Friday, March 21, 2008

Thusharam

Dear Reader..
Thusharam is shifted to http://www.thusharam.com

Friday, June 22, 2007

തുഷാരം - മിഥുനം 1182 (ജൂണ്‍ - ജൂലൈ 2007) ലക്കം- 18

പത്രാധിപക്കുറിപ്പ് ‍
ഇരകള്‍ക്ക്‌ വില പേശുന്ന ലോകക്രമം

ആരോഗ്യം - ജയേഷ്.പി.വി
ചികുന്‍ ഗുനിയ

വിവര സാങ്കേതികം - അനീസ് കൊടിയത്തൂര്‍ ‍ ‍
സിനിമാ നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ ‍ സാങ്കേതികത

നുറുങ്ങുകള് - റഷീദ് ചാലില്‍ ‍
നുറുങ്ങുകള്

ചിത്രാലയം - എസ്.കെ.ചെറുവത്ത് ‍
ഹാസ്യതാരങ്ങളുടെ പ്രസക്തി

പരിചയം - സപ്‌ന അനു ബി ജോര്‍ജ്ജ് ‍
എണ്ണക്കറുപ്പിന്‍ ഏഴഴകുള്ള സംഗീതം - പ്രദീപ് സോമസുന്ദരം

നൂറാമിന്ദ്രിയം - സജീവ്‌ വി കിഴക്കേപ്പറമ്പില്‍ ‍‍ ‍

പാചകം - സിമി അന്‍വര്‍‍ ‍
നീലഗിരി മട്ടണ്‍കറി

കഥ - ഗിരിജ മേനോന്‍ ‍
ഒന്നും പറയാതെ..

കഥ - സബീര്‍ അലി പട്ടാമ്പി
കടലിന്റെ കഥ

കവിത - പ്രദീപ് എം. മേനോന്‍ ‍
പെണ്ണിരകള്‍

കവിത - ലീല എം.ചന്ദ്രന്‍ ‍
തുലാവര്‍ഷം

കവിത - നിതീഷ് കീഴാറ്റൂര്‍ ‍
നക്ഷത്രക്കുഞ്ഞുങ്ങള്‍

കവിത - റിയാസ് ബാബു എടവണ്ണ ‍
പോയ് വരാം

ക്യാമറക്കണ്ണിലൂടെ‍
നിശ്‌ചല ചിത്രങ്ങള്‍


Sunday, May 20, 2007

ശിശിരം-കുഞ്ഞുങ്ങള്‍ക്കായി തുഷാരത്തിന്റെ സ്നേഹസമ്മാനം

നാമെല്ലാവരും ഒരു പാട് കഥകളും പാട്ടുകളും കേട്ട് വളര്‍‍ന്നവരാണ്.എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ കുട്ടികളുടെ വിനോദ സമയം ടി.വിയിലെ നിലവാരം കുറഞ്ഞ പരിപാടികളിലും, വീഡിയോ കമ്പ്യൂട്ടര്‍ ഗെയിമുകളിലും ഒതുങ്ങുന്നു.

ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വിജ്ഞാന പ്രദമായ ലഘു പംക്തികള്‍ മാതൃഭാഷയിലൂടെ അവരിലേക്കെത്തിക്കാനും അവരുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനുമാണ് ശിശിരം ലക്‌ഷ്യമിടുന്നത്.

ഈ ലക്കത്തിലെ ഉള്ളടക്കം:

കൂട്ടുകാരോട്‌-വല്യമ്മായി

കുട്ടിക്കവിത - ജി.മനു

ശാസ്ത്രം ലളിതം - കരിപ്പാറ സുനില്‍

എന്റെ "Environment Day" - ദക്ഷിണ്‍ തോമസ് ജോര്‍ജ്ജ്

എന്റെ സ്‌കൂള്‍ - തസീബ ബാനു സഫര്‍

വരകളിലൂടെ - അഖില്‍ സുരേന്ദ്രന്‍, അഖില സുരേന്ദ്രന്‍

മുന്‍ ലക്കങ്ങള്‍

ശിശിരം-മേടം ലക്കം

ശിശിരം-മീനം ലക്കം

ഇതൊരു തുടക്കം മാത്രം.വളര്‍ച്ചയുടെ പടവുകള്‍ ഒരുപാടിനിയും കയറാനുണ്ട്.

ശിശിരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശിശിരത്തിലേക്കുള്ള സൃഷ്ടികളും thushaaram@gmail.com എന്ന ഈമെയില്‍ വിലാസത്തിലേക്ക് അയക്കുക.

Saturday, August 26, 2006

Dear Reader

Dear Reader..
Thusharam is shifted to http://www.thusharam.com

Sunday, August 06, 2006

കാഴ്‌ചകള്‍

കാഴ്‌ചകള്‍

പ്രദീപ്‌ എം മേനോന്‍

ഇതു ചിരാതന ക്ഷേത്ര ഗോപുരം
ഇതു ചരിതഭാഗമാം തൃശ്ശിവനട.
ഇതിലൂടിറങ്ങിയ ഐതിഹ്യമായിരം
ഇതു ഉണ്മയുടെ തെക്കോട്ടിറക്കം.
ചരിത്രം നടന്നൊരീ പഴം കാട്ടുപാതകള്‍
സംസ്‌കൃതി ചങ്ങാത്തം കൂടുമീ ചുവരുകള്‍,
എത്ര കഥകള്‍ പറഞ്ഞിരിക്കാം - ഇനി
എത്രമേല്‍ കരുതലായ്‌ വെച്ചിരിയ്‌ക്കാം,
പുതുമുറക്കരോട്‌ ചൊല്ലുവാനായ്‌.
ഊരുചുറ്റുന്നൊരാ തെമ്മാടി തെന്നലില്‍
തുള്ളി തിമിര്‍ക്കുമാ ആലിലകള്‍
അവയ്‌ക്കെത്രമേല്‍ ഉത്സാഹമായിരിപ്പൂ,
അവയിലെത്രയോ കീര്‍ത്തനം തത്തിനില്‍പ്പൂ.
ഇത്രക്കു ചൊല്ലുവാന്‍ ശേഷിപ്പുമായവ-
ശൈശവ ചടുലത പേറിനില്‍പ്പൂ.
ഇവിടെ നീ ഇനിമേലില്‍ ഒറ്റക്കിരിക്കുക
ഇവിടെ ഇരുന്നീ കാഴ്‌ചകള്‍ കാണുക.
കണ്ടിട്ടും കാണാതെ കടന്നോരാ കൂട്ടര്‍ക്കു
നാളേക്കു നീയിതു കാത്തുസൂക്ഷിക്കുക്‌.

"ഒന്നാം കാഴ്‌ച"........
എന്നും തിരക്കാണീ നഗരഹൃത്തം
എന്തോ തിരഞ്ഞോടും ജനസഹസ്രം.
എന്തിനുമേതിനും നേരമില്ലാത്തവര്‍
എത്ര അലഞ്ഞിട്ടും നേട്ടമില്ലാത്തവര്‍
പായുന്നൊരാളുകള്‍ കുന്നുപോല്‍ കുടിലും
നീളെയീ പാതകള്‍ തിരക്കിലമരുമ്പോഴും
അപരനെ കുറിച്ചാരുമോര്‍ക്കുന്നീലാ-
അവനവന്‍ കാര്യത്തിനായീഗമനവും.
അംബരമുരുമ്മുമീ കെട്ടിടങ്ങള്‍ , അവയില്‍
ആകവെ ആര്‍ഭാട പ്രദര്‍ശനങ്ങള്‍
നഗ്‌നത നാണിക്കും അല്‍പവസ്‌ത്രങ്ങളാല്‍
മേനി കൊഴുപ്പിന്റെ പൊങ്ങച്ചദര്‍ശനം
കോവില്‍ കുറിയിട്ട കൈകളാലപരന്റെ
സ്വന്തത്തിനൊക്കെയും വിലയിട്ടെടുത്തിട്ടു-
അപഹരണത്തിനും ആദര്‍ശ പോരിമ.
ആസുരലോകത്തിന്‍ മൂര്‍ത്തിമല്‍ഭാവങ്ങള്‍
ആടിത്തിമര്‍ക്കുന്ന കോട്ടകകെട്ടുകള്‍.
ചതിയിടങ്ങളില്‍ തെരുവുകള്‍ ചീയ്യവെ-
ദുരിതക്കയങ്ങളില്‍ കൊടികൂറപാറവെ-
തിന്മ തന്‍ കാല്‍നാട്ടു കാര്‍മികരൊന്നിച്ചു
കിട്ടിയതൊക്കയും പങ്കിട്ടെടുക്കുന്നു.

"രണ്ടാം കാഴ്‌ച"...........
ഒറ്റതിരിപോലെ കത്തുമീ ജീവിതം
കെട്ടുപോകാതെ കാക്കുവാന്‍ കൈകളാല്‍
ഒതുക്കിപ്പിടിച്ചു കൊണ്ടീ ചിരാതുമായ്‌
നട്ടം തിരിഞ്ഞു കൊണ്ടോടുന്നു മാനവര്‍.
തത്രപാടുകള്‍ താങ്ങിക്കുഴയുകില്‍
ആല്‍തറകളില്‍ ഇത്തിരി വിശ്രമം.
ആരാര്‍ക്കുവേണ്ടിയും കാക്കുന്നതില്ലാ
കാലവും,മോഹവും കാത്തുകിടപ്പുമില്ലാ.
പായുകയാണീ നഗരത്തിരക്കുകള്‍
പദമിടമില്ലാത്ത പാദസഞ്ചലനവും.
കാരിരുമ്പിന്‍ കരുത്തുള്ള കൂലികള്‍
ചുമടിറക്കിയും ,ശകടമുന്തിയും
അന്നത്തിനുഴലുന്ന നഗരവീഥികള്‍.
ശീട്ടുകളിച്ചും ,സൊറപറഞ്ഞും
നേരമ്പോക്കിനായ്‌ കൂട്ടുചേര്‍ന്നും
വൈകിപിരിയുന്ന സൌഹൃദതുരുത്തുകള്‍.

"മൂന്നാം കാഴ്‌ച".......
ബീജദാതാവിന്റെ പേരറിയാത്തൊരീ-
ഗര്‍ഭപാത്രത്തിന്റെ തിരുഃശേഷിപ്പുകള്‍
അവരീതിരക്കിലും അന്യതയറിയുന്നുഅ
വരീതെരുവിലും ശൂന്യതയറിയുന്നു
അവരീനഗരച്ചുഴിയില്‍ അമരുന്നു
ഇരവിലും,പകലിലും ശിഷ്‌ടമായ്‌ മാറുന്നു
ആലിലക്കണ്ണന്റെ കോവിലിന്‍ മുന്നിലും
നാക്കിലച്ചോറിനായ്‌ നീളുന്ന കൈകളേ,
നിങ്ങളീമണ്ണിലെ അശുദ്ധപിറപ്പുകള്‍
നിങ്ങളീ നാടിന്‍ അനാഥചിത്രങ്ങള്‍.
പിച്ചവക്കും മുന്‍പെ പിച്ചയെടുക്കുവാന്‍
കൊച്ചുപ്രായത്തിലേ കുപ്പയായ്‌ തീരുവാന്‍
ഏതു ദൈവനിയോഗമെന്നറിവീലാ,
ഏതു ജന്മസുകൃതമെന്നറിവീലാ,
എങ്കിലുമവര്‍ ഈ നഗരയോടയില്‍
മാലിന്യമെന്നപോല്‍ ഒഴുകുന്നതെന്തിനോ.
വിധിയോടിരക്കുന്ന കുഞ്ഞിളംകണ്‍കളില്‍
മാച്ചുവരച്ചൊരാ ചിത്രങ്ങള്‍ പോലവെവീഥികള്‍
കേള്‍ക്കാത്ത തേങ്ങലുകള്‍.
ദരിദ്രസമൃദ്ധിതന്‍ പട്ടണകാഴ്‌ചയില്‍
പതറുമീ കണ്‍കളെ പതിയെയടക്കുക
ഉള്ളിലുറയുന്ന ദുഃഖസത്യങ്ങളെ
ഒത്തിരിയേറുകില്‍ ഇറക്കിവെച്ചീടുക.

"നാലാം കാഴ്‌ച".............................
വേശതരുണികള്‍ ഇടംകണ്ണിറുക്കിയും,
ആംഗ്യചലനങ്ങളാല്‍ ഇക്കിളികൂട്ടിയും,
അന്നത്തിനായിട്ടു നാണയം നേടുവാന്‍
അപരന്റെ ശയ്യയില്‍ അന്തിപോക്കുമ്പോഴും
മുഴുവയറൊട്ടിയൊരവളുടെ നഗ്നത
നാണം മറന്നിട്ടു നൊട്ടിനുണയുവോര്‍,
അവരുടെ പാപകരങ്ങളാല്‍ തഴുകിയാല്‍
തരുണിതന്‍ ഉദരത്തിന്‍ പശിയടങ്ങീടുമോ.
അവരുടെ പാപജലത്താല്‍ കഴുകിയാല്‍
മൂര്‍ത്തബിംബങ്ങള്‍ക്കു തീര്‍ത്ഥമായ്‌ തീരുമോ.
അരികിലുറങ്ങുന്ന പൈതലെ ഓര്‍ത്തിട്ടു-
പാരവശ്യങ്ങളെ ഉള്ളില്‍ ഒതുക്കീട്ടു-
അഭംഗുരം തുടരുന്ന ഈ നീചവേഴ്‌ചകള്‍
അനിവാര്യമായൊരീ ജീവിത നേര്‍ച്ചകള്‍.
അര്‍ദ്ധനാരീശ്വര ഗോപുര നടകളില്‍
പീഠനമേറ്റൊരാ പെണ്ണിന്‍ നിലവിളി
കണ്ടിട്ടും കാണാതെ കണ്ണടച്ചീടുക
കാണാക്കയങ്ങള്‍ തന്‍ ആഴമറിയുക.

"അഞ്ചാം കാഴ്‌ച"........................
മനഃതന്ത്രികള്‍ക്കര്‍ദ്ധഭ്രംശം വന്നൊരുമകന്‍
പുലഭ്യം പറഞ്ഞു കൊണ്ടോടുന്ന വേളയില്‍,
ചുക്കിച്ചുളിഞ്ഞതന്‍ പഴംകീറഭാണ്ഡത്തില്‍
കരിഞ്ഞുണങ്ങീടുന്ന സ്വപ്‌നങ്ങള്‍ പേറിയും
വിധിയെ ശകാരിച്ചും,സ്വയം ശപിച്ചും
പിന്നാലെ പോകുന്നൊരമ്മയെ കാണുക.
മുളവടിയിലൂന്നുമീ വൃദ്ധമാതൃത്വമേ,
നിയ്യാണുസ്‌നേഹത്തിന്‍ മഹനീയ ദര്‍ശനം.
മുക്തിക്കുവേണ്ടിവര്‍ തേടേണ്ടതേതു കോവില്‍
ശക്തിക്കായിവര്‍ മുട്ടേണ്ടതേതു വാതില്‍.
പരകോടി കാഴ്‌ചകള്‍ കണ്ടൊരെന്‍ നഗരമെ,
രാപ്പകല്‍ മുറിയാതെ തുടരുമീ കാഴ്‌ചയില്‍
ഇനിയും നിനക്കൊരു മനം മടുപ്പീലയൊ.
നിന്‍മനഃക്കണ്ണില്‍ അസഹ്യതയില്ലയൊ.

"ആറാം കാഴ്‌ച"......................................
സ്വാര്‍ത്ഥനേട്ടത്തിനായ്‌ ക്രൂരതമുറ്റിയോര്
‍കൊന്നും ,കൊടുത്തും അലറുന്ന വേളകള്‍
മറ്റുള്ള കൂട്ടരെ എത്ര ദ്രോഹിക്കിലും
തങ്ങള്‍ തന്‍ നേട്ടത്തിനാക്രോശവര്‍ഷങ്ങള്‍.
കാക്കിയും,ഖദറും,ശുഭവസ്‌ത്രധാരിയും
കൈമെയ്‌മറന്നിട്ടു കാട്ടുമനീതികള്‍
തറ്റുടുത്തെത്തുമീ അവമതി കോലങ്ങള്‍
ആദ്യന്ത്യമപരനില്‍ പേക്കൂത്തു തീര്‍ക്കവെ,
ആരെ ഉപദേശിച്ചു നേരെയാക്കാന്‍
അര്‍ദ്ധനഗ്നനാം വൃദ്ധപ്രതിമ നില്‍പ്പൂ.
പ്രഭാതപ്രദോഷങ്ങളെത്രയോ മാഞ്ഞുപോയ്‌
സാക്ഷിയായ്‌ നില്‍പ്പതീ കല്‍വിളക്കുകള്‍.
എന്തുമെ കേട്ടിട്ടും നിസ്സങ്കരായ്‌ നിന്നവര്‍
ദുഷ്‌കേളി കണ്ടിട്ടു ലജ്ജയില്ലാത്തവര്‍
ഏവരും ചേര്‍ന്നൊരീ നഗരവഴികളില്‍
അനുദിനം നരകമീ നിസ്സരര്‍ തന്‍ ജീവനം.

"ഏഴാം കാഴ്‌ച".............................................
എത്ര പ്രഗല്‍ഭര്‍ തന്‍ വാക്‍ധോരണികളെ
കേട്ടു തളിര്‍ത്തൊരീ കൂവ്വളങ്ങള്‍.
എത്ര ഭഗീരഥര്‍ ചൊല്ലിയ വാക്കുകള്‍
കേട്ടുകിടന്നൊരീ മണ്ഡപങ്ങള്‍.
എത്ര ജനജാഥകള്‍ , സമരതന്ത്രങ്ങള്‍
കണ്ടുത്രസിച്ചതാണീ പഥങ്ങള്‍.
എത്ര മഹനീയ കാല്‍ സ്‌പര്‍ശമേറ്റിട്ടു
പവിത്രമായ്‌ തീര്‍ന്നൊരീ വഴിയിടങ്ങള്‍.
എത്രയോ യുദ്ധമുഖരിത വേദികള്‍
രുധിരത്തടം തീര്‍ത്ത ഇന്നലകള്‍.
ഇനിയുമീ ചരിത്രതടങ്ങളില്‍ കുഞ്ഞേ നീ,
നീ കണ്ട കാഴ്‌ചകള്‍ ഇറക്കിവെച്ചേക്കുക.
കണ്ടവയൊക്കെയും ഇവിടെയുപേക്ഷിച്ചു
തെക്കോട്ടിറങ്ങി നീ തിരക്കിലലിയുക.
ഇത്രമേല്‍ കണ്ടിട്ടും എന്തിനായീശ്വരാ-
ലിംഗപ്രതിഷ്‌ഠയില്‍ മുഖമൊളിക്കുന്നു നീ.
അഭംഗുരം തുടരുമീ കലികാലക്രീഡയില്‍
ഇന്നുനിന്‍ തൃക്കണ്ണു നീ തുറന്നീടണം.
ദ്രുതതാളവേഗത്തിന്‍ ശൌര്യത്തിനൊപ്പിച്ചു
പാപസ്‌തലികളില്‍ താണ്ഡവമാടണം.

ചെമ്പകപ്പൂക്കള്‍

ചെമ്പകപ്പൂക്കള്‍
സുധീര്‍ കളരിക്കല്‍

രശ്‌മി കരയുകയാണ്‌. സമാധാനിപ്പിക്കാന്‍ ചെന്നപ്പോള്‍ എന്നെ തട്ടിമാറ്റി, ഞാന്‍ പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നില്ല. കൊച്ചുകുട്ടിയെ പോലെയാണു വാശി.
ഒരു ചെറിയ കാറ്റു വീശിയപ്പോള്‍ ജാലകത്തിലൂടെ മഴയുടെ പ്രഹരം അവളുടെ മുഖത്തേറ്റു. ഒന്നു തല പിന്‍വലിച്ച്‌ എന്നെ ഒന്നു നോക്കി വീണ്ടും ജാലകത്തിലൂടെ പുറത്തേക്ക്‌. സമയം ഒന്‍പതു മണിയായി. ഇനി കരണ്ടു കട്ടും കഴിഞ്ഞ്‌ എപ്പോള്‍ ഭക്ഷണം കഴിക്കാന്‍.
ഉച്ചയ്‌ക്ക്‌ പത്തിരിപാലയില്‍ എത്തിയപ്പോല്‍ മുതല്‍ക്ക്‌ പറഞ്ഞ്‌ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. നാട്ടില്‍ തന്നെ വരാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍. ഒന്നും ഏറ്റില്ല. അവള്‍ക്ക്‌ നാട്‌ ഒരു ശാപഭൂമിയാണ്‌. എന്നാലും, ഭയങ്കര ഗൌരവക്കാരിയാണ്‌. രണ്ടു ദിവസമായി വഴക്കു തന്നെയായിരുന്നു.
ഓരോന്നാലോചിച്ചപ്പോള്‍ ദേഷ്യം ഇരച്ചു കയറി.
ഒന്നുറക്കെ വിളിച്ചു.
'രശ്‌മീ..' മിണ്ടാട്ടമില്ല. എഴുന്നേറ്റ്‌ ഡൈനിംഗ്‌ ടേബിളില്‍ വെച്ചിരുന്ന ഭക്ഷണമെടുത്ത്‌ കഴിക്കാനിരുന്നു. ഉച്ചക്ക്‌ ഇവിടെ കയറിയപ്പോള്‍ തുടങ്ങിയ മഴയാണ്‌. രാത്രിയിലും തുടരുന്നു. ഓടിട്ട വീടിന്റെ പഴുതുകളിലൂടെ ചിലപ്പോഴെല്ലാം മഴയും, പലപ്പോഴും മിന്നലിന്റെ ചീളുകളും ഉള്ളിലെത്താറുണ്ട്‌. ചെറിയ വീടാണ്‌. കയറിവരുമ്പോള്‍ ഒരുമ്മറവും, ഇടനാഴികക്കിരുവശവും രണ്ടു കിടപ്പുമുറികളും ഭക്ഷണമുറിയും അടുക്കളയും. ബാത്ത്‌ റൂം പുറത്താണ്‌. അതുകൊണ്ട്‌ ഇരുളായാലും മഴയായാലും പ്രാധമിക കാര്യങ്ങള്‍ക്ക്‌ പുറത്തു തന്നെ പോകണം.
എനിക്ക്‌ ഇതൊന്നും ബുദ്ധിമുട്ടായി തോന്നുന്നില്ല. ഇതാണ്‌ സ്വാതന്ത്ര്യം. ഫ്ലാറ്റുകളില്‍ നിന്ന് ഫ്ലാറ്റുകളിലേക്കുള്ള കുടിയേറ്റം. ജോലി കഴിഞ്ഞ്‌ അവശനായി വരുമ്പോള്‍ ഇല്ലാത്ത ഇത്തിരി ശുദ്ധവായു. പട്ടണത്തില്‍ എല്ലാവരുടേയും മുഖത്ത്‌ ഗൌരവമാണ്‌. ചാവി കൊടുത്തുവിട്ട മനുഷ്യബൊമ്മകളാണ്‌. എല്ലാവരും പണിയെടുക്കുന്നു. വരുന്നു, ഉറങ്ങുന്നു. അസ്‌ഥിത്വം മറന്ന് പണിയെടുത്ത്‌ എല്ലാവരും പണമുണ്ടാക്കുന്നു.ബോംബേയില്‍ ജോലി മതിയാക്കി എവിടെയെങ്കിലും വീടു വാങ്ങണം എന്ന് ചെറിയച്ചനെഴുതിയപ്പോള്‍ (ചെറിയച്ചനാണ്‌ നാട്ടില്‍ എന്നെ ബന്ധിപ്പിക്കുന്ന ഒറ്റചങ്ങലക്കണ്ണി. അച്ചനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. ഏക അനുജത്തി രമ്യ വിവാഹം കഴിഞ്ഞ്‌ ബാംഗ്ലൂരില്‍ സ്‌ഥിരതാമസമാണ്‌) ചെറിയച്ചന്‍ മറുപടി എഴുതി.
'രഘൂ, നീ എന്തായാലും പത്തിരിപ്പാലയില്‍ വരിക. നമ്മുടെ വടക്കേപുറത്തെ അറുപതു സെന്റും, ഒരു വീടും നിന്റെ ഭാഗത്തില്‍ പെട്ടതാണ്‌. അവിടെ വന്നു താമസിച്ചു കൂടെ? നിങ്ങള്‍ രണ്ടു പേരല്ലെ ഉള്ളൂ.. ആ വീടു മതിയാകും നിങ്ങള്‍ക്ക്‌. നിന്റെ അഭിപ്രായം എഴുതുക. നീ വരുമ്പോഴേക്കും ചെറിയ റിപ്പയര്‍ പണിയെല്ലാം ഞാന്‍ ചെയ്യിക്കാം.'
എനിക്ക്‌ നന്നായി തോന്നി.
അച്ചനും അമ്മയും കുട്ടിക്കാലവും ഓര്‍മ്മകളുടെ ഒരു പാട്‌ അപ്പൂപ്പന്‍ താടികള്‍ പാറിപറന്നു മനസ്സില്‍. കണ്ണുകള്‍ നിറഞ്ഞു പോയി. ഏന്തേ എനിക്കിതു മുന്നേ തോന്നിയില്ല എന്നു ചിന്തിച്ചു.
രശ്‌മി അനിയത്തി പറഞ്ഞ ബാംഗ്ലൂരിലെ ഫ്ലാറ്റില്‍ മുറുകെ പിടിച്ചിരിക്കയായിരുന്നു. ഈ വിവരം പറഞ്ഞപ്പോല്‍ ഒരു പൊട്ടിത്തെറി. പിന്നെ ഈ നിമിഷം വരെ അവളുടെ മുഖം തെളിഞ്ഞിട്ടില്ല. പണത്തിന്റേയും ആര്‍ഭാഡജീവിതത്തിനും ഇടയ്‌ക്ക്‌ പത്തിരിപ്പാലയിലെ അറുപതു സെന്റു സ്‌ഥലത്തിനും ഒരു കൊച്ചു വീടിനും എന്താ സ്‌ഥാനം അല്ലേ..? പിന്നെ അവള്‍ മകന്‍ വിഷ്‌ണുവിനെഴുതി. അച്ചന്‍ പത്തിരിപ്പാലയില്‍ വീടുവാങ്ങാന്‍ പോകുന്നെന്നും ബാംഗ്ലൂര്‍ക്ക്‌ വരുന്നില്ല എന്നുമൊക്കെ. ബാംഗ്ലൂരില്‍ ഹോസ്‌റ്റലില്‍ നിന്ന് എം.ബി.എ പഠിക്കുന്ന ഞങ്ങളുടെ ഏകമകന്‌ നാടേത്‌, വീടേത്‌..!!?
കരണ്ടു പോയി. ഭക്ഷണം പകുതിയേ ആയുള്ളൂ. പോകറ്റില്‍ നിന്ന് സിഗരറ്റ്‌ ലൈറ്റെടുത്ത്‌ മെഴുകുതിരി കത്തിച്ചു. ഒരു മെഴുകുതിരിയെടുത്ത്‌ മുറിയില്‍ പോയപ്പോള്‍ രശ്‌മി കിടക്കുകയാണ്‌. ഞാന്‍ പതിയെ വിളിച്ചു.
'രശ്‌മീ.. ഭക്ഷണം കഴിക്കേണ്ടെ..?' അവള്‍ തിരിഞ്ഞു കിടന്നു. അരണ്ട വെളിച്ചത്തില്‍, കരഞ്ഞു വീര്‍ത്ത അവളുടെ മുഖം ശ്രദ്ധിച്ചു. അല്‍പം സമാധാനപ്പെട്ടു എന്നു തോന്നി. അവള്‍ കൂടെ വന്ന് മെഴുകുതിരി വെട്ടത്തില്‍ ഭക്ഷണം കഴിക്കാനിരുന്നു. ചെറിയച്ചന്റെ വീട്ടില്‍ നിന്നു കൊണ്ടു വന്ന ഭക്ഷണത്തിന്‌ രുചിയേറെ എന്നു തോന്നി. പുറത്ത്‌ മഴ തിമിര്‍ക്കുകയാണ്‌. നരിച്ചീടുകളുടെ ശബ്‌ദം. രണ്ടു മൂന്നു മിന്നാമിനുങ്ങുകള്‍ പാറിനടക്കുന്നു മുറിയില്‍. വേറെയും അപശബ്‌ദങ്ങള്‍. ചുമരിനു മുകളില്‍ എന്തോ തിളങ്ങുന്നതു കണ്ടപ്പോള്‍ ടോര്‍ച്ചടിച്ചു നോക്കി. ഒരു വെളുമ്പന്‍ പൂച്ച.പണ്ട്‌ അമ്മൂമ്മയ്‌ക്ക്‌ പൂച്ച വളര്‍ത്തല്‍ ഒരു ഹോബിയായിരുന്നു. നൂറ്റൊന്ന് പൂച്ചയായാല്‍ കട്ടിളപ്പടി സ്വര്‍ണ്ണമാകും എന്നെല്ലാം പറയും. പൂച്ചകള്‍ നൂറ്റൊന്നാകുമ്പോഴേക്കും അമ്മൂമ്മ മരിച്ചു. കട്ടിളപ്പടി വീട്ടിയുടേത്‌ തന്നെ.
ഉറങ്ങാന്‍ കിടക്കവെ രശ്‌മി തിരിഞ്ഞു മറിഞ്ഞു കിടന്നു. ഞാന്‍ നല്ല ഉറക്കത്തിലായി. മഴയുടെ ഗന്ധം പ്രകൃതിയുടെ തണുത്ത സ്‌പര്‍ശം എല്ലാം എന്നെ ഉറക്കി. ആത്മാക്കളുടെ ലോകത്തുനിന്നും, സ്വന്തം ദേഹത്തേക്ക്‌ തിരിച്ചു വന്ന പൊലെ തോന്നി.
കാലത്ത്‌ എഴുന്നേറ്റപ്പോള്‍ രശ്‌മി നല്ല ഉറക്കത്തിലാണ്‌. മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പദപ്രശ്‌നം പോലെ അവള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കുറച്ചു നേരം ഉമ്മറത്തിരുന്നു. മുറ്റത്തേക്കു കണ്ണോടിക്കവേ, ചെമ്പകത്തിന്റെ ചുവട്ടില്‍ അടക്കാപക്ഷികള്‍ കലപില കൂട്ടുന്നു. ചെമ്പകം വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. നിറയെ വെളുത്ത പൂക്കള്‍. അനവധി വൃക്ഷങ്ങളാണ്‌ പറമ്പില്‍. എല്ലാം അച്ചനോ, മുത്തച്ചനോ നട്ടതായിരിക്കാം.കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയച്ചന്‍ വന്നു. വലിയ കാലന്‍ കുട ഇറയത്ത്‌ വെച്ച്‌ ഉമ്മറം കയറവെ ചോദിച്ചു.
'രഘൂ.. രശ്‌മി എഴുന്നേറ്റില്ലേ..?'
ചെറിയച്ചന്‍ അകത്തു പോയി. രശ്‌മി അപ്പോഴേക്കും എഴുന്നേറ്റിരുന്നു. ചായയെടുക്കാനുള്ള തെയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. ചെറിയച്ചന്‍ പറഞ്ഞു.
'രശ്‌മീ ഇത്‌ പട്ടണമല്ല. സ്വന്തം നാടാ. നമ്മുടെ മണ്ണ്‌. സ്‌ത്രീകള്‍ക്ക്‌ ഫ്ലാറ്റിലെ രാത്രികള്‍ക്ക്‌ നീളം കൂടുതലാ. ഇവിടെ അങ്ങന്യാണോ..?'
ചെറിയച്ചന്‍ അങ്ങനെയാണ്‌. കുറെ സംസാരിക്കും. പ്രിയമായതും അപ്രിയമായതും.
'രഘൂ.. നിങ്ങള്‍ കുളി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരൂ. പ്രാതല്‍ അവിടെ നിന്നാകാം. ആട്ടെ, വിഷ്‌ണു എന്നാണ്‌ വരുന്നത്‌? അവന്റെ പഠിപ്പ്‌ എങ്ങിനെ പോകുന്നു..?'
'ഉവ്വ്‌.. നന്നായി പോകുന്നു.' ഞാന്‍ എഴുന്നേട്ടു.
ചെറിയച്ചന്‍ പറമ്പിലൂടെ നടന്നു പോയി.രശ്‌മി ചായയുമായി വന്നപ്പോള്‍ ഞാന്‍ അരികെ ബലമായി പിടിച്ചിരുത്തി. എന്നിട്ട്‌ ചോദിച്ചു. 'നീ ഇന്നലെ ഉറങ്ങിയില്ലെ..?'
'ഇല്ല.. ഉറക്കം വന്നില്ല.' മുഖത്ത്‌ ഗൌരവം തന്നെ.
'നീ കണ്ടൊ രശ്‌മീ.. ഈ ചെമ്പകമരം. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഈ ചെമ്പകത്തിന്റെ പൂക്കളാ ഞാന്‍ നിനക്ക്‌ കൊണ്ടു തന്നിരുന്നത്‌. ചെമ്പകപ്പൂവില്‍ നിന്നല്ലേ നമ്മുടെ പ്രണയം തുടങ്ങിയത്‌?'
അവള്‍ അത്‌ഭുതത്തോടെ മുറ്റത്തേക്ക്‌ നോക്കി.
ഞാന്‍ പറഞ്ഞു. 'ഈ ചെമ്പകത്തിനറിയാം എനിക്ക്‌ നിന്നോടുള്ള പ്രണയത്തിന്റെ തീക്ഷ്‌ണത.'
രശ്‌മി ചിരിച്ചു. ഒരായിരം ചെമ്പകമൊട്ടുകള്‍ പൊലെ.
സ്‌കൂളില്‍ മൊട്ടിട്ട ചെമ്പകമാകുന്ന പ്രണയത്തിന്റെ വളര്‍ച്ച എത്രയെന്ന് അവള്‍ മുറ്റത്തിറങ്ങി നോക്കി.രശ്‌മിയുടെ ചെറുപ്പകാലം പട്ടിണിയുടേതായിരുന്നു. ദുരിതപൂര്‍ണ്ണമായിരുന്നു. 'രാഘ്വേട്ടന്‍ തരുന്ന ഈ ചെമ്പകപ്പൂക്കളുടെ ഗന്ധമൊഴിച്ചാല്‍ ബാക്കി എല്ലാം ദു:ഖമാണെന്ന്' അവള്‍ അന്ന് പറയുമായിരുന്നു.
ഒരു പാട്‌ സംഘട്ടനങ്ങള്‍.. പിന്നീട്‌ എല്ലാവരേയും വെല്ലുവിളിച്ച്‌ രശ്‌മിയേയും കൊണ്ട്‌ ബോംബെയിലേക്ക്‌ പോയി. പിന്നെ നാട്ടിലേക്കില്ല. ഒരു പാടു കാലം.
അവള്‍ ചെമ്പകത്തിന്റെ അരികെ ചെന്നു. ചുറ്റും നടന്നു നോക്കി. താഴ്‌ന്ന ഒരു ചില്ല എത്തിപ്പിടിച്ച്‌ ഒരു പൂവറുത്ത്‌ മണത്തു നോക്കി. ഉമ്മറം കയറവേ അവള്‍ പൊട്ടിക്കരഞ്ഞു.
'രശ്‌മീ.. എന്തു പട്ടി..? എന്തിനാ കരയ്‌ണ്‌?'
'അല്ല.. രാഘ്വേട്ടാ.. ഈ മണം.. എന്റെ ഓര്‍മ്മകള്‍.. എന്റെ ജീവിതം.. ' അവള്‍ തേങ്ങിക്കരഞ്ഞു.
ചേര്‍ത്തു നിര്‍ത്തവെ അവള്‍ പറഞ്ഞു.
'രാഘ്വേട്ട.. ചെമ്പകപ്പൂക്കള്‍ എന്നെ നോക്കി ചിരിച്ചു. പട്ടിണിയില്‍ നിന്നും ദുരിതത്തില്‍ നിന്നും കരകയറാന്‍ എന്റെ രാഘ്വേട്ടനെ നിക്കു തന്നത്‌ ഈ പൂക്കളാ..'
എന്റെ കണ്ണുകളും നിറഞ്ഞു പോയി. ഞാന്‍ പതിയെ ചോദിച്ചു.
'അപ്പോള്‍ ബാംഗ്ലൂരിലേ ഫ്ലാറ്റ്‌..?'
അവള്‍ തേങ്ങലോടെ പറഞ്ഞു
'നമ്മള്‍ക്കത്‌ മറക്കാം.. എവിടെയായാലും ഈ മണത്തിന്റെ ലഹരി.. അത്‌ മതി എനിക്ക്‌.'
കാറ്റു വീശി. മുറ്റത്ത്‌ ചെമ്പകത്തിന്റെ ഇലകളും ഇതളുകളും കൊഴിഞ്ഞു വീണു. ചാറ്റല്‍ മഴയുടെ ആരംഭം. വീണ്ടും ഒരുത്സവത്തിന്റെ തയ്യാറെടുപ്പോടെ പ്രകൃതി.

ഓ..... കാശ്‌മീര്‍....

ഓ..... കാശ്‌മീര്‍....

--നന്ദു കാവാലം


യുദ്ധം അവസാനിച്ചിരിക്കുന്നു!
ആരോ പറഞ്ഞു.
പണ്ട്‌ , ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ ഞങ്ങളുടെ കണ്ണീരില്‍ യുദ്ധം
നിഴലിച്ചിരുന്നു.
ഞങ്ങള്‍ക്കു ജന്മം നല്‍കിയവര്‍ ഞങ്ങളില്‍ ഭീതി ചിറകുവിരിക്കുന്നത്‌
കണ്ടിരുന്നു.
പക്ഷേ,ആവര്‍ത്തനം അതിന്റേതായ വിരസതയോടെ ഞങ്ങളില്‍ അലിഞ്ഞു
ചേരുകയായിരുന്നു.
പ്രതിഷേധിക്കന്‍ ശ്രമിച്ചപ്പോളൊക്കെയും ഞങ്ങളുടെ ചുമലിലെ ഭാരം (ഭാരതം)
ഞങ്ങളുടെ ശബ്‌ദത്തെ വികലവും അവ്യക്തവുമാക്കിയിരുന്നു.
യുദ്ധം തീര്‍ന്നിരിക്കുന്നു!
ഒരാള്‍ ആവര്‍ത്തിച്ചു.
ചില തണുത്ത പ്രഭാതങ്ങളില്‍, രാത്രിയുടെ ഏതോ യാമങ്ങളില്‍ തളര്‍ന്നു
വീണുറങ്ങിയിരുന്ന
ഞങ്ങളെ ഉണര്‍ത്തിയിരുന്നത്‌ തോക്കുകള്‍ ശര്‍ദ്ദിക്കുന്ന ശബ്‌ദമായിരുന്നു
അപൂര്‍ണമായ ഉറക്കം തരുന്ന അരോചകതയില്‍
തലേന്നു മറന്നു വെച്ച വിശപ്പറിഞ്ഞു കരഞ്ഞിരുന്ന
ഞങ്ങളിലെ കുഞ്ഞുങ്ങള്‍ , പീരങ്കിയുടെ നീണ്ട കഴുത്ത്‌
ഞങ്ങളുടെ നേരെ തിരിയുന്നത്‌ കണ്ട്‌ നിശ്ശബ്‌ദരായിരുന്നു.
പക്ഷേ പട്ടാളമേധാവികളുടെ ചുവന്ന കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ,
പത്രലേഖകര്‍ക്ക്‌ പിന്നില്‍ ഞങ്ങള്‍ ചിരിച്ചു നിന്നിരുന്നു.
അങ്ങിനെ നിന്നില്ലെങ്കില്‍ ..
ഞങ്ങളുടെ മഹാരാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിവസിക്കുന്നവര്‍,
ഞങ്ങള്‍ വിശപ്പും ദുഃഖവും അനുഭവിക്കുന്നുവെന്ന് അറിയുകയും,
അവര്‍ വേദനിക്കയും ചെയ്യുമെന്ന്,
ശിരസ്സില്‍ വെളുത്ത തൊപ്പി ധരിച്ച ഒരാള്‍ ഇടയ്‌ക്കിടെ ഞങ്ങളെ
ഓര്‍മ്മിപ്പിച്ചിരുന്നു.
യുദ്ധം തീര്‍ന്നിരിക്കുന്നു!
ആരോ വീണ്ടും പറഞ്ഞു.
മഞ്ഞില്‍,തണുപ്പില്‍ ,പുലരിയില്‍,വിറങ്ങലിച്ചു കിടന്നിരുന്ന ഞങ്ങളെ
ചവിട്ടിമെതിച്ച്‌,
ഞങ്ങളുടെ പട്ടാളക്കാര്‍ അതിര്‍ത്തിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യവെ..
അവരുടെ കണ്ണില്‍ നിന്നിറ്റു വീണിരുന്ന ചുടുകണ്ണീര്‍........
പലപ്പോഴും കൊടും തണുപ്പില്‍ ഞങ്ങള്‍ക്കൊരാശ്വാസമായിരുന്നു .
....................................................................
അങ്ങകലെയെവിടെയോ നിന്നും
തലയില്‍ "ബോട്ടിന്റെ ആകൃതിയിലുള്ള" വെള്ളത്തൊപ്പിയും
മേലാകെ പരുക്കന്‍ ഖദര്‍ വസ്‌ത്രങ്ങളും
അതില്‍..
വിദേശനിര്‍മ്മിത സുഗന്ധലേപനങ്ങളും പുരട്ടി
ഇടയ്‌ക്കിടെ വന്നിരുന്ന തടിച്ച മനുഷ്യന്‍
ഞങ്ങളുടെ മഹാരാജ്യത്തിന്റെ ഒരു മന്ത്രിയാണ്‌ താനെന്നു ആവര്‍ത്തിച്ചിരുന്നു.
രാജ്യസ്‌നേഹത്തെ സംബന്ധിക്കുന്ന
ഇംഗ്ലീഷിലും ഉറുദുവിലും ഹിന്ദിയിലുമുള്ള ലഘുലേഖകള്‍,
ഈ മൂന്നു ഭാഷകളും അറിയാത്ത
ഞങ്ങള്‍ നീട്ടുന്ന ഭക്ഷണപ്പാത്രങ്ങളില്‍ അദ്ദേഹം യഥേഷ്‌ടം വിളമ്പിയിരുന്നു.
'യുദ്ധം നിലച്ചിരിക്കുന്നു!'
ആരുടെയോ ശബ്‌ദം വീണ്ടും മുഴങ്ങി.
വര്‍ഷത്തിലൊരിക്കല്‍....
"ഞങ്ങളുടെ മഹാരാജ്യത്തിന്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ മറ്റൊരു വര്‍ഷം കൂടി
കഴിഞ്ഞിരിക്കുന്നു"
എന്ന വിളംബരവുമായി ഞങ്ങളുടെ മുന്നില്‍ യൂണിഫോമും
പട്ടുസാരികളുമണിഞ്ഞ്‌
അനേകം പെണ്‍കുട്ടികള്‍ ഒന്നായ്‌ നിന്ന് പല സ്വരങ്ങളില്‍ ഒരേ ഗാനം
ആലപിച്ചിരുന്നു...
നമ്മുടെ രാജ്യം ഒന്നാണ്‌ എന്നവര്‍ പാടുമ്പോള്‍
ആ രാജ്യം ഏതാണ്‌ എന്ന് ഞങ്ങളിലെ കുഞ്ഞുങ്ങള്‍ ഞങ്ങളോട്‌ ചോദിച്ചിരുന്നു.
'യുദ്ധം കഴിഞ്ഞിരിക്കുന്നു!'
ആരോ വീണ്ടും പറഞ്ഞു.
അകലെ, മൈതാനത്തുള്ള ടെലിവിഷനില്‍
മഹാരാജ്യത്തിനായി എന്തും ത്യജിക്കാനുള്ള കരുത്തുണ്ടായിരിക്കണം എന്നെഴുതിക്കാണിക്കാറുണ്ടായിരുന്നു.
ഞങ്ങള്‍ക്കതു മാത്രമേ ഉള്ളല്ലോ എന്നു ഞങ്ങള്‍ അപ്പോള്‍ അത്ഭുതപ്പെട്ടിരുന്നു.
ടെലിവിഷനില്‍.........
രാഷ്‌ട്രശില്‍പിയെന്നോ,രാഷ്‌ട്രപിതാവെന്നോ പറയപ്പെട്ടിരുന്ന ഒരാള്‍,
ചിലപ്പോള്‍ ഒരു ഊന്നുവടിയുമായും
മറ്റുചിലപ്പോള്‍ യവ്വനയുക്തകളായ പെണ്‍കുട്ടികളാല്‍ താങ്ങപ്പെട്ടും
എവിടേയ്‌ക്കോ ധൃതിയില്‍ നടന്നു പോകുന്നതു കാണിച്ചിരുന്നു
ആദ്യമൊക്കെ അദ്ദേഹം ഇവിടേക്കാവും വരികയെന്നും
ഞങ്ങളുടെ ത്യാഗത്തേയും ധൈര്യത്തേയും അറിഞ്ഞു
ഞങ്ങളെ അഭിനന്ദിക്കും എന്നും ( എങ്കിലും)ഞങ്ങള്‍ കരുതിയിരുന്നു.
അദ്ദേഹമാണ്‌ ഞങ്ങളുടെ മഹാരാജ്യത്തെ രണ്ടാക്കിയതെന്നും
സമരവും സത്യാഗ്രഹവും യുദ്ധവും ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ചതെന്നും
പിന്നീട്‌ തൂക്കിലേറ്റപ്പെട്ട ഒരാള്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു.
ഞായറാഴ്ചകളില്‍...
ടെലിവിഷനില്‍ കാണിച്ചിരുന്ന ബധിര മൂകര്‍ക്കുള്ള വാര്‍ത്തകളില്‍
(അതായിരുന്നു എളുപ്പത്തില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായിരുന്നത്‌)
യൂറിയ,ഹവാല,തെഹല്‍ക്ക തുടങ്ങിയ വാക്കുകള്‍
ഏതു ഭാഷയിലേതാണെന്ന ഞങ്ങളുടെ ചോദ്യത്തിനു മുന്നില്‍
പട്ടാളക്കാര്‍ ബധിരമൂകരെപ്പോലെ നിന്നിരുന്നു.
യുദ്ധത്തിനു വിരാമമായിരിക്കുന്നു!
ഒരാളെ തുടര്‍ന്നു പലരും പറഞ്ഞു.
അന്തിയാകുമ്പോള്‍ ,
ചെയ്‌ത ജോലിയ്‌ക്കു പ്രതിഫലമായി കിട്ടുന്ന തുകയാല്‍ ഞങ്ങള്‍ ചിലപ്പോള്‍
വെടിയുണ്ടകള്‍ വിലക്കു വാങ്ങിയിരുന്നു.
അവ, താഴ്‌വരയിലേക്ക്‌ വലിച്ചെറിഞ്ഞു ഞങ്ങള്‍ ആരോടോ ഉള്ള
ഞങ്ങളുടെ പക തീര്‍ക്കുമായിരുന്നു.
യുദ്ധത്തിനു അന്ത്യമായിരിക്കുന്നു!
ഇന്ന് ആ വാക്കുകള്‍ കേട്ട്‌ ഞങ്ങള്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്‌തു
തളര്‍ന്ന ഞങ്ങള്‍ നിദ്രയില്‍,സ്വപ്‌നത്തില്‍,
പട്ടിണിയും ഭയവും ഞങ്ങളെ വിട്ടകലുന്നതും
രക്‍തവും കരിഞ്ഞ ശരീരഭാഗങ്ങളും
മനം മടുപ്പിക്കുന്ന അവയുടെ ഗന്ധങ്ങളും മറഞ്ഞകന്നു പോകുന്നതും
നീലാകാശവും നനുത്ത മഞ്ഞും അതിലെ സ്‌നിഗ്‌ദ്ധതയും തിരികെ വരുന്നതും
കണ്‍ നിറയെ കണ്ടു .
പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന പ്രകാശ വീചികളില്‍ സ്വാതന്ത്ര്യം തെളിയവെ,
താഴ്‌വരകളില്‍ വീണ്ടും വെടിയൊച്ചയുയര്‍ന്നു.
"രാജ്യസ്‌നേഹവും സ്വാതന്ത്ര്യത്തിനായുള്ള ത്വരയും യുദ്ധം നിലനിന്നാലെ
ശക്‍തിയാര്‍ജ്ജിക്കൂ..
രാഷ്‌ട്ര നന്മയ്‌ക്കും അതിനുമതീതമായ രാഷ്‌ട്ര പുനരുദ്ധാരണത്തിനും
യുദ്ധം അനിവാര്യമാകുന്നു..."
പ്രകോപനമില്ലാതെ അയല്‍രാജ്യത്തേക്ക്‌ നിറയൊഴിക്കുന്ന സൈനികര്‍ക്ക്‌
വളരെ പിന്നില്‍ നിന്ന് തലയില്‍ തൊപ്പി ചൂടിയ
രാഷ്‌ട്ര നേതാവു പറഞ്ഞ മഹദ്‌ വചനം കേള്‍ക്കവേ ....
തൂക്കിലേറ്റപ്പെട്ടവനെയോര്‍ത്ത്‌ ഞങ്ങള്‍ മുട്ടുകുത്തി നിന്നു.

ഓണമിതു പൂക്കാലം

ഓണമിതു പൂക്കാലം

അഞ്ജു, സ്റ്റാന്‍ഡേര്‍ഡ്‌ 7 ,
ഗവ: സ്‌കൂള്‍ , ചെറുതുരുത്തി

അത്തം പത്തിന്‌ തിരുവോണത്തിന്‌
ചാരുതയേറും പൂക്കളുമായ്‌
മുറ്റം നിറയെ പൂവിടുവാനായ്‌
കുട്ടികളോടി നടക്കുന്നു.
പൂത്തുമ്പികളും ചെറുപൈതങ്ങളു-
മെല്ലാം തോടുവരമ്പുകളില്
‍ചെറുകൂടയുമായ്‌ പൂ തിരയുന്നു
സന്തോഷത്തോടാടുന്നൂ.
അത്തം ചിത്തിര ചോതി വിശാഖം
അനിഴം എന്നീ നാളുകളും
തിരുവോണത്തിനെ വരവേല്‍ക്കാനായ്‌
ഒന്നിച്ചൊരുങ്ങി നില്‍ക്കുന്നു.
പുലരികള്‍ വിടരും നേരത്ത്‌
പൂക്കള്‍ വിരിയും നേരത്ത്‌
പൂക്കളമിടുവാന്‍ പൂവുകള്‍ തേടി
പുല്‍മേടുകളില്‍ പോകുന്നു.
മത്തപ്പൂക്കളിറുക്കാനായ്‌
അത്തം വന്നു മന്ദത്തില്‍
‍ചെത്തിപ്പൂക്കളിറുക്കാനായ്‌
ചിത്തിര വന്നു ചന്തത്തില്‍
‍ചോപ്പു നിറത്തിന്‍ പൂക്കളുമായ്‌
ചോതിയണഞ്ഞു കൂടയിതാ
വാടാമല്ലിയുമായെത്തി
വേഗത്തില്‍ വൈശാഖമിതാ
അനവധി പൂക്കളുമായ്‌ വന്നു
അനിഴവുമങ്ങിനെ മോദത്തില്‍
തൃക്കാക്കരയിലെ പൂക്കളുമായ്‌
തൃക്കേട്ടയിതാ വന്നെത്തി
മുല്ലപ്പൂക്കളിറുത്തെത്തി
മൂലം വന്നു മുറ്റത്ത്‌
പൂക്കള്‍ പൂജിച്ചെത്തുന്നു
പൂരാടമിതാ പുണ്യത്തില്‍
ഉഷസ്സിന്‍ പൂക്കളിറുത്തെത്തി
ഉല്ലാസത്തോടുത്രാടം
തിരുനാവില്‍ തിരുനാമങ്ങള്‍
പാടിയണഞ്ഞു തിരുവോണം
പൊന്നോണത്തിന്‍ തിരുമേനി
മാവേലിയെ വരവേല്‍ക്കാനായി
പൂക്കള്‍ പുഞ്ചിരി തൂകിയിതാ
മുറ്റത്തങ്ങനെ നില്‍ക്കുന്നു
പൊന്നോണപൊന്‍ കോടിയണിഞ്ഞ്‌
നില്‍ക്കുന്നൂ കുഞ്ഞോമനകള്‍
ചാന്തും കളഭക്കുറിയും തൊട്ട്‌
കളിയാടീടാനണയുന്നു.
ചോറും കറിയും ഉപ്പേരികളും
പച്ചടി കിച്ചടി പായസവും
കാളനുമോലനുമെലിശേരീം
രസവും തൈരും കൂട്ടുകറീം
എല്ലാതുംകൂടോണത്തിന്‍
പുതുമകളേറെ നമുക്കുണ്ടേ
ഓണത്തേ എതിരേല്‍ക്കാനായ്‌
നമ്മള്‍ക്കൊരുങ്ങി നിന്നീടാം.