Sunday, January 08, 2006

ആമുഖം

ഹൃദയപൂര്‍വ്വം..
തുഷാരം.......

സഹൃദയരായ ഒരു പറ്റം മനസ്സുകളുടെ കൂട്ടായ്മ.... അതിലൂടെയാണ്‌ "തുഷാരം" എന്ന ഈ ചെറിയ ഉദ്യമം സംഭവ്യമാകുന്നത്‌.ഒരു സഹൃദയന്‌ മാത്രമേ നല്ല ഒരു ആസ്വാദകനാകാന്‍ കഴിയൂ... നല്ല ആസ്വാദനത്തിലൂടെ അവന്‍ നേടുന്ന ആനന്ദം അവന്റെ മനസ്സിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നു. അങ്ങനെ അങ്കുരിച്ച ചില സര്‍ഗ്ഗവസന്തങ്ങള്‍, ജനുവരിയിലെ ഈ തണുത്ത പുലരിയില്‍ തുഷാരബിന്ദുക്കളായി ഇവിടെ പൊഴിയുന്നു...

നിര്‍ജ്ജീവത തളം കെട്ടിനിന്നിരുന്ന ഒരു കൂട്ടം മലയാളി മനസ്സുകള്‍ ലക്ഷ്യമില്ലാതെ സഞ്ചരിക്കയായിരുന്നു... തരിശുഭൂമിയായി മാറിക്കൊണ്ടിരുന്ന അവരുടെ മനസ്സിലേക്ക്‌ കാണാമറയത്തുനിന്നും ഒരു സാന്ത്വനവുമായി ചില മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
പിന്നെ, ആ തരിശ്ശിലും അങ്ങിങ്ങ്‌ ഉയര്‍ന്നുനിന്ന ഹരിതവൃക്ഷങ്ങള്‍ ഒന്ന് ഇളകിയാടി...സുശാന്തഗംഭീരമായ ആ അന്തരീക്ഷത്തില്‍ ഒരു ഇളംകാറ്റിന്റെ അകമ്പടിയോടെ മഴമേഘങ്ങള്‍ പെയ്തിറങ്ങി.... അവിടം സൌഹൃദത്തിന്റെ പുത്തന്‍ പുല്‍മേടുകള്‍ക്ക്‌ തുടക്കമായി... അകലങ്ങളില്‍ നിന്നും പുഞ്ചിരിയും ഐശ്വര്യവും തേജസ്സും വിനയവും പ്രതീക്ഷയും ‍വഹിച്ചുകൊണ്ട്‌ ഒരു പാട്‌ കിളികള്‍ പറന്നു വന്നു.... ഒപ്പം കൊക്കുരുമ്മുന്ന ക്രൌഞ്ചമിഥുനങ്ങളും... വസന്തം ഡാഫൊഡില്‍സ്‌ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ ഇതാ നിങ്ങള്‍ക്കു മുന്‍പില്‍ തുഷാരമായി.......
--പത്രാധിപര്‍

മായക്കാഴ്ചകള്‍

മായക്കാഴ്ചകള്‍

--പാച്ചു.(ഫൈസല്‍ ബാബു പാലക്കാട്‌)

ഉണര്‍ന്നത്‌ മരുഭൂമിയിലായിരുന്നു.
ചുറ്റിലാരുമില്ലാതെ, തപിക്കുന്ന ഊഷരഭൂവില്‍
തനിയെ ഞാന്‍ മാത്രം...!
മനസ്സിലപ്പോഴും ഒടുങ്ങാത്ത സ്വപ്നാവസ്ഥ..
സ്വപ്നശിഷ്ടങ്ങളില്‍ ,
കാലൊടിഞ്ഞ ഒരു പച്ചക്കുതിര..
ഇഴയുന്ന പാമ്പുകള്‍,,,
വിണ്ടുകീറിയ തലയോട്ടി...
അറവുശാലയിലെ തളം കെട്ടിയ രക്തം;
കൂട്ടിവായനക്കൊരുങ്ങുമ്പോള്‍ മനസ്‌ ഭ്രാന്തമാകുന്നു.

മുകളില്‍ കനല്‍ ചൊരിയുന്ന സൂര്യന്‍;
ഉള്ളില്‍ വെന്തുരുകുന്ന ഹൃദയം.
അടര്‍ന്ന് വീഴുന്ന വിയര്‍പ്പില്‍നിന്നെനിക്ക്‌ ചുറ്റും
കള്ളിചെടികളുയര്‍ക്കുന്നു.

മണല്‍കുന്നുകള്‍ക്കിടയില്
‍സൂര്യന്‍ വിതക്കുന്ന എകാന്തത;
ജഡമൌനമാര്‍ന്ന നിശബ്ദത,
ആത്മാവിന്റെ നിലവിളി ചങ്കില്‍ നിന്നുയര്‍ത്തിയത്‌
ചിറകൊടിഞ്ഞൊരു പ്രാവിന്റെ കുറുകല്‍...!

ചക്രവാളത്തിന്റെ വിദൂരതയില്‍
സന്ധ്യ എരിഞ്ഞടങ്ങുന്നു.
ജീവിതം എനിക്കപ്പോള്‍ വ്യര്‍ത്ഥപ്രതീക്ഷ;
തീരാത്തവേദന..!

നിദ്രയില്‍ വന്യസ്വപ്നങ്ങളുടെ വിഹ്വലതകള്‍ക്കൊടുക്കം
ഞാന്‍ കണ്ടത്‌, മഞ്ഞു പെയ്യുന്നൊരു താഴ്വര...!
അവിടെ, കനിവിന്റെ തിരയിളകുന്ന കണ്ണുകളോടെ ,
ഒരു കാവല്‍ മാലാഖ, എകാന്തതയില്‍
എനിക്ക്‌ കൂട്ടിനെത്തുന്നു.
തിരയൊടുങ്ങാത്ത എന്റെ ആത്മാവിനെ
പിടിച്ചുയര്‍ത്തുന്നു;
പൊള്ളുന്ന നിറുകയില്‍ ഒരു ചുംബനത്താല്‍
കനിവ്‌ പടര്‍ത്തുന്നു;
ചതുപ്പിലാണ്ട്‌ പോയ കിനാക്കളെ തിരികെയേകുന്നു,
മൃത്യുതീരങ്ങളിലെ സ്വപ്നാടനങ്ങള്‍ക്കൊടുക്കം
ആത്മാവെന്നില്‍ തിരിചെത്തൂന്നു.

ഇരയുടെ ദൈന്യം വെടിഞ്ഞ്‌
പ്രത്യാശയൂറുന്ന പ്രഭാതത്തിലേക്ക്‌
ചിറക്‌ വെച്ച ഹൃദയവുമായ്‌ ഞാന്‍ ഉണര്‍ന്നെണീക്കുന്നു...!!

മഴ പെയ്യുമ്പോള്‍..

മഴ പെയ്യുമ്പോള്‍..

--അനീസ്‌ കൊടിയത്തൂര്‍

വീണ്ടും

ആയതില്‍ മനസ്സു നനച്ചു

ഒരു കര്‍ക്കിടകം കൂടി പെയ്തു തോര്‍ന്നിരിക്കുന്നു..

കുതിര്‍ന്ന മണ്ണില്‍ നിന്റെ കാല്‍പാടുകള്‍

എന്നില്‍ നിന്നു അകലേക്കു പോകുന്നതു

പുതു വര്‍ഷത്തിന്റെ വേദനിക്കുന്ന ഓര്‍മയാവട്ടെ...

ഇലത്തുമ്പുകളില്‍ നിന്നും പൊഴിയുന്ന തുള്ളികള്‍

പുഴ വീണമീട്ടുന്ന മഴ വിരലുകള്‍

അടുക്കളയോടിന്റെ ചോരുന്ന ജാലിക

പുതുനാമ്പുണര്‍ത്തുന്ന ജലധാര..

ഉള്ളില്‍ ചെറുകുളിരായി പടരുന്ന സ്വപ്നം..

എല്ലാറ്റിനുമപ്പുറം,

നിറമില്ലാതെ വന്നു നിറം ചോര്‍ത്തിക്കളയുന്ന

മുറിവുകളില്‍ വീണു നീരിക്കുന്ന മഴ

നിന്റെ കണ്ണുനീര്‍!

എന്തു ഞാന്‍ പകരം തരേണ്ടു?

ഇത്രനാള്‍ നമ്മള്‍ പ്രണയിച്ചതിനു പകരമായി

ഈ മഴ

ഓരോ മഴ പെയ്യുമ്പോഴും

നമ്മളോരോ ജന്മം നഷ്ടപ്പെടുത്തുകയാണു...

വര - റജീന ദുബൈ

And miles to go before I sleep
വര - റജീന ദുബൈ

എല്ലാവര്‍ക്കും എന്റെ വിട

എല്ലാവര്‍ക്കും എന്റെ വിട
--ശാന്തേട്ടന്‍


ആകാശത്തില്‍ മിന്നിച്ചിരുന്ന നക്ഷത്രങ്ങള്‍! അങ്ങകലെ അമ്പിളിമാമന്‍ ആകാശത്തിലൂടെ സാവധാനം യാത്ര ചെയ്യുകയാണു. ആര്‍ത്തിരമ്പി വരുന്ന തിരമാലകളുടെ ഓളങ്ങള്‍ കാലില്‍ വന്നു ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. മനസ്സിന്റെ കോണില്‍ വിങ്ങിപ്പൊട്ടിക്കൊണ്ടിരിക്കുന്ന, ഞാന്‍ പോലും അറിയാത്ത ദുഖത്തിനു സാന്ത്വനമേകാന്‍ ഈ തീരത്തിനു കഴിയുമോ? തണുത്തുറഞ്ഞ കാറ്റ്‌ ശരീരത്തിനു തെല്ലും തണുപ്പു തോന്നിച്ചില്ല. അങ്ങകലെ നോക്കെത്താത്ത ദൂരത്ത്‌ ബോട്ടുകളുടെയും കപ്പലിന്റെയുമൊക്കെയെന്ന് തോന്നിക്കുന്ന ചെറിയ ലൈറ്റുകള്‍ വളരെ മങ്ങിക്കാണാം. ഏറെക്കുറെ വിജനമായിക്കൊണ്ടിരിക്കുന്ന കടല്‍തീരം.


അറിയാതെ അറിയാതെ എന്റെ കണ്ണുകള്‍ അടഞ്ഞു. ഞാന്‍ ഏതോ ഒരു ലോകത്തേയ്ക്ക്‌ യാത്രയാകുകയാണോ?? അറിയില്ല.. ഒന്നും അറിയില്ല..

ആര്‍ക്കും ഉപകരിക്കാത്ത ഒരു ജീവിതം..!! മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കത്ത ലോകം. ഈ ജീവിതത്തിനു എന്തര്‍ത്ഥം??

അങ്ങകലെ ആരോ ഒരാള്‍ പുകവലിച്ചു കൊണ്ട്‌ വരുന്നു. അയാള്‍ എന്നെ തുറിച്ചു നോക്കി. ഒരു സിഗരറ്റ്‌ അയാളുടെ കൈവശത്തില്‍ നിന്നും വാങ്ങി തീ കൊളുത്തി. തലയില്‍ ഒരു വല്ലാത്ത പെരുപ്പ്‌ അനുഭവപ്പെട്ടു. ദൂരെ രണ്ടു കമിതാക്കള്‍ പൊട്ടിച്ചിരിക്കുന്നു. കുപ്പിവളകളുടെ കിലുക്കങ്ങള്‍ എന്നെ വേദനിപ്പിച്ചു.

എന്തിനെന്നറിയില്ല.. എന്തിനും എന്നെ കുത്തി നോവിക്കുന്നവര്‍ക്ക്‌ സന്തോഷത്തിന്റെയും സംതൃപ്തിയുടേയും നിമിഷങ്ങളായിരിക്കാം. എല്ലാവര്‍ക്കും എന്റെ പണം മതി. എന്നെ ആര്‍ക്കും വേണ്ട. ഈ ജീവിത നൌകയ്ക്ക്‌ വിരാമമിടാന്‍ ഇതാ സമയമായിരിക്കുന്നു. സ്വാര്‍ത്ഥതയും തെമ്മാടിത്തരവും അഭിനയവും നിറഞ്ഞ ഈ ലോകത്തോട്‌ വിട. ദീര്‍ഘനിശ്വാസത്തോടെ..

എഴുന്നേറ്റിരുന്ന് മുണ്ടിലും ഷര്‍ട്ടിലും പുരണ്ട മണല്‍ മാറ്റി. ദൂരെ സഞ്ചാരികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. കാപട്യം നിറഞ്ഞ സമൂഹമേ.. ഞാനിതാ യാത്ര ചൊല്ലുന്നു. മനസ്സു കൊണ്ടു പോലും തെറ്റു ചെയ്യാത്ത എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടുവെങ്കില്‍ പൊറുക്കേണമേ..

മെല്ലെ.. ആകാശത്തിലേയ്ക്ക്‌ നോക്കി.. എന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങള്‍. അവയെ നോക്കി ചിരിച്ചു കൊണ്ട്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. അരയോളം വെള്ളത്തിലായി. ദൂരെ നിന്നും ഭീകരന്‍ തിരമാലകള്‍ വരുന്നത്‌ കണ്ടപ്പോള്‍ കണ്ണിറുക്കി പിടിച്ചു.

ആ തിരമാലകള്‍ കരയിലേക്ക്‌ ആഞ്ഞടിച്ചു.

Wednesday, January 04, 2006

വഹ്നിസന്തപ്തലോഹസ്താംബു...

ആരിഫ്‌ ബ്രഹ്മകുളം
"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം"


സമയം പത്തു മണിയാകുന്നു.... ഓപ്പറേഷന്‍ തിയേറ്ററിലെ ബെഡില്‍ കിടന്നുകൊണ്ടു എതിരെയുള്ള ചുമരിലെ ക്ലോക്കിലേക്കു ഞാന്‍ എത്തിനോക്കി.... ഡോക്ടര്‍ ശ്യാം എന്താണ്‌ വരാത്തത്‌.... സിസ്റ്റേഴ്സ്‌ യാന്ത്രികമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു.... എനിക്കു ചുറ്റും പരിചിതമല്ലാത്ത എന്തൊക്കെയോ ഉപകരണങ്ങള്‍.... അല്‍പം കഴിഞ്ഞപ്പോള്‍, പുഞ്ചിരിയോടെ ഡോക്ടര്‍ ശ്യാം കടന്നു വന്നു... നെറ്റിയില്‍ കൈവെച്ചു പതിവു കുശലങ്ങള്‍...... തലക്കു മുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു.. പിന്നെ മെല്ലെ മെല്ലെ... കണ്ണടയുകയാണ്‌..... ക്ലോക്കില്‍ പത്തുമണിയടിക്കുന്ന ശബ്ദം മാത്രം കണ്ണില്‍ ഇരുള്‍ പരന്നു തുടങ്ങി..


ഞാന്‍ ഇരുട്ടിലൂടെ നടക്കുകയാണ്‌...അനന്തമായ അന്ധകാരത്തില്‍ അകലെ ഒരു തിരിനാളം പോലെ കാണാം... ആ വെളിച്ചം.... മണിക്കൂറുകളായി ആ ലക്ഷ്യത്തിലേക്കു ഞാന്‍ സഞ്ചരിക്കുകയാണ്‌.. നഗ്നമായ എന്റെ പാദങ്ങള്‍ നന്നെ ക്ഷീണിച്ചിരിക്കുന്നു.... കൂര്‍ത്ത കല്ലുകള്‍ തട്ടി അതില്‍ ചോര പൊടിഞ്ഞിരിക്കുന്നു... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു........ പാറിക്കൊണ്ടിരിക്കുന്ന എന്റെ നീളന്‍ കുപ്പായം ഞാന്‍ ദേഹത്തിലേക്കു കൂടുതല്‍ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു..... ഇടക്കിടെ നിശ്ശബ്ദതക്കു ഭംഗം വരുത്തികൊണ്ടു എന്തൊക്കെയോ അപശബ്ദങ്ങള്‍... അവ്യക്തമായ ആ ശബ്ദങ്ങളെ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു... അതു അകന്നു പോയിക്കൊണ്ടേയിരിക്കയാണോ...?? മനസ്സിലെ ഊര്‍ജ്ജം പാദങ്ങളിലേക്കു ആവാഹിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.... ഇരുട്ടു കൂടുതല്‍ കൂടുതല്‍ കട്ടി പ്രാപിച്ചുകൊണ്ടിരുന്നു..... ഞാന്‍ അത്ഭുദപ്പെടുകയായിരുന്നു അനാദികാലം മുതല്‍ അനേകം പേര്‍ സഞ്ചരിച്ച ഈ വഴികള്‍ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാകുന്നത്‌ എന്തുകൊണ്ടാണ്‌...

പെട്ടെന്നു ഇരുട്ടില്‍ നിന്നും ഒരു പൊട്ടിച്ചിരി..... ദേഹമാസകലം പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു രൂപം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഒരു നിമിഷം ഞാന്‍ സ്തബ്ധനായി.... കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവപ്പടക്കു നാശം വിതച്ച പോരാളി.... പ്രയോഗിച്ച ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാനാവാതെ ശാപഭാരത്താല്‍ ലോകത്തിന്റെ തന്നെ തിന്മയുടെ പ്രതീകമായി, ചിരഞ്ജീവിയായി അലയുന്ന അശ്വത്ത്ഥാമാവു തന്നെയല്ലേ അത്‌.. ആ പൊട്ടിച്ചിരി അകലേക്കു അകലേക്കു മാഞ്ഞുപോയി...

കാല്‍പാദങ്ങളിലെ വേദന മുകളിലോട്ടു കയറിതുടങ്ങിയിരുന്നു..... ശിരസ്സില്‍ ആരോ കുത്തി വലിക്കുന്നതു പോലെ അസഹ്യമായ വേദനയില്‍ ഞാന്‍ ഒന്നു പിടഞ്ഞു... കാതടപ്പിക്കുന്ന ഒരു ചിറകടി ശബ്ദം.. "ആര്‍കിയൊപ്റ്ററിക്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭീമാകാരനായ പക്ഷി എന്റെ തലക്കു മുകളിലൂടെ പറന്നു..... മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ഒരു സീല്‍കാരശബ്ദം അതു പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.... ഇരുട്ടില്‍ അവ്യക്തമായി ഞാന്‍ കണ്ടു... ഭീമാകാരമായ ആ ശരീരത്തില്‍ നിന്നും ഒരു ചിറകു ഒടിഞ്ഞു തൂങ്ങി കിടക്കുന്നു... രാവണഗഡ്ഗമേറ്റ ജടായുവിനെപ്പോലെ...

വയ്യ.. ഇനിയും മുന്നോട്ടു പോകാന്‍ ..ശരീരത്തിനൊപ്പം മനസ്സും തളര്‍ന്നിരിക്കുന്നു.. ഇനിയങ്ങോട്ടു കയറ്റമാണ്‌..കറുത്ത മൂടുപടമണിഞ്ഞ കുറെ പേര്‍ ഓടിമറയുന്നു..അവര്‍ എത്ര നിഷ്പ്രയാസമണ്‌ ആ മല കയറുന്നത്‌...... താടിയും മുടിയും വളര്‍ത്തിയ ഒരാള്‍ തിടുക്കത്തില്‍ ഒരു കല്ലും ഉരുട്ടികൊണ്ടു എന്നെ കടന്നു പോയി..... "ആരാത്‌?" എന്റെ കണ്ഠനാളത്തില്‍ നിന്നും അവ്യക്തമായ ഒരു ശബ്ദം പുറത്തു വന്നു.. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി ഉച്ചത്തില്‍ പറഞ്ഞു.. നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്നു വിളിക്കാം.. നാറാണത്തു ഭ്രാന്തന്‍... എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ കല്ലും ഉരുട്ടി അയാള്‍ തിടുക്കത്തില്‍ ഓടി മറഞ്ഞു..

ഞാന്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു... തൊണ്ട വരളുന്നു.. അടുത്തു കണ്ട കലുങ്കിലേക്കു ഞാന്‍ ചാരിയിരുന്നു... അല്‍പം അകലെ പുകച്ചുരുളുകള്‍ ഉയരുന്നതു കാണം.. അതൊരു ശ്മശാനമാണോ... ഒരു സ്ത്രീയുടെ രോദനം..പക്ഷെ ആ രോദനത്തിലും അവള്‍ക്കു ഏതോ ഒരു ദൃഡനിശ്ചയം ഉണ്ടായിരുന്നു..... അതെ അവള്‍ തന്നെ സാവിത്രി.... തന്റെ പതിയുടെ ജീവന്‍ യമദേവനില്‍ നിന്നും തിരിച്ചു പിടിച്ച സാവിത്രി.. അവള്‍ എന്തിനാണു കരയുന്നത്‌...? ഞാന്‍ ആശങ്കയോടെ അങ്ങോട്ട്‌ നോക്കി അല്‍പസമയം ഇരുന്നു..........

തോളില്‍ തണുത്ത ഒരു കരസ്പര്‍ശം.. ഞാന്‍ തിരിഞ്ഞു നോക്കി... എവിടെയോ കണ്ട ഒരു മുഖം.. ആ മുഖം മനസ്സില്‍ വെറുപ്പാണ്‌ ഉളവാക്കിയത്‌.. അതെ... ചിത്രകാരന്‍ ഭാവനയില്‍ വരച്ച യൂദാസിന്റെ മുഖം... എന്റെ മനസ്സു വായിച്ചെന്ന പോലെ അയാള്‍ പറഞ്ഞു... 'അതെ ഞാന്‍ തന്നെ ചിത്രകാരന്‍ പകര്‍ത്തിയ യൂദാസിന്റെ രൂപം...' എന്നാല്‍ അതേ ചിത്രകാരന്‍ ഉണ്ണിയേശുവിനെ ചിത്രീകരിച്ചത്‌ കുഞ്ഞായിരുന്ന അയാളെതന്നെയായിരുന്നു എന്ന അറിവ്‌ എന്റെ മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടാക്കി..... അയാളുടെ കൈപിടിച്ചു യാത്ര തുടരുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയായിരുന്നു.. എങ്കിലും അകലെ കണ്ട ആ വെളിച്ചം അടുത്തടുത്ത്‌ വന്നതു ഞാന്‍ അറിഞ്ഞില്ല......

തലയുയര്‍ത്തി നില്‍കുന്ന ഒരു പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മുന്‍പില്‍ യാത്ര അവസാനിച്ചു.... മനസ്സില്‍ ഊറിക്കൂടിയ ഭയം അകറ്റാന്‍ എന്റെ സഹയാത്രികന്റെ കൈകള്‍ മുറുകെ പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.. കൂറ്റന്‍ കോട്ടവാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു... കയ്യില്‍ വിളക്കേന്തിയ കറുത്ത വസ്ത്രധാരിയായ ഒരു രൂപം എന്നെ അകത്തേക്കു നയിച്ചു... അയാളുടെ മുഖത്തു നല്ല തേജസ്സുണ്ടായിരുന്നു...... നടക്കുമ്പോള്‍ അയാളുടെ മേല്‍കുപ്പായം നിലത്തെ തഴുകിക്കൊണ്ടിരുന്നു..വിശാലമായ ഒരു മുറിയിലാണ്‌ ഞാന്‍ എത്തിചേര്‍ന്നത്‌.. അവിടെ ഒരു കട്ടില്‍ മാത്രം .. "യാത്ര കഴിഞ്ഞു വന്നതല്ലെ വിശ്രമിച്ചോളു"... അത്രയും പറഞ്ഞു ആ രൂപം മറഞ്ഞു...

നീണ്ടയാത്രയുടെ ക്ഷീണം അറിയാതെ എന്നെ കട്ടിലിലേക്കു നയിച്ചു.... നീണ്ടു മലര്‍ന്നു കിടന്നു ഞാന്‍... മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു............

ഞാന്‍ ഉണരുകയായിരുന്നു....ശരീരമാസകലം വേദന.. എവിടെയൊക്കയോ പുകഞ്ഞു കൊണ്ടിരുന്നു..മെല്ലെ കണ്ണുകള്‍ തുറന്നു... മുന്‍പില്‍ പുഞ്ചിരിച്ചുകൊണ്ടു ഡോക്ടര്‍ ശ്യാം.... "എങ്ങനെയുണ്ട്‌?" ഡോക്ടര്‍ ചോദിച്ചു.. അസഹ്യമായ വേദനയിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.... "താങ്കള്‍ ഇന്നലെ മുഴുവന്‍ ഉറങ്ങുകയായിരുന്നു..അതിനിടയില്‍ താങ്കളുടെ ശിരസ്സില്‍നിന്നു ഒരു കറുത്ത പൊട്ട്‌ ഞങ്ങള്‍ എടുത്തുമാറ്റി.." ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു... ചില്ലു ജാലകങ്ങള്‍ക്കപ്പുറം കരഞ്ഞുകലങ്ങിയ കണ്ണുകള്‍ അവ്യക്തമായി ഞാന്‍ കണ്ടു.... ഞാന്‍ ഡോക്ടര്‍ ശ്യാമിന്റെ മുഖത്തേക്ക്‌ നോക്കി.. ആ പുഞ്ചിരി ക്രമേണ അവ്യക്തമായികൊണ്ടിരുന്നു... പിന്നെ മെല്ലെ മെല്ലെ എന്റെ കണ്ണുകള്‍ അടഞ്ഞു.... അതാ വരുന്നു ആ കറുത്ത വസ്ത്രധാരി... എന്റെ കണ്ണുകളെ തഴുകിയടക്കുന്നു... ആ രൂപം ഒരു മൂടുപടമായി എന്റെ ശരീരത്തില്‍ പടര്‍ന്നു കയറി.... ഞാന്‍ അനന്തതയിലേക്കു ഉയരുകയായിരുന്നു..... അപ്പോള്‍ ക്ലോക്കില്‍ പത്തു മണിയടിക്കുന്ന ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു..

കഥാന്തരങ്ങളിലെ കഥ..

--ഡ്രിസില്‍
ഇതൊരു കഥ മാത്രം.. കഥാന്തരങ്ങളിലെ കഥ..

ഒരു സാഹിത്യ വ്യഭിചാരിയെ എറിഞ്ഞു കൊന്നു. ഞാന്‍ സ്വര്‍ഗസ്ഥനായി..!!

'സാഹിത്യ വ്യഭിചാരി'.. ആ വാക്കിന്റെ അര്‍ത്ഥമെന്ത്‌?? ഞാനെന്തിനാണു അയാളെ ആ പേരു വിളിച്ചത്‌? അയാള്‍ ഒരിക്കലും സ്വയം ഒരു സാഹിത്യകാരനാണെന്ന് പറഞ്ഞിട്ടില്ല. അക്ഷരങ്ങളോടുള്ള പ്രണയം ഒരു ഭ്രാന്തായി മാറിയപ്പോള്‍, അയാള്‍ എന്തൊക്കെയോ വായിച്ചു കൂട്ടി. അക്ഷരങ്ങളുടെ നിറക്കൂട്ട്‌ ചേര്‍ത്ത്‌ ചിത്രങ്ങള്‍ വരക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ, അയാള്‍ ജലച്ചായങ്ങള്‍ വരച്ചത്‌ ചില്ല്ലുജാലകത്തിലായിരുന്നു. തനിക്ക്‌ കഴിയാതെ പോയ രചനാപാടവം മറ്റുള്ളവരില്‍ കണ്ടപ്പോള്‍ അയാളുടെ പ്രണയം അവരോടായി. അത്‌ കൊണ്ട്‌ തന്നെ അയാള്‍ എന്നേയും പ്രണയിച്ചു. അയാളുടെ സ്നേഹത്തില്‍ എന്നും ഞാന്‍ ആത്മാര്‍ത്ഥത ദര്‍ശിച്ചിരുന്നു. അയാള്‍ കുത്തിക്കുറിച്ചിട്ട 'വിഡ്ഡിത്തങ്ങള്‍' ആദ്യം കേള്‍പ്പിച്ചത്‌ എന്നെയായിരുന്നു. അഭിപ്രായങ്ങള്‍ എന്നോട്‌ ചോദിച്ചു. അയാള്‍ സാഹിത്യം വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. എവിടെയാണു അയാള്‍ സാഹിത്യം മോഷ്ടിച്ചത്‌? ഞാന്‍ വീണ്ടും സംശയിച്ചു. 'അതെ.. അയാള്‍ സാഹിത്യത്തെ വ്യഭിചരിച്ചിട്ടുണ്ട്‌. അയാളെ ഒന്നു കൂടി പോയി കാണണം.'


ഞാന്‍ ദ്രുതഗതിയില്‍ അയാളുടെ മുറിയിലേക്ക്‌ ചെന്നു. അയാള്‍ സുഖനിദ്രയിലാണു. അയാളുടെ മനസ്സാക്ഷിയുടെ ഡോക്ടര്‍ അടുത്തുണ്ട്‌.

'എന്തു പറ്റി ഡോക്ടര്‍??' ഞാന്‍ ചോദിച്ചു.


'ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ. ഇയാളുടെ കറ പിടിച്ച എഴുത്തുകാരന്റെ ഹൃദയം മാറ്റി ഒരു പൂര്‍ണ വായനക്കാരന്റെ ഹൃദയം മാറ്റി വെച്ചു.'


'പഴയ ഹൃദയം എവിടെ?' ഞാന്‍ ചോദിച്ചു. എനിക്ക്‌ ആ ഹൃദയത്തെ ഉപദേശിക്കേണ്ടിയിരിക്കുന്നു.


ഡോക്ടര്‍ അടുത്തുള്ള മേശമേല്‍ വിരല്‍ ചൂണ്ടി. അവിടെ ഒരു വെള്ളി പാത്രത്തില്‍ വരണ്ടുണങ്ങിയ, ചോര പൊടിയാത്ത ഒരു ഹൃദയം.!! ഷണ്ഠീകരിക്കപ്പെട്ട ആ ഹൃദയത്തില്‍ പുഴുവരിക്കുന്നുണ്ടായിരുന്നു. അടുത്ത്‌ നില്‍ക്കുന്ന പെന്‍ഹോല്‍ഡറില്‍ വിവിധ നിറത്തിലുള്ള പേനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ശവമാടത്തിനു മുന്നില്‍ കത്തിച്ചു വെച്ച മെഴുകുതിരികള്‍ പോലെ..!!


'ഇല്ല.. ഇയാള്‍ സാഹിത്യവ്യഭിചാരി തന്നെ...' തിരിഞ്ഞു നടക്കുന്നതിനിടയില്‍ എന്റെ മനസ്സ്‌ എന്നെ ന്യായീകരിച്ചു. സാഹിത്യവ്യഭിചാരത്തിനെതിരെയുള്ള എന്റെ സമരപോരാട്ടങ്ങളില്‍ ഒരു നാഴികക്കല്ലു കൂടി. ഞാന്‍ പാദങ്ങള്‍ അതിവേഗം ചലിപ്പിച്ചു. അടുത്ത സമരമുഖത്തേക്ക്‌..

Tuesday, January 03, 2006

വിരഹം വേനല്‍ പോലെ..

--ഷാജഹാന്‍ മുഹമ്മദ്‌കൊടുങ്ങല്ലുര്‍

വിരഹം വേനല്‍ പോലെ..


"ഈ നിര്‍നിദ്രാവസ്ഥ
എന്നെ ഉന്മാദിനിയാക്കും"
നീണ്ട കത്തിനിടയിലൊരിടത്ത്‌
അവളെഴുതി

"നീളുന്ന ദിനങ്ങളും
വരണ്ടുണങ്ങിയ വഴികളും
കണ്ടുമുട്ടലിന്റെ ഒരു മഴചാറ്റലെങ്കിലും"
അവളുടെ ചുണ്ടുകള്‍
‍വിറയ്ക്കുന്നു പിന്നെയും..

"എത്രയോ ദിനങ്ങള്‍ നീണ്ട പിണക്കങ്ങള്‍
‍നീ കൂടെയുണ്ടായിരുന്നപ്പോള്‍
ഇണങ്ങാതെ മിണ്ടാതെയെത്രയോ ദിവസങ്ങള്‍‍,
പൊറുത്തേക്കുക"
തേങ്ങലോടെ അവള്‍ കുറിക്കുന്നു..

"നിന്റെ മിഴികളിലെ
നനവുകള്‍ സമയം കഴിയാറായെന്ന് മന്ത്രിച്ചിരുന്നത്‌
ഞാന്‍ കേള്‍ക്കാതെ പോയി"

കണ്ണീര്‍ വീണു നനഞ്ഞ
അവസാന താളിലവളെഴുതി

"ഒരു വേനല്‍മഴ പോലെ
നീ വരുന്നതും കാത്ത്‌ ഞാന്‍"