Sunday, January 08, 2006

എല്ലാവര്‍ക്കും എന്റെ വിട

എല്ലാവര്‍ക്കും എന്റെ വിട
--ശാന്തേട്ടന്‍


ആകാശത്തില്‍ മിന്നിച്ചിരുന്ന നക്ഷത്രങ്ങള്‍! അങ്ങകലെ അമ്പിളിമാമന്‍ ആകാശത്തിലൂടെ സാവധാനം യാത്ര ചെയ്യുകയാണു. ആര്‍ത്തിരമ്പി വരുന്ന തിരമാലകളുടെ ഓളങ്ങള്‍ കാലില്‍ വന്നു ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. മനസ്സിന്റെ കോണില്‍ വിങ്ങിപ്പൊട്ടിക്കൊണ്ടിരിക്കുന്ന, ഞാന്‍ പോലും അറിയാത്ത ദുഖത്തിനു സാന്ത്വനമേകാന്‍ ഈ തീരത്തിനു കഴിയുമോ? തണുത്തുറഞ്ഞ കാറ്റ്‌ ശരീരത്തിനു തെല്ലും തണുപ്പു തോന്നിച്ചില്ല. അങ്ങകലെ നോക്കെത്താത്ത ദൂരത്ത്‌ ബോട്ടുകളുടെയും കപ്പലിന്റെയുമൊക്കെയെന്ന് തോന്നിക്കുന്ന ചെറിയ ലൈറ്റുകള്‍ വളരെ മങ്ങിക്കാണാം. ഏറെക്കുറെ വിജനമായിക്കൊണ്ടിരിക്കുന്ന കടല്‍തീരം.


അറിയാതെ അറിയാതെ എന്റെ കണ്ണുകള്‍ അടഞ്ഞു. ഞാന്‍ ഏതോ ഒരു ലോകത്തേയ്ക്ക്‌ യാത്രയാകുകയാണോ?? അറിയില്ല.. ഒന്നും അറിയില്ല..

ആര്‍ക്കും ഉപകരിക്കാത്ത ഒരു ജീവിതം..!! മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കത്ത ലോകം. ഈ ജീവിതത്തിനു എന്തര്‍ത്ഥം??

അങ്ങകലെ ആരോ ഒരാള്‍ പുകവലിച്ചു കൊണ്ട്‌ വരുന്നു. അയാള്‍ എന്നെ തുറിച്ചു നോക്കി. ഒരു സിഗരറ്റ്‌ അയാളുടെ കൈവശത്തില്‍ നിന്നും വാങ്ങി തീ കൊളുത്തി. തലയില്‍ ഒരു വല്ലാത്ത പെരുപ്പ്‌ അനുഭവപ്പെട്ടു. ദൂരെ രണ്ടു കമിതാക്കള്‍ പൊട്ടിച്ചിരിക്കുന്നു. കുപ്പിവളകളുടെ കിലുക്കങ്ങള്‍ എന്നെ വേദനിപ്പിച്ചു.

എന്തിനെന്നറിയില്ല.. എന്തിനും എന്നെ കുത്തി നോവിക്കുന്നവര്‍ക്ക്‌ സന്തോഷത്തിന്റെയും സംതൃപ്തിയുടേയും നിമിഷങ്ങളായിരിക്കാം. എല്ലാവര്‍ക്കും എന്റെ പണം മതി. എന്നെ ആര്‍ക്കും വേണ്ട. ഈ ജീവിത നൌകയ്ക്ക്‌ വിരാമമിടാന്‍ ഇതാ സമയമായിരിക്കുന്നു. സ്വാര്‍ത്ഥതയും തെമ്മാടിത്തരവും അഭിനയവും നിറഞ്ഞ ഈ ലോകത്തോട്‌ വിട. ദീര്‍ഘനിശ്വാസത്തോടെ..

എഴുന്നേറ്റിരുന്ന് മുണ്ടിലും ഷര്‍ട്ടിലും പുരണ്ട മണല്‍ മാറ്റി. ദൂരെ സഞ്ചാരികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. കാപട്യം നിറഞ്ഞ സമൂഹമേ.. ഞാനിതാ യാത്ര ചൊല്ലുന്നു. മനസ്സു കൊണ്ടു പോലും തെറ്റു ചെയ്യാത്ത എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടുവെങ്കില്‍ പൊറുക്കേണമേ..

മെല്ലെ.. ആകാശത്തിലേയ്ക്ക്‌ നോക്കി.. എന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങള്‍. അവയെ നോക്കി ചിരിച്ചു കൊണ്ട്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. അരയോളം വെള്ളത്തിലായി. ദൂരെ നിന്നും ഭീകരന്‍ തിരമാലകള്‍ വരുന്നത്‌ കണ്ടപ്പോള്‍ കണ്ണിറുക്കി പിടിച്ചു.

ആ തിരമാലകള്‍ കരയിലേക്ക്‌ ആഞ്ഞടിച്ചു.

0 Comments:

Post a Comment

<< Home