Tuesday, April 04, 2006

ഇവരും

ഇവരും

--പ്രദീപ്‌.എം.മേനോന്‍

നെയ്യുറുമ്പുകള്‍ വരിയിട്ട തെരുവിന്റെ ഓരത്തും
അപരന്റെ ഉച്ചിഷ്‌ടം അന്നമാക്കുന്നവര്‍.
നഗരസാഗരം ആര്‍ത്തിരമ്പുമ്പോഴും
നരകതുല്യമാം ജീവനം നയിപ്പവര്‍.
സമൃദ്ധികള്‍ ശീതളീകരിക്കുന്നിടങ്ങള്‍ക്കുമപ്പുറം,
ചവറുകള്‍ പോലെ എറിയപ്പെടുന്നവര്‍.
ചെയ്യാത്ത തെറ്റിന്റെ ശിക്‍ഷ പേറുന്നവര്‍
‍പെയ്യാമുകിലിന്റെ വൃഷ്ടി തേടുന്നവര്‍
‍നാളെയെന്നൊന്നിനെ പ്രതീക്‍ഷിച്ചിടാത്തവര്‍
‍വാള്‍മുനയിലെവിടെയൊ കബന്ധമായ്‌ മാറുവോര്‍.
ആര്‍ക്കുമേ വേണ്ടാത്ത ജീവച്‌ഛവങ്ങളിവര്‍-
ആതുരലോകത്തിന്‍ നേരിന്‍ പകര്‍ച്ചകള്‍.
പശിയിടങ്ങളില്‍ ചുവടറ്റു വീഴുവോര്‍
പാശത്തറകളില്‍ വിശപ്പിരക്കുന്നവര്‍
‍പിച്ചയെടുക്കുവാന്‍ പിറന്നൊരീജന്മങ്ങള്‍
പിച്ചിയെറിഞ്ഞൊരീ ജീവിത തുണ്ടുകള്‍.
പച്ചമാംസത്തിന്റെ വിലപോലുമില്ലാതെ-
കച്ചിതുരുമ്പിലും കൈവിട്ടുപോയവര്‍.
ബാല്യങ്ങള്‍ കൈവിട്ട തെരുവിന്റെ കുട്ടികള്‍
‍തെരുവിനും വേണ്ടാത്ത ശിഷ്‌ടജന്മങ്ങള്‍.
ശ്രേഷ്‌ടരാല്‍ പോലും അവജ്ഞ നേടുന്നവര്‍
വൃക്‍ഷത്തലപ്പുപോല്‍ ആടിയുലയുവോര്‍.
നാണം മറക്കുവാന്‍ തുണിപോലുമില്ലാതെ-
നാടിന്റെ സന്തതിയാകാം ഒരു പെങ്ങള്‍,
പുരുഷകാമത്തിനു കീഴ്‌പെട്ടിടുമ്പോഴും-
പരുഷദംഷ്‌ട്രങ്ങളാല്‍ പീഡിതയായവള്‍.
നീതിപീഠത്തിന്നു സാക്‍ഷ്യങ്ങള്‍ നല്‍കുവാന്‍
പിന്നെയും ഹീനതയേറ്റുവാങ്ങുന്നവര്‍.
മാടിനെപ്പോലെ മടച്ചുവീഴുമ്പോഴും-
മറ്റുള്ളവര്‍ക്കായ്‌ മൃതപ്രായമാകുവോര്‍.
മൃത്യുവും വേണ്ടാതെ ആട്ടിയകറ്റുവോര്‍
സൃഷ്‌ടികര്‍ത്താവിന്റെ അക്ഷരത്തെറ്റുകള്‍.
വത്‌സരം എത്ര കടന്നുപോകുമ്പോഴും
നിസ്സഹായര്‍,ഇവരെത്രയോ നിന്ദിതര്‍
‍പെറ്റിട്ട മണ്ണിനും പിടിവിട്ടുപോയവര്‍
പിച്ചവെക്കാനും ഇടമറ്റുപോയവര്‍.
കഷ്‌ടിച്ചരവയര്‍ അന്നത്തിനായിവര്‍
സ്രഷ്‌ടാവിനോടും കനിവിന്നിരക്കവേ-
തിരക്കിട്ടു പായുമീ കാലികലോകവും
പുച്‌ഛമുച്‌ഛ്വാസം ഇങ്ങിട്ടേച്ചുപോകയോ?
പാലായനത്തിന്റെ ദുരന്തങ്ങള്‍ പേറുവോര്‍
പകലറുതിപോല്‍ എരിഞ്ഞടങ്ങുന്നവര്‍.
ചായ്‌ക്കുവാനില്ലിടം ഇവിടിവര്‍ക്കെങ്കിലും
ചവിട്ടടിയിലൊടുങ്ങുമീ പതിതജന്മങ്ങളും.
ഇവരെക്കുറിച്ചിന്നു പാടുവാനില്ലൊരാള്‍
ഇവരെ പ്രതീക്‍ഷിച്ചിരിക്കാനുമില്ലൊരാള്‍.
ഇവരെന്റെ നാട്ടുകാര്‍, കൂടപ്പിറപ്പുകള്‍,
ഇനിയും ലഭിക്കാത്ത മോക്‍ഷഭിക്‍ഷുക്കള്‍.

1 Comments:

At Sat Apr 08, 12:58:00 AM PDT, Anonymous Anonymous said...

Nice one....

 

Post a Comment

<< Home