Saturday, July 08, 2006

മഴയുടെ രണ്ടാം വരവ്‌

മഴയുടെ രണ്ടാം വരവ്‌
നന്ദു കാവാലം

അല്ല.. ഇതാര്‌ മഴയോ? വരൂ...
ഞാന്‍ കരുതി നീയിനി വരില്ലെന്ന്..
എന്നേയ്‌ക്കും നഷ്‌ടമായെന്നു
ഭയന്നവയിലൊന്നു തിരികെ
കിട്ടിയതു പോലുണ്ട്‌
ഈ വരവ്‌ നമുക്കൊരു
അനുഭൂതിയാക്കി മാറ്റണം
നീ പിണങ്ങിയല്ലേ മുമ്പ്‌ പോയത്‌?
കൊണ്ടുവന്നത്‌ മുഴുവന്‍ തന്നുമില്ല!
പരിഭവിച്ചിരിക്കുമെന്നു ഞാന്‍ നിരീച്ചു
അങ്ങനെ കരുതാനും ഞാനല്ലേ നിനക്കുള്ളൂ?
ഞാന്‍ തെറ്റുചെയ്‌താല്‍
നീയല്ലേ ക്ഷമിക്കേണ്ടത്‌?
ക്ഷമിക്കാനെനിക്കറിയില്ല
എന്ന സത്യം നിനക്കറിയില്ലേ
നീ അതറിഞ്ഞിരിക്കേണ്ടതല്ലെ?
എത്ര നാളായി ഞാന്‍ നിന്നോടിതു കാട്ടണു!
നിനക്കിതൊക്കെ പരിചിതമായിക്കാണുമ്ന്ന്
ഞാന്‍ നിരീച്ചതില്‍ തെറ്റുണ്ടോ?
താഴ്‌വാരങ്ങളില്‍ നിന്നു കുളിര്‍കാറ്റ്‌..
ഓ.. നിന്റെ വരവറിഞ്ഞിരിക്കുന്നു...
ചാരമേഘങ്ങള്‍ കെട്ടിപ്പുണരുമ്പോള്‍
നനുത്ത ചൂട്‌... നനവിന്റെ മണം...
ആദ്യം വീണ തുള്ളിയില്‍
പാറയ്‌ക്കു കാമഭ്രാന്ത്‌
അട്ടയും മണ്ണിരയും
സുരതത്തിന്‍ ലഹരിയില്‍
കുളിരില്‍ ഉള്ളിലെ
ചൂടണയുന്നു ഉണരുന്നു...
ഹോ ..! നീ .. നീ തന്നെ..
നിനക്കു പകരമൊന്നിനെ മാത്രം
ഞങ്ങള്‍ക്കിതുവരെ കിട്ടിയില്ല...
നീയൊപ്പമുണ്ടെന്ന സുഖവിചാരത്തില്‍
നിന്‍കുളിരിനൊപ്പമെഴുന്നു നില്‍ക്കുന്ന
രോമരാജികള്‍ക്കപ്പുറത്തവളും.. നില്‍ക്കേ
നിന്നിലെന്‍ കാമത്തെ ഞാന്‍ അലിയിക്കട്ടെ
തന്റെ നോവുകളെ അവള്‍ പെറ്റൊഴിയട്ടെ

മെഡിക്കല്‍ ക്യാമ്പ് പ്രവാസികള്‍ക്ക് സാന്ത്വനമേകി

മെഡിക്കല്‍ ക്യാമ്പ് പ്രവാസികള്‍ക്ക് സാന്ത്വനമേകി

-എസ്.കെ.ചെറുവത്ത്

ഒരു ഓണ്‍ലൈന്‍ ഫോറത്തിനു ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതിന്റെ തെളിവായിരുന്നു, ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ട്‌, യു.എ.ഇ ചാപ്‌റ്റര്‍ രണ്ട്‌ ദിവസങ്ങളിലായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌. ആതുരശുശ്രൂഷാ രംഗത്ത്‌ ശ്രദ്ധേയരായ ജാന്‍സണ്‍സ്‌ സ്‌റ്റാര്‍ പോളി ക്ലിനിക്കുമായി സഹകരിച്ച്‌, ബര്‍ ദുബായിലുള്ള ക്ലിനിക്കില്‍ വെച്ചായിരുന്നു ക്യാമ്പ്‌ നടന്നത്‌. 350 ആളുകളില്‍ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിക്കൊണ്ട്‌ ചെയ്യാന്‍ ഉദ്ദേശിച്ച ക്യാമ്പിന്റെ സേവനം, 500-നടുത്ത്‌ ആളുകള്‍ ഉപയോഗപ്പെടുത്തി. സ്‌റ്റേജ്‌ ഷോകള്‍ നടത്താന്‍ ആവേശഭരിതരാകുന്ന പ്രവാസിസംഘടനകളില്‍ നിന്നും വ്യത്യസ്‌ഥമായി, ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ടിന്റെ സേവനമേഖലയില്‍ കാലൂന്നിയുള്ള ഈ പ്രവര്‍ത്തനം ഏറെ പ്രശംസനീയമായിരുന്നു. ഗള്‍ഫ്‌ നാടുകളിലെ വര്‍ദ്ധിച്ചു വരുന്ന ചികില്‍സാചെലവും, കുതിച്ചുയരുന്ന മരുന്നുവിലയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, യു.എ.ഇ-യിലെ തൊഴിലാളികള്‍ക്ക്‌ ഏറെ ആശ്വാസകരമായിരുന്നു 2006 ജൂണ്‍ 23, 30 തിയ്യതികളിലായി നടന്ന ഈ മെഡിക്കല്‍ ക്യാമ്പ്‌. ഭാഷാ മാഗസിന്‍ ഡയരക്‍ടര്‍ ശ്രീ. നാരായണന്‍ വെളിയങ്കോട്‌ മെഡിക്കല്‍ ക്യാമ്പ്‌ ഉത്ഘാടനം ചെയ്‌തു. ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ട്‌ മോഡറേറ്റര്‍ സുഷ ജോര്‍ജ്ജ്‌ അദ്ധ്യക്ഷയായിരുന്നു. ജാന്‍സണ്‍സ്‌ സ്‌റ്റാര്‍ പോളി ക്ലിനിക്ക്‌ എം.ഡി ശ്രീ. മോഹന്‍ തുടര്‍ന്ന് സംസാരിച്ചു. ഐ സ്‌പെഷ്യലിസ്‌റ്റ്‌, യൂറോളജിസ്‌റ്റ്‌, ജനറല്‍ ഫിസിഷ്യന്‍സ്‌ തുടങ്ങി ഏഴോളം ഡോക്‍ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ബ്ലഡ്‌ ഷുഗര്‍, ബ്ലഡ്‌ പ്രഷര്‍, കൊളസ്‌റ്ററോള്‍ തുടങ്ങിയ പരിശോധനകള്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവയും ക്യാമ്പില്‍ സൌജന്യമായി നല്‍കി.



ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ടിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 2005 ജൂലൈ 20-ന്, ഒരു ഓണ്‍ലൈന്‍ ഫോറമായി ആരംഭിച്ച ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ടില്‍ ഇന്ന് യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ബാംഗ്ലൂര്‍, കേരള, മുംബൈ, കെനിയ, യു.കെ, യു.എസ് തുടങ്ങീ വിവിധ സ്‌ഥലങ്ങളില്‍ നിന്നായി നൂറിലധികം മലയാളികള്‍ സൌഹൃദം പങ്കിടുന്നുണ്ട്. കൃത്യമായ വിലാസവും പേരുവിവരവും ഉറപ്പുവരുത്തിയതിനു ശേഷം മാത്രമെ, ഡാഫൊഡിത്സിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയുള്ളൂ എന്നതാണ്, മറ്റു ഓണ്‍ലൈന്‍ കൂട്ടായ്‌മകളില്‍ നിന്നും ഡാഫൊഡിത്സിനെ വ്യത്യസ്‌ഥമാക്കുന്നത്. ഓണ്‍ലൈനിലൂടെ വിശേഷങ്ങള്‍ പങ്കിടുക എന്നതിനപ്പുറം, സാധ്യമാകുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, അംഗങ്ങളുടെ ക്രിയാത്മക കഴിവുകളുടെ പ്രോത്സാഹനങ്ങള്‍ക്ക് വേദിയൊരുക്കുക തുടങ്ങിയവയാണ് ഡാഫൊഡിത്സിന്റെ മറ്റു പ്രവര്‍ത്തന മേഖലകള്‍. ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരു അനൌദ്യോഗിക വെബ് സൈറ്റ് ( www.daffodilsindesert.com ) ഡാഫൊഡിത്സിലെ അംഗങ്ങള്‍ തന്നെയാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചത്.

ബൂലോഗ സംഗമങ്ങള്‍

ബൂലോഗ സംഗമങ്ങള്‍
-ഡ്രിസില്‍ മൊട്ടാമ്പ്രം

അതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യമാണ് ബ്ലോഗുകളെ പ്രശസ്‌തമാക്കിയത്. ഒരു തുറന്ന ചര്‍ച്ചാവേദിയാണ് ബ്ലോഗുകള്‍. ‘ബ്ലോഗ്‘ എന്ന വാക്ക് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തപ്പോള്‍ അത് ‘ബൂലോഗ‘മായി. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 250-ലേറെ മലായാളികള്‍, മാതൃഭാഷയില്‍ ബ്ലോഗെഴുതുന്നു. അവര്‍ തങ്ങളുടെ നയനിലപാടുകളും, സാഹിത്യരചനകളും, തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും, ചിന്താധാ‍രയ്‌ക്കും അനുസൃതമായ എഴുത്തുകളും തങ്ങളുടെ സ്വന്തം ബൂലോഗത്തില്‍ പ്രകാശനം ചെയ്യുന്നു. നിമിഷനേരങ്ങള്‍ക്കുള്ളില്‍, മറ്റു ബൂലോകര്‍ ആ എഴുത്തുകള്‍ക്ക് മറുകുറിപ്പ് എഴുതുകയായി.

ഇന്റര്‍നെറ്റിലൂടെ മാത്രം പരസ്‌പരം അടുത്തറിഞ്ഞ മലയാ‍ളം ബ്ലോഗെഴുത്തുകാര്‍ ആദ്യമായി ഒത്തുചേര്‍ന്നു. യു.എ.ഇ-യിലെ ബൂലോകര്‍ ഷാര്‍ജ കുവൈത്ത് ടവറിലും, കേരളത്തിലെ ബൂലോകര്‍ കൊച്ചി ദര്‍ബാര്‍ ഹാളിലുമാണ് സംഗമിച്ചത്.



യു.എ.ഇ-യിലെ 40-ഓളം മലയാളം ബ്ലോഗെഴുത്തുകാര്‍ ചേര്‍ന്ന സംഗമത്തില്‍, രണ്ട് വിഷയങ്ങളില്‍‍ മേല്‍ സിം‌പോസിയങ്ങള്‍ നടന്നു. ‘യുനീകോഡിന്റെ സാധ്യതകള്‍’ എന്ന വിഷയത്തിന്‍ മേല്‍ നിഷാദ് കൈപള്ളിയും , ‘മലയാളം ബ്ലോഗിംഗ്’ എന്ന വിഷയത്തില്‍ സജിത്തും വിഷയാവതരണം നടത്തി.‍പ്ലാറ്റ്ഫോമോ പ്രോഗ്രാമോ ലാംഗ്വേജോ യാതൊരു പരിമിതിയും ഏര്‍പ്പെടുത്താത്ത യുനികോഡ്, മറ്റു ഭാഷാമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, മലയാളം ഇന്റര്‍നെറ്റ് പത്രമാധ്യമങ്ങള്‍ ഇന്നും ആസ്‌കീ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത് എന്നത് ലജ്ജാവഹമാണെന്ന് യുനീകോഡിനെ കുറിച്ച് വിഷയാവതരണം നടത്തിയ നിഷാദ് കൈപള്ളി പറഞ്ഞു. യുനികോഡിന്റെ സാധ്യതകള്‍ക്ക് നേരെ കണ്ണടച്ച്, മലയാള ലിപി വിപുലീകരണത്തിനും, പുതിയ ഫോണ്ടുകള്‍ക്കുമായി കേരള സര്‍ക്കാര്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുകയാണെന്ന് നിഷാദ് കുറ്റപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, മലയാളം ബ്ലോഗിംഗിനു കൂടുതല്‍ പ്രചാരം നല്‍കുന്നതിലൂടെ യുനികോഡിലുള്ള മലയാളം ലിപികളുടെ സാധ്യതകളെ ജനകീയമാക്കാന്‍ സാധിക്കുമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍, മൈക്രോസൊഫ്‌റ്റ് ഇന്‍‌ഡിക് ബ്ലോഗ് അവാ‍ര്‍ഡ് ജേതാവ് സജീവ് എടത്തനാടന്‍, കലേഷ് എന്നിവരെ യു.എ.ഇ ബൂലോഗ സംഗമം പൊന്നാട അണിയിച്ച് ആദരിച്ചു.

അപരിചിതത്വത്തിന്റെ മുഖഭാവമില്ലാതെ സംഗമത്തിലെത്തിയ ആ ഭാഷാസ്‌നേഹികള്‍, വീണ്ടും കാണാമെന്ന ഉറപ്പോട് കൂടി സംഗമത്തിനു ശേഷം യാത്ര പറഞ്ഞു.

കൊച്ചി ദര്‍ബള്‍ ഹാളില്‍ നടന്ന കേരള ബൂലോക സംഗമം, ശ്രീ. ചന്ദ്രശേഖരന്‍ നായര്‍, ഹരിശ്രീ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉത്ഘാടനം ചെയ്‌തു. 30-ലധികം മലയാളം ബ്ലോഗെഴുത്തുകാ‍ര്‍ പങ്കെടുത്ത സംഗമത്തില്‍, മലയാളം ബ്ലോഗിംഗിനുപയോഗിക്കുന്ന വരമൊഴി മലയാളം ടൈപിംഗ് സോഫ്‌റ്റ്‌വേറിനെ കുറിച്ച് വിശ്വപ്രഭ സംസാരിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന ചടങ്ങില്‍, ബ്ലോഗുകളെ ആസ്‌പദമാക്കി അതുല്യ അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍, ഓരോരുത്തരും സജീവമായി തന്നെ പങ്കു കൊണ്ടു. തുടര്‍ന്ന്, മാധ്യമപ്രതിനിധികളുമായി നടത്തിയ സംഭാഷണത്തില്‍, വിശ്വപ്രഭ, ശ്രിജിത്ത്, അതുല്യ തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളം ബ്ലോഗിംഗ്, മലയാളം ബ്ലോഗിംഗിന്റെ പ്രത്യേകതകള്‍, ബ്ലോഗ് തുടങ്ങുന്നതിന്റെ രീതി തുടങ്ങിയ കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു.



രാവിലെ പത്ത് മണിക്ക് തുടങ്ങിയ സംഗമത്തില്‍ നിന്നും യാത്ര പറയുമ്പോള്‍ സമയം വൈകുന്നേരം അഞ്ചു മണിയായിരുന്നു.

ഇതിനു മുമ്പ് ബാംഗ്ലൂര്‍ ബ്ലോഗെഴുത്തുകാര്‍, ‘ദ ഫോറം’ മാളില്‍ ഒത്തു ചേര്‍ന്നിരുന്നു. അതായിരുന്നു, മലയാളം ബ്ലോഗെഴുത്തുകാരുടെ ആ‍ദ്യ സംഗമം.

തൊട്ടിപ്പാള്‍ പൂരം

തൊട്ടിപ്പാള്‍ പൂരം

എം.വേണു - മുംബൈ.

ആറാട്ട്‌ കടവിലേയ്‌ക്ക്‌ തൊട്ടിപ്പാള്‍ ഭഗവതി വരവായി
രജസ്വലയായി, ഊര്‍ജ്ജസ്വലയായി
തൊടുകുളത്തില്‍ ആറാടി മുങ്ങി
ഉണങ്ങാത്ത രക്ത ചേലയുടുത്ത്‌
ഉടലാസകലം അഗ്നിസ്‌പുലിംഗങ്ങള്‍ വിതറി
തൊട്ടിപ്പാള്‍ ഭഗവതി വരവായി
ചിന്തൂരം വിതറി കൊട്ടിയാടി
കുരവയും ആര്‍പ്പുവിളിയുമായി
തൊട്ടിപ്പാള്‍ ഭഗവതി വരവായി
നക്ഷത്രങ്ങളുടെ മുല്ലമൊട്ടുകള്‍,
വിടര്‍ത്തിയ മുടിയില്‍ ചിതറി
കാര്‍മേഘപാളികള്‍ കൈക്കുടന്നയിലാക്കി
രൌദ്രബാഷ്‌പ കണങ്ങള്‍ പൃഥ്വിയിലേക്കൊഴുക്കി
തൊട്ടിപ്പാള്‍ ഭഗവതി വരവായി

അവസാനത്തെ സ്വപ്‌നങ്ങളും ഒടുങ്ങിയ നിദ്രയില്‍
അമിട്ടുകള്‍ വിരിയുന്ന ആകാശചെരിവുകളില്‍
വര്‍ണശലാകകള്‍ ഊര്‍ന്നിറങ്ങുമ്പോള്‍
നഷ്‌ടസ്‌മൃതിയുടെ രാവുകളില്‍
ദുരന്തപ്രണയങ്ങളുടെ നിഴലാട്ടം
ആടിത്തളരുമ്പോള്‍
തൂവെള്ളക്കൊച്ചകള്‍ തപസ്സിരിയ്‌ക്കുന്ന
വയല്‍ വരമ്പില്‍ ഉരുണ്ടും മറിഞ്ഞും
ഞാന്‍ ഉറങ്ങുമ്പോള്‍
തൊട്ടിപ്പാള്‍ ഭഗവതി വരവായി

ആര്‍പ്പുരവിയിട്ട്‌, കര്‍ണ്ണകപോലങ്ങളിലോതി
ചുടുനിശ്വസങ്ങളുമായി
തൊട്ടിപ്പാള്‍ ഭഗവതി വരവായി

കണ്ണാടി

കണ്ണാടി
ശിധി കണ്ടാണശ്ശേരി

രജനി ഞാന്‍, നിങ്ങളെന്നെ മറന്നുവോ?
സമ്പന്നകേരളമെന്നെ മറന്നാലും
സംസ്‌കാര കേരളമെന്നേ മറക്കുമോ
എന്റെ , സംസ്‌കാര കേരളമെന്നേ മറക്കുമോ
ഉന്നതവിദ്യകള്‍ മോഹിച്ചുപോയതെന്‍
ആത്മബലിയ്ക്കു കളമൊരുക്കി, എന്‍
ആത്മബലിയ്ക്കു കളമൊരുക്കി..
ചക്രം തിരിക്കുന്ന മേലാളന്മാര്‍ക്കൊരു
ജീവിതം കൊണ്ടൊരു കണ്ണാടി നല്‍കി ഞാന്‍
എന്റെ , ജീവിതം കൊണ്ടൊരു കണ്ണാടി നല്‍കി ഞാന്‍
കണ്ണാടി തന്നില്‍ പ്രതിച്‌ഛായ നോക്കുവാന്‍
മേലാളന്മാര്‍ക്കെല്ലാം പേടി തോന്നി
സ്വന്തം മുഖത്തേക്ക്‌ കാര്‍ക്കിച്ചു തുപ്പുവാന്‍
വെമ്പുന്നു ഓരോ പ്രതിച്‌ഛായയും
പ്രതിച്‌ഛായ തന്നിലേ വൈകൃതം കണ്ടവര്‍
കുത്തിനോവിച്ചെന്റെ ചാരിത്ര ശുദ്ധിയെ
ചിക്കിച്ചികഞ്ഞെന്റെ പൂര്‍വ്വ ബന്ധങ്ങളെ
അവര്‍ , ചിക്കിച്ചികഞ്ഞെന്റെ പൂര്‍വ്വ ബന്ധങ്ങളെ
എല്ലാം മറക്കാം എല്ലാം പൊറുക്കാം
എന്‍ ആത്മബലിയ്‌ക്കൊരു പുണ്യമുണ്ടാകയാല്‍
ഇങ്ങിരുന്നൊന്നു തലോടുവാന്‍
എന്‍ അമ്മതന്‍ കണ്ണീര്‍ തുടയ്‌ക്കുവാന്‍
വ്യര്‍ത്ഥമാണെങ്കിലും മോഹിച്ചു പോകയാം
എന്‍ അമ്മതന്‍ ചാരത്തണയുവാന്‍
പ്രാര്‍ത്ഥിയ്‌ക്കയെന്‍ അമ്മേ....
ഈ വ്യവസ്‌ഥിതി മാറുവാന്‍...
രജനിമാര്‍ക്കന്ത്യം കുറിക്കുവാന്‍....
എന്‍ ആത്മബലിക്കൊരു പുണ്യമുണ്ടാകുവാന്‍...
എന്‍ ആത്മബലിക്കൊരു പുണ്യമുണ്ടാകുവാന്‍....

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
അഡ്വ. എ. ഹരിദാസന്‍
കുന്നമ്പുഴത്ത്‌ ഹസ്‌
ബ്രഹ്മകുളം, ഗുരുവായൂര്‍

മരണ സര്‍ട്ടിഫിക്കറ്റ്‌

മരണ സര്‍ട്ടിഫിക്കറ്റ്‌
പി കെ ഉണ്ണികൃഷ്ണന്‍

മറ്റൊരു ഫയല്‍ തിരയുന്നതിനിടയില്‍
ഒരു മരണസര്‍ട്ടിഫിക്കറ്റ്‌
മരണം: 1948 ജനുവരി 30
അതുയര്‍ത്തിപ്പിടിച്ച്‌ ഉദ്യോഗസ്ഥന്‍
ഇതു വാങ്ങിക്കുവാന്‍ ഈയാളുടെ ആരും
ഈ വഴി വന്നില്ലേ?

പ്രതീക്ഷ

പ്രതീക്ഷ

വി സി ജൈസല്‍ , ദുബൈ

പണ്ടെന്നോ മരുഭൂമി, വസന്തം കാത്ത്‌

മഴയെ പ്രതീക്ഷിച്ചപ്പോള്‍

‍പെയ്യാന്‍ മടിച്ച്‌ കാര്‍മേഘങ്ങള്‍

അകന്നു പോയി.....

അവ മറ്റ്‌എവിടെയോ പെയ്‌തു തീര്‍ന്നിരിക്കണം....!

എന്നാല്‍ ,ഓര്‍മ്മകളുടെ തെളിച്ചവും

സാന്ത്വനവുമേകിക്കൊണ്ട്‌, പിന്നീടെപ്പോഴോ

ഇവിടെ മഴ തിമിര്‍ത്തു പെയ്‌തു.

എന്നോ കൊതിച്ച മഴയുടെ താളം

പച്ചപ്പ്‌ കനിഞ്ഞേകിയപ്പോഴും

പഴയ ഊഷ്വരതയും

അറ്റം തേടിപ്പോയ മഴമേഘങ്ങളും

മിന്നല്‍പ്പിണരുകള്‍ പോല്‍

ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞു

വീണ്ടും ഇന്ന് ആകാശത്ത്‌

മേഘങ്ങളുരുണ്ടുകൂടുമ്പോള്‍

ഉള്ളിലെ സന്ദേഹം പടര്‍ന്നു കയറുന്നു.

"മരുഭൂമിയില്‍ പെയ്യാതകന്ന മഴനൂലുകള്‍

സ്‌നേഹാര്‍ദ്രഭൂമിയില്‍ പെയ്‌തേക്കുമോ? "