Saturday, May 06, 2006

ആമുഖം

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, എഴുതപ്പെടുന്നതും, വില്‍ക്കപ്പെടുന്നതും, വായിക്കപ്പെടുന്നതും ചിലപ്പോള്‍ വായനയുടെ ഭാവഭേദങ്ങളെക്കുറിച്ചും വായനയുടെ മരണത്തെക്കുറിച്ചുമായിരിക്കും. വിറ്റഴിക്കപ്പെടുന്ന പുസ്‌തകങ്ങളുടെ എണ്ണം വായനയുടെ പ്രതീകമായി അംഗീകരിക്കുന്നുവെങ്കില്‍, ഇവിടെ വായനയ്‌ക്ക്‌ അന്ത്യം കുറിക്കപ്പെട്ടിട്ടില്ല. അവയ്‌ക്കൊരു അന്ത്യം ഇനി സംഭവിക്കാനുമില്ല. കാരണം, പുസ്‌തകവില്‍പനയുടെ റെക്കോര്‍ഡ്‌ ഓരോ മാസവും മാറിമാറി വരുന്നത്‌ നമുക്ക്‌ മുന്നില്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു.

എന്നിട്ടും, വായന മരിക്കുന്നു എന്ന് എഴുത്തുകാരന്‍ ശബ്‌ദിക്കുന്നു. വായനയുടെ മരണത്തെ ചൊല്ലി അക്ഷരസ്‌നേഹികള്‍ വിലപിക്കുന്നു. ഇന്നത്തെ യുവത്വം വായനയില്‍ നിന്നും ഒളിച്ചോടുന്നു എന്ന് പരിഭവം പറയുന്നു. സത്യത്തിലേക്കുള്ള വെളിച്ചം വീശുന്നതും, അറിവ്‌ ആര്‍ജ്ജിക്കുന്നതിനും വായന അത്യന്താപേക്ഷികമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു

.തൂലികയെ ഭയന്നിരുന്ന ഭരണകൂടങ്ങളും, ഭരണാധികാരികളും ഒരു ചരിത്രസത്യമാണ്‌. ഒരു തൂലികത്തുമ്പ്‌ കൊണ്ട്‌, യുവതയെ നയിച്ച ഗാഥകള്‍, ചരിത്രത്താളുകള്‍ക്കിടയില്‍ മയങ്ങുന്നുണ്ട്‌. ഇന്നും എഴുത്തിനെ ആരും വധിച്ചിട്ടില്ല. അക്ഷരങ്ങളുടെ ജീവവായു എവിടെയും മുടക്കപ്പെട്ടിട്ടില്ല. പക്ഷെ, എവിടെയൊക്കെയോ വായന ജീവനോടെ കുഴിച്ചുമൂടപ്പെട്ടു എന്നത്‌ നിഗൂഡമായി അവശേഷിക്കുന്നു.

ഒരു കാലത്ത്‌, അക്ഷരങ്ങളുമായി സംവദിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു പ്രത്യേക സമയം മലയാളി മാറ്റി വെച്ചിരുന്നു. പരന്ന വായന അവന്റെ മനസ്സില്‍ ചിന്തകള്‍ക്ക്‌ വഴി തെളിച്ചു. സ്വജനപക്ഷപാതവും, അന്ധമായ വര്‍ഗ്ഗസ്‌നേഹവും, വിശാലമായ അവന്റെ മനസ്സില്‍ സ്‌ഥാനം കണ്ടില്ല. കാലക്രമേണ, അവനറിയാതെ വായന മനസ്സില്‍ നിന്നും അകന്നു. അച്ചടിമാധ്യമങ്ങളില്‍ നിന്നും ശ്രവ്യ-ദൃശ്യ മാധ്യമങ്ങളിലേക്കുള്ള അവന്റെ പരിണാമത്തിന്‌ വേഗത വര്‍ദ്ധിച്ചു.

വായനയില്‍ നിന്നും, ശ്രവത്തില്‍ നിന്നും അവന്‍ ഒരേ ജ്ഞാനം നേടി. പക്ഷെ, വായനയില്‍ നിന്നും അവന്‌ ലഭിച്ച സംവാദത്തിനുള്ള അവസരം, മറ്റു മാധ്യമങ്ങളില്‍ അവനു നഷ്‌ടപ്പെട്ടത്‌ അവന്‍ അറിഞ്ഞില്ല. അക്ഷരങ്ങളോട്‌ സംവദിക്കാന്‍ അവന്‌ സാധിക്കാതെ വന്നു. മനസ്സാക്ഷിയോട്‌ സംവദിക്കാന്‍ അവന്‍ മറന്നു. ഒട്ടേറെ അറിവ്‌ നേടിയ മലയാളി, ഒരു തിരിച്ചറിവ്‌ നേടുന്നതില്‍ പരാജയപ്പെട്ടു. ജ്ഞാനത്തില്‍ നിന്നും വിജ്ഞാനത്തിലേക്കുള്ള അന്തരം വര്‍ദ്ധിച്ചു വന്നു. തളര്‍ന്ന വിചാരങ്ങള്‍ക്ക്‌ മേല്‍ വികാരങ്ങള്‍ കുടി കെട്ടി. വായനയെ കാലത്തിന്റെ വഴിയോരങ്ങളില്‍ ജീവനോടെ കുഴിച്ചു മൂടാന്‍ തുടങ്ങി.

വായനയെന്ന പ്രതിഭാസത്തെ ഭയക്കുകയും, ക്രമേണ അതിനോട്‌ ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന ഒരു രാഷ്‌ട്രീയം ഇവിടെ വളര്‍ന്നു വന്നു. ഗ്രന്ഥശാലകള്‍ ഗ്രാന്റുകള്‍ കാംക്ഷിച്ചു കൊണ്ടുള്ള വ്യവസായമായി മാറി. പ്രസ്‌ഥാനങ്ങള്‍ വിരളമായി. സംഘടനകള്‍ കൂണു പോലെ വളര്‍ന്നു. അവ വെറും സംഘങ്ങള്‍ മാത്രമായി പതിച്ചു. സംഘടനയെന്തെന്നറിയാത്ത, സംഘടനാലക്ഷ്യബോധമില്ലാത്ത, താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുസ്‌തങ്ങള്‍ പോലും വായിച്ചിട്ടില്ലാത്ത, അക്ഷരങ്ങളുമായി മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്ന ഒരു കൂട്ടം മനുഷ്യരുടെ സംഘം. ചലനാത്മകതയില്ലാത്ത, ആത്മാവ്‌ നഷ്‌ടപ്പെട്ട ജഡങ്ങള്‍. പ്രസംഗകാസറ്റുകളില്‍ നിന്നും സംഘടനയെ പഠിച്ച, സമ്മേളനങ്ങളില്‍ വികാരപരവശരാകുന്ന, മന്ദീഭവിച്ച മസ്‌തിഷ്‌കങ്ങളുടെ ഒരു കൂട്ടം. പ്രതികരണശേഷി നഷ്‌ടപ്പെട്ട അത്തരമൊരു സംഘത്തെ നേതാക്കള്‍ ഇഷ്‌ടപ്പെട്ടു.

എവിടെയാണ്‌ മലായാളിക്ക്‌ വായന നഷ്‌ടമാകാന്‍ തുടങ്ങിയത്‌..??

വിചിന്തനങ്ങള്‍ അന്യമാകാന്‍ തുടങ്ങിയ ഇടവേള എവിടെയായിരുന്നു...!!??

പ്രവാസി - ഒരു പുതിയ ക്യാന്‍വാസ്‌

പ്രവാസി - ഒരു പുതിയ ക്യാന്‍വാസ്‌

ഷാജഹാന്‍ മുഹമ്മദ്
കൊടുങ്ങല്ലൂര്‍

പ്രവാസി,
ഞാനോ..?
ഈ തണുത്ത മുറിയില്‍
പുറത്തെ ചൂടിനോട്‌
കൊഞ്ഞനം കുത്തി വിയര്‍പ്പ്‌ പൊടിയാതെ
വിരല്‍ തുമ്പില്‍ ലോകം കാണുന്ന ഞാനോ..?

പ്രവാസിയുടെ നഷ്‌ടങ്ങള്‍..?
ഭാര്യയുടെ കയ്യിലേക്ക്‌
കുട്ടിയെ കൊടുത്ത്‌, ഷോപ്പിംഗ്‌ മാളിലെ-
ട്രോളിയില്‍ സാധനങ്ങള്‍ വാങ്ങി നിറയ്‌ക്കുമ്പോള്‍
ക്യാമറ വെളിച്ചത്തിനൊപ്പം
മുഖത്ത്‌ ചായം തേച്ച സുന്ദരി ചോദിക്കുന്നു..
പ്രവാസിയുടെ നഷ്‌ടങ്ങള്‍..?
ഒന്നു പകച്ചു ഞാന്‍
എന്തു നഷ്‌ടങ്ങള്‍
‍ചോദ്യത്തിന്റെ പൊരുള്‍ തിരഞ്ഞു ഞാന്‍

ഒരു പാട്ട്‌
നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക്‌
ചായം തേച്ച സുന്ദരി ചിരിക്കുന്നു
പാട്ട്‌, ആര്‍ക്ക്‌..?
പിന്നെയും ആശ്ചര്യം
ഏതെങ്കിലും ഒരു പാട്ട്‌ എല്ലാവര്‍ക്കും വേണ്ടി
ഒരു വിധം കടുത്ത വെളിച്ചത്തിന്റെ
ചൂടില്‍ നിന്നും പുറത്തേക്ക്‌

ഭാര്യയുടെ കയ്യിലിരുന്ന് മകന്‍
‍പെട്ടെന്ന് 'മമ്മീ' എന്ന് വിളിച്ചപ്പോള്‍
ഉള്ളില്‍ ഒരു 'അമ്മേ' എന്ന വിളി പിടഞ്ഞു
സമപ്രായക്കാരായ സഹവാസികളില്‍-
നിന്നകന്ന് അമ്മ ഇപ്പോഴും-
ദൈന്യതയോടെ
വാതില്‍ക്കല്‍ ഇരുന്ന്
വഴിയിലേക്ക്‌ നോക്കുന്നുണ്ടാകും.
അച്ഛന്റെ അസ്‌ഥിമാടം പോലും
കാണാനാകാത്ത വേദനയോടെ
അടുത്തെങ്ങും തിരിച്ച്‌ വരാത്ത
ഏകമകനേയും വെറുതെ കാത്ത്‌...

ഓര്‍മ്മകള്‍ കുത്തിനോവിക്കാന്‍ തുടങ്ങുമ്പോള്‍
സ്‌റ്റീരിയോവില്‍ നിന്നും ഒഴുകി വന്ന ഏതോ ഒരു പാട്ടില്‍ -
ഞാനെന്‍ ഓര്‍മ്മകളെ നഷ്‌ടപ്പെടുത്തി
പ്രവാസിയുടെ നഷ്‌ടങ്ങള്‍..
നഷ്‌ടങ്ങള്‍ ആര്‍ക്ക്‌..?
പ്രവാസിക്കോ..??‍

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍

അഡ്വ. എ. ഹരിദാസന്‍
കുന്നമ്പുഴത്ത്‌ ഹസ്‌
ബ്രഹ്മകുളം,
ഗുരുവായൂര്‍


ഒരു ചെറുപുഞ്ചിരി

ഒരു ചെറുപുഞ്ചിരി

അനീഷ്‌ പുത്തലത്ത്‌
www.aneesh4u.com


ഒരു നല്ല മഴ പെയ്യുമെന്ന് തോന്നുന്നു.

തണുത്ത കിഴക്കന്‍ കാറ്റ്‌ വീശാന്‍ തുടങ്ങി.

നഷ്‌ടപ്പെട്ടു പോയ ഇന്നലെകളിലെ മഴക്കാലം

എന്നൊ ഓര്‍മ്മയില്‍ നിന്നും മറഞ്ഞുപോയിരിക്കുന്നു.

വിരഹവേദന എന്തെന്ന് മറന്നിരിക്കുന്നു...

ഒപ്പം സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും..

ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുന്നു... മരണത്തെ തിരഞ്ഞുകൊണ്ട്‌.....


വേഗത!! അത്‌ ഒരു ഭ്രാന്തായി മാറിയ കാലം, മരണം മുന്നില്‍ വന്നു
പലതവണ സ്‌നേഹത്തോടെ മാടിവിളിച്ചിട്ടും, പുറം കാല്‍ കൊണ്ടു തട്ടിയെറിഞ്ഞു
കൂടുതല്‍ വേഗത്തോടെ ഭ്രാന്തമായ ആവേശത്തോടെ പോയതു.....

കലാലയ ജീവിതത്തില്‍ എന്നെ സ്‌നേഹിച്ച, ഞാന്‍ സ്‌നേഹിക്കാത്ത എന്റെ സ്‌നേഹിതയെ...
നാലു പേജ്‌ പത്രത്തില്‍ വന്ന എന്റെ സൃഷ്‌ടികളെ..

ഒക്കെയും മറവിയുടെ, മരണത്തിന്റെ മടിയില്‍ തലവെച്ചുറങ്ങിയിരിക്കുന്നു...

ജീവനില്‍ അലിഞ്ഞു ചേര്‍ന്ന
എന്നത്തേയും എന്റെ പ്രിയ കൂട്ടുകാരന്‍...
അവന്‍ ഈ നിമിഷത്തിലും എന്റെ കൂടെയുണ്ട്‌... എന്റെ മടിയിലിരുന്നു കൊണ്ട്‌ എന്നെ പാട്ടുകേള്‍പ്പിച്ചു കൊണ്ട്‌..
എന്നത്തെയും പോലെ പുതിയ സോഫ്‌റ്റ്‌വേറിനായി കാത്തിരിക്കുന്നു...
ജീവിതത്തില്‍ എല്ലാം മറന്നിട്ടും ഇവനെ മാത്രം ഞാന്‍ മറന്നില്ല. കൂടെ കൊണ്ടു പോന്നു.

കഴിഞ്ഞ 30 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ദിവസത്തില്‍ 17 മണിക്കൂറും ഇവനെനിക്കു കൂട്ടായിരുന്നു.
ഇല്ലെങ്കില്‍ നിങ്ങളെന്നെ അറിയുമായിരുന്നില്ല... ഞാന്‍ നിങ്ങളേയും... ഈ ഭ്രാന്തന്റെ ജല്‍പനങ്ങള്‍ നിങ്ങള്‍ കേള്‍ക്കുമായിരുന്നില്ല...

പ്ലീസ്‌ ഫാസ്റ്റെണ്‍ യുവര്‍ സീറ്റ്‌ ബെല്‍റ്റ്‌...
ആകാശസുന്ദരി പുഞ്ചിരികൊണ്ടു തട്ടിവിളിച്ചു... ഞാനൊരു ചെറുപുഞ്ചിരി മടക്കിനല്‍കി... ഒന്ന് നിവര്‍ന്നിരുന്നു.

കാലചക്രം ഒരു പാട്‌ തവണ കറങ്ങിയിരിക്കുന്നു.. നരച്ച മുടിയിഴകളിലൂടെ കൈവിരലുകള്‍ ആര്‍ക്കോ വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു.

ഒരു പ്രവാസിയുടെ ജീവിതം ഇവിടെ അവസാനിക്കുന്നു....
ഞരമ്പുകളില്‍ ചോര തിളക്കുന്ന കാലം മുതല്‍ ഇതുവരെ..
മരുഭൂമിയില്‍ ഞാന്‍ വിതച്ചത്‌ എന്റെ ജീവനായിരുന്നു...
ഇതു വരെ ജീവിച്ചു തീര്‍ത്തത്‌ ജീവിതമായിരുന്നോ അതോ... ഉത്സവമോ....
പക്ഷെ, ഈ യാത്ര എവിടേക്കെന്നു അറിയില്ല...

എങ്കിലും, എനിക്ക്‌ സ്‌നേഹിക്കണം, വിരഹ വേദന എന്തെന്നു അനുഭവിച്ചറിയണം. പൂര്‍വ്വാധികം ശക്‍തിയോടെ വേഗത്തിലേക്കു പോകണം, മരണത്തെ പുറം കാല്‍ കൊണ്ട്‌ തട്ടിയെറിയണം.. എന്റെ ചോര തിളക്കട്ടെ.

എന്റെ പ്രിയ സഖി ഇപ്പോഴും എനിക്കായി കാത്തിരിക്കുന്നു...
ഒപ്പം എന്നത്തേയും എന്റെ പ്രിയ കൂട്ടുകാരന്‍ എന്റെ കൂടെ ഉണ്ടാകണം.

എന്റെ ആഘോഷങ്ങള്‍ തുടരട്ടെ..!!


വരകളിലൂടെ

വര - നഷാദ്‌.എ.കെ

Tel: +91 487 2558954


കുമ്പസാരം

കുമ്പസാരം

പി കെ ഉണ്ണികൃഷ്ണന്‍


പാപത്തിന്‍ പ്രളയം
ഓസോണ്‍ പാളിയില്‍
തുള വീഴ്‌ത്തുമ്പോള്‍
കരിമേഘം ഭ്രമണപഥത്തിലെ
സൂര്യനെ മറയ്ക്കുമ്പോള്‍
എന്റെ കളിവഞ്ചികയോരോന്നും
നിലയില്ലാകയങ്ങളില്‍
താഴുമ്പോള്‍
ഫാദര്‍
ഞാനീ പള്ളിമണിയുണര്‍ത്തുന്നു.
വിശുദ്ധഗ്രന്ഥത്തിലെ
വാക്യം അച്‌ഛന്‍ മൊഴിയുന്നു.
വിശ്വസ്തനായ സുഹൃത്ത്‌ ജീവാമൃതാകുന്നു.
ഫാദറിന്റെ ചെവിയില്‍
ഞാന്‍ ഓരോന്നും മൊഴിയുമ്പോള്‍
നിറഞ്ഞു നില്‍ക്കുന്നത്‌
ള്ളരിപ്രാവിന്റെ ശാന്തത!
നിനക്കും എനിക്കുമിടയില്‍ ദൈവം
തുമ്പികളില്‍ പാറിവീഴുന്ന
വെട്ടമെന്നു ഫാദര്‍
കുമ്പസാരത്തിന്റെ
അവസാനം ഞാന്‍
ഫാദറിനോട്‌ പറഞ്ഞത്‌
ഞാന്‍ വെളിപ്പെടുത്തുന്നു

"എനിയ്ക്കൊരു സുഹൃത്തിനെ വേണം"


നിശാസഞ്ചാരികള്‍

നിശാസഞ്ചാരികള്‍

സുധീര്‍ കളരിക്കല്‍


കൂര്‍ക്കം വലി കേട്ടാണ്‌ ഉണര്‍ന്നത്‌. കുറച്ചു ദിവസമായി ഉറക്കം കിട്ടാറില്ല. രാത്രിയില്‍ ഓരോ ചിന്തകള്‍ മനസ്സിനെ അലട്ടുന്നു. വീടിനെക്കുറിച്ചും ചെയ്‌തു കൂട്ടുന്ന ഓരോ കാര്യങ്ങളെ കുറിച്ചും ചിന്തിച്ചങ്ങിനെ കിടക്കും. മനസ്സ്‌ അങ്ങിനെയാണ്‌. മറക്കാനാഗ്രഹിക്കുന്നത്‌ വീണ്ടും വീണ്ടും മനസ്സില്‍ തെളിഞ്ഞു വരും. മറക്കരുതെന്ന് മനസ്സില്‍ കരുതി വെച്ചതൊക്കെ ഒരു നിമിഷത്തില്‍ വിസ്‌മൃതമാകും.

മുറിയില്‍ ആര്‍ക്കും ഉറക്കമില്ല. എല്ലാവരും 1 മണി വരെ ഉത്സവത്തിമിര്‍പ്പിലായിരിക്കും. എല്ലാവര്‍ക്കും ഉറക്കത്തെ ഭയമാണ്‌. മദ്യപാനികളും രാഷ്‌ട്രീയലഹരി തലക്കടിച്ചവരും, എല്ലാ വിഭാഗക്കാരുമുണ്ട്‌. മുറിയില്‍ ആകെ എട്ടു പേര്‍. ഞാന്‍ കട്ടിലില്‍ കിടന്ന് കണ്ണടക്കും. ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്‌. അതായിരിക്കാം തന്റെ പരാജയം. ഒന്നും വെട്ടിപ്പിടിക്കാനറിയാത്ത എല്ലാം വിധിയെന്ന് വിശ്വസിക്കുന്ന വികൃതമായ ഒരു മനസ്സ്‌.

കൂര്‍ക്കം വലിക്കാരന്‍ എന്തൊക്കെയോ ഉറക്കത്തില്‍ പറയുന്നുണ്ട്‌. കൂര്‍ക്കം വലി ദ്രുതതാളത്തിലാകുമ്പോള്‍ അയാള്‍ ഒന്നു തിരിഞ്ഞു കിടക്കും. അപ്പോള്‍ അയാളുടെ മുഖം ഞാന്‍ കിടക്കുന്ന കട്ടിലിന്‌ അഭിമുഖമാകും. പിന്നെ, കൂര്‍ക്കം വലിയുടെ പഞ്ചവാദ്യം. കുറച്ചു നേരം കട്ടിലില്‍ എഴുന്നേറ്റിരുന്നു. സമയം നോക്കിയപ്പോല്‍ പുലര്‍ച്ചെ മൂന്നു മണി. ഉറങ്ങിയ മണിക്കൂറുകള്‍ തിട്ടപ്പെടുത്തിയപ്പോള്‍ ഒന്നര മണിക്കൂര്‍. കട്ടിലിന്റെ അരികില്‍ വെച്ചിരുന്ന വെള്ളം എടുത്ത്‌ കുടിച്ചു. പിന്നെ വീണ്ടും കിടന്നു. ഒന്നു മയങ്ങാന്‍ തുടങ്ങവെ പുറത്ത്‌ എന്തോ കടിച്ചു. എഴുന്നേറ്റ്‌ പെന്‍ ടോര്‍ച്ചടിച്ചു നോക്കി. ഒന്നുമില്ല. ബെഡ്ഷീറ്റിലും കമ്പിളിയിലും നോക്കി. കട്ടിലിന്റെ അരികില്‍ തൂക്കിയിട്ടിരുന്ന ബാഗിന്റെ അരികുവശം നോക്കി. ഒന്നുമില്ല. പിന്നെ തലയിണ പൊക്കിയപ്പോള്‍ കുറെ മൂട്ടകള്‍ ഓടിനടക്കുന്നു. ചിലര്‍ ധീരസേവനവും കഴിഞ്ഞ്‌ മയങ്ങി കിടപ്പാണ്‌. മുറിയിലും ജോലിസ്‌ഥലത്തും മനുഷ്യരുടെ തലവും ശരീരവുമിള്ള ഒരുപാടു മൂട്ടകളെ കാണുന്ന എനിക്ക്‌ ചിരിക്കാനാണ്‌ തോന്നിയത്‌. മൂട്ടകളും പ്രപഞ്ചജീവികളാണല്ലോ. ദൈവം രക്‍തമാണ്‌ അവയ്‌ക്ക്‌ ഭക്ഷണമായി വിധിച്ചത്‌.

ഞാന്‍ മുറിയില്‍ കിടക്കുന്ന ഏഴ്‌ പേരെയും നോക്കി. എല്ലാവരും സുഖനിദ്രയിലാണ്‌. എന്റെ എതിരില്‍ രണ്ടുനില കട്ടിലില്‍ കിടക്കുന്ന ആള്‍ സിദ്ധനാണെന്ന് തോന്നുന്നു. പ്രപഞ്ചവും ശരീരവും ഒന്നും അയാളെ അലട്ടുന്നില്ല. മൂട്ടകള്‍ക്ക്‌ വിശാലമായി നൃത്തമാടാന്‍ തന്റെ ശരീരം നൂല്‍ബന്ധമില്ലാതെ തുറന്നിട്ടിരിക്കുന്നു. ഞാന്‍ മൂട്ടകളോടായി പറഞ്ഞു.

"പ്രപഞ്ചത്തിലെ കുതിരസേവകരായ മൂട്ടകളെ, ബാക്കി ഏഴു പേരും അഗാധമായി ഉറങ്ങുന്നു. ഇന്നല്ല... എന്നും അവര്‍ സുഖമായി ഉറങ്ങുന്നു. കുറച്ച്‌ പേര്‍ക്ക്‌ പോയി അവരുടെ രക്‍തം രുചിക്കാമല്ലോ."

സ്വാര്‍ത്ഥന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു. തന്റെ ഉറക്കം എന്നോ നഷ്‌ടപ്പെട്ടതാണ്‌. മൂട്ടക്കും പാറ്റകള്‍ക്കും അതില്‍ ഒട്ടും പങ്കില്ല. നമ്മുടെ വിധി നമ്മെ ഉറക്കുന്നില്ല. അത്ര തന്നെ. ഞാന്‍ ഒന്നു കൂടി പെന്‍ ടോര്‍ച്ചടിച്ചു. ഒരു മൂട്ട എന്നെ നോക്കിത്തന്നെ നില്‍ക്കുന്നതായി തോന്നി. പിന്നെ, അത്‌ വളര്‍ന്ന് എന്നേക്കാള്‍ വലുതായി, പരുഷമായസ്വരത്തില്‍ എന്നോട്‌ പറഞ്ഞു.

"ടോ.. ഈ ഏഴു പേരും ഞങ്ങളുടെ ചിരകാല‍ സുഹൃത്തുക്കളാ..! താന്‍ പുതിയതല്ലെ. തന്നെ ഇവിടെ നിന്ന് ഞങ്ങള്‍ തുരത്തും."

പിന്നെ, വീണ്ടും അത്‌ സ്വരൂപം പ്രാപിച്ചു തലയിണക്കുള്ളില്‍ ഒളിച്ചു.

എന്തു ചെയ്യണമെന്നറിയാതെ കുറച്ച്‌ നേരം ഇരുന്നു.

ഈ മൂട്ടകളെ എന്തു ചെയ്യും. എങ്ങിനെ കൊല്ല്ലാം..?

കൈകള്‍ കൊണ്ട്‌ കൊല്ലാന്‍ മനസ്സു വന്നില്ല.

പിന്നെ, ഇരുളില്‍ തപ്പിത്തടഞ്ഞ്‌ ബാത്ത്‌റൂമിനടുത്തുള്ള കബോര്‍ഡ്‌ തുറന്നു. തലേദിവസം കാലിയാക്കിയ രണ്ടുമൂന്നു മദ്യക്കുപ്പികള്‍ ഇരിപ്പുണ്ട്‌. എല്ലാ കുപ്പിയും എടുത്തു നോക്കി. ഒരൌണ്‍സ്‌ മദ്യം ഒരു കുപ്പിയില്‍ ബാക്കിയുണ്ട്‌. അത്‌ കുപ്പിയോടെ എടുത്ത്‌ കട്ടിലിലിരുന്നു. എന്നിട്ട്‌ ഓരോ മൂട്ടകളേയും പെറുക്കി മദ്യത്തിലിട്ടു. പിന്നെ, കുപ്പി കബോര്‍ഡില്‍ തത്‌സ്ഥാനത്ത്‌ വെച്ചു. ബാത്ത്‌റൂമില്‍ പോയി ലൈറ്റ്‌ തെളിച്ചപ്പോള്‍ മുട്ടന്‍ പാറ്റകള്‍ ഓടിനടക്കുന്നു. അവരും ഉത്സത്തിലാണ്‌.

തിരികെ വന്ന് മൂട്ടകളില്ലെന്ന് ഉറപ്പ്‌ വരുത്തി കിടന്നു. വാച്ചില്‍ നോക്കിയപ്പോള്‍ നാലു മണിയായി. ഇനി ഉറങ്ങാന്‍ സമയമില്ല. നഗ്‌നരൂപി ചെരിഞ്ഞു കിടന്നു. ഒരു നഗ്‌നശില്‍പ്പം മങ്ങിയ വെളിച്ചത്തില്‍ തെളിഞ്ഞു. മൂട്ടകളെ കുറിച്ചോര്‍ത്തപ്പോള്‍ സംശയമായി. തലയിണ പൊക്കിനോക്കി. ഒന്നുമില്ല. വീണ്ടും കണ്ണുകളടച്ചു. ഒന്നു തിരിഞ്ഞു കിടക്കവെ കട്ടില്‍ വല്ലാത്തൊരു ശബ്‌ദത്തില്‍ ഞരങ്ങി.

വീടിന്റെ പഴയവാതില്‍ തുറക്കുമ്പോഴുണ്ടാകാറുള്ള ശബ്‌ദം. ആ വാതില്‍ അടക്കാനും തുറക്കാനും അച്ഛനു മാത്രമേ കഴിയുമയിരുന്നുള്ളൂ. ചേര്‍ത്തടച്ച്‌ വലതുകാലിന്റെ മുട്ടുകൊണ്ട്‌ ഒന്നു ആഞ്ഞമര്‍ത്തിയാല്‍ സാക്ഷയിടാം. മുട്ടുകാലുകൊണ്ടമര്‍ത്തുന്നതും സാക്ഷയിടുന്നതും ഒരേ സമയമാകണം. എന്നാലേ കാര്യം നടക്കൂ. അതാണതിന്റെ കൌശലം. കാലം ചെന്നപ്പോള്‍, അച്ഛന്റെ കാലുകള്‍ക്ക്‌ ശേഷി കുറഞ്ഞതിനാല്‍ ഞാന്‍ പഠിച്ചു. വീടു പൊളിക്കുന്നത്‌ വരെ ഞാനായിരുന്നു സാക്ഷയിട്ടിരുന്നത്‌. മറവി ഏറെയുള്ളതിനാല്‍ ചിലപ്പോള്‍ ഒരുറക്കം കഴിഞ്ഞായിരിക്കും സാക്ഷയിടുന്നത്‌. അതല്ലെങ്കില്‍ അച്ഛന്‍ ഓര്‍മ്മപ്പെടുത്തണം.

പോരായ്മകളുണ്ടായിരുന്നെങ്കിലും സുഖമായിരുന്നു ചെറുപ്പകാലം. പൂമുഖത്ത്‌ മലര്‍ന്നു കിടക്കവെ, ഓലപ്പുരയില്‍ മഴ പെയ്യും. മുറ്റത്തുകൂടെ ചാലുകള്‍ തീര്‍ത്ത്‌, മഴവെള്ളം മുന്‍വശത്തെ കണ്ടത്തിലേക്ക്‌ ഒഴുകും. മഴ എന്നും എനിക്കിഷ്‌ടമായിരുന്നു. വിശാലമായ പൂമുഖവും വിശാലമായ മനസ്സും ഇന്ന് സ്വപ്‌മായി അവശേഷിക്കുന്നു. വേര്‍ത്തിരിവിന്റെ ഓരോ മതില്‍ കൂടപ്പിറപ്പുകള്‍ക്കിടയില്‍ സ്വയമേവ ഉണ്ടാകുന്നു. ഓരോരുത്തര്‍ക്കും ഓരോ ചുറ്റുമതില്‍. വിവാഹശേഷം മതിലിന്റെ ഉറപ്പും ഉയരവും കൂടി.

ചെമ്മണ്‍റോഡിലൂടെ നടക്കവെ മഴപെയ്യും. ചാലുപൊട്ടി മഴവെള്ളം റോഡില്‍ പരന്നോഴുകും. പരലുകള്‍ റോഡിലേക്ക്‌ കയറും. കാലുകൊണ്ട്‌ ഒരു പ്രത്യേകരീതിയില്‍ വെള്ളം തട്ടിയാല്‍ പരലുകള്‍ കരയില്‍ പിടക്കും. അവയെ പിടിച്ച്‌ വീണ്ടും വെള്ളത്തിലിടും.

ഫോണ്‍ ചെയ്യവെ വിദ്യ പറഞ്ഞു. കുട്ടി മഴ പെയ്‌താല്‍ മഴയത്ത്‌ ഇറങ്ങി നടക്കുമത്രെ. കാലത്ത്‌ വിദ്യയുടെ ഒപ്പമെഴുന്നേറ്റ്‌ മഞ്ഞു കൊള്ളും. പറഞ്ഞാല്‍ ഒട്ടും അനുസരണവുമില്ല.

'മഴ കൊള്ളട്ടെ. മനുഷ്യന്‍ പ്രകൃതിയിലാണ്‌ ജനിച്ചത്‌. ഈ മണ്‍‌ണോട്‌ ചേരുകയും ചെയ്യും. പ്രകൃതിയില്‍ ഇണങ്ങിച്ചേര്‍ന്ന് അവന്‍ വളരട്ടെ.'

വാച്ചില്‍ നോക്കി. നാലരയായി. എഴുന്നേറ്റ്‌ കട്ടിലിന്റെ ഒരു വശത്ത്‌ തുവര്‍ത്താനിട്ടിരുന്ന തോര്‍ത്തെടുത്ത്‌ ബാത്ത്‌റൂമില്‍ കയറി. കുളി കഴിഞ്ഞ്‌ പുറത്തിറങ്ങവെ ബാത്ത്‌റൂമിന്റെ വാതില്‍ പകുതി തുറന്നിട്ടു. മുറിയില്‍ പകുതി വെളിച്ചം പരന്നു. ചീര്‍പ്പെടുത്ത്‌ മുടിചീകി, വസ്‌ത്രങ്ങള്‍ നന്നായി കുടഞ്ഞു. സമയം അഞ്ചരയായി. വേഗം പുറത്ത്‌ കടന്ന് കാലുകള്‍ നീട്ടിവെച്ച്‌ നടന്നു.

വൈകിയാണ്‌ ജോലി കഴിഞ്ഞ്‌ തിരിച്ചു വന്നത്‌. ഏഴ്‌ മണിയായിക്കാണും. റൂമില്‍ ഉത്സവത്തിന്റെ പുറപ്പാടാണെന്ന് തോന്നുന്നു. നഗ്നസിദ്ധന്‍ പാന്റും ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസുമിട്ട്‌ വടി പോലെ നില്‍ക്കുന്നു. പഞ്ചവാദ്യക്കാരന്‍ അക്ഷമയോടെ മുറിയില്‍ ഉലാത്തുന്നു.

എന്നെ കണ്ടപ്പോള്‍ നഗ്നസിദ്ധന്‍ ചിരിച്ചു.

"ആള്‌ ബൈകിയോ..?" അയാള്‍ കോഴിക്കോടന്‍ ഭാഷയില്‍ ചോദിച്ചു.

"ആ.. കുറച്ച്‌..!"

ഞാന്‍ കട്ടിലിലിരുന്നു. മൂട്ടകള്‍ മനസ്സിലോടിയെത്തി. തലയിണയെടുത്ത്‌ പൊക്കിനോക്കിയപ്പോള്‍, നാടകത്തിന്റെ അണിയറയില്‍ മേക്കപ്പിനെന്ന പോലെ കുറേ മൂട്ടകള്‍. വമ്പന്മാര്‍. തലയിണ അവിടെ തന്നെ വെച്ചു.

പഞ്ചവാദ്യക്കാരന്‍ ദേഷ്യത്തിലാണ്‌. അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി കുടവയറും കുലുക്കി നടക്കുന്നു.

ഞാന്‍ ചോദിച്ചു. "എന്താ ഇക്കാ പ്രശ്‌നം..?"
അയാള്‍ എന്നെ നോക്കി. ദേഷ്യം കൊണ്ട്‌ ചുവന്ന കണ്ണുകള്‍.

"ഓനിങ്ങ്‌ വരട്ടെ. ഓന്‍ക്‌ നമ്മള്‌ വെച്ചിട്ട്‌ണ്ട്‌."

എനിക്ക്‌ ഒന്നും മനസ്സിലായില്ല. സ്വതവെ ശാന്തസ്വഭാവക്കാരനായ അയാള്‍ ദേഷ്യപ്പെടുന്നു.
ഞാന്‍ ചോദിച്ചു. "ആര്‌?"

"ബിശ്വന്‍. മ്മള്‌ എന്നും ഓന്റടുത്ത്ന്നാ വാങ്ങാറ്‌. ന്ന്ട്ടും ..!"

"എന്ത്‌.?" ഞാന്‍ ചോദിച്ചു.

"പൈന്റ്‌" അയാള്‍ പറഞ്ഞു.

"എന്താ.. കാര്യം തെളിയിച്ച്‌ പറ ഇക്കാ.."

പഞ്ചവാദ്യക്കാരന്‍ അവശതയോടെ കട്ടിലിലിരുന്നു. എന്നിട്ട്‌ ഭയാനകമായി എന്നെ നോക്കി.

"മൂട്ട.. വമ്പന്‍ മൂട്ടകള്‍.."

"എവിടെ?" ഞാന്‍ ഒളികണ്ണിട്ട്‌ തലയണക്കു മേല്‍ നോക്കി.

"പൈന്റില്‍." അയാള്‍ പറഞ്ഞു.

ഒരു മിന്നല്‍ പോലെ കഴിഞ്ഞ രാത്രി മനസ്സിലോടിയെത്തി. കുപ്പിക്കുള്ളിലെ മദ്യത്തില്‍ മൂട്ടകളെ പെറുക്കിയിട്ടതും അത്‌ കളയാന്‍ മറന്നുപോയതും.

ഞാന്‍ ഒന്നും മിണ്ടിയില്ല. മറവിയെ ശപിച്ചു.

ബിശ്വന്‍ വന്നു. "എന്താ സര്‍?" അയാള്‍ ചോദിച്ചു.

പഞ്ചവാദ്യക്കാരന്റെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നു.

"ജ്ജ്‌ എന്ത്‌ വിചാരിച്ച്‌? കാശ്‌ തന്ന് മൊതല്‌ വാങ്ങുമ്പോ..! പ്പോ ജ്ജ്‌ മൂട്ടയെ പിടിച്ചിട്ടു. നാളെ പാമ്പിനെ ഇടില്ലെന്നാര്‌ കണ്ട്‌.!"

അയാല്‍ ഒന്നുമറിയാതെ വായ പൊളിച്ച്‌ നിന്നു. ഞാന്‍ ഒന്നും മിണ്ടാതെ കട്ടിലിലിരുന്നു.

ബിശ്വന്‍ പറഞ്ഞു. "സര്‍.. സീല്‍ ചെയ്‌ത ബോട്ടില്‍.."

"ജ്ജ്‌ മിണ്ടരുത്‌.." വഴക്ക്‌ മൂത്ത്‌ വന്നു. കുറെ തെറികളും. ഗള്‍ഫ്‌ രാജ്യത്ത്‌ കേള്‍ക്കാത്ത തെറികള്‍.

പൈന്റു വില്‍പനക്കാരന്‍ വിളറിവെളുത്തു.

ഞാന്‍ പതിയെ തലയിണ പൊക്കി നോക്കി. കുറെയെണ്ണം പല്ലും നഖവും വൃത്തിയാക്കി കുടുംബക്കാരെ കൊന്ന പാതകിയോട്‌ പകരം ചോദിക്കാന്‍ തയ്യാരായി ഒരുങ്ങിയിരിക്കുകയാണ്‌.

ബിശ്വന്‍ ഇറങ്ങിപ്പോയി. രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ കൂര്‍ക്കം വലിയുടെ താളവും, നഗ്‌നരൂപിയുടെ കിടപ്പും, മൂട്ടകളുടെ പടപ്പുറപ്പാടും കണ്ട്‌ കണ്ണും മിഴിച്ച്‌ കിടന്നു.


വിചിന്തനങ്ങള്‍

വിചിന്തനങ്ങള്‍

പ്രദീപ്‌. എം. മേനോന്‍
ദോഹ-ഖത്തര്‍


വേരുണങ്ങിയ വൃക്ഷശിഖരത്തിലെന്റെ
തപ്ത ഹൃദയമാം കിളിക്കൂട്‌.
തിന്മകള്‍ വെയില്‍ പോക്കുന്നിടങ്ങളില്‍
ചാവേറുകള്‍ പോലെയെന്‍ വിചിന്തനങ്ങള്‍.
നിഷേധത്തിന്റെ ഇരുളറകളില്‍
ക്ഷോഭത്തിന്റെ കനലുമായെന്റെയൊരു കണ്ണ്.

വിധി ദുര്‍ഘടങ്ങളില്‍ ഒരു തോള്‍ കരുത്തിനായ്‌
ഉലകളില്‍ നട്ടെല്ല് തീര്‍ത്തൊരീ ഊന്ന്.
ഊഷരകാലത്തിന്റെ ചുണ്ടിലിറ്റിച്ചു മോക്ഷമേകാന്‍
കവിള്‍തടം ഊര്‍ന്നൊലിക്കുമെന്‍ കണ്ണുനീര്‍.
വിശപ്പിന്‍ വിളര്‍ച്ചയില്‍ അന്നദാനത്തിന്നായ്‌
എന്റെ ദാരിദ്രചിഹ്നമാം നാഭിചുരുള്‍.

ഗുരു സ്വാര്‍ത്ഥേഛക്കൊരു കാണിക്കയായെന്റെ
അഭ്യസ്ഥമുദ്രയാം പെരുവിരല്‍.
കെയിലാസശെയിലത്തില്‍ ഉറഞ്ഞുതുള്ളുവാനെന്റെ
ക്രോധ വചസ്സുകള്‍ തന്‍ ശക്തി താണ്ഡവം.
ശ്വേത സ്വോതസ്സിന്റെ തുളവീണ ചാലുകളില്‍
പാരുഷ്യത്തിന്‍ നാവുകള്‍ തന്‍ ഊറ്റിവലി.

ഒരു വിളറിച്ചരി, ഒരു വിണ്ടനാവിലെ ഒറ്റവാക്ക്‌
ഇത്തിരിവെട്ടത്തിലെ ഒറ്റക്കൊരാടിതിമിര്‍ക്കല്‍.
അധിനിവേശങ്ങള്‍ തന്‍ ക്രൂരദംഷ്ട്രങ്ങള്‍ക്കു-
പരിചയായെന്റെ ശുഷ്കാന്ത നഗ്നത.
പാശ്ചാത്യ ചുഴലികള്‍ക്കു മുന്‍പിലൊരു-
വന്മതിലായെന്റെ നെഞ്ചിലുയിര്‍ക്കും ചങ്കൂറ്റം.

അറിയാതെരുവിലൊരു നിമിഷാര്‍ദ്രസന്ധിയില്‍
ഇനിയെങ്കിലും ചുമ്മാതൊരമറികരച്ചില്‍
പേരില്ലാതൊടുങ്ങുമൊരു കബന്ധമാകും മുമ്പ്‌
വാക്കറ്റ നാവിനായെന്റെ പ്രാവാക്കുകള്‍.
അശനിപാതങ്ങള്‍ക്കു ആണ്ടുശ്രാദ്ധത്തിനായ്‌
മുറ്റത്തു നാക്കിലയിലൊരു പിണ്ഡദാനം.
മോക്ഷമേഘങ്ങള്‍ തന്‍ മിന്നല്‍പിണരുകളില്‍
പാശസ്പര്‍ശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌.
ക്രൂശിത സത്യത്തിന്റെ നിണമൊലിച്ചിറങ്ങലില്‍
അഗ്നി പ്രഘോഷത്തിന്‍ തൃദീയാ പക്കം.
വേരറ്റവര്‍ക്കൊരു തായ്‌വേരിറക്കത്തിനായ്‌
ത്രസിക്കും ധമനികള്‍ തന്‍ ആഴ്ന്നിറക്കം.

കാഴ്ചകള്‍ വീണുടഞ്ഞവര്‍ക്കായെന്റെ-
വേനല്‍ കനക്കുമൊരു സൂര്യനേത്രം.
തിരുശേഷിപ്പുകള്‍ക്കു മോക്ഷത്തിനായി-
പാപനാശങ്ങളില്‍ ഒരു മുങ്ങിക്കുളി.
ശിഷ്ടകാലത്തിന്നു ശാന്തിയേകീടുവാന്‍
പുനര്‍ജനിയിലൂടെ ഒരു ഊഴ്ന്നിറക്കം.