Sunday, February 05, 2006

ഭൂമിയുടെ അവകാശി

ഭൂമിയുടെ അവകാശി

--സുഹാസ്‌ കേചേരി


ഇന്നലെ വൈകീട്ടും പതിവുപോലെ കറന്റ്‌ പോയി... 'അപ്രഖ്യാപിത പവര്‍-കട്ട്‌' എന്ന പേരില്‍ സ്‌ഥിരം ഉള്ള ഒരു പ്രഹസനം.,


മണ്ണെണ്ണ ചിമ്മിണീം കൊണ്ട്‌ ഉമ്മറത്തേക്ക്‌ കടന്നപ്പൊ., പൊട്ടിപൊളിഞ്ഞു വീഴാറായ മച്ചിന്റെ എതോ ഒരു കോണില്‍ നിന്നും ഭൂമിയുടെ അവകാശി ചോദിച്ചു "ചെയ്‌ ഇന്നും ഈ മണ്ണെണ്ണ വിളക്കു തന്നെയാണൊ., ഇതിന്റെ പുകയടിച്ചു മടുത്തു., ഇന്നലെ കഷ്ട്ടപ്പെട്ടു കെട്ടിയ വലയതാ അപ്പുറത്ത്‌ കരിപിടിച്ചു കിടക്കുന്നു., ഇനിയിപ്പൊ ഇതും നശിച്ചാല്‍ പുതിയൊരെണ്ണം ഉണ്ടാക്കണമെങ്കില്‍ ഞാനിനി എത്ര ബഹുരാഷ്ട്ര കുത്തകക്കാരുടെ കയ്യും കാലും പിടിക്കണം.."


"ഈ പുക കൊള്ളാതെ കിടക്കണം എന്ന് എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ., മോന്‍ ദുഫായില്‍ പോയിട്ട്‌ അദ്യായ്ട്ട്‌ ഞാന്‍ ആവശ്യപ്പെട്ടത്‌ കറന്റ്‌ പോയാ കത്തണ ആ കുന്ത്രാണ്ടം കൊടുത്തയക്കാനാ., ഇതാ ഇന്നലെ അവന്റെ കത്തുണ്ടാരുന്നു 'ഇമ്മാസത്തെ ശംബളം കിട്ട്യേപ്പോ ഒരു മൊഫെയില്‍ വാങ്ങിത്രെ, പാട്ടും പടോം ഒക്കെ ഒള്ളത്‌, ഇനീപ്പോ അടുത്ത ശംബളം കിട്ട്യാ നോക്കട്ടെന്നാ പറഞ്ഞേക്കണെ'... അവരു ചെരുപ്പക്കാരല്ലെ അതൊക്കെ ഇല്ലാണ്ട്‌ പട്ട്വോ.?"


"എന്നാലും അത്യാവശ്യങ്ങള്‍ കഴിഞ്ഞിട്ട്‌ പോരെ ആര്‍ഭാടങ്ങള്‍"- വീണ്ടും അവകാശി..


"നീ ഒന്ന് പോ അസത്തേ, ഇപ്പോ ഈ മൊഫെയിലൊക്കെ ഒരു അത്യാവശ്യാനത്രെ, അതില്ലാണ്ടിരുന്നാ ശരിയാവില്ലാന്നാ പറേണെ... അല്ലെങ്കിലും, നമ്മള്‍ ഈ രണ്ടു ജന്മങ്ങള്‍ക്ക്‌ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ എന്തിനാ വെളിച്ചം.."


"എന്റെ റബ്ബേ, ഞാന്‍ ഉമ്മാനെ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല.. ഈ കരീം പൊകേം ഒന്നും ഇല്ലാണ്ടെ കൊറച്ച്‌ ശുദ്ധവായു ശ്വസിക്കണം എന്നാശ ഒള്ളോണ്ട്‌ ചോദിച്ചതാ.."


"ഈ ഒരു ചിമ്മിനി വിളക്കോണ്ടാ ഇവിടിങ്ങനെ കരീം പൊകേം എന്നാ അന്റെ വിചാരം.?, ഇനീപ്പൊ അനക്ക്‌ അങ്ങനെ ഒരു ആശ ഒണ്ടേല്‍ കണ്ണടച്ചിരുന്ന് നമ്മടെ പഴയ നാടിനെ പറ്റി അങ്ങട്‌ ഓര്‍ത്തോ., വെഷം തുപ്പുന്ന പൊകക്കൊഴലുകള്‍ക്കും, കാതു പൊളിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ക്കും പകരം, പൊയേം തോടും മരോം ചെടീം കിള്യേളും ഒക്കെ ഒണ്ടാരുന്ന ആ പഴയ നാളുകളിലെ നാടിനെ പറ്റി...."


"എന്തായാലും ഉമ്മ വെഷമിക്കണ്ടാ... ഈ കരീം പൊകേം ഇല്ലാണ്ട്‌ ഉമ്മാക്ക്‌ ഒരീസങ്കിഒരീസം ഒറങ്ങാന്‍ പറ്റോന്ന് ഞാനൊന്നു നോക്കട്ടെ.."


ഇന്നു രാവിലെ പടിഞ്ഞാറെ കോലായില്‍ കപ്പ തൊലികളഞ്ഞ്‌ ഇരിക്കുമ്പോഴാണു ഇടവഴിയിലൂടെ ആരുടെയോ ശവമഞ്ചവും തോളിലേറ്റി വരുന്ന ആ വിലാപയാത്ര കണ്ടത്‌.., ഓടി അടുത്തു ചെന്നു നോക്യേപ്പോ വിലാപയാത്രയുടെ മുന്നില്‍ നീളത്തില്‍ പിടിച്ച ബാനറിലെ വാക്കുകള്‍ തെളിഞ്ഞു വന്നു., കണ്ണില്‍ തളം കെട്ടിയ ജലകണങ്ങള്‍ക്കിടയിലൂടെ ആ വാചകം ഒരു വിധത്തില്‍ വായിച്ചു തീര്‍ത്തു


"ബഹുരാഷ്ട്ര കമ്പനിയുടെ പുകക്കുഴലിനു മുകളില്‍ വലകെട്ടി ആ വിഷവാതകത്തെ തടുക്കാന്‍ ശ്രമിച്ച്‌ ധീര മൃത്യു വരിച്ച ധീരയോധാവിന്‌ ആദരാഞ്ജലികള്‍"


"പ്രകൃതിയെ നശിപ്പിക്കുന്ന നഗര വികസനത്തിന്‍ ഒരു രക്‍തസാക്ഷി കൂടി - അതും ഈ ഭൂമിയുടെ അവകാശി"

0 Comments:

Post a Comment

Links to this post:

Create a Link

<< Home