Sunday, March 05, 2006

പ്രവാസിയുടെ നിലാവ്‌

പ്രവാസിയുടെ നിലാവ്‌

--മധു കണ്ണഞ്ചിറ


നിലാവകലെ..
നിളയകലെ..
തുമ്പപ്പൂ മണക്കുന്ന കാറ്റകലെ..!
ഇവിടെ
നിയോണ്‍ വിളക്കിന്റെ
നിശാവസ്ത്രമണിഞ്ഞു നില്‍കുന്ന നഗരത്തില്‍-
ഒഴിഞ്ഞകോണിലെ ബാറില്‍
മങ്ങിയ വെളിച്ചത്തില്‍
'നരക'സംഗീതവും കേട്ട്‌
നിറയുന്ന ഗ്ലാസ്സിലെ നുരയുന്ന ബിയര്‍ നുണഞ്ഞ്‌-
തിമിരം പിടിച്ച മനസ്സുമായ്‌
ഇരിക്കുന്നു ഞാന്‍ പ്രവാസി.
അകലെ..
ആശുപത്രി കിടക്കയില്‍-
കിടക്കുന്നൊരച്‌ഛന്റെ മനസ്സിലും,
അരുകില്‍-
നാരായണമന്ത്രമുരുവിട്ടിരിക്കുന്ന
പാവമമ്മയുടെ ചിന്തയിലും
മകനുദ്യോഗസ്ഥന്‍!
ഈന്തപ്പനകള്‍ പഴങ്കഥ പറയുന്ന
സ്വര്‍ണ്ണപീയൂഷഭൂമിയില്‍
സായിപ്പിന്റെ കമ്പനിയിലാണു ജോലി!
മാസത്തില്‍ കിട്ടുന്നതെത്രയെന്നോ?!!
അച്‌ഛനെ കാണാന്‍ വരുന്നവരോടായി
ഉച്ചത്തില്‍ പറഞ്ഞു ചിരിച്ചൂ എന്റമ്മ!
കോണ്‍ക്രീറ്റ്‌ വീണ്‌ ചതഞ്ഞ
കാല്‍പ്പാദവും-
വെയിലേറ്റു പൊള്ളിയ ചീര്‍ത്ത മുഖവും
നെഞ്ചില്‍ കൂട്ടിവെച്ച കിനാപ്പൂക്കളുമായി-
ലാബര്‍ ക്യാമ്പിലെ കുടുസുമുറിയില്‍
മൂന്നാം തട്ടിലെ മുഷിഞ്ഞ കിടക്കയില്‍
കിടക്കുന്നു ഞാന്‍ പ്രവാസി-
അഭ്യസ്തവിദ്യന്‍!!
ഉരുകിതീരുന്ന മെഴുകുതിരിയാണു ഞാന്‍
അരുകിലില്ല സമാശ്വസിപ്പിക്കുവാനാരും
ഒഴുകുന്ന വിയര്‍പ്പിന്റെ വിലകൂട്ടിവെച്ചു ഞാന്‍
ജീവിതം ചാലിച്ചു ചാര്‍ത്തുവാനൊരുങ്ങുന്നു!
പുതുവര്‍ഷകതിരുകള്‍ പൂത്തു
നിലവറകള്‍ നിറഞ്ഞു കവിഞ്ഞു
പുതുമഞ്ഞ പട്ടുചുറ്റി
കന്നിനിലാവോടിയെത്തി
പ്രവാസിയുടെ മാത്രം നിലാവ്‌

1 Comments:

At Mon Mar 06, 04:32:00 AM PST, Blogger Kalesh Kumar said...

ഉരുകിതീരുന്ന മെഴുകുതിരിയാണു ഞാന്‍
അരുകിലില്ല സമാശ്വസിപ്പിക്കുവാനാരും
ഒഴുകുന്ന വിയര്‍പ്പിന്റെ വിലകൂട്ടിവെച്ചു ഞാന്‍
ജീവിതം ചാലിച്ചു ചാര്‍ത്തുവാനൊരുങ്ങുന്നു!

പ്രവാസത്തിന്റെ വേദനകള്‍.....!
നന്നായിട്ടുണ്ട്!

 

Post a Comment

<< Home