Sunday, August 06, 2006

സ്വപ്‌നങ്ങള്‍ മീതെ തിരമാലകള്‍

സ്വപ്‌നങ്ങള്‍ മീതെ തിരമാലകള്‍

ജൈസല്‍ വി സി ദുബൈ

മൂക്കിന്‍ തുമ്പിലേക്ക്‌ ഇഴുകിയിറങ്ങിയ കണ്ണട, ചൂണ്ടുവിരല്‍ കൊണ്ട്‌ മേലോട്ടാക്കി വിന്‍ഡോ സീറ്റില്‍ ഒന്നുമോര്‍മ്മിക്കാനില്ലാതെ അയാള്‍ ചാരിയിരുന്നു. തീവണ്ടിയിലെ ശീതീകരണമുറിക്ക്‌ പലപ്പോഴും ശവത്തിന്റെ ഗന്ധമാണ്‌. സുഗന്ധലേപനങ്ങളൊന്നുമില്ലാത്ത ശവത്തിന്റെ ഗന്ധം. വെറുതെ ഒരു മയക്കം അയാള്‍ വൃഥാ മോഹിച്ചു. അപ്പോഴേക്കും ആളുകള്‍ എത്തിതുടങ്ങിയിരുന്നു. കിളികൊഞ്ചലുകളും ആംഗലേയവാണികളും മുഖരിതമായി. അപ്പോഴാണ്‌ തന്നെ കൊത്തിനുറുക്കുന്ന ഒരു നോട്ടം അയാള്‍ ശ്രദ്ധിച്ചത്‌. ഒരു യുവതി അവള്‍ തന്റെ നോട്ടം കൊണ്ടയാളെ വലിച്ചു കുടിക്കുകയാണ്‌. അവളുടെ വായിലേക്ക്‌ ഓറഞ്ചല്ലികള്‍ ഓരോന്നായി ഒരു വെള്ളാരം കണ്ണുള്ള പെണ്‍കുട്ടി വെച്ചുകൊടുക്കുകയാണ്‌. അത്‌ വെച്ചുകൊടുക്കുന്ന പെണ്‍കുട്ടിക്കല്ല അടി കിട്ടേണ്ടത്‌ , അത്‌ ഒരു ജാള്യതയുമില്ലാതെ വായിലാക്കുന്ന സുന്ദരിക്കോതയ്‌ക്കാണ്‌.എന്തുകൊണ്ടോ ഷേക്‍സ്‌പിയറുടെ വിഖ്യാതമായ വാചകം അയാള്‍ക്ക്‌ ഉദ്ധരിക്കാന്‍ തോന്നി.
"ലവ്‌ അറ്റ്‌ ഫസ്‌റ്റ്‌ സൈറ്റ്‌"

അടുത്തിരിക്കുന്ന വൃദ്ധന്‍ തന്റെ പുഷ്ബാക്‌ സീറ്റ്‌ പരമാവധി നിവര്‍ത്തി ചാഞ്ഞു കിടന്നുറങ്ങുകയാണ്‌. കുറച്ച്‌ തുറന്ന വായില്‍ കൂടി ഈണത്തില്‍ കൂര്‍ക്കം വലിക്കുന്നുണ്ട്‌.
സൈഡിലെ സഞ്ചിയില്‍ നിന്ന്‌ നേരത്തെ കണ്ണോടിച്ച്‌ മാറ്റിവെച്ച പത്രമെടുത്ത്‌ വീണ്ടും വായിക്കാനൊരുങ്ങി. "ബാലവേല"യെ പറ്റി ജനസേവാശിശുഭവന്‍ മേധാവി എഴുതിയ ലേഖനം ഒട്ടൊരു സങ്കോചത്തോടെ അയാള്‍ വായിച്ചു. പക്ഷേ വായനയുടെ നൈരന്തര്യം എന്തുകൊണ്ടോ.. മുറിഞ്ഞു. മെല്ലെ കണ്ണുകളടച്ച്‌ സീറ്റില്‍ ചാരിയിരുന്നു.
ഇടനാഴിയിലൂടെ കൊച്ചുകുട്ടികള്‍ ഓടിക്കളിക്കുന്നുണ്ട്‌. പലരും ശൈശവത്തിന്റേതായ ഉത്സവത്തിലാണ്‌. അവരുടെ ശബ്‌ദം പെട്ടെന്ന് നിലച്ചപ്പോള്‍ അയാള്‍ കണ്ണു തുറന്നു. നേരത്തെകണ്ട യുവതിയെ അച്‌ഛന്‍ കൈയ്യിലെടുത്ത്‌ ടോയ്‌ലറ്റിലേക്ക്‌ നടക്കുകയാണ്‌......... ദൈവമേ!!........ അരയ്‌ക്ക്‌ കീഴോട്ട്‌ കൊച്ചു കുഞ്ഞിന്റെ ശരീരമുള്ള കുട്ടിയെക്കുറിച്ചാണോ താനിങ്ങനെ പ്രണയമുഹൂര്‍ത്തങ്ങള്‍ സ്വപ്‌നം കണ്ടതെന്നോര്‍ത്തള്‍ അയാള്‍ക്ക്‌ വല്ലാത്ത കുറ്റബോധം തോന്നി. അയാള്‍ ആ സീറ്റിലേക്ക്‌ പാളി നോക്കി. അവരോടൊപ്പമുള്ള സ്‌ത്രീ ഗൌരവത്തില്‍ തന്നെയാണ്‌. മുഖം കൂര്‍പ്പിച്ച്‌ ചില്ലില്‍ മഴവെള്ളം തീര്‍ത്ത മാന്ത്രിക വൃത്തത്തില്‍ നോക്കിയിരിപ്പാണ്‌. വെള്ളാരം കണ്ണുള്ള പെണ്‍കുട്ടിയെ അയാള്‍ കൈകാട്ടി വിളിച്ചു. എന്തിനാണെന്ന അര്‍ത്ഥത്തില്‍ അവള്‍ കൈമലര്‍ത്തി. പിന്നെയും കൈകാട്ടിയപ്പോള്‍ അവള്‍ ഇടനാഴിയില്‍ വന്നു നിന്നു. അപ്പോള്‍ അതിലെ വന്ന ചോക്‍ലേറ്റ്‌ - ബിസ്‌ക്കറ്റ്‌-സിഗരറ്റുകാരന്റെ കയ്യില്‍ നിന്നും അയാളൊരു ചോക്‍ലേറ്റ്‌ അവള്‍ക്കായി വാങ്ങി.
"വാങ്ങിച്ചോളൂ.. അമ്മ വഴക്കൊന്നും പറയില്ല".. അവള്‍ അമ്മയെ ഒന്നു നോക്കി. അവര്‍ മുഖമുയര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അവള്‍ അയാളുടെ അടുത്ത സീറ്റിലെ വൃദ്ധനെ തൊട്ടുണര്‍ത്താതെ കാലുകള്‍ കടന്ന് വെച്ച്‌ മെല്ലെ അടുത്ത്‌ വന്നു നിന്നു. എന്നിട്ട്‌ കണ്ണുകളിലേക്ക്‌ നോക്കി.
"നിന്റെ കണ്ണില്‍ ഒരു സാഗരം ഞാന്‍ കാണുന്നു,എന്ന ഒരു പ്രണയലേഖനത്തിലെ വരികളയാള്‍ക്ക്‌ ഓര്‍മ്മ വന്നു
"ഛേ.. വൃത്തികേട്‌!!.... "ചേച്ചിക്കെന്തു പറ്റി? " തന്റെ ചിന്തകളില്‍ നിന്നും തിരിച്ചു വന്ന് അയാള്‍ ചോദിച്ചു. ആ...... അവള്‍ കൈമലര്‍ത്തി. ആ കണ്ണുകളും കൈമലര്‍ത്തലും അവള്‍ക്കൊന്നുമറിയില്ലെന്നു ബോധ്യമാക്കി.
ചോക്‍ലേറ്റിന്റെ കവര്‍ കളയാനുള്ള അവളുടെ പാടുകണ്ട്‌ അയാളത്‌ വാങ്ങി കവര്‍ നീക്കുന്നതിനിടെ ചോദിച്ചു.
ചോക്‍ലേറ്റ്‌ വാങ്ങിയാല്‍ അമ്മ ചീത്ത പറയുമോ?..
ദ്‌ അമ്മയല്ല.! ഒരു രഹസ്യം കൈമാറുന്ന മട്ടില്‍ അവള്‍ പറഞ്ഞു.
പിന്നെ.......?
"കമോണ്‍ യാര്‍" അവര്‍ പെണ്‍കുട്ടിയെ വിളിച്ചു.
അപ്പോഴേക്കും പകുതി കടിച്ച ചോക്‍ലേറ്റ്‌ അയാളുടെ കയ്യില്‍ കൊടുത്ത്‌ അവള്‍ അവരുടെ അടുത്തേക്ക്‌ നടന്നു. പാതി കടിച്ച ചോക്‍ലേറ്റ്‌ കഷണത്തില്‍ നോക്കി നില്‍ക്കേ മൌനത്തിന്റെ തണുത്ത വാത്മീകം തന്നെ വന്ന് പൊതിയുന്നതായി അയാള്‍ അറിഞ്ഞു.

0 Comments:

Post a Comment

<< Home