Saturday, May 06, 2006

പ്രവാസി - ഒരു പുതിയ ക്യാന്‍വാസ്‌

പ്രവാസി - ഒരു പുതിയ ക്യാന്‍വാസ്‌

ഷാജഹാന്‍ മുഹമ്മദ്
കൊടുങ്ങല്ലൂര്‍

പ്രവാസി,
ഞാനോ..?
ഈ തണുത്ത മുറിയില്‍
പുറത്തെ ചൂടിനോട്‌
കൊഞ്ഞനം കുത്തി വിയര്‍പ്പ്‌ പൊടിയാതെ
വിരല്‍ തുമ്പില്‍ ലോകം കാണുന്ന ഞാനോ..?

പ്രവാസിയുടെ നഷ്‌ടങ്ങള്‍..?
ഭാര്യയുടെ കയ്യിലേക്ക്‌
കുട്ടിയെ കൊടുത്ത്‌, ഷോപ്പിംഗ്‌ മാളിലെ-
ട്രോളിയില്‍ സാധനങ്ങള്‍ വാങ്ങി നിറയ്‌ക്കുമ്പോള്‍
ക്യാമറ വെളിച്ചത്തിനൊപ്പം
മുഖത്ത്‌ ചായം തേച്ച സുന്ദരി ചോദിക്കുന്നു..
പ്രവാസിയുടെ നഷ്‌ടങ്ങള്‍..?
ഒന്നു പകച്ചു ഞാന്‍
എന്തു നഷ്‌ടങ്ങള്‍
‍ചോദ്യത്തിന്റെ പൊരുള്‍ തിരഞ്ഞു ഞാന്‍

ഒരു പാട്ട്‌
നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക്‌
ചായം തേച്ച സുന്ദരി ചിരിക്കുന്നു
പാട്ട്‌, ആര്‍ക്ക്‌..?
പിന്നെയും ആശ്ചര്യം
ഏതെങ്കിലും ഒരു പാട്ട്‌ എല്ലാവര്‍ക്കും വേണ്ടി
ഒരു വിധം കടുത്ത വെളിച്ചത്തിന്റെ
ചൂടില്‍ നിന്നും പുറത്തേക്ക്‌

ഭാര്യയുടെ കയ്യിലിരുന്ന് മകന്‍
‍പെട്ടെന്ന് 'മമ്മീ' എന്ന് വിളിച്ചപ്പോള്‍
ഉള്ളില്‍ ഒരു 'അമ്മേ' എന്ന വിളി പിടഞ്ഞു
സമപ്രായക്കാരായ സഹവാസികളില്‍-
നിന്നകന്ന് അമ്മ ഇപ്പോഴും-
ദൈന്യതയോടെ
വാതില്‍ക്കല്‍ ഇരുന്ന്
വഴിയിലേക്ക്‌ നോക്കുന്നുണ്ടാകും.
അച്ഛന്റെ അസ്‌ഥിമാടം പോലും
കാണാനാകാത്ത വേദനയോടെ
അടുത്തെങ്ങും തിരിച്ച്‌ വരാത്ത
ഏകമകനേയും വെറുതെ കാത്ത്‌...

ഓര്‍മ്മകള്‍ കുത്തിനോവിക്കാന്‍ തുടങ്ങുമ്പോള്‍
സ്‌റ്റീരിയോവില്‍ നിന്നും ഒഴുകി വന്ന ഏതോ ഒരു പാട്ടില്‍ -
ഞാനെന്‍ ഓര്‍മ്മകളെ നഷ്‌ടപ്പെടുത്തി
പ്രവാസിയുടെ നഷ്‌ടങ്ങള്‍..
നഷ്‌ടങ്ങള്‍ ആര്‍ക്ക്‌..?
പ്രവാസിക്കോ..??‍

2 Comments:

At Sat May 06, 01:59:00 PM PDT, Blogger തണുപ്പന്‍ said...

അസ്സലായിട്ടുണ്ട് ! വായിച്ചപ്പോള്‍ അറിയാതെ ഞാനും എന്‍റെ നഷ്ടങ്ങളെക്കുറിച്ചോറ്ത്ത് പോയി.
(ഹയ്യട ആദ്യത്തെ കമന്‍റന്‍ ഞാന്‍ തന്നെ )

 
At Mon May 08, 12:16:00 PM PDT, Blogger വേണു venu said...

നാടുവിട്ടവന് പ്രവാസി,
ഒരു പ്രവാസി നാടു മാത്രമല്ല,തന്റെ ഒരു കാലഘട്ടം വെറും ഓര്മകള്ക്കു് വിട്ടു കൊടുത്തിട്ട് കൈയും വീശി ലോകത്തിനു മുന്നില് നില്ക്കുന്നു.
സ്വന്തം നാടും കാലഘട്ടവും അന്യം നില്ക്കുമ്പോള്,ഉറ്റവരും ഉടയവരും ഓര്മകളും ഒരു കിനാവുപോലെ തോന്നുമ്പോള് പ്രവാസി അന്യന് ആകുന്നു.ആള്ക്കൂട്ടതിലും അന്യന്.
വര്ഷങ്ങള്ക്കു ശേഷം സ്വപ്നങ്ങളുടെ ഭാന്ഡങ്ങളുമായെത്തുന്ന പ്രവാസി തന്റെ നിഴലിനു പോലും അന്യനായി മാറുന്നു.
പ്രവാസി വരുത്തന് എന്നറിയാറാകുമ്പോഴേയ്ക്കും അടുത്ത പ്രവാസി എവിടെയോ ജനിക്കുന്നു.

 

Post a Comment

<< Home