Tuesday, April 04, 2006

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍


--വിന്റോ തോമസ്‌

കുളിര്‍കാറ്റടിക്കുന്നതുപോലെ..
മഴപെയ്യുന്നുണ്ടാകാം...
വെറുതെ ഏകാകിയായിരിക്കാന്‍ തോന്നി.
അല്ലെങ്കിലും അങ്ങനെതന്നെയാണു താനും.
ഒത്തിരി മോഹങ്ങള്‍..
എന്റെ അമ്മയെ കാണണം..
ആ മടിയില്‍ ഒത്തിരി നേരം കിടക്കണം.
അച്‌ഛനുമൊത്തിരിക്കണം.
സ്വന്തം നാടിനെയും ബന്ധുജനങ്ങളെയും കാണണം.
ചേച്ചിയും ഒത്ത്‌ കുശലം പറഞ്ഞിരിക്കണം,വഴക്കു കൂടണം..
ഓടിചാടി നടക്കണം. എന്നെ കാണാന്‍ ചേച്ചിക്കും ഒത്തിരി കൊതി കാണും.
എല്ലാം സഫലമാകും. എന്റെ മനസ്സു പറഞ്ഞു. പക്ഷേ ഇനിയും കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കണം.എന്നെ കാണാന്‍ എല്ലാവരും ആഹ്ലാദത്തോടെ കാത്തിരിക്കുകയാവും...ആണോ..? അറിയില്ല..!
ഇവിടെ എനിക്കിപ്പോള്‍ കൂട്ടിനാരുമില്ല. ഒറ്റയ്‌ക്കിരുന്ന് മുഷിഞ്ഞു.എങ്കിലും വിഷമമില്ല. എനിക്കാവശ്യമുള്ളതെല്ലാം സമയാസമയങ്ങളില്‍ ലഭിക്കുന്നു.
ഇനിയുള്ള കാലം അമ്മയോടൊത്തു കഴിയണം. അമ്മയെ പൊന്നുപോലെ നോക്കണം.. ഞാനോര്‍ത്തു.. എനിക്കമ്മയോട്‌ ഇത്രയധികം സ്‌നേഹം എങ്ങനെ വന്നു..! എനിക്കറിയാം എന്റെ അമ്മയെ എനിക്ക്‌ മറക്കാനാവില്ലല്ലോ..
ഓരോ ചിന്തയില്‍ മുഴുകിപ്പോയി. നേരം ഇരുട്ടിയതറിഞ്ഞേയില്ല. എപ്പോഴോ മയക്കത്തിലേക്ക്‌ വീണു.പെട്ടെന്നെന്തോ ശബ്‌ദം കേട്ടാണുണര്‍ന്നത്‌. എന്റെ ഹൃദയം പട പടാന്നിടിക്കുന്നു. കൈകാലുകള്‍ക്ക്‌ ബലം നഷ്‌ടപ്പെടുന്നത്‌ പോലെ. ഞാന്‍ ഇരുന്നിടത്തുനിന്നും ഇപ്പോള്‍ വേറെവിടെയോ ആണെന്നെനിക്ക്‌ മനസ്സിലായി. ചുറ്റും കാല്‍പെരുമാറ്റം. ശരീരമാസകലം എന്തോ കുത്തിക്കയറുന്നതുപോലെ തോന്നുന്നു. സ്വപ്നമാണോ..? ഒരു നിമിഷം ശങ്കിച്ചു. അല്ല.. ആരുടേയോ കൈ.. കയ്യില്‍ നീട്ടിപിടിച്ച ആയുധം. അതെനിക്കു നേരെയാണല്ലോ ദൈവമേ നീണ്ടുവരുന്നത്‌.. ഞാന്‍ കയ്യും കാലും ഇട്ടടിക്കാന്‍ ശ്രമിച്ചു.. കഴിയുന്നില്ല... എന്റെ വലം കയ്യില്‍ മുറിവേറ്റിരിക്കുന്നു.. അസഹ്യമായ വേദന.. ഞാനുറക്കെ നിലവിളിച്ചു.. അമ്മേ... രക്തം വാര്‍ന്നൊലിക്കുന്ന എന്നെ രക്ഷിക്കാന്‍ ആരുമില്ലേ...
ശബ്‌ദിക്കാന്‍ കഴിയുന്നില്ല, ഓടി രക്ഷപ്പെടാനാവുമോ.. ഇല്ല എനിക്കാവുന്നില്ല.. ഏതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നതു പോലെ.
എന്റെ സ്വപ്‌നങ്ങള്‍ എല്ലാം വെറുതെയാവുകയണോ.. അക്രമിയുടെ കരങ്ങള്‍ എന്റെ നേരെ വീണ്ടും അടുക്കുന്നു. എന്റെ ശരീരഭാഗങ്ങള്‍ ഓരോന്നായി മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണയാള്‍.
എനിക്കെന്റെ അമ്മയെ കാണണം....
പ്രിയപ്പെട്ട അച്‌ഛനും സ്‌നേഹമുള്ള ചേച്ചിയും ഒക്കെ വെറും സ്വപ്‌നം മാത്രമാവുകയാണോ..?നിശ്ശബ്‌ദമായ ഭാഷയില്‍ ഞാന്‍ തേങ്ങിക്കരഞ്ഞു.
മരണവേദനയോടെ സര്‍വ്വ ശക്തിയും എടുത്ത്‌ കുതറിമാറാന്‍ ശ്രമിച്ചു. ഇല്ല.. ഒട്ടും അലിവില്ലാതെ അയാള്‍ എന്റെ നേരെ ചീറിയടുക്കുകയാണ്‌. ആരും എന്നെ രക്ഷിക്കാനില്ലേ..
ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു.ആരേയും ഇതുവരെയും ഒരു തരത്തിലും ഉപദ്രവിക്കാത്ത എന്നെ... ഇയാള്‍ക്കെങ്ങനെ മനസ്സുവന്നു,വാടകകൊലയാളിയെപ്പോലെ വെട്ടിനുറുക്കാന്‍....

വിടരാത്ത പുഷ്‌പം പോലെ, വാടിക്കരിഞ്ഞില്ലാതാവാനാണോ എന്റെ വിധി.
ഒരു നിമിഷം ഞാന്‍ കണ്ണുകളടച്ചു.
ഒത്തിരി സ്‌നേഹമുള്ള അമ്മയേയും, പ്രിയപ്പെട്ട ചേച്ചിയേയും അച്‌ഛനേയും മനസ്സിലോര്‍ത്തു. ആരും എന്നെ മനസ്സിലാക്കിയില്ലല്ലോ..
എന്റെ ശരീരമാസകലം മുറിക്കപ്പെട്ടിരിക്കുന്നു.കഷണങ്ങളാക്കി നുറുക്കിയിരിക്കുന്നു. ഇല്ല ഇനി രക്ഷയില്ല.. എല്ലാ മോഹങ്ങളും ബാക്കിയാക്കി യാത്രയാവുകതന്നെ.

ഒരു നിമിഷം എല്ലാം നിശ്‌ചലം...
ആ ഗര്‍ഭസ്‌ഥശിശുവും ആശുപത്രിയുടെ കുപ്പതൊട്ടിയിലേക്ക്‌ എറിയപ്പെട്ടു.

2 Comments:

At Tue Apr 04, 10:57:00 PM PDT, Blogger Visala Manaskan said...

ടച്ചിങ്ങ്! വളരെ ഇഷ്ടപ്പെട്ടു.
രേഷ്‌മയുടെ ഈ http://reshan.blogspot.com/2005/12/blog-post_19.html കഥ ഓര്‍ത്തു.

 
At Wed Apr 05, 02:37:00 AM PDT, Anonymous Anonymous said...

really fantastic story

 

Post a Comment

<< Home