Saturday, July 08, 2006

ബൂലോഗ സംഗമങ്ങള്‍

ബൂലോഗ സംഗമങ്ങള്‍
-ഡ്രിസില്‍ മൊട്ടാമ്പ്രം

അതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യമാണ് ബ്ലോഗുകളെ പ്രശസ്‌തമാക്കിയത്. ഒരു തുറന്ന ചര്‍ച്ചാവേദിയാണ് ബ്ലോഗുകള്‍. ‘ബ്ലോഗ്‘ എന്ന വാക്ക് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തപ്പോള്‍ അത് ‘ബൂലോഗ‘മായി. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 250-ലേറെ മലായാളികള്‍, മാതൃഭാഷയില്‍ ബ്ലോഗെഴുതുന്നു. അവര്‍ തങ്ങളുടെ നയനിലപാടുകളും, സാഹിത്യരചനകളും, തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും, ചിന്താധാ‍രയ്‌ക്കും അനുസൃതമായ എഴുത്തുകളും തങ്ങളുടെ സ്വന്തം ബൂലോഗത്തില്‍ പ്രകാശനം ചെയ്യുന്നു. നിമിഷനേരങ്ങള്‍ക്കുള്ളില്‍, മറ്റു ബൂലോകര്‍ ആ എഴുത്തുകള്‍ക്ക് മറുകുറിപ്പ് എഴുതുകയായി.

ഇന്റര്‍നെറ്റിലൂടെ മാത്രം പരസ്‌പരം അടുത്തറിഞ്ഞ മലയാ‍ളം ബ്ലോഗെഴുത്തുകാര്‍ ആദ്യമായി ഒത്തുചേര്‍ന്നു. യു.എ.ഇ-യിലെ ബൂലോകര്‍ ഷാര്‍ജ കുവൈത്ത് ടവറിലും, കേരളത്തിലെ ബൂലോകര്‍ കൊച്ചി ദര്‍ബാര്‍ ഹാളിലുമാണ് സംഗമിച്ചത്.



യു.എ.ഇ-യിലെ 40-ഓളം മലയാളം ബ്ലോഗെഴുത്തുകാര്‍ ചേര്‍ന്ന സംഗമത്തില്‍, രണ്ട് വിഷയങ്ങളില്‍‍ മേല്‍ സിം‌പോസിയങ്ങള്‍ നടന്നു. ‘യുനീകോഡിന്റെ സാധ്യതകള്‍’ എന്ന വിഷയത്തിന്‍ മേല്‍ നിഷാദ് കൈപള്ളിയും , ‘മലയാളം ബ്ലോഗിംഗ്’ എന്ന വിഷയത്തില്‍ സജിത്തും വിഷയാവതരണം നടത്തി.‍പ്ലാറ്റ്ഫോമോ പ്രോഗ്രാമോ ലാംഗ്വേജോ യാതൊരു പരിമിതിയും ഏര്‍പ്പെടുത്താത്ത യുനികോഡ്, മറ്റു ഭാഷാമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, മലയാളം ഇന്റര്‍നെറ്റ് പത്രമാധ്യമങ്ങള്‍ ഇന്നും ആസ്‌കീ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത് എന്നത് ലജ്ജാവഹമാണെന്ന് യുനീകോഡിനെ കുറിച്ച് വിഷയാവതരണം നടത്തിയ നിഷാദ് കൈപള്ളി പറഞ്ഞു. യുനികോഡിന്റെ സാധ്യതകള്‍ക്ക് നേരെ കണ്ണടച്ച്, മലയാള ലിപി വിപുലീകരണത്തിനും, പുതിയ ഫോണ്ടുകള്‍ക്കുമായി കേരള സര്‍ക്കാര്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുകയാണെന്ന് നിഷാദ് കുറ്റപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, മലയാളം ബ്ലോഗിംഗിനു കൂടുതല്‍ പ്രചാരം നല്‍കുന്നതിലൂടെ യുനികോഡിലുള്ള മലയാളം ലിപികളുടെ സാധ്യതകളെ ജനകീയമാക്കാന്‍ സാധിക്കുമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍, മൈക്രോസൊഫ്‌റ്റ് ഇന്‍‌ഡിക് ബ്ലോഗ് അവാ‍ര്‍ഡ് ജേതാവ് സജീവ് എടത്തനാടന്‍, കലേഷ് എന്നിവരെ യു.എ.ഇ ബൂലോഗ സംഗമം പൊന്നാട അണിയിച്ച് ആദരിച്ചു.

അപരിചിതത്വത്തിന്റെ മുഖഭാവമില്ലാതെ സംഗമത്തിലെത്തിയ ആ ഭാഷാസ്‌നേഹികള്‍, വീണ്ടും കാണാമെന്ന ഉറപ്പോട് കൂടി സംഗമത്തിനു ശേഷം യാത്ര പറഞ്ഞു.

കൊച്ചി ദര്‍ബള്‍ ഹാളില്‍ നടന്ന കേരള ബൂലോക സംഗമം, ശ്രീ. ചന്ദ്രശേഖരന്‍ നായര്‍, ഹരിശ്രീ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉത്ഘാടനം ചെയ്‌തു. 30-ലധികം മലയാളം ബ്ലോഗെഴുത്തുകാ‍ര്‍ പങ്കെടുത്ത സംഗമത്തില്‍, മലയാളം ബ്ലോഗിംഗിനുപയോഗിക്കുന്ന വരമൊഴി മലയാളം ടൈപിംഗ് സോഫ്‌റ്റ്‌വേറിനെ കുറിച്ച് വിശ്വപ്രഭ സംസാരിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന ചടങ്ങില്‍, ബ്ലോഗുകളെ ആസ്‌പദമാക്കി അതുല്യ അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍, ഓരോരുത്തരും സജീവമായി തന്നെ പങ്കു കൊണ്ടു. തുടര്‍ന്ന്, മാധ്യമപ്രതിനിധികളുമായി നടത്തിയ സംഭാഷണത്തില്‍, വിശ്വപ്രഭ, ശ്രിജിത്ത്, അതുല്യ തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളം ബ്ലോഗിംഗ്, മലയാളം ബ്ലോഗിംഗിന്റെ പ്രത്യേകതകള്‍, ബ്ലോഗ് തുടങ്ങുന്നതിന്റെ രീതി തുടങ്ങിയ കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു.



രാവിലെ പത്ത് മണിക്ക് തുടങ്ങിയ സംഗമത്തില്‍ നിന്നും യാത്ര പറയുമ്പോള്‍ സമയം വൈകുന്നേരം അഞ്ചു മണിയായിരുന്നു.

ഇതിനു മുമ്പ് ബാംഗ്ലൂര്‍ ബ്ലോഗെഴുത്തുകാര്‍, ‘ദ ഫോറം’ മാളില്‍ ഒത്തു ചേര്‍ന്നിരുന്നു. അതായിരുന്നു, മലയാളം ബ്ലോഗെഴുത്തുകാരുടെ ആ‍ദ്യ സംഗമം.

6 Comments:

At Sat Jul 08, 12:27:00 PM PDT, Blogger Manoj Prabhakaran said...

cool! nice to see everyone (though of course i have no idea who is who). congrats on the event!

 
At Sat Jul 08, 04:17:00 PM PDT, Blogger evuraan said...

ഇതില്‍ നിന്നോണ്ട് ഉറങ്ങുന്നതാരാ, ശ്രീജിത്തല്ലേ?

 
At Sun Jul 09, 02:34:00 AM PDT, Blogger ചില നേരത്ത്.. said...

ബാംഗ്ലൂര്‍ മീറ്റിന്റെ വിവരം നീ അവസാനമാക്കി അതും രണ്ട് വരിയില്‍ :(

 
At Sun Jul 09, 07:21:00 AM PDT, Blogger ശനിയന്‍ \OvO/ Shaniyan said...

ദര്‍ബാള്‍ ഹാളോ ബീടീയെച്ചോ?
w v :hiaiao

 
At Sun Jul 09, 08:10:00 PM PDT, Blogger ശനിയന്‍ \OvO/ Shaniyan said...

കമന്റുകള്‍ നേരിട്ടു ഗ്രൂപ്പിലേക്കാണ് പോകുന്നതെന്നു തോന്നുന്നു.. ദയവായി അത് പിന്മൊഴികള്‍ അറ്റ് ജീമെയിലിലേക്കാക്കാമോ?

 
At Sun Jul 09, 11:46:00 PM PDT, Blogger ഇളംതെന്നല്‍.... said...

മലയാളം ബ്ലോഗിംഗിനു കൂടുതല്‍ കൂടുതല്‍ പ്രചാരം നല്‍കാന്‍ ശ്രമിക്കാം....
അതിലൂടെ യുണീകോഡിനെക്കുറിച്ച്‌ കൂടുതല്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്നു പ്രത്യാശിക്കുന്നു...

 

Post a Comment

<< Home