Sunday, January 08, 2006

മായക്കാഴ്ചകള്‍

മായക്കാഴ്ചകള്‍

--പാച്ചു.(ഫൈസല്‍ ബാബു പാലക്കാട്‌)

ഉണര്‍ന്നത്‌ മരുഭൂമിയിലായിരുന്നു.
ചുറ്റിലാരുമില്ലാതെ, തപിക്കുന്ന ഊഷരഭൂവില്‍
തനിയെ ഞാന്‍ മാത്രം...!
മനസ്സിലപ്പോഴും ഒടുങ്ങാത്ത സ്വപ്നാവസ്ഥ..
സ്വപ്നശിഷ്ടങ്ങളില്‍ ,
കാലൊടിഞ്ഞ ഒരു പച്ചക്കുതിര..
ഇഴയുന്ന പാമ്പുകള്‍,,,
വിണ്ടുകീറിയ തലയോട്ടി...
അറവുശാലയിലെ തളം കെട്ടിയ രക്തം;
കൂട്ടിവായനക്കൊരുങ്ങുമ്പോള്‍ മനസ്‌ ഭ്രാന്തമാകുന്നു.

മുകളില്‍ കനല്‍ ചൊരിയുന്ന സൂര്യന്‍;
ഉള്ളില്‍ വെന്തുരുകുന്ന ഹൃദയം.
അടര്‍ന്ന് വീഴുന്ന വിയര്‍പ്പില്‍നിന്നെനിക്ക്‌ ചുറ്റും
കള്ളിചെടികളുയര്‍ക്കുന്നു.

മണല്‍കുന്നുകള്‍ക്കിടയില്
‍സൂര്യന്‍ വിതക്കുന്ന എകാന്തത;
ജഡമൌനമാര്‍ന്ന നിശബ്ദത,
ആത്മാവിന്റെ നിലവിളി ചങ്കില്‍ നിന്നുയര്‍ത്തിയത്‌
ചിറകൊടിഞ്ഞൊരു പ്രാവിന്റെ കുറുകല്‍...!

ചക്രവാളത്തിന്റെ വിദൂരതയില്‍
സന്ധ്യ എരിഞ്ഞടങ്ങുന്നു.
ജീവിതം എനിക്കപ്പോള്‍ വ്യര്‍ത്ഥപ്രതീക്ഷ;
തീരാത്തവേദന..!

നിദ്രയില്‍ വന്യസ്വപ്നങ്ങളുടെ വിഹ്വലതകള്‍ക്കൊടുക്കം
ഞാന്‍ കണ്ടത്‌, മഞ്ഞു പെയ്യുന്നൊരു താഴ്വര...!
അവിടെ, കനിവിന്റെ തിരയിളകുന്ന കണ്ണുകളോടെ ,
ഒരു കാവല്‍ മാലാഖ, എകാന്തതയില്‍
എനിക്ക്‌ കൂട്ടിനെത്തുന്നു.
തിരയൊടുങ്ങാത്ത എന്റെ ആത്മാവിനെ
പിടിച്ചുയര്‍ത്തുന്നു;
പൊള്ളുന്ന നിറുകയില്‍ ഒരു ചുംബനത്താല്‍
കനിവ്‌ പടര്‍ത്തുന്നു;
ചതുപ്പിലാണ്ട്‌ പോയ കിനാക്കളെ തിരികെയേകുന്നു,
മൃത്യുതീരങ്ങളിലെ സ്വപ്നാടനങ്ങള്‍ക്കൊടുക്കം
ആത്മാവെന്നില്‍ തിരിചെത്തൂന്നു.

ഇരയുടെ ദൈന്യം വെടിഞ്ഞ്‌
പ്രത്യാശയൂറുന്ന പ്രഭാതത്തിലേക്ക്‌
ചിറക്‌ വെച്ച ഹൃദയവുമായ്‌ ഞാന്‍ ഉണര്‍ന്നെണീക്കുന്നു...!!

1 Comments:

At Sat Jan 21, 12:13:00 AM PST, Anonymous Anonymous said...

Life is a mixture of black and white dear..
--Jithesh Kannur

 

Post a Comment

<< Home