Saturday, July 08, 2006

മെഡിക്കല്‍ ക്യാമ്പ് പ്രവാസികള്‍ക്ക് സാന്ത്വനമേകി

മെഡിക്കല്‍ ക്യാമ്പ് പ്രവാസികള്‍ക്ക് സാന്ത്വനമേകി

-എസ്.കെ.ചെറുവത്ത്

ഒരു ഓണ്‍ലൈന്‍ ഫോറത്തിനു ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതിന്റെ തെളിവായിരുന്നു, ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ട്‌, യു.എ.ഇ ചാപ്‌റ്റര്‍ രണ്ട്‌ ദിവസങ്ങളിലായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌. ആതുരശുശ്രൂഷാ രംഗത്ത്‌ ശ്രദ്ധേയരായ ജാന്‍സണ്‍സ്‌ സ്‌റ്റാര്‍ പോളി ക്ലിനിക്കുമായി സഹകരിച്ച്‌, ബര്‍ ദുബായിലുള്ള ക്ലിനിക്കില്‍ വെച്ചായിരുന്നു ക്യാമ്പ്‌ നടന്നത്‌. 350 ആളുകളില്‍ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിക്കൊണ്ട്‌ ചെയ്യാന്‍ ഉദ്ദേശിച്ച ക്യാമ്പിന്റെ സേവനം, 500-നടുത്ത്‌ ആളുകള്‍ ഉപയോഗപ്പെടുത്തി. സ്‌റ്റേജ്‌ ഷോകള്‍ നടത്താന്‍ ആവേശഭരിതരാകുന്ന പ്രവാസിസംഘടനകളില്‍ നിന്നും വ്യത്യസ്‌ഥമായി, ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ടിന്റെ സേവനമേഖലയില്‍ കാലൂന്നിയുള്ള ഈ പ്രവര്‍ത്തനം ഏറെ പ്രശംസനീയമായിരുന്നു. ഗള്‍ഫ്‌ നാടുകളിലെ വര്‍ദ്ധിച്ചു വരുന്ന ചികില്‍സാചെലവും, കുതിച്ചുയരുന്ന മരുന്നുവിലയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, യു.എ.ഇ-യിലെ തൊഴിലാളികള്‍ക്ക്‌ ഏറെ ആശ്വാസകരമായിരുന്നു 2006 ജൂണ്‍ 23, 30 തിയ്യതികളിലായി നടന്ന ഈ മെഡിക്കല്‍ ക്യാമ്പ്‌. ഭാഷാ മാഗസിന്‍ ഡയരക്‍ടര്‍ ശ്രീ. നാരായണന്‍ വെളിയങ്കോട്‌ മെഡിക്കല്‍ ക്യാമ്പ്‌ ഉത്ഘാടനം ചെയ്‌തു. ഡാഫൊഡില്‍സ്‌ ഇന്‍ ഡെസേര്‍ട്ട്‌ മോഡറേറ്റര്‍ സുഷ ജോര്‍ജ്ജ്‌ അദ്ധ്യക്ഷയായിരുന്നു. ജാന്‍സണ്‍സ്‌ സ്‌റ്റാര്‍ പോളി ക്ലിനിക്ക്‌ എം.ഡി ശ്രീ. മോഹന്‍ തുടര്‍ന്ന് സംസാരിച്ചു. ഐ സ്‌പെഷ്യലിസ്‌റ്റ്‌, യൂറോളജിസ്‌റ്റ്‌, ജനറല്‍ ഫിസിഷ്യന്‍സ്‌ തുടങ്ങി ഏഴോളം ഡോക്‍ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ബ്ലഡ്‌ ഷുഗര്‍, ബ്ലഡ്‌ പ്രഷര്‍, കൊളസ്‌റ്ററോള്‍ തുടങ്ങിയ പരിശോധനകള്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവയും ക്യാമ്പില്‍ സൌജന്യമായി നല്‍കി.ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ടിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 2005 ജൂലൈ 20-ന്, ഒരു ഓണ്‍ലൈന്‍ ഫോറമായി ആരംഭിച്ച ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ടില്‍ ഇന്ന് യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ബാംഗ്ലൂര്‍, കേരള, മുംബൈ, കെനിയ, യു.കെ, യു.എസ് തുടങ്ങീ വിവിധ സ്‌ഥലങ്ങളില്‍ നിന്നായി നൂറിലധികം മലയാളികള്‍ സൌഹൃദം പങ്കിടുന്നുണ്ട്. കൃത്യമായ വിലാസവും പേരുവിവരവും ഉറപ്പുവരുത്തിയതിനു ശേഷം മാത്രമെ, ഡാഫൊഡിത്സിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയുള്ളൂ എന്നതാണ്, മറ്റു ഓണ്‍ലൈന്‍ കൂട്ടായ്‌മകളില്‍ നിന്നും ഡാഫൊഡിത്സിനെ വ്യത്യസ്‌ഥമാക്കുന്നത്. ഓണ്‍ലൈനിലൂടെ വിശേഷങ്ങള്‍ പങ്കിടുക എന്നതിനപ്പുറം, സാധ്യമാകുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, അംഗങ്ങളുടെ ക്രിയാത്മക കഴിവുകളുടെ പ്രോത്സാഹനങ്ങള്‍ക്ക് വേദിയൊരുക്കുക തുടങ്ങിയവയാണ് ഡാഫൊഡിത്സിന്റെ മറ്റു പ്രവര്‍ത്തന മേഖലകള്‍. ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരു അനൌദ്യോഗിക വെബ് സൈറ്റ് ( www.daffodilsindesert.com ) ഡാഫൊഡിത്സിലെ അംഗങ്ങള്‍ തന്നെയാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചത്.

1 Comments:

At Mon Jul 10, 06:17:00 AM PDT, Anonymous deepak said...

ആശംസകള്‍

 

Post a Comment

Links to this post:

Create a Link

<< Home