ഇരുള്‍ പരക്കുമ്പോള്‍
--ഫൈസല്‍ ബാബു, പാലക്കാട്
പുറത്ത് നല്ല മഴക്കോളുണ്ട്. കാറ്റിന് ശക്തിയും തണുപ്പും കൂടിയിട്ടുണ്ട്. അകലെയായി കേട്ടിരുന്ന ഇടിമുഴക്കങ്ങള്‍ ഇപ്പോള്‍ അടുത്തെത്തിയിരിക്കുന്നു. ഏതോ ആലോചനയില്‍ മുഴുകി, ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അപ്പുണ്ണി. ശക്തമായ ഒരു മിന്നല്‍ അവനെ ചിന്തയില്‍ നിന്നുണര്‍ത്തി. മെഴുകുതിരിയുടെ ഇളകിയാടുന്ന അരണ്ട വെളിച്ചത്തില്‍, അവന്റെ കണ്ണുകള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചെഗുവേരയുടെ ചിത്രമുള്ള കലണ്ടറിനടിയിലെ വരികളില്‍ തറഞ്ഞു നിന്നു. 'പരാജിതനായി ഞാന്‍ ഒരിക്കലും മടങ്ങില്ല. പരാജയത്തേക്കാള്‍ അഭികാമ്യം മരണമാണ്..' ആ ചിത്രത്തിലേതു പോലെ നിശ്ചയദാര്‍ഡ്യവും ജാഗ്രതയും നിറഞ്ഞതായി തീര്‍ന്നു അപ്പോള്‍ അവന്റെ മുഖവും. ജനലിലൂടെ അകത്തേക്കു വീശിയ കാറ്റ്, വിറച്ച് കത്തിക്കൊണ്ടിരുന്ന ആ മെഴുകുതിരി നാളം ഊതിക്കെടുത്തി. ഒരു നൊടിയിടയില്‍, മുറിയില്‍ തളം കെട്ടിനിന്നിരുന്ന നിശ്ശബ്‌ദതയോടൊപ്പം ഇരുളും ഇഴ ചേര്‍ന്നു. കനത്ത ഇരുട്ടും അതിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നെത്തിയ മിന്നലിന്റെ വെളിച്ചവും ആ മുറിക്കുള്ളില്‍ ഒരു നിഗൂഡഭാവം ഉണ്ടാക്കിയെടുത്തു.
'എനിക്കതിനാവും..' ഇരുളില്‍ നിന്നും അപ്പുണ്ണിയുടെ ശബ്ദം ഉയര്‍ന്നു. 'ഞാനതു ചെയ്യും... ഇന്നു തന്നെ..' അപ്പോള്‍ പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു.!
'സുഡാനി' എന്നാണ് അപ്പുണ്ണിയെ എല്ലാവരും വിളിക്കുന്നത്. നല്ല ഉയരവും, കറുത്ത നിറവുമാണവന്. നീളക്കൂടുതല്‍ കാരണം നടക്കുമ്പോള്‍ അവന് മുമ്പോട്ട് ചെറിയ വളവുമുണ്ടാകാറുണ്ട്. അടുത്ത കൂട്ടുകാരായി അപ്പുണ്ണിയ്ക്ക് ആരും തന്നെയില്ല. ഒരു കമ്പനിയുടെ ഗൃഹോപകരണങ്ങള്‍ വീടുകള്‍ തോറും കയറി വില്‍പ്പന നടത്തലാണ് അവന്റെ ജോലി.
"ഒരു തരത്തില്‍ ആളുകളെ പറ്റിക്കുന പണിയാണിത്." അപ്പുണ്ണി പറയും. "ഒട്ടും ഇഷ്ടപ്പെടാതെയാണ് ഞാനിതു ചെയ്യുന്നത്. ആളുകളുടെ മുഖത്ത് നോക്കി നുണ പറയാന്‍ വിഷമം തോന്നാറുണ്ട്." എങ്കിലും എന്നും രാവിലെ സാധനങ്ങള്‍ നിറച്ച ബാഗുമെടുത്ത് അവന്‍ പുറത്തിറങ്ങും. അപ്പോള്‍ ബാഗിന്റെ ഭാരം കൊണ്ട് അവന്റെ ശരീരത്തിന്റെ വളവ് കൂടുതല്‍ പ്രകടമാകാറുണ്ട്.
'ഒന്നും വേണ്ട!' എന്തെങ്കിലും പറയാനാവുന്നതിനു മുമ്പു തന്നെ ഓരോ വീട്ടില്‍ നിന്നും അവന് കിട്ടിക്കൊണ്ടിരുന്ന. മറുപടിയാണത്. 'ഇവരെക്കൊണ്ട് ഒരു പൊറുതിയുമില്ലാതായി. രാവിലെ തന്നെ ഒരു ബാഗും നിറച്ച് ഇങ്ങോട്ടിറങ്ങിക്കൊള്ളും. ശല്യങ്ങള്‍.' ആദ്യമൊക്കെ ഈ പെരുമാറ്റം അവനെ വേദനിപ്പിച്ചിരുന്നു. പക്ഷെ, അവയുടെ നിത്യാവര്‍ത്തനങ്ങള്‍, തികഞ്ഞ നിസ്സംഗതയോടെ അതെല്ലാം നേരിടാനുള്ള ശക്തി അവന് നല്‍കി. 'അവരെ കുറ്റപ്പെടുത്താനാവില്ല.' അവനോര്‍ത്തു. 'ദിവസവും എന്നെ പോലുള്ള എത്ര പേരെയാവും അവര്‍ സഹിക്കുന്നുണ്ടാവുക. ആര്‍ക്കായാലും ഈറ തോന്നുക തന്നെ ചെയ്യും.'
നേരം ഉച്ച തിരിഞ്ഞിട്ടും അന്ന് ഒരു സാധനം പോലും വില്‍ക്കാനാകാത്തത് അപ്പുണ്ണിയെ മുഷിയിപ്പിച്ചു.
'നല്ല വെയില്.' മുഖത്തെ വിയര്‍പ്പ് തുടച്ചുമാറ്റുന്നതിനിടയില്‍ അവന്‍ സ്വയം പറഞ്ഞു. 'ഇത് രണ്ടാമത്തെ ദിവസമാണ് ഒന്നും വില്‍ക്കാനാകാതെ ഇങ്ങനെ.. രണ്ട് വീടു കൂടി നോക്കി ഇന്നത്തെ പണി നിര്‍ത്താം.' അവന്‍ ഉറപ്പിച്ചു. പിന്നെ ആദ്യമായി കണ്ട വീട്ടില്‍ തന്നെ അവന്‍ കയറിച്ചെന്നു.
ഒന്നും വേണ്ടാ ട്ടോ..' അകത്ത് എവിടെനിന്നോ ഒരു സ്ത്രീശബ്ദം പുറത്തേക്ക് വന്നു.
'വേണം.. എനിക്കൊരു ഗ്ലാസ് വെള്ളം വേണം.' അപ്പുണ്ണി തിരികെ പറഞ്ഞു.
അതു കേട്ട് ചിരിച്ചു കൊണ്ട് ആ സ്ത്രീ പുറത്തേക്കു വന്നു. കൈയ്യില്‍ ഒരു തത്തക്കൂടുമായി ഒരു ബാലനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
'എനിക്ക് കുടിക്കാനിത്തിരി വെള്ളം വേണം.' അപ്പുണ്ണി അവരോട് വീണ്ടും ആവശ്യപ്പെട്ടു.
'ദാ.. ഇപ്പോ തരാം.' വെള്ളമെടുക്കാനായി അവര്‍ അകത്തേക്ക് പോയി.
'നല്ല ഭംഗിയുള്ള തത്ത.' സംശയഭാവത്തോടെ തന്നെത്തന്നെ നോക്കി നില്‍കുന്ന കുട്ടിയെ നോക്കി അപ്പുണ്ണി പറഞ്ഞു.
അതു കേട്ടപ്പോള്‍ അവന്റെ മുഖത്ത് പ്രകാശം നിറഞ്ഞതായി തോന്നി. 'ഉം.. പഞ്ചവര്‍ണ്ണ തത്തയാ..' ഏറെ ഉത്സാഹത്തോടെ അവന്‍ പറായാന്‍ തുടങ്ങി. 'കഴിഞ്ഞ പിറന്നാളിന് എനിക്ക് അച്ഛന്‍ വാങ്ങി തന്നതാ ഇതിനെ. ഇപ്പൊ കുറേശ്ശെ അത് വര്‍ത്താനം പറയാന്‍ തുടങ്ങീട്ട്ണ്ട്. ഈ നായക്കരിമ്പ് കൊടുത്താല്‍ തത്ത നല്ലോണ്ണം വര്‍ത്താനം പറയ്യ്‌വോ..?' അപ്പുണ്ണിയോട് അവന്‍ ചോദിച്ചു.
'ആ.. അത് നല്ലതാണ്. നല്ല എരിവുള്ള പച്ചമുളകും കൊടുക്കാം.'
'മുളകോ? അത് തിന്നാല്‍ തത്തയ്ക്ക് എരിയില്ലെ? അമ്പരപ്പോടെ കുട്ടി ചോദിച്ചു.
'കുറേശ്ശെ..' അവന്‍ കുട്ടിയോട് പറഞ്ഞു. 'എരിവ് തത്തയുടെ നാവിന്റെ കനം കുറയ്ക്കും. അപ്പോളതിന് നന്നായി വര്‍ത്താനം പറയാന്‍ കഴിയും.'
ഏറെ താല്‍പര്യത്തോടെ താന്‍ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന ആ കുട്ടിയോട് അവന്‍ പറഞ്ഞു. 'നോക്ക്, നിന്റെ തത്തയ്ക്ക് വെള്ളം കൊടുക്കാന്‍ പറ്റിയ ഭംഗീള്ള നല്ല പാത്രങ്ങളുണ്ട് ന്റെ കൈയ്യില്‍. ഒന്ന് നിനക്ക് വാങ്ങിത്തരാന്‍ അമ്മയോട് പറയ്.' അത്തരമൊരു പാത്രം തന്റെ തത്തയ്ക്ക് വേണമെന്ന് അവനും തോന്നിക്കാണണം. അവന്‍ അമ്മയുടെ അടുത്തേയ്ക്ക് പോകാനൊരുങ്ങി. തത്തക്കൂട് കൂടി ഒപ്പം കൊണ്ടുപോകണോ എന്ന് ചിന്തിച്ച് കുറച്ച് നേരം അവന്‍ അവിടെ ശങ്കിച്ചു നിന്നു. ഒടുവില്‍, തന്റെ തത്തയെ പറ്റി ഇത്രയും നല്ല കാര്യങ്ങള്‍ പറഞ്ഞു തന്നയാളെ അവിശ്വസിക്കേണ്ടതില്ലെന്നു തന്നെ അവന്‍ ഉറപ്പിച്ചു. കൂട് അവിടെ തന്നെ വെച്ചു കൊണ്ട് അവന്‍ അകത്തേക്ക് പോയി.
'ഇതും കൊണ്ട് നടന്നാല്‍ ഒരീസം എന്തു കിട്ടും നിങ്ങള്‍ക്ക്?' ഒഴിഞ്ഞ ഗ്ലാസിലേക്ക് വീണ്ടും വെള്ളം നിറച്ച് കൊടുക്കുമ്പോള്‍ ആ സ്ത്രീ അവനോട് ചോദിച്ചു.
'അങ്ങനെ കൃത്യമായി പറയാനാകില്ല.' കുടിക്കുന്നതിനിടയില്‍ അവന്‍ മറുപടി നല്‍കി. 'ഓരോ ദിവസത്തേയും വിറ്റുവരവ് അനുസരിച്ചിരിക്കും.' അവശേഷിച്ചിരുന്ന വെള്ളം മുറ്റത്തേക്കൊഴിച്ചുകൊണ്ട് ഗ്ലാസ് അവന്‍ തിരികെ കൊടുത്തു. പിന്നെ അവന്‍ മെല്ലെ കച്ചവടത്തിലേക്ക് തിരിഞ്ഞു.
'ഒരു വീട്ടിലേക്ക് നിങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ഞങ്ങളുടെ കമ്പനി ഉണ്ടാക്കുന്നുണ്ട്.' ഓരോ സാധനങ്ങളായി അവന്‍ പുറത്തെടുത്ത് കൊണ്ട് അവന്‍ പറഞ്ഞു. 'ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതു സാധനങ്ങളേക്കാളൂം ഏറെ നിലവാരത്തിലുള്ളതാണ് ഞങ്ങളുടെ സാധനങ്ങള്‍. അവയേക്കാളും വിലയിലും ഏറെ ആക്കവുമുണ്ട്. മാത്രമല്ല, എല്ലാറ്റിനും ഒരു വര്‍ഷത്തേക്കുള്ള ഗ്യാരണ്ടിയും തരുന്നുണ്ട്. ബില്ല് കളയാതെ നോക്കിയാല്‍ മതി.'
'എന്തെങ്കിലും വിറ്റു കഴിഞ്ഞാല്‍ ഈ വഴിക്കു തന്നെ പിന്നെ നിങ്ങളെ കാണില്ലല്ലൊ. പിന്നെ, ഈ ബില്ലും ഗ്യാരണ്ടിയുമൊക്കെണ്ടായിട്ട് എന്താ കാര്യമുള്ളത്.?' ആ സ്ത്രീ കൊത്തു പറഞ്ഞു.
നേരുനിറഞ്ഞ ആ വാക്കുകള്‍ കേള്‍ക്കാത്ത ഭാവത്തില്‍ നില്‍ക്കാനേ അപ്പുണ്ണിക്ക് കഴിഞ്ഞുള്ളൂ.
'അമ്മേ, ന്റെ തത്തമ്മക്ക് ഒരു പാത്രം തരോ?' ശബ്ദം കേട്ട ഭാഗത്തേക്ക് ആശ്വാസത്തോടെ അവന്‍ തിരിഞ്ഞ് നോക്കി. ഒരു പച്ചമുളക് തത്തയെ കൊണ്ട് തീറ്റിക്കുകയായിരുന്നു ആ കുട്ടി. ഇടക്കിടെ 'തത്തമ്മേ.. പൂച്ച പൂച്ച' എന്ന് അതിനെ പറഞ്ഞ് പഠിപ്പിക്കുന്നുമുണ്ടായിരുന്നു.
'ഏതായാലും ഇതൊക്കെ വാരി പുറത്തിട്ടതല്ലെ, ഇത് ഞാനെടുത്തോളം.' ഒരു ഫൈബര്‍ പാത്രം കാണിച്ചു കൊണ്ട് ആ സ്‌ത്രീ പറഞ്ഞു. അതിനുള്ള പൈസയും വാങ്ങി ബാഗുമെടുത്ത് അവന്‍ പുറത്തിറങ്ങി.
പെട്ടെന്ന്, പിന്നില്‍ നിന്നും തത്തയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് അവന്‍ തിരിഞ്ഞു നോക്കി. ശരീരത്തില്‍ നിന്നും ജീവന്‍ തെറിച്ച് പോകുന്നതു പോലെ ആ കൂട്ടിനുള്ളില്‍ കിടന്ന് ചിറകിട്ടടിച്ച് പിടയുകയായിരുന്നു അത്. അടുത്തെവിടെയെങ്കിലും പൂച്ചയെങ്ങാനും വന്നിട്ടുണ്ടൊ എന്ന് അവന്‍ കണ്ണോടിച്ചു. പെട്ടെന്നാണ്, ഉച്ചത്തില്‍ ചിലച്ചു കൊണ്ട് മുകളിലൂടെ പറന്നു പോകുന്ന ഒരു പറ്റം തത്തകളെ അവന്‍ ശ്രദ്ധിച്ചത്. സ്വച്ഛമായ ആകാശത്തിലൂടെ സ്വതന്ത്രമായി പറന്നു കളിക്കുന്ന തന്റെ കൂട്ടുകാരുടെ ഇടയിലേക്ക് പറന്നുയരാനാണ് ആ പക്ഷി ഈ പരാക്രമമൊക്കെ കാണിക്കുന്നതെന്ന് അവന് ബോധ്യമായി. ആ തത്തകള്‍ പറന്നകന്നിട്ടും ഏറെ നേരം അത് കൂട്ടിനുള്ളില്‍ ചിറകിട്ടടിച്ചു കൊണ്ടിരുന്നു. ഒടുവില്‍, കൂടിന്റെ ഒരു മൂലയില്‍ ദൈന്യഭാവത്തോടെ അത് തളര്‍ന്നിരുന്നു.
വല്ലാത്ത ഒരു ആഘാതമാണ് ഈ കാഴ്‌ചകള്‍ അപ്പുണ്ണിയില്‍ ഉണ്ടാക്കിയത്. ഏറെ വിങ്ങുന്ന മനസ്സുമായി അവന്‍ വീട്ടിലേക്ക് മടങ്ങി. വീടെത്തിയിട്ടും അവന്റെ മനസ്സിന് സ്വസ്ഥത കിട്ടിയില്ല. ചിറകിട്ടടിച്ച് കൊണ്ടുള്ള ആ തത്തയുടെ കരച്ചിലും, ദൈന്യമാര്‍ന്ന മുഖഭാവവും ഓരോ നിമിഷവും അവനെ വേട്ടായാടിക്കൊണ്ടിരുന്നു. രാത്രി ഏറെയായിട്ടും അവനുറാങ്ങാനായില്ല. എന്ത് ചെയ്യണമെന്നറിയാതെ അവന്‍ മുറിക്കുള്ളില്‍ ഉലാത്തികൊണ്ടിരുന്നു. എന്തു തന്നെ ആയാലും ആ തത്തയെ സ്വതന്ത്രമാക്കണമെന്നു തന്നെ അവന്‍ ആഗ്രഹിച്ചു. ഒടുവില്‍, ഏറേ നേരത്തെ ആലോചനക്ക് ശേഷം ഒരു തീരുമാനത്തിലെത്തി. 'എനിക്കതിനാവും'.. അവന്‍ സ്വയം പറഞ്ഞു. 'ഞാനത് ചെയ്യും. ഇന്ന് തന്നെ.' അതു പറയുമ്പോള്‍ തന്റെ കൈയ്യില്‍ നിന്നും നക്ഷത്രാങ്കിതമായ നിലാവാനത്തിലേക്ക് പറന്നുയരുന്ന തത്തയുടെ ചിത്രമായിരുന്നു അവന്റെ മനസ്സില്‍.
ആ വീടിന് മുന്‍പിലെത്തിയപ്പോള്‍ രാവേറെ ചെന്നിരുന്നു. വീടിന്റെ മുന്നില്‍ തൂക്കിയിട്ടിരുന്ന കൂടിനുള്ളില്‍ സുഖമായുറങ്ങുകയായിരുന്ന ആ തത്തയെ അവന്‍ കണ്ടു. നന്ദിയോടെ തന്റെ മുഖത്തേക്ക് നോക്കി അകാശത്തിന്റെ സ്വതന്ത്രയിലേക്ക് പറന്നുയരുന്ന ആ പക്ഷിയെ അവന്‍ ഭാവനയില്‍ കണ്ടു. ശബ്‌ദമുണ്ടാക്കാതെ അവന്‍ കൂടിനരികിലെത്തി.
'പേടിക്കേണ്ട. ഞാന്‍ നിന്നെ മോചിപ്പിക്കാന്‍ വന്നതാണ്.' കാല്‍ പെരുമാറ്റം കേട്ട് ഞെട്ടിയുണര്‍ന്ന തത്തയോട് അവന്‍ മെല്ലെ പറഞ്ഞു. പതുക്കെ കൂടു തുറക്കാന്‍ അവന്‍ ശ്രമിച്ചതും, അവനെ ഞെട്ടിച്ച് കൊണ്ട് ആ തത്ത ഉറക്കെ കരഞ്ഞതും ഒന്നിച്ചായിരുന്നു.
വീട്ടുകാരെത്തും മുമ്പ് അതിനെ തുറന്ന് വിടാനാവില്ലെന്ന് ഉറപ്പായപ്പോള്‍ മുറ്റത്തുള്ള ചെടികള്‍ക്കുള്ളില്‍ അപ്പുണ്ണി മറഞ്ഞിരുന്നു. എത്ര നേരം അവിടെ ഇരിക്കേണ്ടി വന്നാലും, ആ പാവത്തിനെ മോചിപ്പിച്ചേ താന്‍ മടങ്ങിപ്പോകൂ എന്ന് അവന്‍ ഉറപ്പിച്ചിരുന്നു.
'വല്ല പൂച്ചയേയും കണ്ട് പേടിച്ചതാവും.' ചുറ്റിലും ടോര്‍ച്ചടിച്ച് നോക്കി കൊണ്ട് ആ വീട്ടുടമസ്ഥന്‍ പറയുന്നതു കേട്ടു.
'ഒന്നുമില്ല! വാ പോയി കിടക്കാം.' അവര്‍ അകത്തേക്ക് പോകാനൊരുങ്ങി. പക്ഷെ, ആ കുട്ടിക്ക് അതത്ര തൃപ്‌തിയായില്ല. അച്ഛന്റെ കൈയ്യില്‍ നിന്നും ടോര്‍ച്ച് വാങ്ങി അവന്‍ നാലുപാടും അടിച്ച് നോക്കി.
'അച്ഛാ.. നോക്ക്.. കള്ളന്‍.. കള്ളന്‍..' അവന്‍ ഒച്ചയിട്ടു. അപ്പോള്‍ അവന്റെ ടോര്‍ച്ചില്‍ നിന്നുള്ള വെളിച്ചം തറഞ്ഞ് നിന്നിരുന്നത് ചെടികള്‍ക്കിടയില്‍ ഒളിച്ച് നിന്നിരുന്ന അപ്പുണ്ണിയുടെ കാലുകളിലായിരുന്നു.
മര്‍ദ്ദനങ്ങളുടെ പെരുമഴ പെയ്‌തൊഴിഞ്ഞപ്പോള്‍ ശരീരത്തിന്റെ പല ഭാഗത്ത് നിന്നും ചോര ഉറവയെടുക്കുന്നത് അപ്പുണ്ണിയറിഞ്ഞു. ശരീരം മുഴുവനും വേദന കൊണ്ട് വിങ്ങുന്നുണ്ടായിരുന്നു. പക്ഷെ, ആ മര്‍ദ്ദനങ്ങളൊന്നും തന്നെ അവന്റെ മനസ്സിനെ തളര്‍ത്തിയിരുന്നില്ല. ആ തത്തയെ മോചിപ്പിക്കാന്‍ കഴിയാതിരുന്നതായിരുന്നു അവനെ വേദനിപ്പിച്ചത്.
'ഇതാണ് എനിക്കൊരു തത്തയെ വാങ്ങിത്തരാന്‍ അച്ഛനോട് പറഞ്ഞത്.' അച്ഛനോടൊപ്പം വീട്ടിലേക്ക് മടങ്ങി പോകുന്ന ഒരു കുട്ടി പറയുന്നത് അവന്‍ കേട്ടു. 'ഇപ്പോള്‍ അച്ഛന് മനസ്സിലായില്ലേ.. തത്തയും കള്ളനെ പിടിക്കുമ്ന്ന്.. നമ്മളാടെയൊക്കെ എത്ര തവണ കള്ളന്മാര്‍ വന്ന് പോയിട്ടുണ്ടാവും.. ഒരു തത്തണ്ടായിരുന്നെങ്കില്‍ അവരെയൊക്കെ നമ്മക്ക് പിടിക്കായിരുന്നില്ലെ? ഇനിയെങ്കിലുമെനിക്ക് ഒന്നിനെ വാങ്ങിത്തരോ അച്ഛാ..'
'ശരി.. ശരി.. ഞാന്‍ നാളെത്തന്നെ വാങ്ങിത്തരാം' അയാള്‍ കുട്ടിക്ക് ഉറപ്പ് നല്‍കി.
'ദാ പോലീസെത്തി.' ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ വിളിച്ചു പറഞ്ഞു. വളവ് തിരിഞ്ഞെത്തിയ പോലീസ് ജീപ്പില്‍ നിന്നുമുള്ള വെളിച്ചം അപ്പുണ്ണിയുടെ മുഖത്തേക്കടിച്ചു കയറി. അവിടെ കൂടി നില്‍ക്കുന്ന എല്ലാവരുടേയും കണ്ണുകള്‍ തന്റെ മേല്‍ പതിയുന്നത് അവനറിഞ്ഞു. അവന്‍ തലയുയര്‍ത്തി ആകാശത്തിലേക്ക് നോക്കി. അവിടെ നക്ഷത്രങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു.
-----------------------------------
'സഖാവേ..' ചെഗുവേരയുടെ ചിത്രത്തിലേക്ക് നോക്കി അപ്പുണ്ണി പറഞ്ഞു. 'വിമോചകനെ തിരിച്ചറിയാന്‍ ബന്ധിതര്‍ക്കും, പീഡിതര്‍ക്കും കഴിയാതിരിക്കുന്നിടത്തോളം കാലം വിപ്ലവമോഹങ്ങള്‍ അസ്ഥാനത്താണ്.' അപ്പോള്‍ ചെയുടെ മുഖത്ത് നേരിയ പുഞ്ചിരി വിരിഞ്ഞതായി അവന് തോന്നി. മുഖത്തുണ്ടായിരുന്ന മുറിപ്പാടില്‍ പതുക്കെ വിരലോടിച്ച്, അവനും ചിരിച്ചു. ജനലിലൂടെ, പുറത്തേക്ക് നോക്കിക്കൊണ്ട് അവനിരുന്നു. അവിടെ ഇരുള്‍ പരന്നു തുടങ്ങിയിരുന്നു.