Sunday, February 05, 2006

എല്ലാം ശരിയാകും...

'എല്ലാം ശരിയാകും...'

--സുനില്‍ അക്കിക്കാവ്‌
ദുബായ്‌

എല്ലാം ശരിയാക്കാം ... അതു പറഞ്ഞാശ്വസിപ്പിക്കുമ്പോഴും എങ്ങനെ എന്ന ഉത്തരമില്ലാത്ത ചോദ്യം എന്നില്‍ ബാക്കിയായുണ്ടായിരുന്നു... അങ്ങേത്തലക്കല്‍ ചോദ്യമുന്നയിച്ച ആളുടെ ആശ്വാസം സംസാരം അവസാനിക്കുന്നതിന്‌ മുമ്പേ തിരിച്ചറിയാന്‍ കഴിഞ്ഞു. അടുത്തുള്ള ആരോടോ 'എല്ലാം ശരിയാക്കാമെന്നാണ്‌' പറഞ്ഞത്‌ എന്ന എന്റെ ആശ്വാസവചനത്തിന്റെ പൊള്ളത്തരം പറഞ്ഞ്‌ ആശ്വസിപ്പിക്കുന്നത്‌ കേള്‍ക്കാമായിരുന്നു.

'എല്ലാം ശരിയാക്കാം ...' ചിലപ്പോള്‍ എന്നെപ്പോലെയുള്ളവര്‍ക്ക്‌ എറ്റവും അനുഗ്രഹമായ വരികള്‍ , അതിന്റെ സൃഷ്ടാവിനു നന്ദി... ആരെയൊക്കെയോ ഈ വാക്കുകള്‍കൊണ്ടാശ്വസിപ്പിച്ചിരിക്കുന്നു ഇതു വരെ.. എന്റെ നിസ്സഹായാവസ്ഥ തുറന്നുപറയുമ്പോഴും എല്ലാവരും എന്നെ ആശ്വസിപ്പിക്കാറുള്ളതും ഇതു പോലൊരു വാക്ക്‌ കൊണ്ടു തന്നെ !! പക്ഷെ ചെറിയൊരു മാറ്റം മാത്രം 'എല്ലാം ശരിയാകും'. ഇത്‌ എന്റെ തിരിച്ചറിവിന്റെ കാലം മുതല്‍ കേള്‍ക്കുന്ന അമ്മയുടെ ആശ്വാസവചനങ്ങളില്‍ ഈ വാക്കുകള്‍ക്ക്‌ വലിയൊരിടം ഉണ്ട്‌. അച്ഛന്റെ മരണാനന്തരകര്‍മങ്ങളുടെ പിറ്റേ ദിവസം മുതല്‍ ബന്ധുജനങ്ങള്‍ ഇടതടവില്ലാതെ ഉപയോഗിക്കുന്ന വാക്കുകളുടെ അവസാനം ചെന്നു നില്‍ക്കുന്നത്‌ ഈ പദത്തിലായിരിക്കും .. 'എല്ലാം ശരിയാകും..'എന്റെ അനുഭവത്തിലില്ലാത്ത, ഏറെ അര്‍ത്ഥങ്ങളുള്ള ഈ വാക്കിന്റെ നിരന്തര ഉപയോഗമായിരിക്കാം പിന്നെയും മുന്നോട്ട്‌ പോകാന്‍ പ്രേരണയാകുന്നത്‌ എന്ന് പിന്നെയങ്ങോട്ടുള്ള ദിനങ്ങള്‍ എന്നെ പഠിപ്പിച്ചു... അമ്മയുടെ കഷ്ടപ്പാടിന്റെ കറുത്ത അദ്ധ്യായത്തിലും പലപ്പോഴും ചികയുമ്പോള്‍ പൊങ്ങിവരുന്നത്‌ സ്പഷ്ടമായ ഈ വാക്കുകളുടെ സ്ഫുടതയാര്‍ന്ന സ്വരമാണ്‌... 'എല്ലാം ശരിയാകും...'

ദിനങ്ങള്‍ ദൈര്‍ഘ്യമേറിയതാണോ, വേഗം കൊഴിഞ്ഞുപൊകുന്നവയാണോ എന്നൊക്കെ അത്‌ അനുഭവിച്ചറിയുന്നവരുടെ കാഴ്ച്ചപ്പാടാണെന്ന് എനിക്ക്‌ തോന്നിപ്പോകാറുണ്ട്‌.. എല്ലാം ശരിയാകുന്ന എന്റെ ദിനങ്ങളെ മാത്രമാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌ . അതിനൊരു ശരിയായ തീയതി മാത്രമില്ല.. അതും കാത്ത്‌ നില്‍ക്കുന്നവരെ നിരനിരയായി കാണണോ ...? ഒരു പാടു ചിത്രങ്ങളുണ്ട്‌ എന്നില്‍, നിങ്ങള്‍ക്കു കാണിച്ചുതരാന്‍. അവരെല്ലാം നിങ്ങള്‍ക്ക്‌ സുപരിചിതരുമാണ്‌.. അതവരുടെ കുറ്റമല്ല, അവരുടെ തെറ്റല്ല എന്നെനിക്കറിയാം.. എന്റെ വാക്കുകളുടെ വിശ്വാസ്യത പുലര്‍ത്താത്ത എന്റെ കുറ്റമായിരിക്കാം, ഞാന്‍ വിശ്വാസമര്‍പ്പിച്ച മറ്റു ചിലരുടെ കുറ്റമായിരിക്കാം .... അങ്ങിനെ ചികഞ്ഞുപരിശോധിച്ചാല്‍ അതിനു ഒരു പാട്‌ ദൈര്‍ഘ്യം കണ്ടേക്കാം... അവരുടെയും കുറ്റമല്ല.. എല്ലാവരും എല്ലാം ശരിയാക്കാമെന്നു പറഞ്ഞിട്ടില്ലേ.. ഞാനും ഇപ്പോഴും എപ്പോഴും പറയുന്നു 'എല്ലാം ശരിയാക്കാം'..

ഇപ്പൊള്‍ എനിക്ക്‌ പേടി തോന്നുന്നു. എല്ലാം എന്റെ തോന്നലാണോ ?? മണല്‍ക്കാടിന്റെ ഈ നാട്ടിലേക്ക്‌ വിമാനം കയറുമ്പോള്‍ അനുഗ്രഹിച്ചയച്ചവരുടെ നാവുകളില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നു. വിസ കിട്ടിയപ്പോള്‍ എന്റെ സ്വപ്നങ്ങളെ ഞാന്‍ തിടമ്പേറ്റിനില്‍ക്കുന്ന ഗജവീരന്മാരാക്കി മാറ്റി. തിളക്കമാര്‍ന്ന സ്വപ്നങ്ങളുടെ സാമ്രാജ്യം തന്നെ എന്റെ മനസ്സില്‍ പണിതുയര്‍ത്തി. അമ്മയെ ഒരു രാജ്ഞിയെപ്പോലെ വാഴിക്കുമെന്ന ദൃഡപ്രതിജ്ഞയും എടുത്തു. വിസയെടുത്ത്‌ അതിലേക്ക്‌ നോക്കികൊണ്ട്‌ ഞാന്‍ എന്നോട്‌ തന്നെ പറഞ്ഞു 'എല്ലാം നമുക്ക്‌ ശരിയാക്കാം...'

നല്ല കിനാവുകള്‍ സമ്മാനിച്ച നിറമാര്‍ന്ന ദിനങ്ങളേ.... അനുഗ്രഹിച്ചു കിട്ടിയ ആ ദിനങ്ങളാണെനിക്ക്‌ പ്രിയപ്പെട്ടത്‌, ആ സ്വപ്നദിനങ്ങളില്‍ ഒരവസരവും നിങ്ങള്‍ക്ക്‌ കിട്ടിയില്ലേ... അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ടാവില്ല അതു പറയാന്‍..'എല്ലാം ശരിയാക്കാം..'

ചുമര്‍ചിത്രങ്ങള്‍ തരുന്ന ആസ്വാദനഭംഗി ചിലപ്പോള്‍ യഥാര്‍ത്ഥ കാഴ്ച നമുക്ക്‌ നല്‍കിയെന്നു വരില്ല. അവ ചിത്രങ്ങളാകുമ്പോള്‍ മാത്രമാണ്‌ മനോഹരമാകുന്നത്‌ എന്ന സത്യം മനസ്സിലാക്കാന്‍ ഞാനേറെ വൈകി.എല്ലാം ശരിയാക്കാം എന്ന എന്റെ വാക്കുകളുടെ ചടുലത മങ്ങിതുടങ്ങിയിരിക്കുന്നു എന്ന് എന്റെ മനസ്സ്‌ ഓര്‍മ്മപ്പെടുത്തുന്നു. വേറൊരു വാക്കിനായി ഞാന്‍ തിരഞ്ഞു... ഒന്നും ഓര്‍മ്മയിലെത്തുന്നില്ല. അതോ ഇതിനു സമം വെയ്ക്കാന്‍ വാക്കുകള്‍ ഇല്ലാത്തതാണോ... എന്തോ എനിക്കറിയില്ല.. എന്റെ വാക്കുകളുടെ വിശ്വാസ്യതയില്‍ ജീവിതത്തെ പിന്നെയും മുറുകെ പിടിക്കുന്ന മനസ്സുകളെ വേദനിപ്പിക്കാന്‍ വയ്യായെന്ന സത്യം വീണ്ടും ഞാനറിയുന്നു...

മാറ്റമില്ലാത്ത ദിനങ്ങള്‍.... ജീവിതത്തില്‍ ഒരു വ്യതിയാനങ്ങളും സൃഷ്ടിക്കാത്ത ദിനങ്ങളുടെ കുത്തൊഴുക്ക്‌ തന്നെയായിരുന്നു. പക്ഷെ, എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച പേറ്റുനോവിന്റെ നൊമ്പരം പേറിയ അമ്മയോട്‌ മാത്രം അത്‌ പറയാന്‍ ഞാനശക്തനായി....
'എല്ലാം ശരിയാക്കാം...'

1 Comments:

At Tue Feb 14, 07:07:00 PM PST, Blogger Unknown said...

വ്യത്യസ്‌തമായ തീം. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

 

Post a Comment

<< Home