Sunday, August 06, 2006

കാഴ്‌ചകള്‍

കാഴ്‌ചകള്‍

പ്രദീപ്‌ എം മേനോന്‍

ഇതു ചിരാതന ക്ഷേത്ര ഗോപുരം
ഇതു ചരിതഭാഗമാം തൃശ്ശിവനട.
ഇതിലൂടിറങ്ങിയ ഐതിഹ്യമായിരം
ഇതു ഉണ്മയുടെ തെക്കോട്ടിറക്കം.
ചരിത്രം നടന്നൊരീ പഴം കാട്ടുപാതകള്‍
സംസ്‌കൃതി ചങ്ങാത്തം കൂടുമീ ചുവരുകള്‍,
എത്ര കഥകള്‍ പറഞ്ഞിരിക്കാം - ഇനി
എത്രമേല്‍ കരുതലായ്‌ വെച്ചിരിയ്‌ക്കാം,
പുതുമുറക്കരോട്‌ ചൊല്ലുവാനായ്‌.
ഊരുചുറ്റുന്നൊരാ തെമ്മാടി തെന്നലില്‍
തുള്ളി തിമിര്‍ക്കുമാ ആലിലകള്‍
അവയ്‌ക്കെത്രമേല്‍ ഉത്സാഹമായിരിപ്പൂ,
അവയിലെത്രയോ കീര്‍ത്തനം തത്തിനില്‍പ്പൂ.
ഇത്രക്കു ചൊല്ലുവാന്‍ ശേഷിപ്പുമായവ-
ശൈശവ ചടുലത പേറിനില്‍പ്പൂ.
ഇവിടെ നീ ഇനിമേലില്‍ ഒറ്റക്കിരിക്കുക
ഇവിടെ ഇരുന്നീ കാഴ്‌ചകള്‍ കാണുക.
കണ്ടിട്ടും കാണാതെ കടന്നോരാ കൂട്ടര്‍ക്കു
നാളേക്കു നീയിതു കാത്തുസൂക്ഷിക്കുക്‌.

"ഒന്നാം കാഴ്‌ച"........
എന്നും തിരക്കാണീ നഗരഹൃത്തം
എന്തോ തിരഞ്ഞോടും ജനസഹസ്രം.
എന്തിനുമേതിനും നേരമില്ലാത്തവര്‍
എത്ര അലഞ്ഞിട്ടും നേട്ടമില്ലാത്തവര്‍
പായുന്നൊരാളുകള്‍ കുന്നുപോല്‍ കുടിലും
നീളെയീ പാതകള്‍ തിരക്കിലമരുമ്പോഴും
അപരനെ കുറിച്ചാരുമോര്‍ക്കുന്നീലാ-
അവനവന്‍ കാര്യത്തിനായീഗമനവും.
അംബരമുരുമ്മുമീ കെട്ടിടങ്ങള്‍ , അവയില്‍
ആകവെ ആര്‍ഭാട പ്രദര്‍ശനങ്ങള്‍
നഗ്‌നത നാണിക്കും അല്‍പവസ്‌ത്രങ്ങളാല്‍
മേനി കൊഴുപ്പിന്റെ പൊങ്ങച്ചദര്‍ശനം
കോവില്‍ കുറിയിട്ട കൈകളാലപരന്റെ
സ്വന്തത്തിനൊക്കെയും വിലയിട്ടെടുത്തിട്ടു-
അപഹരണത്തിനും ആദര്‍ശ പോരിമ.
ആസുരലോകത്തിന്‍ മൂര്‍ത്തിമല്‍ഭാവങ്ങള്‍
ആടിത്തിമര്‍ക്കുന്ന കോട്ടകകെട്ടുകള്‍.
ചതിയിടങ്ങളില്‍ തെരുവുകള്‍ ചീയ്യവെ-
ദുരിതക്കയങ്ങളില്‍ കൊടികൂറപാറവെ-
തിന്മ തന്‍ കാല്‍നാട്ടു കാര്‍മികരൊന്നിച്ചു
കിട്ടിയതൊക്കയും പങ്കിട്ടെടുക്കുന്നു.

"രണ്ടാം കാഴ്‌ച"...........
ഒറ്റതിരിപോലെ കത്തുമീ ജീവിതം
കെട്ടുപോകാതെ കാക്കുവാന്‍ കൈകളാല്‍
ഒതുക്കിപ്പിടിച്ചു കൊണ്ടീ ചിരാതുമായ്‌
നട്ടം തിരിഞ്ഞു കൊണ്ടോടുന്നു മാനവര്‍.
തത്രപാടുകള്‍ താങ്ങിക്കുഴയുകില്‍
ആല്‍തറകളില്‍ ഇത്തിരി വിശ്രമം.
ആരാര്‍ക്കുവേണ്ടിയും കാക്കുന്നതില്ലാ
കാലവും,മോഹവും കാത്തുകിടപ്പുമില്ലാ.
പായുകയാണീ നഗരത്തിരക്കുകള്‍
പദമിടമില്ലാത്ത പാദസഞ്ചലനവും.
കാരിരുമ്പിന്‍ കരുത്തുള്ള കൂലികള്‍
ചുമടിറക്കിയും ,ശകടമുന്തിയും
അന്നത്തിനുഴലുന്ന നഗരവീഥികള്‍.
ശീട്ടുകളിച്ചും ,സൊറപറഞ്ഞും
നേരമ്പോക്കിനായ്‌ കൂട്ടുചേര്‍ന്നും
വൈകിപിരിയുന്ന സൌഹൃദതുരുത്തുകള്‍.

"മൂന്നാം കാഴ്‌ച".......
ബീജദാതാവിന്റെ പേരറിയാത്തൊരീ-
ഗര്‍ഭപാത്രത്തിന്റെ തിരുഃശേഷിപ്പുകള്‍
അവരീതിരക്കിലും അന്യതയറിയുന്നുഅ
വരീതെരുവിലും ശൂന്യതയറിയുന്നു
അവരീനഗരച്ചുഴിയില്‍ അമരുന്നു
ഇരവിലും,പകലിലും ശിഷ്‌ടമായ്‌ മാറുന്നു
ആലിലക്കണ്ണന്റെ കോവിലിന്‍ മുന്നിലും
നാക്കിലച്ചോറിനായ്‌ നീളുന്ന കൈകളേ,
നിങ്ങളീമണ്ണിലെ അശുദ്ധപിറപ്പുകള്‍
നിങ്ങളീ നാടിന്‍ അനാഥചിത്രങ്ങള്‍.
പിച്ചവക്കും മുന്‍പെ പിച്ചയെടുക്കുവാന്‍
കൊച്ചുപ്രായത്തിലേ കുപ്പയായ്‌ തീരുവാന്‍
ഏതു ദൈവനിയോഗമെന്നറിവീലാ,
ഏതു ജന്മസുകൃതമെന്നറിവീലാ,
എങ്കിലുമവര്‍ ഈ നഗരയോടയില്‍
മാലിന്യമെന്നപോല്‍ ഒഴുകുന്നതെന്തിനോ.
വിധിയോടിരക്കുന്ന കുഞ്ഞിളംകണ്‍കളില്‍
മാച്ചുവരച്ചൊരാ ചിത്രങ്ങള്‍ പോലവെവീഥികള്‍
കേള്‍ക്കാത്ത തേങ്ങലുകള്‍.
ദരിദ്രസമൃദ്ധിതന്‍ പട്ടണകാഴ്‌ചയില്‍
പതറുമീ കണ്‍കളെ പതിയെയടക്കുക
ഉള്ളിലുറയുന്ന ദുഃഖസത്യങ്ങളെ
ഒത്തിരിയേറുകില്‍ ഇറക്കിവെച്ചീടുക.

"നാലാം കാഴ്‌ച".............................
വേശതരുണികള്‍ ഇടംകണ്ണിറുക്കിയും,
ആംഗ്യചലനങ്ങളാല്‍ ഇക്കിളികൂട്ടിയും,
അന്നത്തിനായിട്ടു നാണയം നേടുവാന്‍
അപരന്റെ ശയ്യയില്‍ അന്തിപോക്കുമ്പോഴും
മുഴുവയറൊട്ടിയൊരവളുടെ നഗ്നത
നാണം മറന്നിട്ടു നൊട്ടിനുണയുവോര്‍,
അവരുടെ പാപകരങ്ങളാല്‍ തഴുകിയാല്‍
തരുണിതന്‍ ഉദരത്തിന്‍ പശിയടങ്ങീടുമോ.
അവരുടെ പാപജലത്താല്‍ കഴുകിയാല്‍
മൂര്‍ത്തബിംബങ്ങള്‍ക്കു തീര്‍ത്ഥമായ്‌ തീരുമോ.
അരികിലുറങ്ങുന്ന പൈതലെ ഓര്‍ത്തിട്ടു-
പാരവശ്യങ്ങളെ ഉള്ളില്‍ ഒതുക്കീട്ടു-
അഭംഗുരം തുടരുന്ന ഈ നീചവേഴ്‌ചകള്‍
അനിവാര്യമായൊരീ ജീവിത നേര്‍ച്ചകള്‍.
അര്‍ദ്ധനാരീശ്വര ഗോപുര നടകളില്‍
പീഠനമേറ്റൊരാ പെണ്ണിന്‍ നിലവിളി
കണ്ടിട്ടും കാണാതെ കണ്ണടച്ചീടുക
കാണാക്കയങ്ങള്‍ തന്‍ ആഴമറിയുക.

"അഞ്ചാം കാഴ്‌ച"........................
മനഃതന്ത്രികള്‍ക്കര്‍ദ്ധഭ്രംശം വന്നൊരുമകന്‍
പുലഭ്യം പറഞ്ഞു കൊണ്ടോടുന്ന വേളയില്‍,
ചുക്കിച്ചുളിഞ്ഞതന്‍ പഴംകീറഭാണ്ഡത്തില്‍
കരിഞ്ഞുണങ്ങീടുന്ന സ്വപ്‌നങ്ങള്‍ പേറിയും
വിധിയെ ശകാരിച്ചും,സ്വയം ശപിച്ചും
പിന്നാലെ പോകുന്നൊരമ്മയെ കാണുക.
മുളവടിയിലൂന്നുമീ വൃദ്ധമാതൃത്വമേ,
നിയ്യാണുസ്‌നേഹത്തിന്‍ മഹനീയ ദര്‍ശനം.
മുക്തിക്കുവേണ്ടിവര്‍ തേടേണ്ടതേതു കോവില്‍
ശക്തിക്കായിവര്‍ മുട്ടേണ്ടതേതു വാതില്‍.
പരകോടി കാഴ്‌ചകള്‍ കണ്ടൊരെന്‍ നഗരമെ,
രാപ്പകല്‍ മുറിയാതെ തുടരുമീ കാഴ്‌ചയില്‍
ഇനിയും നിനക്കൊരു മനം മടുപ്പീലയൊ.
നിന്‍മനഃക്കണ്ണില്‍ അസഹ്യതയില്ലയൊ.

"ആറാം കാഴ്‌ച"......................................
സ്വാര്‍ത്ഥനേട്ടത്തിനായ്‌ ക്രൂരതമുറ്റിയോര്
‍കൊന്നും ,കൊടുത്തും അലറുന്ന വേളകള്‍
മറ്റുള്ള കൂട്ടരെ എത്ര ദ്രോഹിക്കിലും
തങ്ങള്‍ തന്‍ നേട്ടത്തിനാക്രോശവര്‍ഷങ്ങള്‍.
കാക്കിയും,ഖദറും,ശുഭവസ്‌ത്രധാരിയും
കൈമെയ്‌മറന്നിട്ടു കാട്ടുമനീതികള്‍
തറ്റുടുത്തെത്തുമീ അവമതി കോലങ്ങള്‍
ആദ്യന്ത്യമപരനില്‍ പേക്കൂത്തു തീര്‍ക്കവെ,
ആരെ ഉപദേശിച്ചു നേരെയാക്കാന്‍
അര്‍ദ്ധനഗ്നനാം വൃദ്ധപ്രതിമ നില്‍പ്പൂ.
പ്രഭാതപ്രദോഷങ്ങളെത്രയോ മാഞ്ഞുപോയ്‌
സാക്ഷിയായ്‌ നില്‍പ്പതീ കല്‍വിളക്കുകള്‍.
എന്തുമെ കേട്ടിട്ടും നിസ്സങ്കരായ്‌ നിന്നവര്‍
ദുഷ്‌കേളി കണ്ടിട്ടു ലജ്ജയില്ലാത്തവര്‍
ഏവരും ചേര്‍ന്നൊരീ നഗരവഴികളില്‍
അനുദിനം നരകമീ നിസ്സരര്‍ തന്‍ ജീവനം.

"ഏഴാം കാഴ്‌ച".............................................
എത്ര പ്രഗല്‍ഭര്‍ തന്‍ വാക്‍ധോരണികളെ
കേട്ടു തളിര്‍ത്തൊരീ കൂവ്വളങ്ങള്‍.
എത്ര ഭഗീരഥര്‍ ചൊല്ലിയ വാക്കുകള്‍
കേട്ടുകിടന്നൊരീ മണ്ഡപങ്ങള്‍.
എത്ര ജനജാഥകള്‍ , സമരതന്ത്രങ്ങള്‍
കണ്ടുത്രസിച്ചതാണീ പഥങ്ങള്‍.
എത്ര മഹനീയ കാല്‍ സ്‌പര്‍ശമേറ്റിട്ടു
പവിത്രമായ്‌ തീര്‍ന്നൊരീ വഴിയിടങ്ങള്‍.
എത്രയോ യുദ്ധമുഖരിത വേദികള്‍
രുധിരത്തടം തീര്‍ത്ത ഇന്നലകള്‍.
ഇനിയുമീ ചരിത്രതടങ്ങളില്‍ കുഞ്ഞേ നീ,
നീ കണ്ട കാഴ്‌ചകള്‍ ഇറക്കിവെച്ചേക്കുക.
കണ്ടവയൊക്കെയും ഇവിടെയുപേക്ഷിച്ചു
തെക്കോട്ടിറങ്ങി നീ തിരക്കിലലിയുക.
ഇത്രമേല്‍ കണ്ടിട്ടും എന്തിനായീശ്വരാ-
ലിംഗപ്രതിഷ്‌ഠയില്‍ മുഖമൊളിക്കുന്നു നീ.
അഭംഗുരം തുടരുമീ കലികാലക്രീഡയില്‍
ഇന്നുനിന്‍ തൃക്കണ്ണു നീ തുറന്നീടണം.
ദ്രുതതാളവേഗത്തിന്‍ ശൌര്യത്തിനൊപ്പിച്ചു
പാപസ്‌തലികളില്‍ താണ്ഡവമാടണം.

2 Comments:

At Mon Aug 07, 02:07:00 AM PDT, Blogger mydailypassiveincome said...

പ്രദീപ് എം. മേനോന്റെ കാഴ്ചകള്‍ എന്ന കവിത വായിച്ചു. എത്ര ആഴമായി ചിന്തിച്ചാലാണ് ഇങ്ങനെ ഒരു കവിത എഴുതാന്‍ പറ്റുക. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഇനിയും കൂടുതല്‍ കവിതകള്‍ എഴുതാന്‍ എന്റെ ഹ്രുദയം നിറഞ്ഞ ആശംസകള്‍.

 
At Mon Aug 07, 03:27:00 AM PDT, Blogger asdfasdf asfdasdf said...

ഏറെക്കാലത്തിനു ശേഷം കുറച്ച് നല്ല വരികള്‍ വാ‍യിക്കുന്നത് ഇപ്പൊഴാണ്. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ വായിച്ച് വായിച്ച് ഒരു പരുവമായി ഇരിക്കുമ്പോഴാണ് ഒരു കുളിര്‍ത്തെന്നലായി ഈ കാഴ്ചകള്‍.. ആശംസകള്‍..

 

Post a Comment

<< Home