Sunday, August 06, 2006

ഓ..... കാശ്‌മീര്‍....

ഓ..... കാശ്‌മീര്‍....

--നന്ദു കാവാലം


യുദ്ധം അവസാനിച്ചിരിക്കുന്നു!
ആരോ പറഞ്ഞു.
പണ്ട്‌ , ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ ഞങ്ങളുടെ കണ്ണീരില്‍ യുദ്ധം
നിഴലിച്ചിരുന്നു.
ഞങ്ങള്‍ക്കു ജന്മം നല്‍കിയവര്‍ ഞങ്ങളില്‍ ഭീതി ചിറകുവിരിക്കുന്നത്‌
കണ്ടിരുന്നു.
പക്ഷേ,ആവര്‍ത്തനം അതിന്റേതായ വിരസതയോടെ ഞങ്ങളില്‍ അലിഞ്ഞു
ചേരുകയായിരുന്നു.
പ്രതിഷേധിക്കന്‍ ശ്രമിച്ചപ്പോളൊക്കെയും ഞങ്ങളുടെ ചുമലിലെ ഭാരം (ഭാരതം)
ഞങ്ങളുടെ ശബ്‌ദത്തെ വികലവും അവ്യക്തവുമാക്കിയിരുന്നു.
യുദ്ധം തീര്‍ന്നിരിക്കുന്നു!
ഒരാള്‍ ആവര്‍ത്തിച്ചു.
ചില തണുത്ത പ്രഭാതങ്ങളില്‍, രാത്രിയുടെ ഏതോ യാമങ്ങളില്‍ തളര്‍ന്നു
വീണുറങ്ങിയിരുന്ന
ഞങ്ങളെ ഉണര്‍ത്തിയിരുന്നത്‌ തോക്കുകള്‍ ശര്‍ദ്ദിക്കുന്ന ശബ്‌ദമായിരുന്നു
അപൂര്‍ണമായ ഉറക്കം തരുന്ന അരോചകതയില്‍
തലേന്നു മറന്നു വെച്ച വിശപ്പറിഞ്ഞു കരഞ്ഞിരുന്ന
ഞങ്ങളിലെ കുഞ്ഞുങ്ങള്‍ , പീരങ്കിയുടെ നീണ്ട കഴുത്ത്‌
ഞങ്ങളുടെ നേരെ തിരിയുന്നത്‌ കണ്ട്‌ നിശ്ശബ്‌ദരായിരുന്നു.
പക്ഷേ പട്ടാളമേധാവികളുടെ ചുവന്ന കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ,
പത്രലേഖകര്‍ക്ക്‌ പിന്നില്‍ ഞങ്ങള്‍ ചിരിച്ചു നിന്നിരുന്നു.
അങ്ങിനെ നിന്നില്ലെങ്കില്‍ ..
ഞങ്ങളുടെ മഹാരാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിവസിക്കുന്നവര്‍,
ഞങ്ങള്‍ വിശപ്പും ദുഃഖവും അനുഭവിക്കുന്നുവെന്ന് അറിയുകയും,
അവര്‍ വേദനിക്കയും ചെയ്യുമെന്ന്,
ശിരസ്സില്‍ വെളുത്ത തൊപ്പി ധരിച്ച ഒരാള്‍ ഇടയ്‌ക്കിടെ ഞങ്ങളെ
ഓര്‍മ്മിപ്പിച്ചിരുന്നു.
യുദ്ധം തീര്‍ന്നിരിക്കുന്നു!
ആരോ വീണ്ടും പറഞ്ഞു.
മഞ്ഞില്‍,തണുപ്പില്‍ ,പുലരിയില്‍,വിറങ്ങലിച്ചു കിടന്നിരുന്ന ഞങ്ങളെ
ചവിട്ടിമെതിച്ച്‌,
ഞങ്ങളുടെ പട്ടാളക്കാര്‍ അതിര്‍ത്തിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യവെ..
അവരുടെ കണ്ണില്‍ നിന്നിറ്റു വീണിരുന്ന ചുടുകണ്ണീര്‍........
പലപ്പോഴും കൊടും തണുപ്പില്‍ ഞങ്ങള്‍ക്കൊരാശ്വാസമായിരുന്നു .
....................................................................
അങ്ങകലെയെവിടെയോ നിന്നും
തലയില്‍ "ബോട്ടിന്റെ ആകൃതിയിലുള്ള" വെള്ളത്തൊപ്പിയും
മേലാകെ പരുക്കന്‍ ഖദര്‍ വസ്‌ത്രങ്ങളും
അതില്‍..
വിദേശനിര്‍മ്മിത സുഗന്ധലേപനങ്ങളും പുരട്ടി
ഇടയ്‌ക്കിടെ വന്നിരുന്ന തടിച്ച മനുഷ്യന്‍
ഞങ്ങളുടെ മഹാരാജ്യത്തിന്റെ ഒരു മന്ത്രിയാണ്‌ താനെന്നു ആവര്‍ത്തിച്ചിരുന്നു.
രാജ്യസ്‌നേഹത്തെ സംബന്ധിക്കുന്ന
ഇംഗ്ലീഷിലും ഉറുദുവിലും ഹിന്ദിയിലുമുള്ള ലഘുലേഖകള്‍,
ഈ മൂന്നു ഭാഷകളും അറിയാത്ത
ഞങ്ങള്‍ നീട്ടുന്ന ഭക്ഷണപ്പാത്രങ്ങളില്‍ അദ്ദേഹം യഥേഷ്‌ടം വിളമ്പിയിരുന്നു.
'യുദ്ധം നിലച്ചിരിക്കുന്നു!'
ആരുടെയോ ശബ്‌ദം വീണ്ടും മുഴങ്ങി.
വര്‍ഷത്തിലൊരിക്കല്‍....
"ഞങ്ങളുടെ മഹാരാജ്യത്തിന്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ മറ്റൊരു വര്‍ഷം കൂടി
കഴിഞ്ഞിരിക്കുന്നു"
എന്ന വിളംബരവുമായി ഞങ്ങളുടെ മുന്നില്‍ യൂണിഫോമും
പട്ടുസാരികളുമണിഞ്ഞ്‌
അനേകം പെണ്‍കുട്ടികള്‍ ഒന്നായ്‌ നിന്ന് പല സ്വരങ്ങളില്‍ ഒരേ ഗാനം
ആലപിച്ചിരുന്നു...
നമ്മുടെ രാജ്യം ഒന്നാണ്‌ എന്നവര്‍ പാടുമ്പോള്‍
ആ രാജ്യം ഏതാണ്‌ എന്ന് ഞങ്ങളിലെ കുഞ്ഞുങ്ങള്‍ ഞങ്ങളോട്‌ ചോദിച്ചിരുന്നു.
'യുദ്ധം കഴിഞ്ഞിരിക്കുന്നു!'
ആരോ വീണ്ടും പറഞ്ഞു.
അകലെ, മൈതാനത്തുള്ള ടെലിവിഷനില്‍
മഹാരാജ്യത്തിനായി എന്തും ത്യജിക്കാനുള്ള കരുത്തുണ്ടായിരിക്കണം എന്നെഴുതിക്കാണിക്കാറുണ്ടായിരുന്നു.
ഞങ്ങള്‍ക്കതു മാത്രമേ ഉള്ളല്ലോ എന്നു ഞങ്ങള്‍ അപ്പോള്‍ അത്ഭുതപ്പെട്ടിരുന്നു.
ടെലിവിഷനില്‍.........
രാഷ്‌ട്രശില്‍പിയെന്നോ,രാഷ്‌ട്രപിതാവെന്നോ പറയപ്പെട്ടിരുന്ന ഒരാള്‍,
ചിലപ്പോള്‍ ഒരു ഊന്നുവടിയുമായും
മറ്റുചിലപ്പോള്‍ യവ്വനയുക്തകളായ പെണ്‍കുട്ടികളാല്‍ താങ്ങപ്പെട്ടും
എവിടേയ്‌ക്കോ ധൃതിയില്‍ നടന്നു പോകുന്നതു കാണിച്ചിരുന്നു
ആദ്യമൊക്കെ അദ്ദേഹം ഇവിടേക്കാവും വരികയെന്നും
ഞങ്ങളുടെ ത്യാഗത്തേയും ധൈര്യത്തേയും അറിഞ്ഞു
ഞങ്ങളെ അഭിനന്ദിക്കും എന്നും ( എങ്കിലും)ഞങ്ങള്‍ കരുതിയിരുന്നു.
അദ്ദേഹമാണ്‌ ഞങ്ങളുടെ മഹാരാജ്യത്തെ രണ്ടാക്കിയതെന്നും
സമരവും സത്യാഗ്രഹവും യുദ്ധവും ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ചതെന്നും
പിന്നീട്‌ തൂക്കിലേറ്റപ്പെട്ട ഒരാള്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു.
ഞായറാഴ്ചകളില്‍...
ടെലിവിഷനില്‍ കാണിച്ചിരുന്ന ബധിര മൂകര്‍ക്കുള്ള വാര്‍ത്തകളില്‍
(അതായിരുന്നു എളുപ്പത്തില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായിരുന്നത്‌)
യൂറിയ,ഹവാല,തെഹല്‍ക്ക തുടങ്ങിയ വാക്കുകള്‍
ഏതു ഭാഷയിലേതാണെന്ന ഞങ്ങളുടെ ചോദ്യത്തിനു മുന്നില്‍
പട്ടാളക്കാര്‍ ബധിരമൂകരെപ്പോലെ നിന്നിരുന്നു.
യുദ്ധത്തിനു വിരാമമായിരിക്കുന്നു!
ഒരാളെ തുടര്‍ന്നു പലരും പറഞ്ഞു.
അന്തിയാകുമ്പോള്‍ ,
ചെയ്‌ത ജോലിയ്‌ക്കു പ്രതിഫലമായി കിട്ടുന്ന തുകയാല്‍ ഞങ്ങള്‍ ചിലപ്പോള്‍
വെടിയുണ്ടകള്‍ വിലക്കു വാങ്ങിയിരുന്നു.
അവ, താഴ്‌വരയിലേക്ക്‌ വലിച്ചെറിഞ്ഞു ഞങ്ങള്‍ ആരോടോ ഉള്ള
ഞങ്ങളുടെ പക തീര്‍ക്കുമായിരുന്നു.
യുദ്ധത്തിനു അന്ത്യമായിരിക്കുന്നു!
ഇന്ന് ആ വാക്കുകള്‍ കേട്ട്‌ ഞങ്ങള്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്‌തു
തളര്‍ന്ന ഞങ്ങള്‍ നിദ്രയില്‍,സ്വപ്‌നത്തില്‍,
പട്ടിണിയും ഭയവും ഞങ്ങളെ വിട്ടകലുന്നതും
രക്‍തവും കരിഞ്ഞ ശരീരഭാഗങ്ങളും
മനം മടുപ്പിക്കുന്ന അവയുടെ ഗന്ധങ്ങളും മറഞ്ഞകന്നു പോകുന്നതും
നീലാകാശവും നനുത്ത മഞ്ഞും അതിലെ സ്‌നിഗ്‌ദ്ധതയും തിരികെ വരുന്നതും
കണ്‍ നിറയെ കണ്ടു .
പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന പ്രകാശ വീചികളില്‍ സ്വാതന്ത്ര്യം തെളിയവെ,
താഴ്‌വരകളില്‍ വീണ്ടും വെടിയൊച്ചയുയര്‍ന്നു.
"രാജ്യസ്‌നേഹവും സ്വാതന്ത്ര്യത്തിനായുള്ള ത്വരയും യുദ്ധം നിലനിന്നാലെ
ശക്‍തിയാര്‍ജ്ജിക്കൂ..
രാഷ്‌ട്ര നന്മയ്‌ക്കും അതിനുമതീതമായ രാഷ്‌ട്ര പുനരുദ്ധാരണത്തിനും
യുദ്ധം അനിവാര്യമാകുന്നു..."
പ്രകോപനമില്ലാതെ അയല്‍രാജ്യത്തേക്ക്‌ നിറയൊഴിക്കുന്ന സൈനികര്‍ക്ക്‌
വളരെ പിന്നില്‍ നിന്ന് തലയില്‍ തൊപ്പി ചൂടിയ
രാഷ്‌ട്ര നേതാവു പറഞ്ഞ മഹദ്‌ വചനം കേള്‍ക്കവേ ....
തൂക്കിലേറ്റപ്പെട്ടവനെയോര്‍ത്ത്‌ ഞങ്ങള്‍ മുട്ടുകുത്തി നിന്നു.

0 Comments:

Post a Comment

<< Home