ഒരു ദേശാടനപക്ഷിയുടെ..
--ആരിഫ് ബ്രഹ്മകുളം
സ്ഥലം മാറ്റ ഉത്തരവുമായി സമുദ്രതീരത്തെ ക്ഷേത്രനഗരിയിലേക്കുള്ള ബസ് യാത്രയില്‍ അമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു... " ഇനിയെങ്കിലും ഈ കഥയും കവിതയും എല്ലാം ഒന്ന് ഒതുക്കി വെച്ച് ഒരു കല്യാണം കഴിക്കണം. എനിക്കു വയ്യാണ്ടായിരിക്കണു" ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും സാഹിത്യവും മനസ്സിലേറ്റിയുള്ള എന്റെ ഊരുചുറ്റല്‍ അമ്മയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.എന്തായാലും എത്രയും പെട്ടെന്ന് അമ്മയെ ഇങ്ങോട്ടു കൊണ്ടുവരണം അമ്മയുടെ ഇഷ്ടദേവന്റെ സാന്നിധ്യമുള്ള ഈ നഗരത്തിലേക്കുള്ള പറിച്ചു നടല്‍ ഇത്തവണ അമ്മയ്ക്കും സ്വീകാര്യമായിരിക്കും.കിഴക്കേനടയില്‍ ബസ്സിറങ്ങി മുന്‍പേ പറഞ്ഞുവെച്ചിരുന്ന താമസസ്ഥലത്തേക്കു നടക്കുമ്പോള്‍ ആ വലിയ ബോര്‍ഡ് ശ്രദ്ധിച്ചിരുന്നു. "പബ്ലിക് ലൈബ്രറി".. ചുറ്റും ചെറിയൊരു ഉദ്യാനം... അങ്ങിങ്ങായി സിമന്റ് ബെഞ്ചുകള്‍.. ശബരിമല സീസണ്‍ ആയതുകൊണ്ടാകാം തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലാണ്. ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചു.ഒരു പഴയ ഇല്ലം വക ആ കെട്ടിടത്തിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോള്‍,എനിക്കായി എന്റെ കൂട്ടുകാരന്‍ കണ്ടെത്തിയ കുശിനിക്കാരന്‍ താക്കോലുമായി, എന്റെ വരവ് പ്രതീക്ഷിച്ചെന്നപോലെ കാത്തു നിന്നിരുന്നു.വരാന്തയില്‍ ചാരിവെച്ചിരുന്ന ബോര്‍ഡിലേക്കുള്ള എന്റെ സംശയകരമായ നോട്ടം മനസ്സിലാക്കി "ചാമി" പറഞ്ഞു."ഇവിടെ ഇതിനു മുന്‍പ് ഒരു നൃത്തവിദ്യാലയമായിരുന്നു അണ്ണാ". " ചാമി, എന്റെ കുശിനിക്കാരന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ് നാട്ടില്‍ നിന്നും ഈ ക്ഷേത്ര നഗരിയില്‍ എത്തിപ്പെട്ടതാണ്.വാതില്‍ തുറന്നു അകത്തു കടക്കുമ്പോള്‍ അകത്തളങ്ങളില്‍ എവിടെയോ ഒരു ചിലങ്കയുടെ നാദം അകന്നകന്ന് പോകുന്നതു പോലെ തോന്നി. ഇന്നു തന്നെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നതിനാല്‍ ചാമിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാം നല്‍കി പെട്ടെന്നു ഇറങ്ങി. ഇന്നെന്തായാലും ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്നാകാം.
ആദ്യദിവസം ആയതിനാല്‍ ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. ചില പരിചയപ്പെടലുകള്‍. അത്യാവശ്യം ചില ഫയലുകള്‍ ഒന്നു മറിച്ചുനോക്കി. ബോറടിച്ചപ്പോള്‍ എല്ലാം അടച്ചുവെച്ചു.വൈപരീതമായി തോന്നാം. പക്ഷേ സര്‍ക്കാറിന്റെ ഈ ചുവപ്പുനാട ഫയലുകള്‍ എന്നും ബോറടിപ്പിച്ചിട്ടേയുള്ളു. എല്ലാം പ്രഹസനങ്ങള്‍ കുത്തി നിറച്ച വെറും കടലാസുകഷണങ്ങള്‍ മാത്രമോ..
ഓഫീസില്‍ നിന്നും അല്‍പം നേരത്തെയിറങ്ങി. കോഫിഹൌസില്‍നിന്നും ഒരു ചായയും കുടിച്ച് നേരെ കിഴക്കേ നടയിലേക്കു നടന്നു. അയ്യപ്പഭക്തരുടെ ശരണം വിളിയും വഴിയോരക്കച്ചവടക്കാരുടെ ശബ്ദകോലാഹലങ്ങളും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. അവിടവിടെ തീര്‍ത്ഥാടകര്‍ കച്ചവടക്കാരെ വട്ടംകൂടി നിന്ന് വിലപേശുകയാണ്. തമിഴ് നാട്ടില്‍നിന്നും ആന്ധ്രയില്‍ നിന്നും ഉള്ളവരാണ് തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും.കറുത്ത നീളമുള്ള കുടകളൂം വലിയ ടോര്‍ച്ചുകളൂം അവര്‍ ഇങ്ങനെ വാങ്ങിച്ചുകൂട്ടുന്നത് എന്തിനാണ്!! തീര്‍ത്ഥാടനമെന്നതിലുപരി ഒരു ഉല്ലാസയാത്രയുടെ ആഹ്ലാദമാണ് ആ മുഖങ്ങളില്‍. നടയിലേക്കു അടുക്കുന്തോറും ഭക്തിയുടെ നിശ്ശബ്ദ ശാന്തത കൈവന്നിരിക്കുന്നു. ആ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ശുദ്ധസംഗീതത്തിന്റെ അലയൊലികള്‍. ക്ഷേത്രം വക ഓഡിട്ടോറിയത്തില്‍ സംഗീതസദസ്സ് നടക്കുകയാണ്.മനസ്സില്‍ താളം പിടിച്ച് ക്ഷേത്രക്കുളത്തിന്റെ ഓരം ചാരി ഞാന്‍ പടിഞ്ഞാറെ നടയിലേക്കു നടന്നു.അവിടെയും തിരക്ക് ഒട്ടും കുറവല്ല.വീഥിക്ക് ഇരുവശവും കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ ചെറിയ ഷോപ്പുകള്‍.പൂക്കടകള്‍,റസ്റ്ററെന്റുകള്‍,ഫേബ്രിക്സ് ഷോപ്പുകള്‍... കാസ്സറ്റ് കടയില്‍ നിന്നും കൃഷ്ണഭക്തിഗാനം ഉയര്‍ന്നുകേള്‍ക്കുന്നു.ഇരുമ്പുപോസ്റ്റുകൊണ്ടു വേര്‍തിരിച്ച മെയിന്‍ റോഡിലേക്കു കടക്കുന്ന വഴിയിലെ ആ ബുക്സ്റ്റാളിലേക്ക് ഞാന്‍ കയറി.എല്ലാ തരം പുസ്തകങ്ങളും ചിട്ടയായി അടുക്കി വെച്ചിരിക്കുന്നു.എല്ലാം ഒന്നു ഓടിച്ചുനോക്കി ഒരു സായാഹ്നപത്രവും വാങ്ങി അവിടെനിന്നും ഇറങ്ങി. നേരേ കടല്‍തീരത്തേക്ക് നടന്നു.
തീരത്തെ പുല്‍കാന്‍ പാഞ്ഞടുക്കുന്ന തിരകളും കഥപറയുന്ന മണല്‍തരികളും തീരത്തെ ഇളം കാറ്റും എന്നും എന്നെ ആകര്‍ഷിച്ചിരുന്നു.കടല്‍തീരത്തും സാമാന്യം നല്ല തിരക്കാണ്.ഉല്ലാസയാത്രക്ക് വന്നവരും തീര്‍ത്ഥാടകരും ചെറുകച്ചവടക്കാരും എല്ലാം...പൂഴിയില്‍ അമരുന്ന പാദങ്ങളെ വലിച്ചെടുത്ത് ഞാന്‍ മെല്ലെ നടന്നു.ബഹളങ്ങളില്‍ നിന്നും അകന്ന് സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്നു പത്രം വായിക്കണം. തീരത്തോട് ചേര്‍ന്നു വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പലവര്‍ണങ്ങളിലുള്ള ഒരു പാടു ബലൂണുകള്‍ എന്റെ ദൃഷ്ടിയില്‍ പെട്ടു.അവ മെല്ലെ മെല്ലെ അടുത്തേക്കു വരികയാണ്.കൈകൊണ്ടു ചലിപ്പിക്കുന്ന ഒരു മുച്ചക്രവാഹനത്തില്‍ കോര്‍ത്തുവെച്ച പല വര്‍ണങ്ങളിലുള്ള കുറേ ബലൂണുകള്‍. അതൊരു ബലൂണ്‍ വില്‍പനക്കാരനാണ്.വികലാംഗനായ ബലൂണ്‍ വില്‍പനക്കാരന്‍.വണ്ടി എന്റെ അടുക്കല്‍ എത്തിയിരുന്നു."സാറെ ബലൂണ്‍ വേണോ? " ചിരപരിചിതനെപ്പോലെ അയാള്‍ ഒന്നു ചിരിച്ചു. ഞാന്‍ ഒന്നു സൂക്ഷിച്ചു നോക്കി. ഷേവ് ചെയ്യാത്ത മുഖം,പക്ഷേ തിളക്കമുള്ള കണ്ണുകള്‍.എന്റെ താല്‍പര്യം മനസ്സിലാക്കി അയാള്‍ സ്വയം പരിചയപ്പെടുത്തി."സാര്‍ ഞാന്‍ കാദര്‍.." പുഞ്ചിരിച്ചുകൊണ്ടു ഞാനും സ്വയം പരിചയപ്പെടുത്തി. നഷ്ടപ്പെട്ട വലതുകാലിന്റെ നഗ്നമായ അഗ്രം തുണികൊണ്ടു മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അയാള്‍. അപ്പോഴാണ് വണ്ടിയില്‍ ചാരിനില്‍കുന്ന രണ്ടു കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചത്.ഒരു കൈകൊണ്ടു കീറനിക്കര്‍ മുറുകെപ്പിടിച്ച് രണ്ടുപേരും എന്നെ തന്നെ നോക്കുകയായിരുന്നു. "എന്റെ മക്കളാണ്" കാദര്‍ പറഞ്ഞു.കാദര്‍ പിന്നേയും എന്തൊക്കെയോ പറഞ്ഞു.... ഏതോ മുജ്ജന്മ ബന്ധം പോലെ ഞങ്ങള്‍ പെട്ടെന്ന് അടുത്തു. ഞാന്‍ രണ്ടു വര്‍ണബലൂണുകള്‍ വാങ്ങി കാദറിന്റെ മക്കളുടെ കയ്യില്‍ വെച്ചുകൊടുത്തു.ഇതിനു മുന്‍പ് ആരും അവര്‍ക്ക് ബലൂണുകള്‍ സമ്മാനിച്ചിട്ടില്ലെന്നു തോന്നുന്നു. അവരുടെ മുഖം തിളങ്ങിയിരിക്കുന്നു. ബാപ്പ വില്‍ക്കുന്ന ബലൂണുകള്‍ ഒരിക്കലും ആ കുരുന്നുകള്‍ക്ക് അവകാശപ്പെട്ടതായിരുന്നില്ലേ?കാദറിനോട് യാത്ര പറയുമ്പോള്‍, അല്‍പനേരം ഇരുന്ന് പത്രത്തോട് സല്ലപിക്കാനുള്ള ഒരു തണല്‍ തേടുകയായിരുന്നു എന്റെ കണ്ണുകള്‍. അസ്തമയത്തിനു ശേഷമാകാം മടക്കയാത്ര.
ദിവസങ്ങള്‍ കടന്നു പോയി. എന്റെ സായന്തനങ്ങളില്‍ പബ്ലിക് ലൈബ്രറിയും കടല്‍തീരവും പിന്നെ കാദറും നിറഞ്ഞു നിന്നു. ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകവുമെടുത്ത് നേരെ കടല്‍തീരത്തേക്ക്, അല്‍പം വായനയും, പിന്നെ അസ്തമയവും ദര്‍ശിച്ച് പടിഞ്ഞാറെ നടയില്‍ കയറി തൊഴുത് ഒരു മടക്കയാത്ര.ഇതിനിടയില്‍ കാദറുമായി എന്തെന്നില്ലാത്ത ഒരു ആത്മബന്ധം സ്ഥാപിച്ചു കഴിഞ്ഞിരിന്നു. ചാമിയില്‍ നിന്നാണ് കാദറിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. പുരോഗമനചിന്താഗതികളുമായി ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് കടല്‍തീരത്തെ കുടിലില്‍ വളര്‍ന്ന ഒരു യൌവനം.പിന്നെ അശാന്തിയുടെ വിത്തുകളുമായി ആ തീരത്ത് ആഞ്ഞടിച്ച വര്‍ഗ്ഗീയ കലാപത്തില്‍ കാദറിനു നഷ്ടമായത് ഒരു കാലും സ്വന്തം ഭാര്യയും. ഭക്തിയും ശാന്തിയും വഴിഞ്ഞൊഴുകുന്ന ആ തീരത്തിന്റെ മറ്റൊരു രൌദ്രഭാവത്തിന്റെ ബാക്കിപത്രം. ആ തീരത്തെ എന്റെ എല്ലാ സായഹ്നങ്ങളിലും ഞാന്‍ ആദ്യം തേടുന്നത് വികലംഗര്‍ക്കുള്ള സര്‍ക്കാര്‍ സൌജന്യമായ ആ മുച്ചക്രവണ്ടിയും, പിറകെ ഒരു സാക്ഷരത കണക്കിലും ഉള്‍പ്പെടാത്ത, വിദ്യാലയം കണ്ടിട്ടില്ലാത്ത ആ കുട്ടികളേയുമാണ്.കുട്ടികളെ സ്കൂളിലയക്കുന്ന കാര്യം ഒരിക്കല്‍ ഞാന്‍ കാദറുമായി സംസാരിച്ചിരുന്നു. അര്‍ത്ഥമില്ല്ലാത്ത ഒരു പുഞ്ചിരിയായിരുന്നു മറുപടി. അതോ ആ പുഞ്ചിരിക്കു മറ്റു പല അര്‍ത്ഥതലങ്ങളുമുണ്ടായിരുന്നോ?... ഈ ക്ഷേത്ര നഗരിയുടെ ചരിത്രവും ഐതിഹ്യവും പിന്നെ പുരോഗതിയുടെ പാതയില്‍ സംഭവിച്ച ഓരോ സൂക്ഷമവ്യതിയാനങ്ങളും കാദറിന്റെ വാക്കുകളിലൂടെ എനിക്കു ഹൃദ്യസ്ത്ഥമായിരുന്നു.. ഓരോ ദിവസവും കാദറിനു പറയാന്‍ ഓരോ കഥകളുണ്ടാകും. ചിരിച്ചുകൊണ്ടു പറഞ്ഞു തീര്‍ക്കുന്ന നൊമ്പരങ്ങളുടെ കഥ. മൂകസാക്ഷിയായി തീരവും തിരകളും അത് ശരിവെക്കും. സീസണായാലും അല്ലെങ്കിലും കാദറിനു തിരക്കാണ്. കാദറിന്റെ പല വര്‍ണങ്ങളിലുള്ള ബലൂണുകള്‍ക്ക് ആവശ്യക്കാര്‍ ധാരാളമാണ്. യുവാക്കളും മധ്യവയസ്ക്കരും കുട്ടികളും വിദ്യാര്‍ത്ഥികളും എല്ലാം എല്ലാം... വീട്ടില്‍, എന്റെ മുറി നിറയെ ഇപ്പോള്‍ പല വര്‍ണങ്ങളിലുള്ള ബലൂണുകളാണ്. എല്ലാ ദിവസവും കാദറില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങാന്‍ ഞാന്‍ മറക്കാറില്ല.
അന്നും പതിവുപോലെ തീരത്തെ എന്റെ പതിവു സങ്കേതത്തില്‍ ഒരു പുതിയ പുസ്തകത്തിന്റെ താളുകളിലൂടെ സഞ്ചരിക്കയായിരുന്നു ഞാന്‍. പെട്ടെന്ന് അല്‍പം അകലെനിന്ന് ഒരു കോലാഹലം. കാദറിന്റെ വണ്ടിക്കു ചുറ്റും കുറേ പേര്‍ കൂടി നില്‍ക്കുന്നു. കറുത്തിരുണ്ട് മുടി നീട്ടിവളര്‍ത്തിയ ഒരാള്‍ ഉച്ചത്തില്‍ എന്തൊക്കെയോ പറയുന്നു. അയാള്‍ കാദറിനു നേരെ തീക്ഷ്ണമായി കയര്‍ക്കുകയാണ്. ആരൊക്കെയോ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്.കുട്ടികള്‍ വാവിട്ടു കരയുന്നു. കെട്ടുപൊട്ടിയ ബലൂണുകള്‍ സ്വതന്ത്രമായി അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്നു. ഞാന്‍ എഴുന്നേറ്റ് വേഗത്തില്‍ അങ്ങോട്ടു നടന്നു.അകലെ നിന്നു തന്നെ എന്നെ കണ്ടതും കാദര്‍ വേഗത്തില്‍ വണ്ടിയുമെടുത്ത് പോകാന്‍ തുടങ്ങി. എന്റെ വിളികള്‍ക്ക് കാതോര്‍ക്കാതെ കാദറിന്റെ വണ്ടി വേഗത്തില്‍ മുക്കുവക്കുടിലുകള്‍ക്കുള്ളില്‍ മറഞ്ഞു. എനിക്കു വല്ലാത്ത ജാള്യം തോന്നി. ആളുകള്‍ എന്തൊക്കെയോ പറയുന്നു. എന്റെ മനസ്സൂ സംഘര്‍ഷഭരിതമായി. ഞാന്‍ തിരിച്ചു നടന്നു.
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. നേരെ പോയത് ലൈബ്രറിയിലേക്കാണ്.മനസ്സ് വളരെ അസ്വസ്ഥമാണ്.മനസ്സില്‍ നിന്നും ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നു. ലൈബ്രറിയുടെ ജനലിനരികെയുള്ള എന്റെ സ്ഥിരം സീറ്റിലേക്ക് നീങ്ങി.കുറച്ചുസമയം ഇവിടെയിരിക്കാം.. ജനലിന്റെ കൊളുത്തുവിടുവിച്ച് കൈകൊണ്ടു മെല്ലെ തള്ളിതുറക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ജനലിനപ്പുറത്തുനിന്നും രണ്ടു രൂപങ്ങള്‍ ഇരുട്ടിന്റെ മറവില്‍ തെന്നിമാറി. "ബൃഹന്നള"യുടെ രൂപഭാവമുള്ള ഒരാള്‍. ബൃഹന്നളയ്ക്ക് അജ്ഞാതവാസത്തിന്റെ കര്‍മ്മധര്‍മങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. പക്ഷേ ഈ രൂപം ഒരു പ്രകൃതിവിരുദ്ധഭാവമാണ് എന്നില്‍ ഉളവാക്കിയത്. അതുകൊണ്ടുതന്നെ അവിടെ അധികം സമയം ഇരിക്കാന്‍ തോന്നിയില്ല.ഇറങ്ങി നടന്നു. ലൈബ്രറിയ്ക്കു പുറകിലെ റയില്‍`വേ സ്റ്റേഷനിലേക്കുള്ള റോഡിലൂടെ നടന്നു. ഈ റോഡ് ചെന്നവസാനിക്കുന്നിടത്താണ് പുതുതായി ക്ഷേത്ര നഗരിക്കു ലഭിച്ച റയില്‍`വേസ്റ്റേഷന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു പാട് ശവങ്ങളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു ഈ റയില്‍പാതക്ക്. തലസ്ഥാനനഗരിയില്‍ നിന്നുള്ള ട്രെയിന്‍ എത്തിയിരിക്കുന്നു.യാത്രക്കാരെ നിറച്ച റിക്ഷകളും കാല്‍നടക്കാരും കൂട്ടം കൂട്ടമായി വരുന്നു. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും ദീര്‍ഘയാത്ര കഴിഞ്ഞു വരുന്നവരും എല്ലാം ഒഴുകി നീങ്ങുന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ, ദമ്പതികള്‍ എന്നു തോന്നിക്കുന്ന രണ്ടു പേരില്‍ എന്റെ ശ്രദ്ധ പതിഞ്ഞു. ഭക്തിയുടെ സാന്ത്വനം തേടി വരുന്നവരോ.. അതോ.. ക്ഷേത്രപരിധിക്കകത്തെ വിശ്രമസങ്കേതങ്ങളില്‍ റെയ്‌ഡിന്റെ ശല്യമില്ലെന്ന സൌകര്യത്തോടെ രാപാര്‍ക്കാന്‍ വരുന്ന അഭിനവഭക്തശിരോമണികളൊ?... ഈ വഴികള്‍, ഗോവര്‍ദ്ധന്‍ ഇറങ്ങി നടന്ന അംധേര്‍നഗരിയിലെ വീഥികളേയും ഹരിദ്വാറിലെ ഇടുങ്ങിയ ഗലികളേയും ഓര്‍മ്മിപ്പിക്കുന്നു. എന്റെ വാസസ്ഥലത്തേക്കു നീങ്ങുന്ന ഊടുവഴി എത്തിയിരിക്കുന്നു. ഇരുട്ടില്‍ നിന്നും ചില പതിഞ്ഞ ശബ്ദങ്ങള്‍. ഒരു സ്ത്രീശബ്ദമാണ്. മാറ്റത്തിന്റെ പാതയില്‍ നഗരത്തിന് കിട്ടിയ പുതിയ വില്‍പനച്ചരക്കുകള്‍. അഴുക്കുചാലില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിരിക്കുന്നു. മൂക്കു പൊത്തിപിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു. അസ്വസ്ഥമായ മനസ്സ് ഇന്നത്തെ ദിവസത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു.
പിറ്റേന്ന് കാദറിനെ പ്രതീക്ഷിച്ചുകൊണ്ടാണ് കടല്‍തീരത്തേക്ക് നടന്നത്. എന്നെ കാത്തുനില്‍കുന്നതു പോലെ തെങ്ങിന്‍ തോപ്പിനരികില്‍ കാദറിന്റെ വണ്ടി. വര്‍ണനിറത്തിലുള്ള ബലൂണുകള്‍ ഇല്ല. ഞാന്‍ അടുത്തു ചെന്നു കാദര്‍ മുഖത്തേക്കു നോക്കുന്നില്ല. "എന്തു പറ്റി" ഞാന്‍ ചോദിച്ചു. മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.പിന്നീട് നിറകണ്ണുകളോടെ കാദര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ഈ നഗരത്തിലെ മയക്കുമരുന്നു മാഫിയയുടെ കരങ്ങളിലെ ഒരു ചട്ടുകമായി കാദര്‍ മാറിയത്. ആഗ്രഹിച്ചതല്ല എങ്കില്‍ പോലും.... അവരുടെ നീരാളിവലയത്തില്‍ കാദര്‍ അകപ്പെട്ടുപോകുകയായിരുന്നു. കാദറിന്റെ വിവിധവര്‍ണങ്ങളിലുള്ള ബലൂണുകള്‍ക്ക് മയക്കുമരുന്നിന്റെ ഗന്ധമുണ്ടായിരുന്നു.. കച്ചവടം തുടരാനുള്ള കാദറിന്റെ വിമുഖതയുടെ പരിണിതഫലമായിരുന്നു ഇന്നലത്തെ സംഭവം. സ്‌തബ്‌ധനായ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുക്കുമ്പോഴേക്കും കാദര്‍ എന്റെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. മനസ്സില്‍ വല്ലാത്ത ഒരു ഭാരം പോലെ.. കണ്ണില്‍ ഇരുട്ടു കയറുന്നു.... വയ്യ..... ശരീരമാകെ തളരുന്നു.. ഞാന്‍ വേഗം തിരിച്ചു നടന്നു എത്രയും പെട്ടെന്നു എന്റെ കൂടാരത്തില്‍ തിരിച്ചെത്തണം..
മുറിയിലെത്തി കട്ടിലിലേക്ക് വീഴുമ്പോള്‍ എന്റെ മനസ്സും ശരീരവും പൂര്‍ണമായും തളര്‍ന്നിരുന്നു. അറിയാതെ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു..... ഉറക്കമുണര്‍ന്നപ്പോള്‍ ശരീരമാസകലം വേദന. ഉള്ള് കുളിരുന്നതുപോലെ. നല്ല പനിയുണ്ട്. ചാമി കമ്പിളികൊണ്ട് നല്ലവണ്ണം പുതപ്പിച്ചിരുന്നു. അരികിലെ മേശക്കുമുകളില്‍ ചുക്കു കാപ്പി. രണ്ടു ദിവസം ആ നില തുടര്‍ന്നു. ഓഫീസിലേക്ക് ഒരു ലീവ് ലെറ്റര്‍ എഴുതി ചാമിയുടെ കയ്യില്‍ കൊടുത്തയച്ചു. എന്റെ ഓര്‍മ്മകളില്‍ നിറയെ കാദറിനെകുറിച്ചുള്ള ചിന്തകളായിരുന്നു... നീരാളിവലയത്തിലകപ്പെട്ട കാദറിന്റെ ദൈന്യമുഖം വീണ്ടും വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു..
രാവിലെ എഴുന്നേറ്റപ്പോള്‍ ചെറിയൊരു സുഖം തോന്നി. ഇനിയും ലീവ് നീട്ടികൊണ്ടുപോകാന്‍ കഴിയില്ല. ഇന്നെന്തായാലും ഓഫീസില്‍ പോകണം. വൈകുന്നേരം കാദറിന്റെ വീട് കണ്ടുപിടിക്കുക തന്നെ വേണം. ഓരോന്നു ചിന്തിച്ച് മുന്‍ വശത്തേക്ക് വന്നു. ഉമ്മറത്തു നിന്ന് പത്രം എടുത്ത് കസേരയില്‍ ചാരിയിരുന്നു. മുന്‍പേജില്‍ എന്നത്തേയും പോലെ പുതിയ പുതിയ രാഷ്ട്രീയ വാര്‍ത്തകള്‍. അകത്തെ പേജുകള്‍ ആകെ ഒന്നു കണ്‍ണോടിച്ചു. അവസാന പേജില്‍ ഒരു ഫോട്ടോയും വാര്‍ത്തയും. ഫോട്ടോയിലേക്ക് നോക്കിയ ഞാന്‍ തളര്‍ന്നിരുന്നു പോയി... "കമിഴ്ന്നു കിടക്കുന്ന ഒരു ശവശരീരം.അടുത്ത് അലമുറയിട്ടു കരയുന്ന കാദറിന്റെ മക്കള്‍" ശവശരീരത്തിലെ മുറിവുകളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നത് കാണാം.മയക്കു മരുന്നു മാഫിയയുടെ ഒരു വലിയ കണ്ണിയായി കാദറിനെ ചിത്രീകരിച്ചിരിക്കുന്ന വാര്‍ത്ത വായിച്ചുതീര്‍ക്കാന്‍ കണ്ണില്‍ നിറഞ്ഞ അശ്രുകണങ്ങള്‍ എന്നെ അനുവദിച്ചില്ല. കാല്‍പാദത്തില്‍നിന്നും ഒരു മരവിപ്പ് അരിച്ചുകയറുന്നതു പോലെ.. ക്രമേണ അതു ശരീരത്തിലാകെ പടര്‍ന്നു കയറി. എന്റെ ബോധം നഷ്ടപ്പെടുകയാണോ.. അതാ അകലെ അനന്തതയില്‍ നിന്ന് കാദര്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.. കാദറിന്റെ കണ്ണുകള്‍ അപ്പോഴും തിളങ്ങിക്കൊണ്ടിരുന്നു.. ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു പക്ഷേ, ചുണ്ടുകള്‍ അനങ്ങുന്നില്ല.... പ്രജ്ഞയറ്റതുപോലെ.... തെരുവുകള്‍ക്ക് രണ്ടു അനാഥബാല്യങ്ങളെ സമ്മാനിച്ചുകൊണ്ട്, ക്ഷേത്രനഗരിയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മറ്റൊരു രക്തസാക്ഷി കൂടി..... ഇല്ല പ്രിയ സുഹൃത്തേ താങ്കള്‍ക്ക് എന്നെ വിട്ടു പോകാനാവില്ല. എന്റെ മനസ്സ് തേങ്ങുകയായിരുന്നു. ഈ ദേശാടനപ്പക്ഷിയുടെ മനസ്സില്‍ നീ എന്നും ജീവിച്ചിരിക്കും പുഞ്ചിരിക്കുന്ന ഒരു നൊമ്പരമായി..... ഹൃദയത്തിന്റെ ആഴങ്ങളില്‍ എവിടെയോ ഒരു വല്ലാത്ത നീറ്റല്‍...
3 Comments:
ജീവിതപ്രാരാബ്‌ധങ്ങളുടെ ചതുപ്പില്‍ താഴ്‌ന്നു പോകുമ്പോള്‍, മുന്നില്‍ കാണുന്ന പിടിവള്ളി എന്താണെന്നറിയാതെ അതിലേക്ക് കൈകള്‍ നീട്ടുന്ന ഇതു പോലെ എത്ര എത്ര കാദര്‍.. പിന്നീടെപ്പോഴോ, അഴിക്കാന്‍ കഴിയാത്ത ഒരു ചരടായി അത് കഴുത്തില്‍ മുറുകുകയായി..
ആത്‌മീയതയെ ഒരു പരിചയായി ഉപയോഗിക്കുന്ന 'മതവിശ്വാസിക'ളുടെ പരസ്യമായ രഹസ്യങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ച ആരിഫ്.. താങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍
കഥാകൃത്തിന്റെ നടപ്പാതകളുടെ, മനോഹരമായ വിവരണം ആസ്വദിക്കുന്നു.
-ഇബ്രു
അശുദ്ധമായ സംഗീതവുമുണ്ടോ?
Post a Comment
<< Home