Sunday, March 05, 2006

"ഒരു കണ്‍സ്യുമര്‍ പ്രണയം"

"ഒരു കണ്‍സ്യുമര്‍ പ്രണയം"

--ആരിഫ്‌ ബ്രഹ്മകുളം


തിരക്കു പിടിച്ച ജീവിതത്തിന്റെ വിരസമായ ഒരു സായന്തനത്തില്‍ ഞങ്ങള്‍ നടക്കുകയായിരുന്നു. അംബരചുംബികള്‍ നിബിഡമായ ആ തെരുവിലൂടെ.സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. നഗരം തന്റെ ആടയാഭരണങ്ങള്‍ എടുത്തണിയാന്‍ തുടങ്ങിയിരിക്കുന്നു. റോഡിന്‌ എതിര്‍വശത്തെ, എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന വ്യാപാരസമുച്ചയം എന്റെ കൂട്ടുകാരനെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു. അവന്‍ എന്നും അങ്ങനെയാണ്‌. കണ്ണ്‌ മഞ്ഞളിക്കുന്ന ആര്‍ഭാടങ്ങള്‍ എന്നും അവനെ ആകര്‍ഷിച്ചിട്ടുണ്ട്‌. മനസ്സില്ലാ മനസ്സോടെ ഞാനും അവനെ അനുഗമിച്ചു. ആ വ്യാപാരസമുച്ചയത്തിനകത്തേക്ക്‌. അവന്‍ ഓടിനടക്കുകയായിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകത്തോടെ. എന്റെ മനസ്സും ആ മായലോകത്തേക്കു ചുവടുവെച്ചു.വേള്‍ഡ്‌ ക്ലാസ്സിക്കുകളുടെ സിഡികള്‍ നിറഞ്ഞ ഗാലറി എന്നെ കുറേ സമയം അവിടെ പിടിച്ചു നിറുത്തി.

കുറേ നേരമായി അവനെ കാണുന്നില്ലല്ലോ.. അലസമായി ഞാന്‍ മുന്നോട്ട്‌ നടന്നു. അവന്‍ അവിടെ എന്താണ്‌ ചെയ്യുന്നത്‌. മോടിയായി വസ്ത്രധാരണം ചെയ്ത ഒരു കോമള രൂപം അവനെ ആകര്‍ഷിച്ചിരിക്കുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.അവനെയുമായി തിരിച്ചുനടക്കുമ്പോള്‍ അവന്‍ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത്‌ മറ്റൊന്നാണ്‌. ആ കോമളരൂപവും ഇവനെതന്നെയാണ്‌ നോക്കുന്നത്‌.

ദിവസങ്ങള്‍ കടന്നു പോയി. ഈയിടെയായി എന്റെ സായാഹ്നങ്ങളില്‍ അവന്‍ എനിക്കു കൂട്ടില്ല. എന്നും സായന്തനങ്ങളില്‍ അവന്‍ അപ്രത്യക്ഷനാകുന്നു. എന്റെ ഉത്‌`കണ്ഠ ഫോണിന്റെ റിംഗ്‌ ടോണായി അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. ഫോണിന്റെ മറുതലക്കല്‍ അവന്റെ ശബ്ദം എനിക്കു കേള്‍ക്കാം. വാതോരാതെ അവന്‍ സംസാരിക്കുന്നു. എന്നോടു തന്നെയാണ്‌. പക്ഷേ എനിക്കു സംശയമില്ല, ഞാന്‍ ആരെന്ന് അവന്‌ മനസ്സിലായിട്ടില്ല. പക്ഷേ അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. "ഇന്നും അവിടെപ്പോയി. ആ കോമളരൂപം എന്നത്തേയും പോലെ ഇന്നും സുന്ദരമായി കാണപ്പെട്ടു. ഇന്ന് സ്വര്‍ണവര്‍ണത്തിലുള്ള ആടയാഭരണങ്ങളോടെയായിരുന്നു.' പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും ഒരു സ്ഥിരം സംഗമസ്ഥാനം നിലനിര്‍ത്താന്‍ ആ കോമളരൂപത്തിനു കഴിഞ്ഞില്ലത്രേ. ചിലപ്പോള്‍ മൊബെയില്‍ ഫോണ്‍ ഗാലറിയില്‍, അല്ലെങ്കില്‍ കാതു തുളക്കുന്ന സംഗീതത്തിനു ചുറ്റും, മറ്റു ചിലപ്പോള്‍ ഓമനത്തമുള്ള ഒരു കുഞ്ഞായി കുറേ കളിപ്പാവകള്‍ക്കു നടുവില്‍."

ദിനങ്ങള്‍ പിന്നെയും കടന്നു പോയി. അവന്റെ ചിന്തകളെ സ്വതന്ത്രമായി വിട്ട്‌ ഞാന്‍ ഏന്റെ ദിനചര്യകളില്‍ മുഴുകി..... ഓഫീസില്‍ നിന്നും തിരക്കിട്ട്‌ ഇറങ്ങുമ്പോഴാണ്‌ മൊബെയില്‍ ഫോണ്‍ ശബ്ദിച്ചത്‌. അവന്‍ തന്നെ. "വേഗം വരണം.. നമുക്ക്‌ അത്യാവശ്യമായി അവിടെ പോകണം, അവള്‍ പുതിയ ബഹുരാഷ്ട്രബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഒരു പാട്‌ സൌജന്യങ്ങളോടെ വാഗ്ദാനം ചെയ്തിരിക്കുന്നു." എവിടെ എന്നു ഞാന്‍ ചോദിച്ചില്ല. കാറില്‍ അവനുമായി , തിരക്കുപിടിച്ച തെരുവിലൂടെ നീങ്ങുമ്പോള്‍ അവന്‍ തികച്ചും നിശ്ശബ്ദനായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ പുറകിലെ പാര്‍ക്കിങ്ങ്‌ ആണ്‌ കിട്ടിയത്‌. ഞങ്ങള്‍ ധൃതിയില്‍ പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പുറകില്‍ നിന്നും മധുരമെങ്കിലും ചിലമ്പിച്ച ഒരു വിളി. അവനെയാണ്‌. ഞങ്ങള്‍ തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ലല്ലോ?.
"ഞാന്‍ തന്നെയാണ്‌, ഞാന്‍ ഇവിടെയുണ്ട്‌ കൂട്ടുകാരാ." വീണ്ടും അതേ ശബ്ദം. ഞങ്ങള്‍ ഒരു നിമിഷം സ്തബ്ധരായി. വരാന്തയില്‍ തല മൊട്ടയടിച്ച, നഗ്നയായ ഒരു സ്ത്രീയുടെ പ്രതിമ. അത്‌ അവനോട്‌ ചോദിച്ചു.
"എന്താണു കൂട്ടുകാരാ ഒരു അപരിചിത ഭാവം".
ആദ്യം ഒന്നു പകച്ചുവെങ്കിലും അവന്‍ ആ പ്രതിമയുടെ അടുത്ത്‌ ചെന്നു. കവിളില്‍ സ്പര്‍ശിച്ചു. വൈദ്യുതാഘാതമേറ്റ പോലെ അവന്‍ കൈകള്‍ വലിച്ചെടുത്തു. അവന്റെ മുഖം വല്ലാതെ വിളറിയിരുന്നു. അവന്‍ വേഗത്തില്‍ തിരിഞ്ഞുനടന്നു. പുറകില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി. ഞാനും അവന്റെ പുറകേ നീങ്ങി. എന്റെ മനസ്സു ചോദിക്കയായിരുന്നു.
"ഹേയ്‌ കൂട്ടുകാരാ നീ ആരെയാണ്‌ പ്രണയിച്ചത്‌.............???"

11 Comments:

At Mon Mar 20, 10:13:00 PM PST, Blogger ചില നേരത്ത്.. said...

പ്രണയിക്കുമ്പോഴല്ല,പ്രണയം മടുക്കുമ്പോഴാണ് ആ ചോദ്യമുയരുന്നത്. കൂട്ടുകാരാ നീയാരെയാണ് പ്രണയിക്കുന്നത്?.

 
At Mon Mar 20, 11:17:00 PM PST, Blogger വള്ളുവനാടന്‍ said...

ഒരു ചെമ്പരുത്തി പൂവിന്റെ ആവശ്യം എവിടയോ കാണുന്നു

 
At Mon Mar 20, 11:18:00 PM PST, Blogger വള്ളുവനാടന്‍ said...

ഒരു ചെമ്പരുത്തി പൂവിന്റെ ആവശ്യം എവിടയോ കാണുന്നു
ഇതൊരു തുടക്കം മാത്രം

നന്നായിടുണ്ട്‌

 
At Tue Mar 21, 12:51:00 AM PST, Blogger ദേവന്‍ said...

ഡ്രിസിലേ,
(വേറാരെയും എനിക്കിവിടെ പരിചയമില്ലാത്തതുകൊണ്ട് ഡ്രിസിലിനെ വിളിച്ചു കയറി വന്നെന്നേയുള്ളു)

തുഷാരത്തിനു അതര്‍ഹിക്കുന്ന റീഡര്‍ഷിപ്പ് കിട്ടുന്നില്ലേ എന്നു സംശയം. അതെന്താണെന്നു ചോദിച്ചാല്‍ എനിക്കറിഞ്ഞൂടാ, ഞാന്‍ കമ്പ്യൂട്ടര്‍ പാപ്പാനല്ല. പക്ഷേ മിക്കപ്പോഴും ഇവിടെ പ്രസിദ്ധീകരിക്കുന്നത് ഞാന്‍ വിട്ടു പോകുന്നു. മിക്കവര്‍ക്കും ഇതു മിസ്സ് ആകുന്നോ എന്നു സംശയം എനിക്ക്.

 
At Tue Mar 21, 01:59:00 AM PST, Blogger സു | Su said...

കഥ നന്നായി.

അന്ധമായ സ്നേഹം.

 
At Tue Mar 21, 02:42:00 AM PST, Blogger അഭയാര്‍ത്ഥി said...

പ്റേമം അന്ധമാണു - അന്ധകാരം അതിനു യോജിച്ചതു. പ്റേമത്തിനു കണ്ണില്ല- അതു കൊണ്ടു പ്റേമിക്കുന്നവറ്‍ പരസ്പരം കാണുന്നില്ല അറിയുന്നില്ല

 
At Tue Mar 21, 02:43:00 AM PST, Blogger അഭയാര്‍ത്ഥി said...

പ്റേമം അന്ധമാണു - അന്ധകാരം അതിനു യോജിച്ചതു. പ്റേമത്തിനു കണ്ണില്ല- അതു കൊണ്ടു പ്റേമിക്കുന്നവറ്‍ പരസ്പരം കാണുന്നില്ല അറിയുന്നില്ല

 
At Tue Mar 21, 03:25:00 AM PST, Blogger Visala Manaskan said...

:)

 
At Tue Mar 21, 03:27:00 AM PST, Blogger അതുല്യ said...

"വേഗം വരണം.. നമുക്ക്‌ അത്യാവശ്യമായി അവിടെ പോകണം, അവള്‍ പുതിയ ബഹുരാഷ്ട്രബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഒരു പാട്‌ സൌജന്യങ്ങളോടെ വാഗ്ദാനം ചെയ്തിരിക്കുന്നു."
hey listen, something wrong in phrasing this sentence. chek pls.

ആശയം എനിക്കു മനസ്സില്ലായില്ലാന്ന് പറഞ്ഞാ, ചെമ്പരത്തിപ്പുവിന്റെ ആവശ്യം വരുമോ ആവോ.

 
At Wed Mar 22, 07:39:00 AM PST, Anonymous Anonymous said...

Vimarsanam oru kalayaanu., ivide vimarisikkunnavanalla vimarsikkappedunnavananu kalaakaran.. kalaye adhijeevikkan kazhiyuunadhilanu ivide kalakarante kazhivu...

Arif... keep writing., Sobhanamaya bhaviyude oru pacha velicham evideyo kaanunnu...

 
At Thu Mar 23, 10:15:00 PM PST, Blogger Unknown said...

കണ്‍സ്യൂമറിസത്തിന്റെ ചതിക്കുഴികളിലേക്കുള്ള ഒരു പാതയാണ്‌ പ്രണയമെന്ന ചാപല്യവും. വിറ്റഴിക്കുക എന്നത്‌ ഉല്‍പാദകന്റെ ആവശ്യമായി മാറുമ്പോള്‍, അവിടെ മാര്‍ഗ്ഗം ഒരു പ്രശ്‌നമല്ലാതായി മാറുന്നു. അതിനു വേണ്ടി കസ്‌റ്റമര്‍ കെയര്‍ സെന്ററുകളും, സെയില്‍സ്‌ എക്സിക്യൂട്ടിവുകളും, കിളിമൊഴികളും രൂപപ്പെടുന്നു. ഒരുപാട്‌ പേര്‍ അവരെ പ്രണയിക്കാന്‍ കടന്നു വരുന്നു. അവരോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍, അല്ലെങ്കില്‍ സ്വന്തത്തെ തന്നെ പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായി 'കസ്‌റ്റമര്‍' അവരുടെ പ്രൊഡക്‍റ്റ്‌ വാങ്ങുന്നു. അവിടെ തന്റെ 'ആവശ്യവും' 'അത്യാവശ്യവും' എന്തെന്ന് കസ്‌റ്റമര്‍ മറക്കുന്നു. കണ്‍സ്യൂമറിസത്തിന്റെ ചതിക്കുഴികളെ വളരെ നന്നായി വരച്ചു കാട്ടാന്‍ ആരിഫിനു സാധിച്ചിട്ടുണ്ട്‌. ഇവിടെ പ്രണയത്തിന്‌ ഒരംശമെങ്കിലും പ്രാധാന്യം ഉണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല.

 

Post a Comment

<< Home