്രി...!പാതിരാവായിട്ടും എനിക്കീ ജാലകങ്ങള്‍ അടയ്ക്കാനാവുന്നില്ല.ഈ തണുപ്പും ,നിലാവും, നിന്റെ കണ്ണുകളും എന്നെ നിന്നിലേക്കെത്തിക്കുന്നു..."

കാശ്മീര്‍ താഴ്‌വരകളുടെ ഏതോ ഗവണ്‍മന്റ്‌ ഗസ്റ്റ്‌ ഹൌസിലെ മുറിയിലിരുന്ന്‌ അവന്‍ തിരിച്ചെഴുതി

"ഇവിടെ, മഞ്ഞ്പെയ്യുന്നതിന്റെ കൊടുംതണുപ്പ്‌,അതിന്റെ അസഹനീയത, അതിനിടയിലും ഈ നിമിഷങ്ങളില്‍ ഞാന്‍ നിന്റെ സൌരഭ്യം അറിയുന്നു...നിന്നെ, നിന്റെ ശബ്ദത്തെ.. നമ്മുടെ പ്രണയത്തെ...ആ തിരിച്ചറിവ്‌ എന്നെ വീണ്ടും ഞാനാക്കുന്നു..പണ്ടത്തെ എന്നെ ഇന്നും പ്രതീക്ഷിക്കരുത്‌.ജീവിതവും അതിന്റെ വര്‍ണങ്ങളും എന്നെ ഭ്രാന്തനാക്കിയിരിക്കുന്നു..."

കമ്പ്യുട്ടറിന്റെ മോണിറ്ററില്‍ തെളിഞ്ഞ വാക്കുകള്‍ അവളുടെ നെഞ്ചിലേക്ക്‌ ഒരു മഞ്ഞുമഴപോലെ പെയ്തിറങ്ങി... സ്ക്രീനിലെ അവന്റെ മുഖത്തേക്കുറ്റുനോക്കി അവള്‍ വീണ്ടുമെഴുതി...

"ഇതു നമ്മുടെ പ്രണയനിലാവ്‌...ഒരിക്കല്‍ നമ്മള്‍ വാഗ്ദാനം ചെയ്ത നിമിഷങ്ങള്‍...എത്ര ദൂരത്തായാലും മനസിന്റെ ഭിത്തിയ്‌ക്കുമപ്പുറം ഒരു സ്‌നേഹത്തുരുത്തില്‍ നമ്മള്‍ ഈ രാത്രിയില്‍ പരസ്പരം ചേര്‍ന്നിരിക്കുന്നു...ഇപ്പോഴത്തെ നിന്നെ എനിക്കറിയില്ല,നിന്റെ രൂപമോ, നിന്റെ മനസിലെ മായക്കാഴ്ചകളോ ഒന്നും തന്നെ എനിക്കറിയില്ല...!!ഒരു പക്ഷെ നീയെന്നെ അത്രയ്ക്കഗാധമായി സ്‌നേഹിച്ചിരുന്നോ എന്നു പോലും...കാരണം അത്രയേറെ നെഞ്ചോടു ചേര്‍ത്തിരുന്നെങ്കില്‍ നിനക്കെന്നെ വലിച്ചെറിയാന്‍ കഴിയുമായിരുന്നോ..?"

മടിയിലിരുന്ന ലാപ്‌ടോപ്പിലെ കണ്ണീരില്‍ നനഞ്ഞ വാക്കുകള്‍, കുറ്റബോധത്തിന്റെ ഘനീഭവിച്ചമനസുമായി അവന്‍ വീണ്ടും വീണ്ടും വായിച്ചു...

"എനിക്കിപ്പോള്‍ തന്നെ നിന്നെ കാണണം വെബ്‌ക്യാമറ ഓണ്‍ ചെയ്യ്‌..." അവന്‍ കെഞ്ചി.

സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങള്‍ അവളെ ഭ്രമിപ്പിച്ചില്ല ...ഉള്‍ക്കണ്ണിന്റെ കരുത്ത്‌ അതിനെക്കാളേറെ തീക്ഷ്ണമായത്‌...

എങ്കിലും..

"ഉള്ളിലെ പ്രണയം തുളുമ്പിനില്‍ക്കുന്ന നിമിഷങ്ങള്‍ , മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം-ഇതാ ഈ രാത്രിയില്‍ നിന്നെ എനിക്കു തിരിച്ച്‌ കിട്ടിയിരിക്കുന്നു...ഈ രാത്രിയും നിലാവും അവസാനിക്കാതിരിക്കട്ടെ..!!ഒരു പക്ഷെ നാളത്തെ പ്രഭാതം വീണ്ടും നിന്നെ നീയല്ലാതാക്കിയേക്കാം അതുപോലൊരു പകലിലായിരുന്നു എനിക്ക്‌ നിന്നെ നഷ്ടപ്പെട്ടത്‌...

എങ്കിലും, ഇപ്പോള്‍ എന്റെയീ മുഖം കാണരുത്‌. ഇത്രയും നേരം കരഞ്ഞുതളര്‍ന്നഈ കണ്ണുകളും നീ കാണരുത്‌. ഇതാണെന്റെ പ്രണയം ..!!!അത്രയ്ക്കുപോലും എനിക്കു നിന്നെ വേദനിപ്പിക്കാനാവില്ല ..."

നിസ്സഹായതയുടെ മറവുപറ്റി അവളെഴുതി...

"പ്രണയം വേദനിപ്പിക്കലല്ല...ഈ നിലാവുപോലെ പവിത്രമാണത്‌...!!"

ജാലകത്തിനരികിലേക്ക്‌ മുഖം തിരിക്കവേ മഞ്ഞിലലിഞ്ഞ നനുത്തകാറ്റിന്റെ തഴുകല്‍ -നെറ്റിയിലൂടെ ഊര്‍ന്ന്‌ കണ്ണുകളെ തലോടുന്നു...

അവന്റെ സാന്ത്വനം പോലെ....

ഒരു ദേശാടനപക്ഷിയുടെ..

"ഒരു ദേശാടനപക്ഷിയുടെ തേങ്ങല്‍"

--ആരിഫ്‌ ബ്രഹ്മകുളം


സ്ഥലം മാറ്റ ഉത്തരവുമായി സമുദ്രതീരത്തെ ക്ഷേത്രനഗരിയിലേക്കുള്ള ബസ്‌ യാത്രയില്‍ അമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു... " ഇനിയെങ്കിലും ഈ കഥയും കവിതയും എല്ലാം ഒന്ന്‌ ഒതുക്കി വെച്ച്‌ ഒരു കല്യാണം കഴിക്കണം. എനിക്കു വയ്യാണ്ടായിരിക്കണു" ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും സാഹിത്യവും മനസ്സിലേറ്റിയുള്ള എന്റെ ഊരുചുറ്റല്‍ അമ്മയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.എന്തായാലും എത്രയും പെട്ടെന്ന്‌ അമ്മയെ ഇങ്ങോട്ടു കൊണ്ടുവരണം അമ്മയുടെ ഇഷ്ടദേവന്റെ സാന്നിധ്യമുള്ള ഈ നഗരത്തിലേക്കുള്ള പറിച്ചു നടല്‍ ഇത്തവണ അമ്മയ്ക്കും സ്വീകാര്യമായിരിക്കും.കിഴക്കേനടയില്‍ ബസ്സിറങ്ങി മുന്‍പേ പറഞ്ഞുവെച്ചിരുന്ന താമസസ്ഥലത്തേക്കു നടക്കുമ്പോള്‍ ആ വലിയ ബോര്‍ഡ്‌ ശ്രദ്ധിച്ചിരുന്നു. "പബ്ലിക്‌ ലൈബ്രറി".. ചുറ്റും ചെറിയൊരു ഉദ്യാനം... അങ്ങിങ്ങായി സിമന്റ്‌ ബെഞ്ചുകള്‍.. ശബരിമല സീസണ്‍ ആയതുകൊണ്ടാകാം തീര്‍ത്ഥാടകരുടെ തിരക്ക്‌ കൂടുതലാണ്‌. ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചു.ഒരു പഴയ ഇല്ലം വക ആ കെട്ടിടത്തിന്റെ ഗേറ്റ്‌ കടന്നു ചെല്ലുമ്പോള്‍,എനിക്കായി എന്റെ കൂട്ടുകാരന്‍ കണ്ടെത്തിയ കുശിനിക്കാരന്‍ താക്കോലുമായി, എന്റെ വരവ്‌ പ്രതീക്ഷിച്ചെന്നപോലെ കാത്തു നിന്നിരുന്നു.വരാന്തയില്‍ ചാരിവെച്ചിരുന്ന ബോര്‍ഡിലേക്കുള്ള എന്റെ സംശയകരമായ നോട്ടം മനസ്സിലാക്കി "ചാമി" പറഞ്ഞു."ഇവിടെ ഇതിനു മുന്‍പ്‌ ഒരു നൃത്തവിദ്യാലയമായിരുന്നു അണ്ണാ". " ചാമി, എന്റെ കുശിനിക്കാരന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തമിഴ്‌ നാട്ടില്‍ നിന്നും ഈ ക്ഷേത്ര നഗരിയില്‍ എത്തിപ്പെട്ടതാണ്‌.വാതില്‍ തുറന്നു അകത്തു കടക്കുമ്പോള്‍ അകത്തളങ്ങളില്‍ എവിടെയോ ഒരു ചിലങ്കയുടെ നാദം അകന്നകന്ന് പോകുന്നതു പോലെ തോന്നി. ഇന്നു തന്നെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നതിനാല്‍ ചാമിക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാം നല്‍കി പെട്ടെന്നു ഇറങ്ങി. ഇന്നെന്തായാലും ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്നാകാം.

ആദ്യദിവസം ആയതിനാല്‍ ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. ചില പരിചയപ്പെടലുകള്‍. അത്യാവശ്യം ചില ഫയലുകള്‍ ഒന്നു മറിച്ചുനോക്കി. ബോറടിച്ചപ്പോള്‍ എല്ലാം അടച്ചുവെച്ചു.വൈപരീതമായി തോന്നാം. പക്ഷേ സര്‍ക്കാറിന്റെ ഈ ചുവപ്പുനാട ഫയലുകള്‍ എന്നും ബോറടിപ്പിച്ചിട്ടേയുള്ളു. എല്ലാം പ്രഹസനങ്ങള്‍ കുത്തി നിറച്ച വെറും കടലാസുകഷണങ്ങള്‍ മാത്രമോ..

ഓഫീസില്‍ നിന്നും അല്‍പം നേരത്തെയിറങ്ങി. കോഫിഹൌസില്‍നിന്നും ഒരു ചായയും കുടിച്ച്‌ നേരെ കിഴക്കേ നടയിലേക്കു നടന്നു. അയ്യപ്പഭക്തരുടെ ശരണം വിളിയും വഴിയോരക്കച്ചവടക്കാരുടെ ശബ്ദകോലാഹലങ്ങളും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. അവിടവിടെ തീര്‍ത്ഥാടകര്‍ കച്ചവടക്കാരെ വട്ടംകൂടി നിന്ന്‌ വിലപേശുകയാണ്‌. തമിഴ്‌ നാട്ടില്‍നിന്നും ആന്ധ്രയില്‍ നിന്നും ഉള്ളവരാണ്‌ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും.കറുത്ത നീളമുള്ള കുടകളൂം വലിയ ടോര്‍ച്ചുകളൂം അവര്‍ ഇങ്ങനെ വാങ്ങിച്ചുകൂട്ടുന്നത്‌ എന്തിനാണ്‌!! തീര്‍ത്ഥാടനമെന്നതിലുപരി ഒരു ഉല്ലാസയാത്രയുടെ ആഹ്ലാദമാണ്‌ ആ മുഖങ്ങളില്‍. നടയിലേക്കു അടുക്കുന്തോറും ഭക്തിയുടെ നിശ്ശബ്ദ ശാന്തത കൈവന്നിരിക്കുന്നു. ആ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ ശുദ്ധസംഗീതത്തിന്റെ അലയൊലികള്‍. ക്ഷേത്രം വക ഓഡിട്ടോറിയത്തില്‍ സംഗീതസദസ്സ്‌ നടക്കുകയാണ്‌.മനസ്സില്‍ താളം പിടിച്ച്‌ ക്ഷേത്രക്കുളത്തിന്റെ ഓരം ചാരി ഞാന്‍ പടിഞ്ഞാറെ നടയിലേക്കു നടന്നു.അവിടെയും തിരക്ക്‌ ഒട്ടും കുറവല്ല.വീഥിക്ക്‌ ഇരുവശവും കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ ചെറിയ ഷോപ്പുകള്‍.പൂക്കടകള്‍,റസ്റ്ററെന്റുകള്‍,ഫേബ്രിക്സ്‌ ഷോപ്പുകള്‍... കാസ്സറ്റ്‌ കടയില്‍ നിന്നും കൃഷ്ണഭക്തിഗാനം ഉയര്‍ന്നുകേള്‍ക്കുന്നു.ഇരുമ്പുപോസ്റ്റുകൊണ്ടു വേര്‍തിരിച്ച മെയിന്‍ റോഡിലേക്കു കടക്കുന്ന വഴിയിലെ ആ ബുക്സ്റ്റാളിലേക്ക്‌ ഞാന്‍ കയറി.എല്ലാ തരം പുസ്തകങ്ങളും ചിട്ടയായി അടുക്കി വെച്ചിരിക്കുന്നു.എല്ലാം ഒന്നു ഓടിച്ചുനോക്കി ഒരു സായാഹ്നപത്രവും വാങ്ങി അവിടെനിന്നും ഇറങ്ങി. നേരേ കടല്‍തീരത്തേക്ക്‌ നടന്നു.

തീരത്തെ പുല്‍കാന്‍ പാഞ്ഞടുക്കുന്ന തിരകളും കഥപറയുന്ന മണല്‍തരികളും തീരത്തെ ഇളം കാറ്റും എന്നും എന്നെ ആകര്‍ഷിച്ചിരുന്നു.കടല്‍തീരത്തും സാമാന്യം നല്ല തിരക്കാണ്‌.ഉല്ലാസയാത്രക്ക്‌ വന്നവരും തീര്‍ത്ഥാടകരും ചെറുകച്ചവടക്കാരും എല്ലാം...പൂഴിയില്‍ അമരുന്ന പാദങ്ങളെ വലിച്ചെടുത്ത്‌ ഞാന്‍ മെല്ലെ നടന്നു.ബഹളങ്ങളില്‍ നിന്നും അകന്ന്‌ സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്നു പത്രം വായിക്കണം. തീരത്തോട്‌ ചേര്‍ന്നു വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പലവര്‍ണങ്ങളിലുള്ള ഒരു പാടു ബലൂണുകള്‍ എന്റെ ദൃഷ്ടിയില്‍ പെട്ടു.അവ മെല്ലെ മെല്ലെ അടുത്തേക്കു വരികയാണ്‌.കൈകൊണ്ടു ചലിപ്പിക്കുന്ന ഒരു മുച്ചക്രവാഹനത്തില്‍ കോര്‍ത്തുവെച്ച പല വര്‍ണങ്ങളിലുള്ള കുറേ ബലൂണുകള്‍. അതൊരു ബലൂണ്‍ വില്‍പനക്കാരനാണ്‌.വികലാംഗനായ ബലൂണ്‍ വില്‍പനക്കാരന്‍.വണ്ടി എന്റെ അടുക്കല്‍ എത്തിയിരുന്നു."സാറെ ബലൂണ്‍ വേണോ? " ചിരപരിചിതനെപ്പോലെ അയാള്‍ ഒന്നു ചിരിച്ചു. ഞാന്‍ ഒന്നു സൂക്ഷിച്ചു നോക്കി. ഷേവ്‌ ചെയ്യാത്ത മുഖം,പക്ഷേ തിളക്കമുള്ള കണ്ണുകള്‍.എന്റെ താല്‍പര്യം മനസ്സിലാക്കി അയാള്‍ സ്വയം പരിചയപ്പെടുത്തി."സാര്‍ ഞാന്‍ കാദര്‍.." പുഞ്ചിരിച്ചുകൊണ്ടു ഞാനും സ്വയം പരിചയപ്പെടുത്തി. നഷ്ടപ്പെട്ട വലതുകാലിന്റെ നഗ്നമായ അഗ്രം തുണികൊണ്ടു മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അയാള്‍. അപ്പോഴാണ്‌ വണ്ടിയില്‍ ചാരിനില്‍കുന്ന രണ്ടു കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചത്‌.ഒരു കൈകൊണ്ടു കീറനിക്കര്‍ മുറുകെപ്പിടിച്ച്‌ രണ്ടുപേരും എന്നെ തന്നെ നോക്കുകയായിരുന്നു. "എന്റെ മക്കളാണ്‌" കാദര്‍ പറഞ്ഞു.കാദര്‍ പിന്നേയും എന്തൊക്കെയോ പറഞ്ഞു.... ഏതോ മുജ്ജന്മ ബന്ധം പോലെ ഞങ്ങള്‍ പെട്ടെന്ന്‌ അടുത്തു. ഞാന്‍ രണ്ടു വര്‍ണബലൂണുകള്‍ വാങ്ങി കാദറിന്റെ മക്കളുടെ കയ്യില്‍ വെച്ചുകൊടുത്തു.ഇതിനു മുന്‍പ്‌ ആരും അവര്‍ക്ക്‌ ബലൂണുകള്‍ സമ്മാനിച്ചിട്ടില്ലെന്നു തോന്നുന്നു. അവരുടെ മുഖം തിളങ്ങിയിരിക്കുന്നു. ബാപ്പ വില്‍ക്കുന്ന ബലൂണുകള്‍ ഒരിക്കലും ആ കുരുന്നുകള്‍ക്ക്‌ അവകാശപ്പെട്ടതായിരുന്നില്ലേ?കാദറിനോട്‌ യാത്ര പറയുമ്പോള്‍, അല്‍പനേരം ഇരുന്ന്‌ പത്രത്തോട്‌ സല്ലപിക്കാനുള്ള ഒരു തണല്‍ തേടുകയായിരുന്നു എന്റെ കണ്ണുകള്‍. അസ്തമയത്തിനു ശേഷമാകാം മടക്കയാത്ര.


ദിവസങ്ങള്‍ കടന്നു പോയി. എന്റെ സായന്തനങ്ങളില്‍ പബ്ലിക്‌ ലൈബ്രറിയും കടല്‍തീരവും പിന്നെ കാദറും നിറഞ്ഞു നിന്നു. ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകവുമെടുത്ത്‌ നേരെ കടല്‍തീരത്തേക്ക്‌, അല്‍പം വായനയും, പിന്നെ അസ്തമയവും ദര്‍ശിച്ച്‌ പടിഞ്ഞാറെ നടയില്‍ കയറി തൊഴുത്‌ ഒരു മടക്കയാത്ര.ഇതിനിടയില്‍ കാദറുമായി എന്തെന്നില്ലാത്ത ഒരു ആത്മബന്ധം സ്ഥാപിച്ചു കഴിഞ്ഞിരിന്നു. ചാമിയില്‍ നിന്നാണ്‌ കാദറിനെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞത്‌. പുരോഗമനചിന്താഗതികളുമായി ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട്‌ കടല്‍തീരത്തെ കുടിലില്‍ വളര്‍ന്ന ഒരു യൌവനം.പിന്നെ അശാന്തിയുടെ വിത്തുകളുമായി ആ തീരത്ത്‌ ആഞ്ഞടിച്ച വര്‍ഗ്ഗീയ കലാപത്തില്‍ കാദറിനു നഷ്ടമായത്‌ ഒരു കാലും സ്വന്തം ഭാര്യയും. ഭക്തിയും ശാന്തിയും വഴിഞ്ഞൊഴുകുന്ന ആ തീരത്തിന്റെ മറ്റൊരു രൌദ്രഭാവത്തിന്റെ ബാക്കിപത്രം. ആ തീരത്തെ എന്റെ എല്ലാ സായഹ്നങ്ങളിലും ഞാന്‍ ആദ്യം തേടുന്നത്‌ വികലംഗര്‍ക്കുള്ള സര്‍ക്കാര്‍ സൌജന്യമായ ആ മുച്ചക്രവണ്ടിയും, പിറകെ ഒരു സാക്ഷരത കണക്കിലും ഉള്‍പ്പെടാത്ത, വിദ്യാലയം കണ്ടിട്ടില്ലാത്ത ആ കുട്ടികളേയുമാണ്‌.കുട്ടികളെ സ്കൂളിലയക്കുന്ന കാര്യം ഒരിക്കല്‍ ഞാന്‍ കാദറുമായി സംസാരിച്ചിരുന്നു. അര്‍ത്ഥമില്ല്ലാത്ത ഒരു പുഞ്ചിരിയായിരുന്നു മറുപടി. അതോ ആ പുഞ്ചിരിക്കു മറ്റു പല അര്‍ത്ഥതലങ്ങളുമുണ്ടായിരുന്നോ?... ഈ ക്ഷേത്ര നഗരിയുടെ ചരിത്രവും ഐതിഹ്യവും പിന്നെ പുരോഗതിയുടെ പാതയില്‍ സംഭവിച്ച ഓരോ സൂക്ഷമവ്യതിയാനങ്ങളും കാദറിന്റെ വാക്കുകളിലൂടെ എനിക്കു ഹൃദ്യസ്ത്ഥമായിരുന്നു.. ഓരോ ദിവസവും കാദറിനു പറയാന്‍ ഓരോ കഥകളുണ്ടാകും. ചിരിച്ചുകൊണ്ടു പറഞ്ഞു തീര്‍ക്കുന്ന നൊമ്പരങ്ങളുടെ കഥ. മൂകസാക്ഷിയായി തീരവും തിരകളും അത്‌ ശരിവെക്കും. സീസണായാലും അല്ലെങ്കിലും കാദറിനു തിരക്കാണ്‌. കാദറിന്റെ പല വര്‍ണങ്ങളിലുള്ള ബലൂണുകള്‍ക്ക്‌ ആവശ്യക്കാര്‍ ധാരാളമാണ്‌. യുവാക്കളും മധ്യവയസ്ക്കരും കുട്ടികളും വിദ്യാര്‍ത്ഥികളും എല്ലാം എല്ലാം... വീട്ടില്‍, എന്റെ മുറി നിറയെ ഇപ്പോള്‍ പല വര്‍ണങ്ങളിലുള്ള ബലൂണുകളാണ്‌. എല്ലാ ദിവസവും കാദറില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങാന്‍ ഞാന്‍ മറക്കാറില്ല.

അന്നും പതിവുപോലെ തീരത്തെ എന്റെ പതിവു സങ്കേതത്തില്‍ ഒരു പുതിയ പുസ്തകത്തിന്റെ താളുകളിലൂടെ സഞ്ചരിക്കയായിരുന്നു ഞാന്‍. പെട്ടെന്ന് അല്‍പം അകലെനിന്ന് ഒരു കോലാഹലം. കാദറിന്റെ വണ്ടിക്കു ചുറ്റും കുറേ പേര്‍ കൂടി നില്‍ക്കുന്നു. കറുത്തിരുണ്ട്‌ മുടി നീട്ടിവളര്‍ത്തിയ ഒരാള്‍ ഉച്ചത്തില്‍ എന്തൊക്കെയോ പറയുന്നു. അയാള്‍ കാദറിനു നേരെ തീക്ഷ്ണമായി കയര്‍ക്കുകയാണ്‌. ആരൊക്കെയോ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്‌.കുട്ടികള്‍ വാവിട്ടു കരയുന്നു. കെട്ടുപൊട്ടിയ ബലൂണുകള്‍ സ്വതന്ത്രമായി അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്നു. ഞാന്‍ എഴുന്നേറ്റ്‌ വേഗത്തില്‍ അങ്ങോട്ടു നടന്നു.അകലെ നിന്നു തന്നെ എന്നെ കണ്ടതും കാദര്‍ വേഗത്തില്‍ വണ്ടിയുമെടുത്ത്‌ പോകാന്‍ തുടങ്ങി. എന്റെ വിളികള്‍ക്ക്‌ കാതോര്‍ക്കാതെ കാദറിന്റെ വണ്ടി വേഗത്തില്‍ മുക്കുവക്കുടിലുകള്‍ക്കുള്ളില്‍ മറഞ്ഞു. എനിക്കു വല്ലാത്ത ജാള്യം തോന്നി. ആളുകള്‍ എന്തൊക്കെയോ പറയുന്നു. എന്റെ മനസ്സൂ സംഘര്‍ഷഭരിതമായി. ഞാന്‍ തിരിച്ചു നടന്നു.


നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. നേരെ പോയത്‌ ലൈബ്രറിയിലേക്കാണ്‌.മനസ്സ്‌ വളരെ അസ്വസ്ഥമാണ്‌.മനസ്സില്‍ നിന്നും ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നു. ലൈബ്രറിയുടെ ജനലിനരികെയുള്ള എന്റെ സ്ഥിരം സീറ്റിലേക്ക്‌ നീങ്ങി.കുറച്ചുസമയം ഇവിടെയിരിക്കാം.. ജനലിന്റെ കൊളുത്തുവിടുവിച്ച്‌ കൈകൊണ്ടു മെല്ലെ തള്ളിതുറക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ജനലിനപ്പുറത്തുനിന്നും രണ്ടു രൂപങ്ങള്‍ ഇരുട്ടിന്റെ മറവില്‍ തെന്നിമാറി. "ബൃഹന്നള"യുടെ രൂപഭാവമുള്ള ഒരാള്‍. ബൃഹന്നളയ്ക്ക്‌ അജ്ഞാതവാസത്തിന്റെ കര്‍മ്മധര്‍മങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. പക്ഷേ ഈ രൂപം ഒരു പ്രകൃതിവിരുദ്ധഭാവമാണ്‌ എന്നില്‍ ഉളവാക്കിയത്‌. അതുകൊണ്ടുതന്നെ അവിടെ അധികം സമയം ഇരിക്കാന്‍ തോന്നിയില്ല.ഇറങ്ങി നടന്നു. ലൈബ്രറിയ്ക്കു പുറകിലെ റയില്‍`വേ സ്റ്റേഷനിലേക്കുള്ള റോഡിലൂടെ നടന്നു. ഈ റോഡ്‌ ചെന്നവസാനിക്കുന്നിടത്താണ്‌ പുതുതായി ക്ഷേത്ര നഗരിക്കു ലഭിച്ച റയില്‍`വേസ്റ്റേഷന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു പാട്‌ ശവങ്ങളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു ഈ റയില്‍പാതക്ക്‌. തലസ്ഥാനനഗരിയില്‍ നിന്നുള്ള ട്രെയിന്‍ എത്തിയിരിക്കുന്നു.യാത്രക്കാരെ നിറച്ച റിക്ഷകളും കാല്‍നടക്കാരും കൂട്ടം കൂട്ടമായി വരുന്നു. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും ദീര്‍ഘയാത്ര കഴിഞ്ഞു വരുന്നവരും എല്ലാം ഒഴുകി നീങ്ങുന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ, ദമ്പതികള്‍ എന്നു തോന്നിക്കുന്ന രണ്ടു പേരില്‍ എന്റെ ശ്രദ്ധ പതിഞ്ഞു. ഭക്തിയുടെ സാന്ത്വനം തേടി വരുന്നവരോ.. അതോ.. ക്ഷേത്രപരിധിക്കകത്തെ വിശ്രമസങ്കേതങ്ങളില്‍ റെയ്‌ഡിന്റെ ശല്യമില്ലെന്ന സൌകര്യത്തോടെ രാപാര്‍ക്കാന്‍ വരുന്ന അഭിനവഭക്തശിരോമണികളൊ?... ഈ വഴികള്‍, ഗോവര്‍ദ്ധന്‍ ഇറങ്ങി നടന്ന അംധേര്‍നഗരിയിലെ വീഥികളേയും ഹരിദ്വാറിലെ ഇടുങ്ങിയ ഗലികളേയും ഓര്‍മ്മിപ്പിക്കുന്നു. എന്റെ വാസസ്ഥലത്തേക്കു നീങ്ങുന്ന ഊടുവഴി എത്തിയിരിക്കുന്നു. ഇരുട്ടില്‍ നിന്നും ചില പതിഞ്ഞ ശബ്ദങ്ങള്‍. ഒരു സ്ത്രീശബ്ദമാണ്‌. മാറ്റത്തിന്റെ പാതയില്‍ നഗരത്തിന്‌ കിട്ടിയ പുതിയ വില്‍പനച്ചരക്കുകള്‍. അഴുക്കുചാലില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിരിക്കുന്നു. മൂക്കു പൊത്തിപിടിച്ച്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. അസ്വസ്ഥമായ മനസ്സ്‌ ഇന്നത്തെ ദിവസത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു.


പിറ്റേന്ന് കാദറിനെ പ്രതീക്ഷിച്ചുകൊണ്ടാണ്‌ കടല്‍തീരത്തേക്ക്‌ നടന്നത്‌. എന്നെ കാത്തുനില്‍കുന്നതു പോലെ തെങ്ങിന്‍ തോപ്പിനരികില്‍ കാദറിന്റെ വണ്ടി. വര്‍ണനിറത്തിലുള്ള ബലൂണുകള്‍ ഇല്ല. ഞാന്‍ അടുത്തു ചെന്നു കാദര്‍ മുഖത്തേക്കു നോക്കുന്നില്ല. "എന്തു പറ്റി" ഞാന്‍ ചോദിച്ചു. മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.പിന്നീട്‌ നിറകണ്ണുകളോടെ കാദര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. കുറച്ചുനാളുകള്‍ക്ക്‌ മുന്‍പാണ്‌ ഈ നഗരത്തിലെ മയക്കുമരുന്നു മാഫിയയുടെ കരങ്ങളിലെ ഒരു ചട്ടുകമായി കാദര്‍ മാറിയത്‌. ആഗ്രഹിച്ചതല്ല എങ്കില്‍ പോലും.... അവരുടെ നീരാളിവലയത്തില്‍ കാദര്‍ അകപ്പെട്ടുപോകുകയായിരുന്നു. കാദറിന്റെ വിവിധവര്‍ണങ്ങളിലുള്ള ബലൂണുകള്‍ക്ക്‌ മയക്കുമരുന്നിന്റെ ഗന്ധമുണ്ടായിരുന്നു.. കച്ചവടം തുടരാനുള്ള കാദറിന്റെ വിമുഖതയുടെ പരിണിതഫലമായിരുന്നു ഇന്നലത്തെ സംഭവം. സ്‌തബ്‌ധനായ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുക്കുമ്പോഴേക്കും കാദര്‍ എന്റെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. മനസ്സില്‍ വല്ലാത്ത ഒരു ഭാരം പോലെ.. കണ്ണില്‍ ഇരുട്ടു കയറുന്നു.... വയ്യ..... ശരീരമാകെ തളരുന്നു.. ഞാന്‍ വേഗം തിരിച്ചു നടന്നു എത്രയും പെട്ടെന്നു എന്റെ കൂടാരത്തില്‍ തിരിച്ചെത്തണം..


മുറിയിലെത്തി കട്ടിലിലേക്ക്‌ വീഴുമ്പോള്‍ എന്റെ മനസ്സും ശരീരവും പൂര്‍ണമായും തളര്‍ന്നിരുന്നു. അറിയാതെ അറിയാതെ ഉറക്കത്തിലേക്ക്‌ വഴുതി വീണു..... ഉറക്കമുണര്‍ന്നപ്പോള്‍ ശരീരമാസകലം വേദന. ഉള്ള്‌ കുളിരുന്നതുപോലെ. നല്ല പനിയുണ്ട്‌. ചാമി കമ്പിളികൊണ്ട്‌ നല്ലവണ്ണം പുതപ്പിച്ചിരുന്നു. അരികിലെ മേശക്കുമുകളില്‍ ചുക്കു കാപ്പി. രണ്ടു ദിവസം ആ നില തുടര്‍ന്നു. ഓഫീസിലേക്ക്‌ ഒരു ലീവ്‌ ലെറ്റര്‍ എഴുതി ചാമിയുടെ കയ്യില്‍ കൊടുത്തയച്ചു. എന്റെ ഓര്‍മ്മകളില്‍ നിറയെ കാദറിനെകുറിച്ചുള്ള ചിന്തകളായിരുന്നു... നീരാളിവലയത്തിലകപ്പെട്ട കാദറിന്റെ ദൈന്യമുഖം വീണ്ടും വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു..

രാവിലെ എഴുന്നേറ്റപ്പോള്‍ ചെറിയൊരു സുഖം തോന്നി. ഇനിയും ലീവ്‌ നീട്ടികൊണ്ടുപോകാന്‍ കഴിയില്ല. ഇന്നെന്തായാലും ഓഫീസില്‍ പോകണം. വൈകുന്നേരം കാദറിന്റെ വീട്‌ കണ്ടുപിടിക്കുക തന്നെ വേണം. ഓരോന്നു ചിന്തിച്ച്‌ മുന്‍ വശത്തേക്ക്‌ വന്നു. ഉമ്മറത്തു നിന്ന്‌ പത്രം എടുത്ത്‌ കസേരയില്‍ ചാരിയിരുന്നു. മുന്‍പേജില്‍ എന്നത്തേയും പോലെ പുതിയ പുതിയ രാഷ്ട്രീയ വാര്‍ത്തകള്‍. അകത്തെ പേജുകള്‍ ആകെ ഒന്നു കണ്‍ണോടിച്ചു. അവസാന പേജില്‍ ഒരു ഫോട്ടോയും വാര്‍ത്തയും. ഫോട്ടോയിലേക്ക്‌ നോക്കിയ ഞാന്‍ തളര്‍ന്നിരുന്നു പോയി... "കമിഴ്ന്നു കിടക്കുന്ന ഒരു ശവശരീരം.അടുത്ത്‌ അലമുറയിട്ടു കരയുന്ന കാദറിന്റെ മക്കള്‍" ശവശരീരത്തിലെ മുറിവുകളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നത്‌ കാണാം.മയക്കു മരുന്നു മാഫിയയുടെ ഒരു വലിയ കണ്ണിയായി കാദറിനെ ചിത്രീകരിച്ചിരിക്കുന്ന വാര്‍ത്ത വായിച്ചുതീര്‍ക്കാന്‍ കണ്ണില്‍ നിറഞ്ഞ അശ്രുകണങ്ങള്‍ എന്നെ അനുവദിച്ചില്ല. കാല്‍പാദത്തില്‍നിന്നും ഒരു മരവിപ്പ്‌ അരിച്ചുകയറുന്നതു പോലെ.. ക്രമേണ അതു ശരീരത്തിലാകെ പടര്‍ന്നു കയറി. എന്റെ ബോധം നഷ്ടപ്പെടുകയാണോ.. അതാ അകലെ അനന്തതയില്‍ നിന്ന് കാദര്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.. കാദറിന്റെ കണ്ണുകള്‍ അപ്പോഴും തിളങ്ങിക്കൊണ്ടിരുന്നു.. ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു പക്ഷേ, ചുണ്ടുകള്‍ അനങ്ങുന്നില്ല.... പ്രജ്ഞയറ്റതുപോലെ.... തെരുവുകള്‍ക്ക്‌ രണ്ടു അനാഥബാല്യങ്ങളെ സമ്മാനിച്ചുകൊണ്ട്‌, ക്ഷേത്രനഗരിയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മറ്റൊരു രക്തസാക്ഷി കൂടി..... ഇല്ല പ്രിയ സുഹൃത്തേ താങ്കള്‍ക്ക്‌ എന്നെ വിട്ടു പോകാനാവില്ല. എന്റെ മനസ്സ്‌ തേങ്ങുകയായിരുന്നു. ഈ ദേശാടനപ്പക്ഷിയുടെ മനസ്സില്‍ നീ എന്നും ജീവിച്ചിരിക്കും പുഞ്ചിരിക്കുന്ന ഒരു നൊമ്പരമായി..... ഹൃദയത്തിന്റെ ആഴങ്ങളില്‍ എവിടെയോ ഒരു വല്ലാത്ത നീറ്റല്‍...

കുരുന്നു വരകള്‍

അഖില സുരേന്ദ്രന്‍
2 എ
ഇന്ത്യന്‍ സ്‌കൂള്‍, അജ്‌മാന്‍അഖില്‍ സുരേന്ദ്രന്‍
‍കെ.ജി - 2 ഡി
ഇന്ത്യന്‍ സ്‌കൂള്‍, അജ്‌മാന്‍


ഭൂമിയുടെ അവകാശി

ഭൂമിയുടെ അവകാശി

--സുഹാസ്‌ കേചേരി


ഇന്നലെ വൈകീട്ടും പതിവുപോലെ കറന്റ്‌ പോയി... 'അപ്രഖ്യാപിത പവര്‍-കട്ട്‌' എന്ന പേരില്‍ സ്‌ഥിരം ഉള്ള ഒരു പ്രഹസനം.,


മണ്ണെണ്ണ ചിമ്മിണീം കൊണ്ട്‌ ഉമ്മറത്തേക്ക്‌ കടന്നപ്പൊ., പൊട്ടിപൊളിഞ്ഞു വീഴാറായ മച്ചിന്റെ എതോ ഒരു കോണില്‍ നിന്നും ഭൂമിയുടെ അവകാശി ചോദിച്ചു "ചെയ്‌ ഇന്നും ഈ മണ്ണെണ്ണ വിളക്കു തന്നെയാണൊ., ഇതിന്റെ പുകയടിച്ചു മടുത്തു., ഇന്നലെ കഷ്ട്ടപ്പെട്ടു കെട്ടിയ വലയതാ അപ്പുറത്ത്‌ കരിപിടിച്ചു കിടക്കുന്നു., ഇനിയിപ്പൊ ഇതും നശിച്ചാല്‍ പുതിയൊരെണ്ണം ഉണ്ടാക്കണമെങ്കില്‍ ഞാനിനി എത്ര ബഹുരാഷ്ട്ര കുത്തകക്കാരുടെ കയ്യും കാലും പിടിക്കണം.."


"ഈ പുക കൊള്ളാതെ കിടക്കണം എന്ന് എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ., മോന്‍ ദുഫായില്‍ പോയിട്ട്‌ അദ്യായ്ട്ട്‌ ഞാന്‍ ആവശ്യപ്പെട്ടത്‌ കറന്റ്‌ പോയാ കത്തണ ആ കുന്ത്രാണ്ടം കൊടുത്തയക്കാനാ., ഇതാ ഇന്നലെ അവന്റെ കത്തുണ്ടാരുന്നു 'ഇമ്മാസത്തെ ശംബളം കിട്ട്യേപ്പോ ഒരു മൊഫെയില്‍ വാങ്ങിത്രെ, പാട്ടും പടോം ഒക്കെ ഒള്ളത്‌, ഇനീപ്പോ അടുത്ത ശംബളം കിട്ട്യാ നോക്കട്ടെന്നാ പറഞ്ഞേക്കണെ'... അവരു ചെരുപ്പക്കാരല്ലെ അതൊക്കെ ഇല്ലാണ്ട്‌ പട്ട്വോ.?"


"എന്നാലും അത്യാവശ്യങ്ങള്‍ കഴിഞ്ഞിട്ട്‌ പോരെ ആര്‍ഭാടങ്ങള്‍"- വീണ്ടും അവകാശി..


"നീ ഒന്ന് പോ അസത്തേ, ഇപ്പോ ഈ മൊഫെയിലൊക്കെ ഒരു അത്യാവശ്യാനത്രെ, അതില്ലാണ്ടിരുന്നാ ശരിയാവില്ലാന്നാ പറേണെ... അല്ലെങ്കിലും, നമ്മള്‍ ഈ രണ്ടു ജന്മങ്ങള്‍ക്ക്‌ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ എന്തിനാ വെളിച്ചം.."


"എന്റെ റബ്ബേ, ഞാന്‍ ഉമ്മാനെ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല.. ഈ കരീം പൊകേം ഒന്നും ഇല്ലാണ്ടെ കൊറച്ച്‌ ശുദ്ധവായു ശ്വസിക്കണം എന്നാശ ഒള്ളോണ്ട്‌ ചോദിച്ചതാ.."


"ഈ ഒരു ചിമ്മിനി വിളക്കോണ്ടാ ഇവിടിങ്ങനെ കരീം പൊകേം എന്നാ അന്റെ വിചാരം.?, ഇനീപ്പൊ അനക്ക്‌ അങ്ങനെ ഒരു ആശ ഒണ്ടേല്‍ കണ്ണടച്ചിരുന്ന് നമ്മടെ പഴയ നാടിനെ പറ്റി അങ്ങട്‌ ഓര്‍ത്തോ., വെഷം തുപ്പുന്ന പൊകക്കൊഴലുകള്‍ക്കും, കാതു പൊളിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ക്കും പകരം, പൊയേം തോടും മരോം ചെടീം കിള്യേളും ഒക്കെ ഒണ്ടാരുന്ന ആ പഴയ നാളുകളിലെ നാടിനെ പറ്റി...."


"എന്തായാലും ഉമ്മ വെഷമിക്കണ്ടാ... ഈ കരീം പൊകേം ഇല്ലാണ്ട്‌ ഉമ്മാക്ക്‌ ഒരീസങ്കിഒരീസം ഒറങ്ങാന്‍ പറ്റോന്ന് ഞാനൊന്നു നോക്കട്ടെ.."


ഇന്നു രാവിലെ പടിഞ്ഞാറെ കോലായില്‍ കപ്പ തൊലികളഞ്ഞ്‌ ഇരിക്കുമ്പോഴാണു ഇടവഴിയിലൂടെ ആരുടെയോ ശവമഞ്ചവും തോളിലേറ്റി വരുന്ന ആ വിലാപയാത്ര കണ്ടത്‌.., ഓടി അടുത്തു ചെന്നു നോക്യേപ്പോ വിലാപയാത്രയുടെ മുന്നില്‍ നീളത്തില്‍ പിടിച്ച ബാനറിലെ വാക്കുകള്‍ തെളിഞ്ഞു വന്നു., കണ്ണില്‍ തളം കെട്ടിയ ജലകണങ്ങള്‍ക്കിടയിലൂടെ ആ വാചകം ഒരു വിധത്തില്‍ വായിച്ചു തീര്‍ത്തു


"ബഹുരാഷ്ട്ര കമ്പനിയുടെ പുകക്കുഴലിനു മുകളില്‍ വലകെട്ടി ആ വിഷവാതകത്തെ തടുക്കാന്‍ ശ്രമിച്ച്‌ ധീര മൃത്യു വരിച്ച ധീരയോധാവിന്‌ ആദരാഞ്ജലികള്‍"


"പ്രകൃതിയെ നശിപ്പിക്കുന്ന നഗര വികസനത്തിന്‍ ഒരു രക്‍തസാക്ഷി കൂടി - അതും ഈ ഭൂമിയുടെ അവകാശി"

എല്ലാം ശരിയാകും...

'എല്ലാം ശരിയാകും...'

--സുനില്‍ അക്കിക്കാവ്‌
ദുബായ്‌

എല്ലാം ശരിയാക്കാം ... അതു പറഞ്ഞാശ്വസിപ്പിക്കുമ്പോഴും എങ്ങനെ എന്ന ഉത്തരമില്ലാത്ത ചോദ്യം എന്നില്‍ ബാക്കിയായുണ്ടായിരുന്നു... അങ്ങേത്തലക്കല്‍ ചോദ്യമുന്നയിച്ച ആളുടെ ആശ്വാസം സംസാരം അവസാനിക്കുന്നതിന്‌ മുമ്പേ തിരിച്ചറിയാന്‍ കഴിഞ്ഞു. അടുത്തുള്ള ആരോടോ 'എല്ലാം ശരിയാക്കാമെന്നാണ്‌' പറഞ്ഞത്‌ എന്ന എന്റെ ആശ്വാസവചനത്തിന്റെ പൊള്ളത്തരം പറഞ്ഞ്‌ ആശ്വസിപ്പിക്കുന്നത്‌ കേള്‍ക്കാമായിരുന്നു.

'എല്ലാം ശരിയാക്കാം ...' ചിലപ്പോള്‍ എന്നെപ്പോലെയുള്ളവര്‍ക്ക്‌ എറ്റവും അനുഗ്രഹമായ വരികള്‍ , അതിന്റെ സൃഷ്ടാവിനു നന്ദി... ആരെയൊക്കെയോ ഈ വാക്കുകള്‍കൊണ്ടാശ്വസിപ്പിച്ചിരിക്കുന്നു ഇതു വരെ.. എന്റെ നിസ്സഹായാവസ്ഥ തുറന്നുപറയുമ്പോഴും എല്ലാവരും എന്നെ ആശ്വസിപ്പിക്കാറുള്ളതും ഇതു പോലൊരു വാക്ക്‌ കൊണ്ടു തന്നെ !! പക്ഷെ ചെറിയൊരു മാറ്റം മാത്രം 'എല്ലാം ശരിയാകും'. ഇത്‌ എന്റെ തിരിച്ചറിവിന്റെ കാലം മുതല്‍ കേള്‍ക്കുന്ന അമ്മയുടെ ആശ്വാസവചനങ്ങളില്‍ ഈ വാക്കുകള്‍ക്ക്‌ വലിയൊരിടം ഉണ്ട്‌. അച്ഛന്റെ മരണാനന്തരകര്‍മങ്ങളുടെ പിറ്റേ ദിവസം മുതല്‍ ബന്ധുജനങ്ങള്‍ ഇടതടവില്ലാതെ ഉപയോഗിക്കുന്ന വാക്കുകളുടെ അവസാനം ചെന്നു നില്‍ക്കുന്നത്‌ ഈ പദത്തിലായിരിക്കും .. 'എല്ലാം ശരിയാകും..'എന്റെ അനുഭവത്തിലില്ലാത്ത, ഏറെ അര്‍ത്ഥങ്ങളുള്ള ഈ വാക്കിന്റെ നിരന്തര ഉപയോഗമായിരിക്കാം പിന്നെയും മുന്നോട്ട്‌ പോകാന്‍ പ്രേരണയാകുന്നത്‌ എന്ന് പിന്നെയങ്ങോട്ടുള്ള ദിനങ്ങള്‍ എന്നെ പഠിപ്പിച്ചു... അമ്മയുടെ കഷ്ടപ്പാടിന്റെ കറുത്ത അദ്ധ്യായത്തിലും പലപ്പോഴും ചികയുമ്പോള്‍ പൊങ്ങിവരുന്നത്‌ സ്പഷ്ടമായ ഈ വാക്കുകളുടെ സ്ഫുടതയാര്‍ന്ന സ്വരമാണ്‌... 'എല്ലാം ശരിയാകും...'

ദിനങ്ങള്‍ ദൈര്‍ഘ്യമേറിയതാണോ, വേഗം കൊഴിഞ്ഞുപൊകുന്നവയാണോ എന്നൊക്കെ അത്‌ അനുഭവിച്ചറിയുന്നവരുടെ കാഴ്ച്ചപ്പാടാണെന്ന് എനിക്ക്‌ തോന്നിപ്പോകാറുണ്ട്‌.. എല്ലാം ശരിയാകുന്ന എന്റെ ദിനങ്ങളെ മാത്രമാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌ . അതിനൊരു ശരിയായ തീയതി മാത്രമില്ല.. അതും കാത്ത്‌ നില്‍ക്കുന്നവരെ നിരനിരയായി കാണണോ ...? ഒരു പാടു ചിത്രങ്ങളുണ്ട്‌ എന്നില്‍, നിങ്ങള്‍ക്കു കാണിച്ചുതരാന്‍. അവരെല്ലാം നിങ്ങള്‍ക്ക്‌ സുപരിചിതരുമാണ്‌.. അതവരുടെ കുറ്റമല്ല, അവരുടെ തെറ്റല്ല എന്നെനിക്കറിയാം.. എന്റെ വാക്കുകളുടെ വിശ്വാസ്യത പുലര്‍ത്താത്ത എന്റെ കുറ്റമായിരിക്കാം, ഞാന്‍ വിശ്വാസമര്‍പ്പിച്ച മറ്റു ചിലരുടെ കുറ്റമായിരിക്കാം .... അങ്ങിനെ ചികഞ്ഞുപരിശോധിച്ചാല്‍ അതിനു ഒരു പാട്‌ ദൈര്‍ഘ്യം കണ്ടേക്കാം... അവരുടെയും കുറ്റമല്ല.. എല്ലാവരും എല്ലാം ശരിയാക്കാമെന്നു പറഞ്ഞിട്ടില്ലേ.. ഞാനും ഇപ്പോഴും എപ്പോഴും പറയുന്നു 'എല്ലാം ശരിയാക്കാം'..

ഇപ്പൊള്‍ എനിക്ക്‌ പേടി തോന്നുന്നു. എല്ലാം എന്റെ തോന്നലാണോ ?? മണല്‍ക്കാടിന്റെ ഈ നാട്ടിലേക്ക്‌ വിമാനം കയറുമ്പോള്‍ അനുഗ്രഹിച്ചയച്ചവരുടെ നാവുകളില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നു. വിസ കിട്ടിയപ്പോള്‍ എന്റെ സ്വപ്നങ്ങളെ ഞാന്‍ തിടമ്പേറ്റിനില്‍ക്കുന്ന ഗജവീരന്മാരാക്കി മാറ്റി. തിളക്കമാര്‍ന്ന സ്വപ്നങ്ങളുടെ സാമ്രാജ്യം തന്നെ എന്റെ മനസ്സില്‍ പണിതുയര്‍ത്തി. അമ്മയെ ഒരു രാജ്ഞിയെപ്പോലെ വാഴിക്കുമെന്ന ദൃഡപ്രതിജ്ഞയും എടുത്തു. വിസയെടുത്ത്‌ അതിലേക്ക്‌ നോക്കികൊണ്ട്‌ ഞാന്‍ എന്നോട്‌ തന്നെ പറഞ്ഞു 'എല്ലാം നമുക്ക്‌ ശരിയാക്കാം...'

നല്ല കിനാവുകള്‍ സമ്മാനിച്ച നിറമാര്‍ന്ന ദിനങ്ങളേ.... അനുഗ്രഹിച്ചു കിട്ടിയ ആ ദിനങ്ങളാണെനിക്ക്‌ പ്രിയപ്പെട്ടത്‌, ആ സ്വപ്നദിനങ്ങളില്‍ ഒരവസരവും നിങ്ങള്‍ക്ക്‌ കിട്ടിയില്ലേ... അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ടാവില്ല അതു പറയാന്‍..'എല്ലാം ശരിയാക്കാം..'

ചുമര്‍ചിത്രങ്ങള്‍ തരുന്ന ആസ്വാദനഭംഗി ചിലപ്പോള്‍ യഥാര്‍ത്ഥ കാഴ്ച നമുക്ക്‌ നല്‍കിയെന്നു വരില്ല. അവ ചിത്രങ്ങളാകുമ്പോള്‍ മാത്രമാണ്‌ മനോഹരമാകുന്നത്‌ എന്ന സത്യം മനസ്സിലാക്കാന്‍ ഞാനേറെ വൈകി.എല്ലാം ശരിയാക്കാം എന്ന എന്റെ വാക്കുകളുടെ ചടുലത മങ്ങിതുടങ്ങിയിരിക്കുന്നു എന്ന് എന്റെ മനസ്സ്‌ ഓര്‍മ്മപ്പെടുത്തുന്നു. വേറൊരു വാക്കിനായി ഞാന്‍ തിരഞ്ഞു... ഒന്നും ഓര്‍മ്മയിലെത്തുന്നില്ല. അതോ ഇതിനു സമം വെയ്ക്കാന്‍ വാക്കുകള്‍ ഇല്ലാത്തതാണോ... എന്തോ എനിക്കറിയില്ല.. എന്റെ വാക്കുകളുടെ വിശ്വാസ്യതയില്‍ ജീവിതത്തെ പിന്നെയും മുറുകെ പിടിക്കുന്ന മനസ്സുകളെ വേദനിപ്പിക്കാന്‍ വയ്യായെന്ന സത്യം വീണ്ടും ഞാനറിയുന്നു...

മാറ്റമില്ലാത്ത ദിനങ്ങള്‍.... ജീവിതത്തില്‍ ഒരു വ്യതിയാനങ്ങളും സൃഷ്ടിക്കാത്ത ദിനങ്ങളുടെ കുത്തൊഴുക്ക്‌ തന്നെയായിരുന്നു. പക്ഷെ, എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച പേറ്റുനോവിന്റെ നൊമ്പരം പേറിയ അമ്മയോട്‌ മാത്രം അത്‌ പറയാന്‍ ഞാനശക്തനായി....
'എല്ലാം ശരിയാക്കാം...'

പ്രണയം

"പ്രണയം"സുമേഷ്‌ പയ്യന്നൂര്‍


കണ്ടിരുന്നില്ലേ എന്‍ പ്രിയതോഴി

നിന്നെ തേടുന്ന മിഴികള്‍

അറിഞ്ഞിരുന്നില്ലേ പ്രിയ സഖി

ഈ മനസ്സിന്റെ വിങ്ങലുകള്‍

‍കേട്ടിരുന്നില്ലേ നീയെന്‍

വിഷാദകാവ്യങ്ങള്‍

‍വിങ്ങുമെന്‍ ഹൃദയത്തില്‍ നിന്നും

പ്രിയേ നീ മെല്ലെ നടന്നകന്നപ്പോള്‍

എന്റെ ഏകാന്തതയെ ഞാന്‍ തിരിച്ചറിഞ്ഞു.

പിടയുന്ന മനമോടെ

മറ്റാരുടെയോ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി

അയാളുടേതു മാത്രമായ്‌ നീ മാറുമ്പോള്‍

അതെന്റെ ജന്മശാപമെന്ന് ഞാനറിയുന്നു

എന്റെ സ്വപ്നമേ നിനക്ക്‌ തരാനായ്‌ എന്നിലൊന്നും

അവശേഷിക്കുന്നില്ല.

കൊതിക്കുകയാണെന്‍ മനം-

ഇനിയൊരു ജന്മത്തിലെങ്കിലും

എന്റെ സ്വപ്നങ്ങള്‍ക്ക്‌ ചിറകു വെയ്ക്കാന്‍.


Dad.. Miss U..

Dad.. Miss you..!!

--Susha George

Dad,


I missed you when my mom and brother tried to get me married off at the age of 18 because there was no one to look after me. I believe your presence was with me when I fought aganist all the odds and decided to continue my studies no matter what....


I missed you when I took my first job, when the rest of the world tried to discourage me by telling ‘there is nothing much you can do by working’. Your words and advices which I gathered in a short period gave me the boldness...to face all the resistance .....


I missed you on my wedding day, when I spelt my wedding vows to my partner...... tears were rolling when I realised that there is no one in this world to replace my father and when i recognised that my marriage happened as if it was no body’s business.......


And now I miss you each and every day when people accuses me, points out my inefficiencies ..... I realise better that there is no one to defend me and you are not there anymore in this world to comfort me .......


I miss you every moment and every day .......and I wonder why I didnt tell you in person atleast once ‘ that I love you more than any other person in this world’?


Love..