Tuesday, April 04, 2006

സ്വപ്‌നം

സ്വപ്‌നം
--സുഹാസ്‌ കേച്ചേരി

നഗരത്തിലെ തിരക്കില്‍ നിന്നും മാറി ഇങ്ങു ദൂരെ ഈ കോര്‍ണിഷില്‍ വരുമ്പോള്‍, എന്നത്തെയും പോലെ ഇന്നും ഒന്നെ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍, പത്തൊമ്പതാം വയസ്സില്‍ , ജനിച്ച നാടും വീടും എല്ലാം ഉപേക്ഷിച്ച്‌ ഗള്‍ഫ്‌ എന്ന ഈ മാന്ത്രിക ലോകത്തേക്ക്‌, ചിത്രങ്ങളിലൂടെയും വര്‍ണ്ണനകളിലൂടെയും മാത്രം എനിക്ക്‌ പരിചിതമായ ഈ സ്വപ്‌നഭൂമിയിലേക്ക്‌ പറക്കുമ്പോള്‍ ഒത്തിരി മോഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരുന്നു മനസ്സില്‍. ഇവിടെ വന്ന ആദ്യനാളുകള്‍,എന്റെ സ്വപ്‌നങ്ങള്‍ ഒക്കെയും യാഥാര്‍ത്ഥ്യമാകുകയാണോ എന്നു തോന്നിയ നിമിഷങ്ങള്‍.പിന്നെ എപ്പോഴായിരുന്നു ഗള്‍ഫ്‌ ജീവിതത്തിന്റെ മടുപ്പും വിഹ്വലതകളും എന്റെ മനസ്സിലേക്കും ചേക്കേറിയത്‌. ഇവിടെ ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളും തകരുകയാണോ?.. അതിലേറെ ഞാന്‍ ഇട്ടെറിഞ്ഞു പോന്ന എന്റെ നാട്‌ , കൂട്ടുകാര്‍,എന്നെ സ്‌നേഹിക്കുന്ന ഒട്ടേറെപേര്‍,എന്റെ കൌമാരം.. അങ്ങനെ എല്ലാം ഞാന്‍ സ്വയം നഷ്‌ടപ്പെടുത്തുകയായിരുന്നോ എന്ന തോന്നല്‍, അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ചീറിപായുന്ന വാഹനങ്ങളുടേയും നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന യന്ത്ര സാമഗ്രികളുടേയും മനം മടുപ്പിക്കുന്ന മുരള്‍ച്ചകള്‍ക്കിടയില്‍നിന്നും മനസ്സിനെ സ്വതന്ത്രമാക്കാന്‍ , എന്റെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍, എനിക്ക്‌ നേരെ വരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍, എന്നെ സാന്ത്വനിപ്പിക്കാന്‍ ഒരു നല്ല കൂട്ടുകാരന്‍, അതായിരുന്നു എനിക്കീ കടല്‍....


കോര്‍ണിഷ്‌, അതായിരുന്നു എന്റെ കൂട്ടുകാരന്‌ അറബികള്‍ കൊടുത്ത പേര്‍. എന്നത്തേയും പോലെ ഇന്നും അവന്‍ തികച്ചും ശാന്തനായിരുന്നു. വിശേഷങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത ഒരു സാധാരണ പ്രവാസിയുടെ ജീവിതം പോലെ തിരകളില്ലാതെ തികച്ചും ശാന്തമായ അവന്റെ മുഖത്ത്‌ ഇന്നും ആ മന്ദഹാസം ഞാന്‍ കണ്ടു..ഈ മന്ദഹാസവും പരന്നുകിടക്കുന്ന കടലിന്റെ നീലിമയും അതായിരുന്നു എന്റെ മനസ്സിനെ എന്നും ഇങ്ങോട്ട്‌ നയിച്ചിരുന്നത്‌.. ഏതു പ്രശ്‌നങ്ങളെയും ചിരിച്ച മുഖത്തോടെ മാത്രം നേരിടുന്ന അവനോട്‌ എനിക്ക്‌ സത്യത്തില്‍ അസൂയ ആയിരുന്നു, എനിക്ക്‌ കഴിയുന്നില്ലല്ലോ അങ്ങനെ... ആ അസൂയയാണോ അതോ കുറച്ച്‌ സമയമെങ്കിലും അവന്റെ ആ ശാന്തതയെ കീറിമുറിച്ച്‌ ആ നീലപരപ്പില്‍ നീന്തിതുടിക്കണം എന്ന മോഹമാണോ എന്നെ അവനിലേക്ക്‌ എടുത്തു ചാടാന്‍ പ്രേരിപ്പിച്ചത്‌.. പക്ഷെ, അവിടെയും അവന്‍ എന്നെ തോല്‍പിച്ചു.. എന്റെ പതനം സൃഷ്‌ടിച്ച അലകള്‍ ഒഴിച്ചാല്‍ അവന്‍ തികച്ചും ശാന്തനായികൊണ്ട്‌ തന്നെയായിരുന്നു എന്നെ സ്വീകരിച്ചത്‌, അപ്പോഴും അവന്റെ മുഖത്ത്‌ ആ മന്ദഹാസം ഞാന്‍ കണ്ടു..


സത്യത്തില്‍ ഞാന്‍ നീന്തുകയായിരുന്നില്ലാ.. മുങ്ങിത്താഴുകയായിരുന്നു, അഗാധതയിലേക്ക്‌, അറ്റമില്ലാത്ത ജീവിത പ്രശ്‌നങ്ങളിലൂടെ എന്നപോലെ ഞാന്‍ ആഴ്‌ന്ന് ആഴ്‌ന്ന് പോകുകയായിരുന്നു അവന്റെ അടിത്തട്ടിലേക്ക്‌.... പക്ഷെ, ഒത്തിരി നേരത്തിനു ശേഷം ഞാന്‍ എത്തിപെട്ടത്‌ തികച്ചും വ്യത്യസ്തമായ ഒരു ലോകത്തായിരുന്നു.. അവിടെ പരന്നു കണ്ട സ്വര്‍ണ്ണ പ്രഭയുടെ ഉറവിടത്തിലേക്ക്‌ നീങ്ങുമ്പോള്‍, അതു സ്വന്തമാക്കണം എന്ന മോഹത്തേക്കാളേറെ, അതെന്താണെന്നറിയാനുള്ള ജിജ്ഞാസ മാത്രമായിരുന്നു മനസ്സു നിറയെ.. അതിനടുത്തെത്തുമ്പോഴെക്കും മനുഷ്യ സഹജമായ അത്യാര്‍ത്തി എന്ന വികാരം എന്റെ മനസ്സിനെ ജിജ്ഞാസയില്‍നിന്നും അതിനെ ഒന്നു തൊട്ടറിയണം എന്ന മോഹത്തിലെക്ക്‌ നയിച്ചിരുന്നു.. പക്ഷെ, ആ നിമിഷത്തിലാണു ഞാന്‍ ആ സത്യം മനസിലാക്കിയത്‌..എനിക്ക്‌, എന്റെ കൈകള്‍ നഷ്‌ടമായിരിക്കുന്നു.. എന്റെ കൈകളുടെ സ്ഥാനത്ത്‌ അറ്റുകിടക്കുന്ന ഞരമ്പുകളും കട്ടപിടിച്ച രക്തവും മാത്രം, കടലിന്റെ നീലിമയിലേക്ക്‌ എന്റെ രക്തത്തിന്റെ ചുവപ്പു രാശി പടരുന്നത്‌ ഞാന്‍ അറിഞ്ഞു.. അപ്പോഴും എന്റെ കണ്ണുനീരിന്റെ ഉപ്പു രസം വേര്‍ത്തിരിച്ചറിയാന്‍ എനിക്കായില്ലാ, അതോ, എന്റെ കണ്ണില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നില്ലേ..?? അല്‍പസമയത്തിനു ശേഷം കുറച്ച്‌ ദൂരെ കടല്‍ ചെടികള്‍ക്കിടയില്‍ എവിടെയോ ഞാന്‍ കണ്ടു, ആരെയോ പ്രതീക്ഷിച്ചെന്നപോലെ തുറന്നു പിടിച്ച രണ്ടു കരങ്ങള്‍, അതെന്റെ കൈകളാണെന്നു തിരിച്ചറിയാന്‍ എന്റെ കണ്ണുകള്‍ക്ക്‌ പെട്ടെന്നു കഴിഞ്ഞു, ആ കൈകള്‍ യഥാസ്ഥാനത്ത്‌ ചേര്‍ത്തു വെക്കുമ്പോള്‍ നഷ്‌ടപെട്ടെന്നു കരുതിയത്‌ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു മനസ്സു നിറയെ... ആ കൈകള്‍ മുന്‍പത്തെക്കാളും ശക്തവും ദൃഡവുമായി തോന്നിച്ചു. പക്ഷെ, ഇപ്പോഴും അവ തുറന്നു തന്നെ ഇരുന്നു... ആര്‍ക്കോ വേണ്ടി... എന്റെ നെഞ്ചില്‍ തലചായ്‌ക്കാന്‍, ഈ കൈകള്‍ക്കുള്ളില്‍ ഒതുങ്ങി എന്നോടു ചേര്‍ന്നു നില്‍ക്കാന്‍ അവള്‍ എന്നെങ്കിലും വരും എന്ന പ്രതീക്ഷയോടെ...


"ഹേയ്‌ സുധി, നിനക്കിപ്പോള്‍ നിന്റെ കൈകള്‍ തിരിച്ചു കിട്ടിയിരിക്കുന്നു.. ഇനി ഞാന്‍ നിനക്ക്‌ നിന്റെ ജീവനെ തരാം, അവളെയും കൊണ്ടു പറക്കാന്‍ ചിറകുകള്‍ തരാം.. നീ പറന്നു കൊള്ളുക അവളെയും കൊണ്ട്‌.., നിങ്ങളുടെ മാത്രം ലോകത്തേക്ക്‌, സ്‌നേഹത്തിന്റെ ലോകത്തേക്ക്‌.., പ്രശ്‌നങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക്‌.., നിങ്ങളുടെ കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും മാത്രമുള്ള ലോകത്തേക്ക്‌... അതാ അവിടെ ആ പാറക്കെട്ടുകള്‍ക്കു പുറകില്‍ നിനക്കവളെ കാണാം, നിന്റെ ജീവനെ.." - ഈ ശബ്ദം, എന്റെ സ്വപ്നങ്ങളില്‍ മാത്രം ഞാന്‍ കേട്ടിട്ടുള്ള ഈ ശബ്ദം, ദൈവീകമെന്നു ഞാന്‍ വിശ്വസിച്ചു പോന്ന ഈ ശബ്ദം... ഞാന്‍ ഓടുകയായിരുന്നു, ജലഭിത്തികളെ ഭേദിച്ചു കൊണ്ട്‌, ദൈവം പറഞ്ഞ ആ പാറക്കെട്ടുകളുടെ അടുത്തേക്ക്‌.. അവിടെ, ആ പാറക്കെട്ടുകള്‍ക്ക്‌ പുറകിലായി ഞാന്‍ കണ്ടു.. അവളെ, എന്റെ സ്വപ്‌ന സുന്ദരിയെ... ഗള്‍ഫ്‌ ജീവിതത്തിലേക്ക്‌ ഞാന്‍ ചെക്കേറുന്നതു വരെ എന്റെ നല്ല ഒരു കൂട്ടുകാരി മാത്രമായിരുന്നു അവള്‍, എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എന്നെ ഒത്തിരി സഹായിച്ചിരുന്ന നല്ല ഒരു കൂട്ടുകാരി, പിന്നെ എപ്പോഴോ ഞാന്‍ അറിഞ്ഞു... അവള്‍ എനിക്ക്‌ ഒരു കൂട്ടുകാരിയെക്കാളേറെ മറ്റെന്തെല്ലാമോ ആണെന്ന്.. ഇടക്കിടെ ഉള്ള കത്തുകളിലൂടെ, ടെലിഫോണ്‍ സംഭാഷണങ്ങളിലൂടെ, ഞങ്ങള്‍ അടുത്തു... ഒരുപാടൊരുപാട്‌... ഒത്തിരി ഇഷ്‌ടപ്പെടുന്നു ഞാനവളെ, അവളും... എന്നിട്ടും, ആ ഇഷ്‌ടം ആര്‍ക്കോ വേണ്ടി ഞങ്ങള്‍ കണ്ടില്ല എന്നു നടിക്കുകയായിരുന്നു.. ഞങ്ങളുടെ കുടുംബ പശ്ചാത്തലങ്ങള്‍, ജാതി, അതിലേറെ വീട്ടുകാരോടുള്ള കടപ്പാട്‌, അങ്ങനെ അങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ക്ക്‌ മുന്നില്‍ ഞങ്ങളുടെ സ്വപ്‌നങ്ങളും മോഹങ്ങളും "അടുത്തജന്മം" എന്ന ഒരു സ്വപ്‌ന ലോകത്തിലേക്ക്‌ വഴി മാറുകയായിരുന്നു.. ഞാന്‍ ഒരു പാടു വിശ്വസിച്ചിരുന്നു അങ്ങനെ ഒരു ലോകത്തിനെ പറ്റി.. ഒത്തിരി പ്രാര്‍ത്ഥിച്ചിരുന്നു അങ്ങനെ ഒരു ജീവിതത്തിനായി...


"സുധീ ഇതാ.. നിന്റെ പ്രാര്‍ത്ഥനക്കും കണ്ണുനീരിനും ഉള്ള ഉത്തരം... നിന്റെ ജീവന്‍.. നിനക്കായി മാത്രം ഈ ഭൂമിയില്‍ സൃഷ്‌ടിക്കപ്പെട്ടവള്‍.. നിന്റെ സ്വന്തം, നിന്റെ മാത്രം കുട്ടു... ഇത്‌, ഞാന്‍ നിനക്കു തരുന്ന അനുഗ്രഹമാണ്‌.. ഇതാ ഇപ്പോള്‍, നീ പറക്കുക, ഇവളേയും കൊണ്ട്‌.. നിന്റെ ജീവനെയും കൊണ്ട്‌.. നിങ്ങള്‍ക്ക്‌ മാത്രമായി ഞാന്‍ ഒരുക്കിയ നിങ്ങളുടെ ലോകത്തിലേക്ക്‌" -വീണ്ടും ദൈവത്തിന്റെ ആ ശബ്ദം, എന്നെ ഓര്‍മ്മകളുടെ ലോകത്തില്‍ നിന്നും തിരിച്ചു വിളിച്ചിരിക്കുന്നു.. ഇപ്പോള്‍ ആ പാറക്കെട്ടുകള്‍ക്കടുത്ത്‌ ഞാന്‍ നില്‍ക്കുമ്പോള്‍ ഇതൊരു സ്വപ്‌നമല്ല എന്നു ഞാന്‍ എന്റെ മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു.. എന്റെ കരങ്ങള്‍ ഇപ്പോള്‍ മൂടപ്പെട്ടിരിക്കുന്നു.. ആ വലയത്തിനുള്ളില്‍ എന്റെ ഹൃദയത്തോട്‌ ചേര്‍ന്ന് അവള്‍.. എന്റെ ജീവന്‍, എന്റെ സ്വന്തം കുട്ടു... അവിടെനിന്നും ഞാന്‍ പറക്കുക തന്നെ ആയിരുന്നു.. അവളെയും ഹൃദയത്തോട്‌ ചേര്‍ത്തു പിടിച്ച്‌.. മനസ്സില്‍ ഒരു പാടു സ്വപ്നങ്ങളും-ഇങ്ങനെ ഒരു ജീവിതം തന്ന ദൈവത്തോടുള്ള തീരാത്ത കടപ്പാടുമായി... ലോകത്തിന്റെ എതോ ഒരു കോണിലേക്ക്‌.. ഞങ്ങളുടെ സ്വപ്‌നങ്ങളുടെ സാക്ഷാല്‍കാരത്തിനായി... ആ യാത്രക്കിടയില്‍ ഒരിക്കല്‍ കൂടെ ഞാന്‍ നന്ദിയോടെ തിരിഞ്ഞു നോക്കി ദൈവം തന്ന ആ ചിറകുകളിലേക്ക്‌, അതിലേക്ക്‌ ശ്രദ്ധിക്കുംതോറും അതില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ വരുന്ന പോലെ, അതെന്റെ തോന്നലായിരുന്നോ?? അല്ല, സത്യത്തില്‍ എന്റെ കണ്മുന്നില്‍ ആ ചിറകിനു മാറ്റങ്ങള്‍ സംഭവിക്കുകയാണ്‌.. അതിന്റെ തൂവലുകള്‍ക്കു പകരം ലോഹപാളികള്‍, തൂവെള്ള നിറത്തിനു പകരം ഒരു തവിട്ടു രാശി അതില്‍ പടരുന്നോ-ചിറകുകള്‍ക്കടിയിലായി ഭീമാകാരമായ രണ്ടു ഫാനുകള്‍ പോലെ എന്തോ യന്ത്ര സാമഗ്രികള്‍-അപ്പോഴാണ്‌ ആ തവിട്ടു നിറത്തിനു മുകളില്‍ എഴുതിയ അക്ഷരങ്ങള്‍ എന്റെ കണ്ണില്‍ പെട്ടത്‌. QA125 ഖത്തര്‍ എയര്‍ വ്വയ്സ്‌.


നല്ല ഒരു സ്വപ്‌നം നഷ്ടപെടുത്തിയ കാബിന്‍ ക്രൂവിന്റെ ശബ്ദത്തെ ഉള്ളില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ കണ്ണുകള്‍ തിരുമ്മി നിവര്‍ന്നിരിക്കാന്‍ ശ്രമിക്കുമ്പോഴും, അവള്‍ എന്റെ ചുമലില്‍ തലയും ചായ്ച്‌ നല്ല ഉറക്കത്തിലായിരുന്നു.. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും-അവളുടെ മുഖം എനിക്ക്‌ ഒരു കൊച്ചുകുഞ്ഞിന്റേതു പോലെ തോന്നിച്ചു.. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ മുന്നില്‍ വന്ന് കൊഞ്ചിക്കൊണ്ട്‌ നാണത്തോടെ പേരു പറഞ്ഞു തന്ന ആ പാവാടക്കാരി പെണ്‍കുട്ടി... അന്നവള്‍ ഒടുവില്‍ പറഞ്ഞ ആ വാചകം ഞാന്‍ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു: "ഇവരെല്ലാരും എന്നെ മങ്ങിണീന്നാ വിളിക്ക്യാ, പച്ചെ ഇക്കു എന്നെ കുട്ടൂന്ന് വിളിച്ചാമതീട്ടോ,"... അന്ന് കണ്ട പാവാടക്കാരി കുട്ടിയല്ല ഇന്നവള്‍, എന്റെ ഭാര്യയാണ്‌, 3 കുട്ടികളുടെ അമ്മയാണ്‌... ഫ്ലൈറ്റിന്റെ സെന്റര്‍ സീറ്റില്‍ മക്കള്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു... വാച്ചില്‍ നോക്കിയപ്പോള്‍ സമയം 3.10, ഇനിയും 2 മണിക്കൂറുകള്‍ കൂടി വേണം ഫ്ലൈറ്റ്‌ കൊച്ചിയില്‍ എത്താന്‍...


കുട്ടുവിന്റെ മുഖത്തേക്ക്‌ പാറി കിടന്ന മുടിയിഴകളെ കൈകൊണ്ട്‌ മാടിയൊതുക്കി, അവളുടെ തോളിലൂടെ ഇട്ടിരുന്ന എന്റെ വലതു കൈകൊണ്ട്‌ അവളെ കൂടുതല്‍ എന്നിലേക്ക്‌ ചേര്‍ത്തു പിടിക്കുമ്പോള്‍, അടുത്ത ജന്മത്തിലേക്കായി ഞങ്ങള്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക്‌, ഈ ജന്മത്തിലേ സാക്ഷാത്ക്കാരം തന്ന ദൈവത്തോടുള്ള കടപ്പാടും, ഇനിയുള്ള ജന്മങ്ങളിലൊക്കെയും ഞങ്ങളെ ഇങ്ങനെ ഒന്നായി ജീവിക്കാന്‍ അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയും മാത്രമായിരുന്നു മനസ്സില്‍.. എന്റെ കുട്ടുവിന്റെ തലയില്‍ തലയും ചാരി വീണ്ടും ഞാന്‍ എന്റെ കണ്ണുകള്‍ പതുക്കെ അടച്ചു.. ഉറക്കത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്‌ എന്നപോലെ.. പുതിയ ഒരു സ്വപ്‌നത്തിന്റെ ലോകത്തിലേക്ക്‌ ഞാന്‍ വീണ്ടും ആഴ്‌ന്ന് ആഴ്‌ന്ന് പോകുകയാണ്‌... ഇപ്പോഴും ചേര്‍ത്തു പിടിച്ച കൈകള്‍ക്കുള്ളില്‍ അവളുണ്ട്‌, എന്റെ നെഞ്ചോടു ചേര്‍ന്ന്.. അവള്‍, എന്റെ ജീവന്‍, എന്റെ സ്വന്തം കുട്ടു...

4 Comments:

At Thu Apr 06, 01:50:00 AM PDT, Anonymous Nike said...

Swapna bhoomiyile sundara jeevitham ethipidikkan chiraku mulappichu parannuyarunna sadharana pravasiyute, thante swargam swantham kudumbam thanneyanennulla thiricharivanu "swapnam". Suhasinu abhinandanangal

 
At Thu Apr 06, 01:51:00 AM PDT, Anonymous Nike said...

Swapna bhoomiyile sundara jeevitham ethipidikkan chiraku mulappichu parannuyarunna sadharana pravasiyute, thante swargam swantham kudumbam thanneyanennulla thiricharivanu "swapnam". Suhasinu abhinandanangal

 
At Sat Apr 08, 01:10:00 AM PDT, Anonymous Anonymous said...

suhaaz,

good writing suhaz...congrats

susha

 
At Sat Apr 08, 04:21:00 AM PDT, Anonymous Anonymous said...

കൊള്ളാം ഭാഗ്യവാന്‍ , പ്രണയം പൂത്തുലഞ്ഞല്ലോ...

 

Post a Comment

Links to this post:

Create a Link

<< Home